ചാര്‍ളിയിലെ ഡേവിഡിന് വിട; പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു
കൊച്ചി: ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രാധാകൃഷ്ണന്‍ ചാക്യാട്ടിന്റെ വിയോഗവിവരം അദ്ദേഹത്തിന്റെ ടീമായ 'പിക്‌സല്‍ വില്ലേജ്' ആണ് അറിയിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നാകനായി എത്തിയ ചാര്‍ളി എന്ന സിനിമയിലൂടെ ആയിരുന്നു അദ്ദേഹം അഭിനയ രംഗത്ത് എത്തിയത്. ചിത്രത്തിലെ ഡേവിഡ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
നാല് പതിറ്റാണ്ടിലേറെ കാലമായി ഫോട്ടോഗ്രഫി രംഗത്ത് സജീവമായിരുന്ന രാധാകൃഷ്ണന്‍ ക്യാമറ, ഫോട്ടോഗ്രഫി വിഷയങ്ങളില്‍ പരിശീലനപരിപാടികളും നടത്തിയിരുന്നു. കൊച്ചി സ്വദേശിയായ രാധാകൃഷ്ണന്‍ ചാക്യാട്ട് ഏറെക്കാലം മുംബൈ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഫാഷന്‍ ഫോട്ടോഗ്രഫിയിലാണ് അദ്ദേഹം തന്റെ കരിയര്‍ വളര്‍ത്തിയെടുത്തത്.
സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം പിക്സല്‍ വില്ലേജ് എന്ന പേരില്‍ ക്യാമറ, ഫോട്ടോഗ്രഫി പരിശീലനവുമായി ബന്ധപ്പെട്ട ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമും ആരംഭിച്ചിരുന്നു. പിക്സല്‍ വില്ലേജിന്റെ യൂട്യൂബ് ചാനലിലും അദ്ദേഹം സജീവമായിരുന്നു.
ചാര്‍ളി എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ അച്ഛനായി ഡേവിഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇതിലൂടെ അദ്ദേഹം സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറി. നിക്കോണ്‍ ഇന്ത്യ മെന്റര്‍ ആയിരുന്നു അദ്ദേഹം. 2023ല്‍ ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ (എകെപിഎ) ഫോട്ടോഗ്രാഫി അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.
രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ക്കായി ഫോട്ടോഷൂട്ട് നടത്തിയിട്ടുള്ള രാധാകൃഷ്ണന്‍, പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ കൂടിയായിരുന്നു. ക്യാമറ, ഫോട്ടോഗ്രഫി തുടങ്ങിയ വിഷയങ്ങളില്‍ നിരവധി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന രാധാകൃഷ്ണന്‍ സമൂഹമാദ്ധ്യമങ്ങളിലും സജീവമായിരുന്നു.