ഭാര്യ മാതാവിന്റെ മരണമറിഞ്ഞു നാട്ടിലേക്ക് പുറപ്പെട്ട യുകെ മലയാളിക്ക് യാത്രക്കിടയില്‍ വിമാനത്തില്‍ വച്ച് മരണം; ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറക്കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല; ഫിലിപ്പ് കുട്ടി അച്ചായന്റെ വിയോഗത്തില്‍ ഞെട്ടി യുകെ മലയാളികള്‍

ഭാര്യ മാതാവിന്റെ മരണമറിഞ്ഞു നാട്ടിലേക്ക് പുറപ്പെട്ട യുകെ മലയാളിക്ക് യാത്രക്കിടയില്‍ വിമാനത്തില്‍ വച്ച് മരണം

Update: 2025-05-02 14:05 GMT

ലണ്ടന്‍: ഭാര്യാ മാതാവിന്റെ മരണ വിവരമറിഞ്ഞു നാട്ടിലേക്ക് പുറപ്പെട്ട യുകെയിലെ മലയാളി വിമാനത്തില്‍ വെച്ച് മരിച്ചു. യുകെയിലെ ബേസിംഗ്‌സ്റ്റോക്ക് സ്വദേശി ഫിലിപ്പ് കുട്ടിക്കാണ് അന്ത്യം സംഭവിച്ചത്. ഈ മാസം 20നു നാട്ടില്‍ എത്താന്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് ആണെങ്കിലും പൊടുന്നനെ ആ ടിക്കറ്റ് കാന്‍സല്‍ ചെയ്തു ഇന്നലെ രാത്രി തന്നെ ലണ്ടന്‍ - ഡല്‍ഹി വിമാനത്തില്‍ അദ്ദേഹം യാത്ര തിരിക്കുക ആയിരുന്നു. എന്നാല്‍ വഴിമധ്യേ ഹൃദയ വേദന അനുഭവപ്പെട്ടതിനാല്‍ ഡല്‍ഹിയിലേക്കുള്ള വിമാനം മുംബൈയില്‍ ഇറക്കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

മാതാവിന്റെ മരണ വിവരമറിഞ്ഞു ഫിലിപ്പ് കുട്ടിയുടെ ഭാര്യയും കുട്ടികളും നേരത്തെയുള്ള വിമാനത്തില്‍ നാട്ടില്‍ എത്തിയിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ബേസിംഗ്‌സ്റ്റോക് മലയാളികളുടെ പ്രിയപ്പെട്ട അച്ചായനായി നിറഞ്ഞു നിന്ന ഫിലിപ്പ് കുട്ടി ഇനി കൂടെയില്ലെന്ന് ഇന്നലെയും നീണ്ട സംഭാഷണം നടത്തിയ പ്രദേശവാസികള്‍ക്ക് നെഞ്ചില്‍ കത്തുന്ന വേദനയായി മാറുകയാണ്.

മറുനാടന്‍ മലായളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുമായി ആത്മബന്ധം പുലര്‍ത്തിയ വ്യക്തിയായിരുന്നു ഫിലിപ്പ് കുട്ടി. പതിനാലു വര്‍ഷം മുന്‍പ് സ്വിണ്ടനില്‍ വച്ച് നടന്ന ആദ്യ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന്റെ നെടുംതൂണുകളില്‍ ഒരാളായി മാറിയ ഫിലിപ്പ് കുട്ടി മുന്‍കൈ എടുത്താണ് ആദ്യ സ്വാഗത സംഘം യോഗം തന്റെ വീട്ടില്‍ തന്നെ വിളിച്ചു ചേര്‍ത്തതും. ബ്രിട്ടീഷ് മലയാളിയുടെയും സ്വിണ്ടന്‍ സ്റ്റാര്‍ ചെണ്ടമേളത്തിന്റെയും പ്രതിനിധികള്‍ ഹൃദയം തുറന്നു കൈകൊടുത്ത ആ യോഗത്തില്‍ ഫിലിപ്പ് കുട്ടിയുടെ നിര്‍ദേശങ്ങള്‍ കൂട്ടത്തിലെ കാരണവര്‍ എന്ന നിലയില്‍ തന്നെയാണ് ഏവരും സ്വീകരിച്ചത്.

ഇന്ന് യുകെ മലയാളികളുടെ ഏറ്റവും പ്രൗഢ ഗംഭീരമായ വേദിയായി അവാര്‍ഡ് നൈറ്റ് മാറുമ്പോള്‍ ആദ്യ വേദിക്കായി ഫിലിപ്പ് കുട്ടി ഒഴുക്കിയ വിയര്‍പ്പിന് കണ്ണീരോടെ പ്രണാമം അര്‍പ്പിക്കാന്‍ മാത്രമേ സാധിക്കുന്നുള്ളൂ എന്ന തിരിച്ചറിവിലാണ് ടീം ബ്രിട്ടീഷ് മലയാളിയു.

ഭാര്യയേയും കുട്ടിയേയും നേരത്തെ വിമാനത്തില്‍ കയറ്റിവിടുകയും അടുത്ത ഡെല്‍ഹി വിമാനത്തില്‍ ഫിലിപ്പ് കുട്ടി നാട്ടിലേക്ക് പോവുകയും ആയിരുന്നു. എന്നാല്‍ വിമാനത്തില്‍ വച്ച് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും വിമാനം അടിയന്തിരമായി മുംബൈയില്‍ ഇറക്കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നു. ബോംബെയിലെ ആശുപത്രിയിലാണ് ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മരണവിവരം കുടുംബത്തെ അറിയിച്ചിട്ടുണ്ട്.

20-ാം തീയതിയായിരുന്നു ഫിലിപ്പ് കുട്ടിയ്ക്ക് നാട്ടിലേക്ക് പോകുവാന്‍ ടിക്കറ്റ് എടുത്തിരുന്നത്. അതു മാറ്റി കിട്ടില്ലെന്നും അപ്പോഴേ പോകുന്നുള്ളൂവെന്നും സുഹൃത്തുക്കളോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്നാണ് ടിക്കറ്റ് ബുക്ക് ചെയ്തതും നാട്ടിലേക്കു പോയതും. പിന്നാലെ ഫിലിപ്പ് കുട്ടി വരുന്നതു കാത്തിരുന്ന വീട്ടുകാര്‍ അറിഞ്ഞത് മരണവാര്‍ത്തയുമാണ്. നാട്ടില്‍ ചിങ്ങവനം കൊണ്ടൂര്‍ സ്വദേശിയാണ് ഫിലിപ്പ് കുട്ടി. പുല്ലരിക്കുന്ന് സ്വദേശിനിയാണ് ഭാര്യ.

Tags:    

Similar News