അടുത്ത മാസം അഥീന ഒന്നാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെ അപ്രതീക്ഷിത ദുരന്തം; പനി വന്ന് ചികിത്സിച്ചപ്പോഴും അസാധാരണമായി ഒന്നുമില്ല; അനിതയുടെയും ജിനോയുടെയും സങ്കടം കണ്ടുനില്‍ക്കാനാവാതെ സ്പാള്‍ഡിങ്ങിലെ മലയാളികള്‍; എന്‍എച്എസ് ആരോഗ്യ സംവിധാനത്തിലും സംശയങ്ങള്‍
ഒന്നാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെ കുരുന്നിന്റെ മരണം
ലണ്ടന്‍: അടുത്ത മാസം അവസാനം അഥീനയ്ക്ക് ഒരുവയസുതികയുമായിരുന്നു. ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു അവളുടെ മാതാപിതാക്കളായ ജിനോയും അനിതയും. ഇന്ന് പുലര്‍ച്ചെ ഒരു ഫോണ്‍ കോളില്‍ ഹൃയഭേദകമായ ആ വാര്‍ത്ത എത്തി. അഥീന മോള്‍ ഇനിയില്ല.
ആദ്യ പിറന്നാള്‍ ആഘോഷിക്കാന്‍ തയാറെടുപ്പ് തുടങ്ങിയ ജിനോയ്ക്കും അനിതയ്ക്കും തങ്ങളുടെ പൊന്നോമന ഇപ്പോള്‍ കൂടെയില്ലെന്ന സത്യം എങ്ങനെ ഉള്‍ക്കൊളളാനാകും എന്ന കാര്യത്തില്‍ ആര്‍ക്കും നിശ്ചയമില്ല. പല്ലു മുളച്ചു തുടങ്ങിയ മോണ കാട്ടിയുള്ള അവളുടെ പുഞ്ചിരി ഒരിക്കല്‍ കണ്ടിട്ടുള്ള ഒരാള്‍ക്കും മനസ്സില്‍ നിന്നും മാഞ്ഞു പോകില്ല. സ്പാള്‍ഡിങ്ങില്‍ താമസിക്കുന്ന അനിതയ്ക്കും ജിനോയ്ക്കും മനസ്സില്‍ ആശ്വാസം കണ്ടെത്താന്‍ ധൈര്യം ലഭിക്കണേ എന്ന പ്രാര്‍ത്ഥനയാണ് ബ്രിട്ടനിലെ ഓരോ പ്രവാസി മലയാളിയും പങ്കുവയ്ക്കുന്നുണ്ടാവുക.
അസാധാരണമായി ഒന്നും കണ്ടെത്തിയില്ല
ചികിത്സ തേടി ആശുപത്രിയില്‍ എത്തിയപ്പോഴും അസാധാരണമായി ഒന്നും കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. കൂടിയും കുറഞ്ഞും നിന്ന പനിയും ശ്വാസ തടസവും അല്ലാതെ മറ്റൊരു കാരണവും കുഞ്ഞിന്റെ ആരോഗ്യ സ്ഥിതിയെ പറ്റി ആശങ്കപ്പെടാനും ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ വേണമെങ്കില്‍ വീട്ടിലേക്ക് മടങ്ങാനും ഉള്ള നിര്‍ദേശവും ഡോക്ടര്‍മാര്‍ നല്‍കിയിരുന്നു.
പക്ഷെ ഇന്നലെ വൈകിട്ട് തികച്ചും അപ്രതീക്ഷിതമായി വഷളായ കുഞ്ഞിന്റെ ആരോഗ്യ നില ഒടുവില്‍ ഒരു മാതാപിതാക്കളും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്തയായി മാറുക ആയിരുന്നു. അവധി കഴിഞ്ഞു നാട്ടില്‍ നിന്നും മടങ്ങി എത്തിയിട്ട് ഏതാനും ആഴ്ചകള്‍ പിന്നിട്ടതേയുള്ളു ഈ മലയാളി കുടുംബം. ഇതിനിടയിലാണ് കഴിഞ്ഞ ഏതാനും ദിവസം മുന്‍പ് കുഞ്ഞിന് പനിയും അസ്വസ്ഥതയും തുടങ്ങിയത് .
പുതുജീവിതം തേടിയെത്തിയവര്‍ക്ക് അപ്രതീക്ഷിത തിരിച്ചടി
വിദേശത്ത് പുതുജീവിതം തേടി ഏറെ പ്രതീക്ഷകളോടെ എത്തിയ ഒരു മലയാളി കുടുംബമാണ് ഇപ്പോള്‍ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ അനുഭവത്തിലൂടെ കടന്നു പോകുന്നത്. യുകെയിലെ പുതുതലമുറ മലയാളികളുടെ കൂട്ടത്തിലാണ് അനിതയും ജിനോയും യുകെയില്‍ എത്തിയത്.
തികച്ചും സാധാരണക്കാരായ കുടുംബ പശ്ചാത്തലമുള്ള ജിനോയുടെയും അനിതയുടെയും ജീവിതത്തില്‍ സംഭവിച്ച ദുരന്തത്തില്‍ ആശ്വാസമേകാന്‍ കൂടെ തുണയായി മാറുകയാണ് പ്രദേശവാസികളായ മലയാളികള്‍. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ ജിനോ യുകെയില്‍ എത്തിയിട്ട് അധിക കാലം ആയിട്ടില്ല എന്നാണ് ലഭ്യമാകുന്ന വിവരം.
യുകെയിലെ എന്‍എച്എസ് ആരോഗ്യ സംവിധാനങ്ങളെ സംശയത്തോടെ നോക്കാന്‍ യുകെ മലയാളികള്‍ക്ക് ഇത്തരം അനേകം അനുഭവങ്ങള്‍ കൂടെയുള്ളതിനാല്‍ വേണ്ട പരിചരണവും ശ്രദ്ധയും അഥീന മോള്‍ക്ക് ലഭിച്ചിരുന്നോ എന്ന കാര്യത്തില്‍ ഒക്കെ ഇപ്പോള്‍ ആശങ്കയുണ്ട്.