ടി പി ജി നമ്പ്യാര്‍ അന്തരിച്ചു; കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ബ്രാന്‍ഡായ ബിപിഎല്ലിന്റെ സ്ഥാപക ഉടമ; അന്ത്യം ബെംഗളൂരുവിലെ വസതിയില്‍
ടി പി ജി നമ്പ്യാര്‍ അന്തരിച്ചു
ബെംഗളൂരു: പ്രമുഖ വ്യവസായിയും ബിപിഎല്‍ സ്ഥാപക ഉടമയുമായ ടി പി ജി നമ്പ്യാര്‍ അന്തരിച്ചു. ഇന്ന് രാവിലെ ബെംഗളുരുവിലെ വസതിയില്‍ ആയിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വളരെക്കാലമായി ചികിത്സയിലായിരുന്നു.
മുന്‍ കേന്ദ്രമന്ത്രിയും വ്യവസായപ്രമുഖനുമായ രാജീവ് ചന്ദ്രശേഖര്‍ മരുമകനാണ്. ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡുകളില്‍ ഒരു കാലത്ത് സര്‍വാധിപത്യം പുലര്‍ത്തിയ ബ്രാന്‍ഡാണ് ബിപിഎല്‍. 1963-ലാണ് ബ്രിട്ടീഷ് ഫിസിക്കല്‍ ലാബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുന്നത്.
പ്രതിരോധ സേനകള്‍ക്കുള്ള പ്രിസിഷന്‍ പാനല്‍ മീറ്ററുകളുടെ നിര്‍മാണമാണ് ആദ്യം തുടങ്ങിയത്. പിന്നീട് മികച്ച നിലവാരത്തിലുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ നിര്‍മാണത്തിലേക്ക് തിരിഞ്ഞു. 1990-കളില്‍ ബിപിഎല്‍ ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് ഉപകരണനിര്‍മാണ രംഗത്തെ അതികായരായി വളര്‍ന്നു. ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷന്‍, മൊബൈല്‍ നിര്‍മാണരംഗങ്ങളിലും ശ്രദ്ധേയ നാമമായിരുന്നു ബിപിഎല്‍.
ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങളില്‍ ഒരു കാലത്ത് പ്രമുഖ കമ്പനിയായിരുന്നു ടി.പി.ജി. നമ്പ്യാര്‍ സ്ഥാപിച്ച ബിപിഎല്‍. 1963ല്‍ ആണ് അദ്ദേഹം ബിപിഎല്‍ ഇന്ത്യ സ്ഥാപിച്ചത്. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് ഇന്ത്യയില്‍ വലിയ വിപ്ലവം സൃഷ്ടിച്ച ബ്രാന്‍ഡായിരുന്നു ബിപിഎല്‍.
അജിത് നമ്പ്യാര്‍, അഞ്ജു ചന്ദ്രശേഖര്‍ എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം നാളെ ബെംഗളൂരു കല്‍പ്പള്ളി ശ്മശാനത്തില്‍.