വേളാങ്കണ്ണിയില്‍ കുടുംബത്തോടൊപ്പം പോയി മടങ്ങുമ്പോള്‍ തെങ്കാശിയില്‍ വച്ച് ഹൃദയാഘാതം; ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല; ഏറ്റുമാനൂരില്‍ യുഡിഎഫിന് വേണ്ടി കഴിഞ്ഞ തവണ പോരാടിയ നേതാവ്; 53-ാം വയസ്സില്‍ അപ്രതീക്ഷിത വിയോഗം; പിജെ ജോസഫിന്റെ വിശ്വസ്തന്‍; പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു
കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പിജെ ജോസഫിന്റെ അതിവിശ്വസ്തരില്‍ ഒരാള്‍ കൂടിയായിരുന്നു പ്രിന്‍സ് ലൂക്കോസ്.
കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങിവരുന്നതിനിടെ ട്രെയിനില്‍വെച്ചാണ് പ്രിന്‍സ് ലൂക്കോസിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. പുലര്‍ച്ചെ 3.30ന് തെങ്കാശിക്ക് സമീപംവെച്ചായിരുന്നു സംഭവം. ഉടന്‍ തന്നെ തെങ്കാശിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് രാവിലെ എട്ടരയോടെ കോട്ടയം തെള്ളകത്തെ കാരിത്താസ് ആശുപത്രിയില്‍ എത്തിക്കും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. കേരളകോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളിലൊരാളായ ഒ.വി ലൂക്കോസിന്റെ മകനാണ് പ്രിന്‍സ് ലൂക്കോസ്. കോട്ടയം പെരുമ്പയിക്കാട് സ്വദേശിയാണ്. കോട്ടയം ബാറിലെ അഭിഭാഷകന്‍ കൂടിയാണ് പ്രിന്‍സ്. പാര്‍ട്ടിയിലും പൊതുപ്രവര്‍ത്തനരംഗത്തും സജീവമായി ഇടപെടുന്ന പ്രിന്‍സ് ഏവര്‍ക്കും പ്രിയങ്കരനായ നേതാവ് കൂടിയായിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മുന്നൊരുക്കങ്ങളിലായിരുന്നു പ്രിന്‍സ്. ഇതിനിടെയാണ് മരണമെത്തുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ യുഡിഎഫ് വിമതയായി ലതികാ സുഭാഷ് മത്സരിച്ചിരുന്നു. ഇതിനിടെയിലും മന്ത്രിയായ വിഎന്‍ വാസവനെതിരെ വീറോടെയാണ് പ്രിന്‍സ് പോരാടി തോറ്റത്. മാറിയ രാഷ്ട്രീയ കാലാവസ്ഥയില്‍ ഇത്തവണ ഏറ്റുമാനൂരില്‍ ജയിക്കാമെന്ന കണക്കു കൂട്ടലിലായിരുന്നു പ്രിന്‍സ്. ഇതിനിടെയാണ് മരണമെത്തുന്നത്.