വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കണ്ടത് നടുറോഡില്‍ കിടക്കുന്ന പൂച്ചക്കുഞ്ഞിനെ; ബൈക്ക് നിര്‍ത്തി പൂച്ചയെ രക്ഷിക്കാന്‍ ഓടിയത് നാട്ടുകാരുടെ മുന്നറിയപ്പ് കേള്‍ക്കാതെ; അതിവേഗത്തില്‍ വന്ന ലോറി ബ്രേക്കിടും മുമ്പേ ഇടിച്ചു തെറിപ്പിച്ചു; മണ്ണുത്തി ഹൈവേയെ ബന്ധിപ്പിക്കുന്ന ആ റോഡില്‍ പൊലിഞ്ഞത് യഥാര്‍ത്ഥ മൃഗസ്‌നേഹിയുടെ ജീവന്‍; സിജോ തിമോത്തിയുടെ വേര്‍പാടില്‍ വേദനിച്ച് ചുറ്റിലപ്പള്ളിക്കാര്‍
തൃശ്ശൂര്‍ : പൂച്ചക്കുട്ടിയെ രക്ഷിക്കാനോടിയപ്പോള്‍ 'ഓടല്ലേടാ' എന്നു റോഡിന് വശത്തുനിന്നവര്‍ വിളിച്ചുപറഞ്ഞെങ്കിലും റോഡ് മുറിച്ചുകടക്കുകയായിരുന്നു. സിജോ ചെന്നപ്പോഴേക്കും പൂച്ച റോഡില്‍ നിന്നു മാറിയിരുന്നു. എന്നാല്‍ അതിവേഗത്തില്‍ വന്ന വാഹനം സിജോയെ ഇടിച്ചുതെറിപ്പിച്ചു. അങ്ങനെ വീട്ടില്‍ നിന്നും നൂറ് മീറ്റര്‍ അകലെ മൃഗസ്‌നേഹിയ്ക്ക് ധാരുണാന്ത്യം. തൃശൂര്‍ ചിറ്റിലപ്പിള്ളി സ്വദേശി സിജോ തിമോത്തി (44)ക്ക് ജീവന്‍ നഷ്ടമായത് സഹജീവികളുടെ ജീവന് വലിയ വില കല്‍പ്പിച്ചതിന്റെ തുടര്‍ച്ചയായിരുന്നു. അതുകൊണ്ട് ഈ യുവാവിന്റെ മരണം ചിറ്റിലപ്പിള്ളിക്കാതെ ദുഖവുമായി.
പൂച്ചയെ എടുക്കാന്‍ റോഡിന് നടുവിലേക്ക് കടക്കുംമുന്‍പേ എതിരേ വന്ന ലോറിക്കാരനോട് നിര്‍ത്താന്‍ കൈകൊണ്ട് സിജോ ആംഗ്യം കാണിച്ചിരുന്നു. എന്നാല്‍ ബ്രേക്ക് ചെയ്യാന്‍ കഴിയാത്തത്ര അടുത്തെത്തിയിരുന്നു സിജോ. റോഡിന് നടുവില്‍ പൂച്ചയെ കണ്ടതും സിജോ പരിസരം മറന്നാണ് രക്ഷിക്കാനായി ഓടിയത്. തൃശ്ശൂര്‍ മണ്ണൂത്തി കാളത്തോട് ജങ്ഷനില്‍ കഴിഞ്ഞദിവസം രാത്രി ഒന്‍പതു മണിയോടെയായിരുന്നു അപകടം. ലോറിക്ക് ഒപ്പം അടുത്തു കൂടി പോയ കാറും സിജോയെ ഇടിച്ചിരുന്നു. അപകടത്തില്‍ തല്‍ക്ഷണം സിജോ മരിച്ചു. നാട്ടുകാര്‍ക്ക് തീരാ ദുഖമായി ഈ വേര്‍പാട്.
പരിക്കുപറ്റിയും മറ്റും തെരുവില്‍ കിടക്കുന്ന നായകളെയും പൂച്ചകളെയും എടുത്തുകൊണ്ടുപോയി ശുശ്രൂഷിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യുന്ന മൃഗ സ്‌നേഹിയായിരുന്നു സിജോ. അവിവാഹിതനായ സിജോ ഒറ്റയ്ക്കായിരുന്നു താമസം. പരിക്കുപറ്റിയ മൃഗങ്ങളെ എടുത്തുകൊണ്ടുപോയി വീടിന്റെ മുകളിലത്തെ നിലയില്‍ താമസിപ്പിച്ച് ഭക്ഷണവും പരിചരണവും നല്‍കും. പരിക്കുകള്‍ മാറിയാല്‍ മൃഗങ്ങളെ സ്വതന്ത്രമാക്കും.
തിരക്കേറിയ റോഡിന് നടുവില്‍ നിന്ന പൂച്ചക്കുഞ്ഞിനെ രക്ഷിക്കാന്‍ സിജോ ഇറങ്ങിയത് ജീവന്‍ പണയം വച്ചായിരുന്നു. പാലക്കാടു നിന്ന് തൃശ്ശൂരിലേക്കും തൃശ്ശൂരു നിന്ന് പാലക്കാട്ടേക്കും മണ്ണൂത്തി ഹൈവേയിലേക്ക് ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാന റോഡിലായിരുന്നു അപകടം. രാത്രികാലങ്ങളില്‍ ഇതുവഴി പോകുന്ന ഭാരംകയറ്റിയ വാഹനങ്ങള്‍ അമിത വേഗതയിലുമായിരിക്കും. ബൈക്കില്‍ പോകുകയായിരുന്നു സിജോ. പെട്ടെന്നാണ് റോഡിന് നടുവില്‍ ഒരു പൂച്ചക്കുഞ്ഞ് കിടക്കുന്നത് കണ്ടത്. അപകട സാധ്യതയുള്ളതിനാല്‍ രക്ഷിക്കാന്‍ തീരുമാനിച്ചു.
സിജോ ബൈക്ക് നിര്‍ത്തുകയായിരുന്നു. അതിന് ശേഷം പൂച്ചയെ രക്ഷിക്കാനായി പോയി. ആ സമയം പിന്നാലെ വന്ന ലോറി നല്ല വേഗതയിലായിരുന്നു. അതുകൊണ്ടുതന്നെ നിര്‍ത്താനുള്ള സിജോയുടെ ആംഗ്യംകൊണ്ട് ഫലമുണ്ടായില്ല. ലോറി സിജോയെ ഇടിച്ചുതെറിപ്പിച്ചു. പിന്നാലെ വന്ന ഒരു കാറും സിജോയെ ഇടിച്ചു. തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നതും സംരക്ഷിക്കുന്നതുമൊക്കെ സിജോ ജീവിത ശൈലിയുടെ ഭാഗമായിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സിജോയുടെ ദാരുണാന്ത്യം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. വീട്ടില്‍നിന്നു വെറും 100 മീറ്റര്‍ മാത്രം ദൂരമുള്ള ജംക്ഷനിലായിരുന്നു സിജോയുടെ മരണമുണ്ടാക്കിയ അപകടം.