സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ആഘാതമായി കേരള എന്‍.എസ്സ്.എസ്സ് പ്രോഗ്രാം ഓഫീസര്‍ അന്‍സാറിന്റെ അപ്രതീക്ഷിത വിയോഗം; മരണം എന്‍എസ്എസ് ദക്ഷിണ മേഖല സംഗമത്തില്‍ പങ്കെടുക്കവേ കുഴഞ്ഞ് വീണ്; പ്രിയ അനുജാ,വിട! അശ്രുപുഷ്പങ്ങളാല്‍ സ്‌നേഹാഞ്ജലിയെന്ന് മന്ത്രി ആര്‍ ബിന്ദുവും
സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ആഘാതമായി കേരള എന്‍.എസ്സ്.എസ്സ് പ്രോഗ്രാം ഓഫീസര്‍ അന്‍സാറിന്റെ അപ്രതീക്ഷിത വിയോഗം
തിരുവനന്തപുരം: നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ ഡോ. ആര്‍ എന്‍ അന്‍സാറിന്റെ(47) മരണം സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ആഘാതമായി മാറി. ആഗസ്ത് ആറിന് കൊല്ലം ടൗണ്‍ഹാളില്‍ നടന്ന എന്‍എസ്എസ് ദക്ഷിണ മേഖല സംഗമത്തില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സക്കിടെ ചൊവാഴ്ച വൈകിട്ട് മരിച്ചു.
നെടുമങ്ങാട് ഗവ. കോളേജിലെ കൊമേഴ്‌സ് വിഭാഗം അധ്യാപകനായിരിക്കെ ഡെപ്യൂട്ടേഷനിലാണ് എന്‍എസ്എസ് കോഓര്‍ഡിനേറ്ററായി പ്രവേശിച്ചത്. കല്‍പ്പറ്റ ഗവ. കോളേജില്‍ കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് ജോലിയില്‍ പ്രവേശിച്ചത്. എകെജിസിടി യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി എന്നിങ്ങനെ വിവിധ സംഘടനാ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കേരള സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗവും റിസര്‍ച്ച് ഗൈഡുമായിരുന്നു.
മികച്ച എന്‍എസ്എസ് ഓഫീസര്‍ക്കുള്ള നാഷണല്‍ അവാര്‍ഡും സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്. എന്‍എസ്സ്എസ്സിനു പുതിയ ദിശാബോധം നല്‍കിയ ഓഫീസറായിരുന്നു അന്‍സാറെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെ റീജിയണല്‍തല മീറ്റിലും പ്രിസം ക്യാമ്പിലും കഴിഞ്ഞ ദിവസങ്ങളിലായി അന്‍സാര്‍ പങ്കെടുത്തിരുന്നു.
ഭാര്യ: അനീഷ (കെഎസ്എഫ്ഇ, തിരുവനന്തപുരം ശാഖ). മക്കള്‍: അന്ന അഫ്രിന്‍, ഫാത്തിമ ഫര്‍ഹിന്‍. സംസ്‌കാരം ബുധനാഴ്ച പകല്‍ 12.30ന് കൊട്ടാരക്കര അമ്പലംകുന്ന് ചെമ്പൂര്‍ മുസ്ലിം ജമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ നടക്കും. കേരള നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാമുകള്‍ക്കായി കേരളം മുഴുവന്‍ അങ്ങോളമിങ്ങോളം ഓടിനടന്ന ഓഫീസറായിരുന്നു അന്‍സാര്‍ എന്ന് മന്ത്രി ആര്‍ ബിന്ദു സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ അനുസ്മരിച്ചു.
ദിശാബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ, കര്‍മ്മനിരതനായ്, കഠിനാദ്ധ്വാനിയായി പ്രവര്‍ത്തിച്ച ഓഫീസറായിരുന്നു അന്‍സാര്‍. മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്താനെത്തിയത്. തീര്‍ത്തും അപ്രതീക്ഷിതമായ മരണമെന്ന് സഹപ്രവര്‍ത്തകരും പറയുന്നു.
മന്ത്രിയുടെ കുറിപ്പ്
'കേരള സ്റ്റേറ്റ് എന്‍.എസ്സ്.എസ്സ് പ്രോഗ്രാം ഓഫീസര്‍ അന്‍സാര്‍ നമ്മെ വിട്ടു പോയിരിക്കുന്നു. ദിശാബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ കര്‍മ്മനിരതനായ്, കഠിനാദ്ധ്വാനിയായി എന്‍.എസ്സ്.എസ്സ് നെ നയിച്ച പ്രിയപ്പെട്ട അന്‍സാര്‍. സ്‌നേഹപൂര്‍ണ്ണമായ വാക്കുകള്‍, പെരുമാറ്റം, പ്രിയ അനുജാ,വിട! അശ്രുപുഷ്പങ്ങളാല്‍ സ്‌നേഹാഞ്ജലി......