ബ്രിട്ടനിലെ ഇതിഹാസ പോപ്പ് ഗായകന്‍ ഓസി ഓസ്‌ബോണ്‍ അന്തരിച്ചു; ബ്ലാക് സാബത്ത് താരത്തിന്റെ മരണം 76-ആം വയസ്സില്‍ ലണ്ടനിലെ വസതിയില്‍ എക്‌സ് ഫാക്ടര്‍ ജഡ്ജ് കൂടിയായ ഷാരോണിനെ ഒറ്റക്കാക്കി ഓസിയുടെ യാത്രയില്‍ നിലവിളിച്ച് ആരാധകര്‍

Update: 2025-07-23 01:28 GMT

ലണ്ടന്‍: ബ്ലാക്ക് സബാത്ത് താരം ഓസി ഓസ്‌ബോണ്‍ തന്റെ എഴുപത്തിയാറാം വയസ്സില്‍ ഈ ലോകത്തുനിന്നും യാത്രയായി. സ്വന്തം വസതിയില്‍, ഭാര്യ ഷാരോണിനെയും മക്കളെയും സാക്ഷി നിര്‍ത്തിയായിരുന്നു സംഭവബഹുലമായ ആ ജീവിതത്തിന് അന്ത്യം കുറിച്ചത്. കുറച്ചധികം വാക്കുകള്‍ കൊണ്ട് സംവേദിക്കാന്‍ കഴിയുന്നത്ര ദുഃഖമല്ല, ഈ വിയോഗം തങ്ങള്‍ക്ക് നല്‍കിയതെന്ന് അദ്ദേഹത്തിന്റെ മരണ വിവരം അറിയിച്ചുകൊണ്ട് കുടുംബം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. സ്വന്തം കുടുംബാംഗങ്ങള്‍ ചുറ്റും നില്‍ക്കവെയാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പാര്‍ക്കിന്‍സണ്‍സ് രോഗവുമായി പോരാടിയിരുന്ന ഓസ്‌ബോണ്‍ അന്തരിച്ചത്.

പ്രതീക്ഷിക്കാത്തത്ര വേഗത്തിലായിരുന്നു ഈ വേര്‍പാടെന്ന് അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള ചിലര്‍ പറയുന്നു. എന്നാല്‍, അവസാന നാളുകളില്‍ ഭാര്യയും മക്കളും അദ്ദേഹത്തോടൊപ്പം തന്നെ ഉണ്ടായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ എക്സ് ഫാക്റ്റര്‍ ജഡ്ജ് കൂടിയായ ഷാരോണിനൊപ്പം, കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ബക്കിംഗ്ഹാംഷയറിലെ വീട്ടിലായിരുന്നു അന്ധകാരത്തിന്റെ രാജകുമാരന്‍ എന്ന് ആരാധകര്‍ വിശേഷിപ്പിച്ചിരുന്ന ഓസി താമസിച്ചിരുന്നത്. മരണാനന്തര കര്‍മ്മങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞയാഴ്ച തന്നെ, പിതാവിനെ ശുശ്രൂഷിക്കാനായി മക്കള്‍ എയ്മിയും (41), കെല്ലിയും (40) ലോസ് ഏഞ്ചലസില്‍ നിന്നും ബക്കിംഗ്ഹാംഷയറിലെ വീട്ടിലെത്തിയിരുന്നു. പിതാവിന്റെ അവസാനത്തെ പ്രകടനം കാണാന്‍ മകന്‍ ജാക്ക് ഇഡാഹോയില്‍ നിന്നും എത്തിയിരുന്നു. ആസ്റ്റണ്‍ വില്ലയുടെ സ്റ്റേഡിയം വില്ല പാര്‍ക്കില്‍ ജൂലായ് 5 ന് ആയിരുന്നു ഓസി ഓസോണ്‍ അവസാനമായി തന്റെ ആരാധകരെ സംഗീതത്തിന്റെ മാസ്മര ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയത്. ഇതോടെ, ഇനിയും ഏറെക്കാലം ഓസി സജീവമായി രംഗത്തുണ്ടാകുമെന്ന് ആരാധകര്‍ വിശ്വസിച്ചു. അവരെയെല്ലാം ഞെട്ടിച്ചു കൊണ്ടാണ് ഇപ്പോള്‍ അവരുടെ പ്രിയപ്പെട്ട ഓസി യാത്രയായിരിക്കുന്നത്.

തന്റെ പ്രിയ സുഹൃത്തായിരുന്നു ഓസി ഓസ്‌ബോണെന്നും, ആ വിയോഗം ഞെട്ടലുളവാക്കിയെന്നുമാണ് ബ്രിട്ടീഷ് സംഗീത രംഗത്തെ മുടിചൂടാമന്നനായ എല്‍ട്ടണ്‍ ജോണ്‍ തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞത്. സ്വന്തമായി വഴി വെട്ടിത്തെളിച്ചു വന്ന അദ്ദേഹം സംഗീത ദേവതകളുടെ ആലയത്തില്‍ ഒരു ഇരിപ്പിടം കണ്ടെത്തുമെന്നും എല്‍ട്ടണ്‍ ജോണ്‍ എഴുതി. റോണി വുഡ്, സര്‍ റോഡ് സ്റ്റിവാര്‍ട്ട് എന്നിവരും അനുശോചന സന്ദേശങ്ങളുമായി സമൂഹ മാധ്യമങ്ങളില്‍ വന്നു. വില്ലാ പാര്‍ക്കിലെ അവസാന പ്രകടനത്തിന് ശേഷം, ഒരു ഗോസ്റ്റ് റൈറ്ററുമായി ചേര്‍ന്ന് തന്റെ ജീവ ചരിത്രം എഴുതാന്‍ ഓസി ആരംഭിച്ചിരുന്നു.

Tags:    

Similar News