''ഡിസംബര്‍ 25-ന് എംടിയുടെ ചരമദിനത്തില്‍ 'മഞ്ഞി'ന്റെ ബാക്കി ഭാഗം വായിക്കണം; ആരോഗ്യം വീണ്ടെടുത്ത് ഞാന്‍ വരും''; ആ വാക്ക് പാലിക്കാന്‍ സനല്‍ പോറ്റിയ്ക്കായില്ല; വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പേ മടക്കം; മലയാള ചാനല്‍ ചരിത്രത്തിലെ ആദ്യകാല അവതാരക മുഖം; മാധ്യമപ്രവര്‍ത്തകന്‍ സനല്‍ പോറ്റി അന്തരിച്ചു
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ സനല്‍ പോറ്റി അന്തരിച്ചു. 55 വയസായിരുന്നു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ആണ് അന്ത്യം. മൃതദേഹം മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍. നിരവധി ചാനലുകളില്‍ അവതാരകനായും പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കളമശേരി എസ് സി എം എസ് കോളേജ് പബ്ലിക് റിലേഷന്‍സ് മാനേജരായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് അന്ത്യം. ഒരു കാലത്ത് ടെലിവിഷന്‍ ചാനലുകളിലെ പ്രധാന അവതാരകനായിരുന്നു സനല്‍ പോറ്റി. മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യ കാല പ്രധാന മുഖങ്ങളില്‍ ഒന്നായിരുന്നു സനല്‍ പോറ്റി.
വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സനല്‍ പോറ്റി. നിരവധി ചാനലുകളില്‍ അവതാരകനായും പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു സനല്‍പോറ്റി. രണ്ട് വൃക്കകളുടെയും പ്രവര്‍ത്തനം രണ്ട് വര്‍ഷം മുന്‍പ് നിലച്ചിരുന്നു. 2018-ല്‍ പക്ഷാഘാത ബാധിതനായിരുന്നു. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇദ്ദേഹത്തിന് വൃക്കരോഗം സ്ഥിരീകരിച്ചത് തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിട ആരോഗ്യാവസ്ഥ മോശമാകുകയും ഇന്ന് പുലര്‍ച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം മഞ്ഞുമ്മല്‍ സെന്റ് ജോസഫ്‌സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
''ഒരു രാത്രിയില്‍ രക്തസമ്മര്‍ദം കൂടി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതുപോലെ ശ്വാസംകിട്ടാതെ പിടഞ്ഞു. അന്നുമുതല്‍ ചികിത്സയാണ്. ആഴ്ചയില്‍ മൂന്നു ഡയാലിസിസ്. ചിലപ്പോള്‍ എണ്ണം കൂടും. 2018-ല്‍ ഒരു പക്ഷാഘാതം വന്നപ്പോഴാണ് ശരീരം ആരോഗ്യത്തിന്റെ താളക്കേടുകള്‍ ആദ്യം കാണിച്ചത്'' - ഇങ്ങനെയായിരുന്നു തന്റെ അസുഖത്തെ കുറിച്ച് സനല്‍പോറ്റി പ്രതികരിച്ചത്. ശ്വാസംമുട്ടലും തളര്‍ച്ചയും രക്തസമ്മര്‍ദ വ്യതിയാനവും അടക്കമുള്ള ബുദ്ധിമുട്ടുകള്‍ക്കിടയിലും ഇപ്പോള്‍ കഴിയുന്നത്ര പരിപാടികളില്‍ പക്ഷേ, സനല്‍ പങ്കെടുത്തിരുന്നു. മൂന്ന് മാസം മുമ്പ് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ ബുള്‍ബുള്‍ സംഗീതത്തിന്റെ ഡോക്യു ഫിലിം പ്രകാശനത്തില്‍ അവതാരകനായിരുന്നു സനല്‍. എംടിയുടെ 'മഞ്ഞ്' നോവലിലെ കുറച്ചുഭാഗം വായിക്കുകയും ചെയ്തു.
കളമശ്ശേരി മുട്ടം സില്‍വര്‍ ലേക്ക് ഫ്‌ലാറ്റില്‍നിന്ന് മുപ്പത്തടം തണല്‍ സ്‌ക്വയര്‍ ഡയാലിസിസ് സെന്ററിലേക്ക് യാത്രകള്‍ ജീവിതത്തിന്റെ ശീലമായി എന്നും പ്രതികിരച്ചിരുന്നു. ഹൃദയത്തിനു താഴെയുള്ള അയോട്ട മഹാധമനിയിലെ വീക്കം മാറ്റുന്നതില്‍ അടക്കം ചികില്‍സ നടത്തി. അത് കഴിഞ്ഞ് ഡിസംബറില്‍ ചേച്ചി നല്‍കുന്ന വൃക്ക സ്വീകരിക്കുന്നതിനുളള ശസ്ത്രക്രിയ നിശ്ചയിക്കുകയും ചെയ്തിരുന്നു.
''ഡിസംബര്‍ 25-ന് എംടിയുടെ ചരമദിനത്തില്‍ 'മഞ്ഞി'ന്റെ ബാക്കി ഭാഗം വായിക്കണം. ആരോഗ്യം വീണ്ടെടുത്ത് ഞാന്‍ വരും''-എന്ന് സനല്‍ പോറ്റി രണ്ടു മാസം മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും നടത്താനാകാതെ സനല്‍ പോറ്റി മായുകയാണ്.
