ഉരുക്ക് മുതല്‍ സോഫ്റ്റ് വെയര്‍ വരെ കെട്ടിപ്പടുത്തത് വന്‍ വ്യവസായ സാമ്രാജ്യം; രാജ്യത്തിന്റെ ദേശീയ ബിംബം; രത്തന്‍ ടാറ്റ അന്തരിച്ചു; അന്ത്യം മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്; വിട പറയുന്നത് ഇന്ത്യന്‍ വ്യവസായ രംഗത്തെ ഭീഷ്മാചാര്യന്‍; പകരം വയ്ക്കാനില്ലാത്ത രാജ്യസ്നേഹി
രത്തന്‍ ടാറ്റ വിടവാങ്ങി
മുംബൈ: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതല്‍ 2012 വരെ ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ ആയിരുന്നു. രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നല്‍കി ആദരിച്ച വ്യക്തിയായിരുന്നു രത്തന്‍ ടാറ്റ.
തിങ്കളാഴ്ച മുതല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു അദ്ദേഹം. ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ എമിരിറ്റസ് ആയ രത്തന്‍ ടാറ്റ( 86) താന്‍ പ്രായസംബന്ധമായ പതിവ് ആരോഗ്യ പരിശോധനകള്‍ക്കാണ് ആശുപത്രിയില്‍ എത്തിയതെന്ന് തിങ്കളാഴ്ച പ്രസ്താവന ഇറക്കിയിരുന്നു. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച കുറിപ്പില്‍ താന്‍ ആരോഗ്യവാനായി ഇരിക്കുന്നെന്നും ആശങ്കയ്ക്ക് വകയില്ലെന്നുമാണ് രത്തന്‍ ടാറ്റ പറഞ്ഞത്. പിന്നീട് ആരോഗ്യനില വഷളാവുകയായിരുന്നു.
1991 ലാണ് രത്തന്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായത്. 100 വര്‍ഷത്തിലേറെ മുമ്പ് തന്റെ പ്രതിപിതാമഹന്‍ സ്ഥാപിച്ച ഗ്രൂപ്പിനെ അദ്ദേഹം 2012 വരെ നയിച്ചു. 1996 ല്‍ ടെലി കമ്യൂണിക്കേഷന്‍സ് കമ്പനിയായ ടാറ്റ ടെലിസര്‍വീസസും 2004 ല്‍ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും തുടങ്ങി.
വിരമിച്ച ശേഷം ആദരസൂചകമായി അദ്ദേഹത്തിന് ടാറ്റ സണ്‍സ്, ടാറ്റ ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ കെമിക്കല്‍സ് എന്നിവയുടെ ചെയമാന്‍ എമിരിറ്റസ് പദവി നല്‍കി
' അതീവ നഷ്ടബോധത്തോടെയാണ് രത്തന്‍ നവല്‍ ടാറ്റായ്ക്ക് വിട ചൊല്ലുന്നത്, ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പ്രസ്താവനയില്‍ പറഞ്ഞു. ടാറ്റ ഗ്രൂപ്പിനെ മാത്രമല്ല, രാജ്യത്തിന്റെ ഘടനയെ തന്നെ രൂപപ്പെടുത്തിയ അസാധാരണനേതൃശേഷിയുള്ള വ്യക്തിയായിരുന്നു. ടാറ്റ ഗ്രൂപ്പിന് അദ്ദേഹം ഒരു ചെയര്‍പേഴ്‌സണ്‍ എന്നതില്‍ അപ്പുറമായിരുന്നു അദ്ദേഹം, എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.
ജെ.ആര്‍.ഡി. ടാറ്റയുടെ ദത്തുപുത്രന്‍ നവല്‍ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബര്‍ 28-നാണ് രത്തന്റെ ജനനം. മുംബൈയിലെ കാംപിയന്‍, കത്തീഡ്രല്‍ ആന്‍ഡ് ജോണ്‍ കോനന്‍ സ്‌കൂളുകളില്‍ പഠനം. ന്യൂയോര്‍ക്കിലെ ഇത്താക്കയിലുള്ള കോര്‍ണല്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദം. ഇന്ത്യയില്‍ മടങ്ങിയെത്തി 1962-ല്‍ ടാറ്റ മോട്ടോഴ്‌സിന്റെ പഴയരൂപമായ ടെല്‍കോയില്‍ ട്രെയിനിയായി.
1991-ല്‍ ജെ.ആര്‍.ഡി. ടാറ്റയില്‍നിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍സ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വര്‍ഷം ഈ സ്ഥാനത്ത് തുടര്‍ന്നു. ടാറ്റ സണ്‍സില്‍ ചെയര്‍മാന്‍ എമരിറ്റസായ അദ്ദേഹം 2016-ല്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടര്‍ന്ന് ഇടക്കാല ചെയര്‍മാനായി വീണ്ടുമെത്തി. 2017-ല്‍ എന്‍. ചന്ദ്രശേഖരനെ ചെയര്‍മാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടര്‍ന്നു.
അവിവാഹിതനായിരുന്നു ടാറ്റ. മികച്ച പൈലറ്റും. വിദേശസര്‍ക്കാരുകളുടേതുള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി.