കേരളത്തിന്റെ ഉള്ളുലക്കുന്ന കാഴ്ച! ജെന്‍സന് അന്ത്യചുംബനം നല്‍കി പ്രതിശ്രുത വധു ശ്രുതി; കണ്ണീരോടെ വിടചൊല്ലി അടുത്ത ബന്ധുക്കള്‍; വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

ജെന്‍സന് അന്ത്യ ചുംബനത്തോടെ വിട നല്‍കി പ്രതിശ്രുത വധു ശ്രുതി

Update: 2024-09-12 10:16 GMT

കല്‍പ്പറ്റ: വെള്ളാരംകുന്നില്‍ വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയ ജെന്‍സന് അന്ത്യ ചുംബനത്തോടെ വിട നല്‍കി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാന്‍ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയില്‍ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ മോശമായതിനാല്‍ ആശുപത്രിയിലേക്ക് മൃതദേഹം എത്തിക്കുകയായിരുന്നു. 15 മിനിറ്റോളമാണ് ആശുപത്രിയില്‍ മൃതദേഹം ദര്‍ശനത്തിന് വെച്ചത്. നൂറുകണക്കിന് ആളുകളാണ് ജെന്‍സനെ അവസാനമായൊന്ന് കാണാന്‍ വീട്ടിലേക്കെത്തുന്നത്,

കണ്ടുനിന്നവരുടെയും കേരളത്തിന്റെയും ഉള്ളുലക്കുന്ന കാഴ്ചയായിരുന്നു അത്. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്ന ജെന്‍സന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിച്ചു. സഹോദരന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ബത്തേരി ആശുപത്രിയില്‍ വച്ച് ജെന്‍സനെ കണ്ടു. ശേഷം അമ്പലവയല്‍ ആണ്ടൂരിലെ വീട്ടിലേക്കാണ് ജെന്‍സന്റെ മൃതദേഹം കൊണ്ടുപോയത്. ഇവിടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. നിരവധി പേരാണ് ഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

മാതാപിതാക്കളും സഹോദരിയുമുള്‍പ്പെടെയുള്ളവര്‍ ജെന്‍സണ് അന്ത്യ ചുംബനം നല്‍കി യാത്രയാക്കി. വീട്ടില്‍ മതപരമായ ചടങ്ങുകളും സംഘടിപ്പിച്ചു. പ്രാര്‍ത്ഥനയ്ക്ക് ശേഷം മൃതദേഹം ആണ്ടൂര്‍ നിത്യസഹായമാതാ പള്ളിയിലേക്ക് കൊണ്ടുപോയി. വീട്ടില്‍ അതി വൈകാരിക രംഗങ്ങളാണ് അരങ്ങേറിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ കുടുംബക്കാരും നാട്ടുകാരും നന്നേ പാടുപെട്ടു. കണ്ടു നിന്നവര്‍ക്കെല്ലാം അവരെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയില്ലായിരുന്നു. മൃതദേഹം പള്ളിയിലേക്ക് എടുത്തതോടെ ശ്രുതി മോളോട് ഞാനെന്ത് പറയും എന്നു പറഞ്ഞായിരുന്നു അമ്മയുടെ അലമുറയിടല്‍. ജെന്‍സണെ അവസാനമായി ഒരു നോക്കുകാണാന്‍ വന്‍ ജനക്കൂട്ടമാണ് വീട്ടിലേക്കെത്തിയത്.

വൈകിട്ട് 3 മണിക്ക് ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക. ജെന്‍സന്റേയും ശ്രുതിയുടേയും വിവാഹം നടക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് അപകടം ഉണ്ടായതും ജെന്‍സണ്‍ മരിക്കുന്നതും.

ജെന്‍സന്‍ ജീവിതത്തിലേക്കു തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന് ഉറപ്പിച്ചതോടെ ഇന്നലെ രാത്രിയില്‍ മരിക്കുന്നതിനു മുമ്പ് മേപ്പാടിയിലെ ആശുപത്രിയില്‍ എത്തിച്ചു ശ്രുതിയെ ജെന്‍സനെ കാണിച്ചിരുന്നു. വാഹനാപകടത്തില്‍ പരുക്കേറ്റ ശ്രുതി ശസ്ത്രക്രിയയ്ക്കുശേഷം കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്രുതിയെ, മേപ്പാടിയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അതിവൈകാരിക രംഗങ്ങള്‍ക്കാണ് ആശുപത്രി സാക്ഷ്യം വഹിച്ചത്. ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജെന്‍സന്‍ ഇന്നലെ രാത്രി ഒന്‍പതു മണിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

ഉരുള്‍പൊട്ടലില്‍ ശ്രുതിയുടെ അമ്മ സബിത, അച്ഛന്‍ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവര്‍ മരണപ്പെട്ടു. അഛന്റെ രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 9 പേരെ ദുരന്തത്തില്‍ നഷ്ടമായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി. ശ്രുതിയുടെ അച്ഛന്‍ കെട്ടുപണിക്കാരനും അമ്മ ഷോപ്പില്‍ ജോലി ചെയ്യുകയുമായിരുന്നു. മേപ്പാടി പഞ്ചായത്തിലെ പത്താം വാര്‍ഡ് മുന്‍ മെമ്പര്‍ കൂടിയായിരുന്നു അമ്മ സബിത. കല്‍പ്പറ്റ എന്‍എംഎസ് എം ഗവ കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്നു അനുജത്തി ശ്രേയ. ഉരുള്‍പൊട്ടലിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ അച്ഛനെയും അനിയത്തിയേയും തിരിച്ചറിഞ്ഞ് സംസ്‌കാര ചടങ്ങുകള്‍ നടത്താനായി. എന്നാല്‍ ഡിഎന്‍എ പരിശോധനയുടെ ഫലം വന്ന ശേഷമാണ് അമ്മയെ തിരിച്ചറിഞ്ഞത്.

പുതിയ വീടും വിവാഹത്തിനായി കരുതിവച്ചിരുന്ന 4 ലക്ഷം രൂപയും 15 പവന്‍ സ്വര്‍ണവും ഒലിച്ചുപോയി. എല്ലാ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞ ശ്രുതിക്ക് കൂട്ടായി ജെന്‍സനുണ്ടായിരുന്നു. രണ്ട് മത വിഭാഗങ്ങളില്‍ നിന്നുള്ള ശ്രുതിയും ജെന്‍സണും സ്‌കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളാണ്. ആ പ്രണയമാണ് വിവാഹ നിശ്ചയത്തിലെത്തിയത്. ഈ ഡിസംബറില്‍ നടത്താനിരുന്ന വിവാഹം ശ്രുതിയുടെ ഉറ്റവര്‍ എല്ലാവരും ദുരന്തത്തില്‍ മരണപ്പെട്ടതിനാല്‍ നേരത്തെയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കല്യാണം രജിസ്റ്റര്‍ ചെയ്യാനായിരുന്നു ഇരുവര്‍ക്കും ആഗ്രഹം.

Tags:    

Similar News