ഇന്ത്യയ്ക്ക് ഷൂട്ടിംഗില്‍ ഒളിമ്പിക്‌സ് സ്വര്‍ണ്ണം അടക്കം നല്‍കിയ പരിശീലക മികവ്; ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണ നേടിയ അഭിനവ് ബിന്ദ്രയുടെ ഗുരു; ഉഴവൂരിലെ ഇംഗ്ലീഷ് പ്രൊഫസര്‍ വിരമിച്ച ശേഷം തോക്ക് കൈയ്യിലെടുത്തു; തേടിയെത്തിയത് ദ്രോണാചാര്യ അടക്കമുള്ള അംഗീകാരങ്ങള്‍; ഷൂട്ടിംഗ് പരിശീലകനായ ദ്രോണാചാര്യ പ്രൊഫ സണ്ണി തോമസ് അന്തരിച്ചു

Update: 2025-04-30 05:59 GMT

കോട്ടയം: ഷൂട്ടിംഗ് പരിശീലകനായ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ്(85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ ഉഴവൂര്‍ സ്വദേശിയാണ്. ഒളിംമ്പിക്‌സ് ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു. ഇന്ത്യയ്ക്ക് ഷൂട്ടിംഗില്‍ സ്വര്‍ണ്ണം അടക്കമുള്ള മെഡലുകള്‍ ഉറപ്പിച്ചത് സണ്ണി തോമസിന്റെ പരിശീലക മികവാണ്. റൈഫിള്‍ ഓപ്പണ്‍ സൈറ്റ് ഇവന്റില്‍ കേരളത്തില്‍ നിന്നുള്ള മുന്‍ ഇന്ത്യന്‍ ദേശീയ ഷൂട്ടിംഗ് ചാമ്പ്യനാണ് സണ്ണി തോമസ് . 1993 മുതല്‍ 2012 വരെ 19 വര്‍ഷം അദ്ദേഹം ഇന്ത്യന്‍ ഷൂട്ടിംഗ് ടീമിന്റെ പരിശീലകനായിരുന്നു സണ്ണി തോമസ്. കോട്ടയം ജില്ലയിലെ ഉഴവൂരിലുള്ള സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സണ്ണി തോമസ് വിരമിച്ച ശേഷം മുഴുവന്‍ സമയ ഷൂട്ടിംഗ് പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു. സണ്ണി തോമസ് ജോലി ചെയ്തിരുന്ന അതേ കോളേജിലെ സസ്യശാസ്ത്ര പ്രൊഫസറായ ജോസമ്മ സണ്ണിയാണ് ഭാര്യ.

ഷൂട്ടിങ്ങില്‍ ഇന്ത്യ നേടിയ മെഡല്‍ത്തിളങ്ങള്‍ക്കു പിന്നില്‍ ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ പ്രധാന പരിശീലകനായിരുന്ന സണ്ണി തോമസിന്റെ അധ്വാനവും അര്‍പ്പണവുമുണ്ട്. വിവിധ ഒളിംപിക്‌സുകളിലായി ഷൂട്ടിങ്ങില്‍ ഇന്ത്യ സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടിയത് ഇദ്ദേഹത്തിന്റെ പരിശീലക കാലയളവിലാണ്. ഷൂട്ടിങ്ങില്‍ 5 തവണ സംസ്ഥാന ചാംപ്യനും 1976ല്‍ ദേശീയ ചാംപ്യനും ആയിരുന്നു. 2001ലാണ് സണ്ണി തോമസിനെ 'ദ്രോണാചാര്യ' ബഹുമതി നല്‍കി രാജ്യം ആദരിച്ചത്. കോട്ടയം തിടനാട് മേക്കാട്ട് കെ.കെ.തോമസിന്റെയും മറിയക്കുട്ടിയുടെയും മകനായി 1941 സെപ്റ്റംബര്‍ 26നാണ് സണ്ണി തോമസിന്റെ ജനനം. കോട്ടയം സിഎംഎസ് കോളജിലായിരുന്നു വിദ്യാഭ്യാസം. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സില്‍ ഇംഗ്ലിഷ് അധ്യാപകനായി ചേരും മുന്‍പു തേവര സേക്രഡ് ഹാര്‍ട്ട് കോളജിലും പഠിപ്പിച്ചു.

19 വര്‍ഷം ഇന്ത്യന്‍ ടീമിന്റെ ചീഫ് കോച്ചായിരുന്നു സണ്ണി തോമസ്. 2004ല്‍ ആതന്‍സ് ഒളിംപിക്‌സില്‍ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് വെള്ളി നേടിയപ്പോള്‍ ഇന്ത്യയുടെ ഒളിംപിക് ചരിത്രത്തിലെ ആദ്യ വ്യക്തിഗത വെള്ളി മെഡലായി അത്. 2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണമണിഞ്ഞപ്പോള്‍ അത് ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണമായി. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വിജയകുമാര്‍ വെള്ളിയും ഗഗന്‍ നാരങ് വെങ്കലവും നേടിയപ്പോഴും സണ്ണി തോമസായിരുന്നു മുഖ്യ പരിശീലകനം. ഏഷ്യന്‍ ഗെയിംസുകളില്‍ 29 മെഡലുകളും കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ 95 മെഡലുകളും സണ്ണി തോമസിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യയ്ക്ക് കിട്ടി. 1965ല്‍ കോട്ടയം റൈഫിള്‍ ക്ലബ്ബില്‍ ചേര്‍ന്നതാണു സണ്ണിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. അഞ്ച് തവണ അദ്ദേഹം സംസ്ഥാന ചാംപ്യനായി. 1976ല്‍ ദേശീയ ചാംപ്യന്‍. 1993 മുതല്‍ പരിശീലക വേഷത്തില്‍. ഭാര്യ: പ്രഫ.കെ.ജെ.ജോസമ്മ. മക്കള്‍: മനോജ് സണ്ണി, സനില്‍ സണ്ണി, സോണിയ സണ്ണി.

Similar News