ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിച്ച പ്രധാനമന്ത്രിയെന്ന് മോദി; വഴികാട്ടിയെയും ഉപദേഷ്ടാവിനെയും നഷ്ടമായെന്ന് രാഹുല്‍ ഗാന്ധി; കോടിക്കണക്കിന് മനുഷ്യരെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തനാക്കിയ നേതാവെന്ന് ഖര്‍ഗെ
ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിച്ച പ്രധാനമന്ത്രിയെന്ന് മോദി
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ ഡോ. മന്‍മോഹന്‍ സിങിന്റെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നുവെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചു. വര്‍ഷങ്ങളോളം നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ഏറെ ശ്രദ്ധേയമാണെന്ന് മോദി പറഞ്ഞു.
തനിക്ക് ഉപദേഷ്ടാവിനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. അപാരമായ വിവേകത്തോടെ രാജ്യത്തെ നയിച്ച നേതാവാണ് മന്‍മോഹന്‍ സിങ്. അദ്ദേഹത്തിന്റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു. ദശലക്ഷക്കണക്കിന് ജനങ്ങള്‍ അത്യധികം അഭിമാനത്തോടെ എന്നും അദ്ദേഹത്തെ ഓര്‍ക്കും. ശ്രീമതി കൗറിനെയും കുടുംബത്തെയും അനുശോചനം അറിയിക്കുന്നുവെന്നും രാഹുല്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.
സാമ്പത്തിക ഉദാരവത്ക്കരണത്തിലൂടെയും ക്ഷേമ പദ്ധതികളിലൂടെയൂം കോടി കണക്കിന് ജനങ്ങളുടെ ജീവിതം മാറ്റി മറിച്ച നേതാവായിരുന്നു മന്‍മോഹനെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അനുസ്മരിച്ചത്. കോടിക്കണക്കിന് പേരെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തനാക്കിയ സമാനതകള്‍ ഇല്ലാത്ത നേതാവായിരുന്നു മന്‍മോഹനെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.
എതിരാളികളുടെ വ്യക്തിപരമായ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നിട്ടും രാഷ്ട്രത്തെ സേവിക്കാനുള്ള പ്രതിബദ്ധതയില്‍ ഉറച്ചുനിന്ന നേതാവാണ് മന്‍മോഹന്‍ സിങെന്ന് പ്രിയങ്ക ഗാന്ധി എംപി പ്രതികരിച്ചു. രാഷ്ട്രീയത്തിന്റെ പരുക്കന്‍ ലോകത്ത് സൗമ്യനുമായിരുന്നു അദ്ദേഹമെന്നും പ്രിയങ്ക കുറിച്ചു.
ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെ 92ആം വയസ്സിലാണ് മന്‍മോഹന്‍ സിങിന്റെ മരണം സംഭവിച്ചത്. 2004 മുതല്‍ 2014 വരെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരില്‍ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ നേതാവാണ് ഓര്‍മ്മയാകുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാര്‍ത്ത ധനമന്ത്രിയായും ലൈസന്‍സ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയെന്നും പേരെടുത്ത അദ്ദേഹം സാമ്പത്തിക ഉദാരവത്കരണ നയങ്ങള്‍ നടപ്പാക്കിയതിലൂടെ ശ്രദ്ധേയനായി. ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം 5 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു. 1932 സെപ്റ്റംബര്‍ 26ന് ഇപ്പോഴത്തെ പാകിസ്താനിലുള്ള പഞ്ചാബിലെ ഗാഹില്‍, സിഖ് കുടുംബത്തിലായിരുന്നു ജനനം.
1991ല്‍ നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായി അപ്രതീക്ഷിതമായി എത്തിയ അദ്ദേഹം ന്യൂനപക്ഷ സമുദായത്തില്‍ നിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തിയുമാണ്. ആദ്യ സിഖ് മതസ്ഥനായ പ്രധാനമന്ത്രിയുമാണ്. 1998 മുതല്‍ 2004 വരെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്നീ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.