തോമസ് പ്രഥമന്‍ ബാവായുടെ ഭൗതികദേഹം പുത്തന്‍കുരിശില്‍; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍; കബറടക്കണമെന്ന് ആഗ്രഹിച്ച സ്ഥലത്തു തന്നെ അന്ത്യ വിശ്രമം; ശനിയാഴ്ച മൂന്നു മണിക്ക് സംസ്‌കാര ചടങ്ങുകള്‍
അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍
കൊച്ചി: യാക്കോബായ സഭയുടെ പ്രാദേശിക തലവനും ശ്രേഷ്ഠ കാതോലിക്കയുമായ അബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍. കോതമംഗലം ചെറിയ പള്ളിയിലും വലിയ പള്ളിയിലും നടന്ന പൊതുദര്‍ശനത്തിന് ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിയത്. സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ നിരവധി രംഗത്തെ പ്രമുഖരും പൊതുദര്‍ശനത്തിനെത്തി.
തുടര്‍ന്ന് യാക്കോബായ സുറിയാനി സഭയ്ക്കായി താന്‍ പടുത്തുയര്‍ത്തിയ ആസ്ഥാനത്തേക്ക് അന്ത്യവിശ്രമത്തിനായി ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ ഭൗതിക ദേഹമെത്തിച്ചു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ എത്തിച്ച ഭൗതികദേഹം ദര്‍ശിക്കാന്‍ ഒട്ടേറെ വിശ്വാസികളാണ് എത്തിയിരിക്കുന്നത്. കോതമംഗലം വലിയ പള്ളിയില്‍നിന്ന് വൈകിട്ട് നാലു മണിക്കാരംഭിച്ച വിലാപയാത്ര നാല് മണിക്കൂറുകള്‍ കൊണ്ട് 32 കി.മീ പിന്നിട്ട് പുത്തന്‍കുരിശ് ടൗണിലും പിന്നീട് ഒരു മണിക്കൂറു കൊണ്ട് സഭാ ആസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലുമെത്തി. ഇടയ്ക്ക് പുത്തന്‍കുരിശില്‍ പെയ്ത മഴയും യാത്ര വൈകാന്‍ കാരണമായി. ആയിരക്കണക്കിന് വിശ്വാസികളാണ് ശ്രേഷ്ഠ ബാവായ്ക്ക് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ വഴിനീളെ കാത്തുനിന്നത്.
തന്നെ കബറടക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ച സ്ഥലത്തു തന്നെയാണ് ശ്രേഷ്ഠ ബാവായ്ക്ക് അന്ത്യവിശ്രമത്തിന് സ്ഥലമൊരുക്കിയിട്ടുള്ളത്. സെന്റ് അത്തനേഷ്യസ് കത്തീഡ്രലിന്റെ മദ്ബഹയോട് ചേര്‍ന്നാണ് ബാവായ്ക്കുള്ള കല്ലറ ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ആരംഭിക്കുന്ന സംസ്‌കാര ചടങ്ങിന്റെ സമാപന ചടങ്ങുകള്‍ അഞ്ചുമണിയോടെ അവസാനിക്കും എന്നാണ് കരുതുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച രാവിലെ 11 മണിയോടെ പുത്തന്‍കുരിശിലെ സഭാ ആസ്ഥാനത്തെത്തും. ഗവര്‍ണര്‍മാര്‍, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റു സഭാധ്യക്ഷന്മാര്‍, സമുദായ നേതാക്കളെല്ലാം ഇന്നും നാളെയുമായി കാതോലിക്കാ ബാവയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നുണ്ട്.
കബറടക്ക ശുശ്രൂഷയുടെ പ്രാരംഭ ചടങ്ങുകള്‍ ഇന്നു രാവിലെ കോതമംഗലം ചെറിയ പള്ളിയില്‍ ആരംഭിച്ചിരുന്നു. സഭാ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രീഗോറിയോസിന്റെ നേതൃത്വത്തിലാണ് ശുശ്രൂഷകള്‍ നടന്നത്. കോതമംഗലം ചെറിയ പള്ളിയില്‍ പുലര്‍ച്ചെ 3.30ഓടെ എത്തിച്ച ശ്രേഷ്ഠ ബാവയുടെ ഭൗതിക ശരീരം കാണാന്‍ ആയിരക്കണക്കിന് വിശ്വാസികളാണ് കോതമംഗലം ചെറിയ പള്ളിയിലേക്ക് ഒഴുകിയെത്തിയത്. ഒരു മണിയോടെ വലിയ പള്ളിയിലേക്ക് ഭൗതികശരീരം കൊണ്ടുപോയി.
ബാവായുടെ കബറടക്കത്തിന് ശേഷം നടക്കുന്ന 40ാം ദിവസത്തെ ചടങ്ങില്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവാ പങ്കെടുക്കും. പശ്ചിമേഷ്യയിലെ സംഘര്‍ഷം സാഹചര്യം കാരണം കബറടക്ക ശുശ്രൂഷയ്ക്ക് പാത്രീയാര്‍ക്കീസ് ബാവയ്ക്ക് എത്താന്‍ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു. പാത്രിയാര്‍ക്കീസ് ബാവയുടെ പ്രതിനിധികളായി യുഎസിലേയും യൂറോപ്പിലേയും ആര്‍ച്ച് ബിഷപ്പുമാര്‍ കബറടക്ക ശുശ്രൂഷകളില്‍ പങ്കെടുക്കും.
ഇവര്‍ ശനിയാഴ്ച രാവിലെ പുത്തന്‍കുരിശില്‍ എത്തും. ഇന്നു ചേര്‍ന്ന സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ യോഗത്തിനു ശേഷം സഭാ അധികാരികളാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ കോതമംഗലം ചെറിയ പള്ളിയില്‍ നടന്ന കുര്‍ബാനയ്ക്ക് ശേഷം, സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെയും വര്‍ക്കിങ് കമ്മിറ്റിയുടെയും സംയുക്ത യോഗം ചേര്‍ന്നിരുന്നു.