ഉറുമ്പ് കടിയേറ്റ് രണ്ട് വയസുകാരി മരിച്ചു; അലര്‍ജി നേരിടുന്ന മരുന്നു നല്കുന്നത് വൈകിയെന്ന് കുടുംബം; ആശുപത്രിയുടെ വീഴ്ച്ചയെന്ന് ആരോപണം

ഉറുമ്പ് കടിയേറ്റ് മരിച്ച രണ്ട് വയസുകാരി മരിച്ചു

Update: 2025-04-09 07:29 GMT

ടിബ്ലിസ്: ജോര്‍ജ്ജിയയില്‍ രണ്ട് വയസുകാരി ഉറുമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പരാതിയുമായി മാതാപിതാക്കള്‍. ആശുപത്രി അധികൃതരുടെ അനാസ്ഥാ കൊണ്ടാണ് കുഞ്ഞ് മരിച്ചത് എന്നാണ് കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനാണ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മായ ഗെറ്റാഹൂണ്‍ എന്ന രണ്ട് വയസുകാരിക്ക് ഉറുമ്പ് കടിയേല്‍ക്കുന്നത്. കുട്ടിയുടെ മാതാപിതാക്കളായ ബെഥേല്‍ഹെം ഗെറ്റു ഹണ്ടിയും ഗെറ്റാഹുന്‍ ബിര്‍ഹാനുവും ചേര്‍ന്ന് മായയെ അടിയന്തരമായി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോയി.

ജോര്‍ജ്ജിയയിലെ സ്നെല്‍വില്ലെയിലുള്ള പീഡ്‌മോണ്ട് ഈസ്റ്റ്‌സൈഡ് മെഡിക്കല്‍ സെന്ററിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. ഈ

ആശുപത്രിക്ക് നേരേയാണ് മാതാപിതാക്കള്‍ ഇപ്പോള്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്. കഠിനമായ അലര്‍ജി നേരിടുന്നതിനുള്ള മരുന്നായ എപിനെഫ്രിന്‍ നല്‍കാന്‍ ആശുപത്രി അധികൃതര്‍ വൈകി എന്നാണ് പരാതി. ആശുപതിയില്‍ എത്തി ഇരുപത് മിനിട്ടോളം കഴിഞ്ഞാണ് ജീവനക്കാര്‍ ഈ മരുന്ന് നല്‍കിയത്.

മായയ്ക്ക് ജീവന്‍രക്ഷാ മരുന്ന് നല്‍കുന്നത് അവശ്യമാണ് എന്ന് തിരിച്ചറിഞ്ഞ ജീവനക്കാര്‍ അത് നല്‍കാന്‍ വൈകിയത് തന്നെയാണ് മായയുടെ ജീവന്‍ അപഹരിച്ചത് എന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ അഭിഭാഷകര്‍ പറയുന്നത്. മരുന്ന് നല്‍കാന്‍ കാത്തിരിക്കും തോറും കുട്ടിയുടെ ആരോഗ്യനില വഷളാകുകയായിരുന്നു. ജീവനക്കാരുടെ കാലതാമസത്തിനു പുറമേ മായയെ ചികിത്സിക്കുന്ന ഡോക്ടര്‍ ഡോ. റിച്ചീസ സലാസറിനെതിരെയും കുടുംബം ആരോപണം ഉന്നയിച്ചിട്ടുണ്ട്.

കുഞ്ഞിനെ ചികിത്സിക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍ ആശുപത്രിയില്‍ ഇല്ലെന്ന് ഡോക്ടര്‍ക്ക് വ്യക്തമായി അറിയാമായിരുന്നു എന്നിട്ടും ഇക്കാര്യം മറച്ചു വെച്ചു എന്നാണ് കുടുംബം ആരോപിക്കുന്നത്. കുഞ്ഞിന്റെ ശരീരം തുളച്ച് ട്യൂബ് വഴി മരുന്നും ഓക്സിജനും നല്‍കാന്‍ നോക്കുമ്പോഴാണ് അതിനുള്ള സംവിധാനവും ആശുപത്രിയില്‍ ഇല്ലെന്ന കാര്യം എല്ലാവരും മനസിലാക്കുന്നത്. ഓക്സിജന്‍ ലഭിക്കാതെ മകള്‍ സാവധാനം മരിക്കുന്നത് മായയുടെ മാതാപിതാക്കള്‍ നിസ്സഹായരായി നോക്കിനില്‍ക്കേണ്ടി വന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

പീഡ്‌മോണ്ട് ഹെല്‍ത്ത്‌കെയര്‍, ഇന്‍കോര്‍പ്പറേറ്റഡ്, പീഡ്‌മോണ്ട് ഈസ്റ്റ്‌സൈഡ് ഹോസ്പിറ്റല്‍, ഇന്‍കോര്‍പ്പറേറ്റഡ്, ഈസ്റ്റ്‌സൈഡ് മെഡിക്കല്‍ സെന്റര്‍ എല്‍എല്‍സി, ഡോ. സലാസര്‍ എന്നിവരെ കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രി ജീവനക്കാര്‍ എപിനെഫ്രിന്‍ നല്‍കുകയോ നേരത്തെ ഇന്‍ട്യൂബേറ്റ് ചെയ്യുകയോ ചെയ്താല്‍ കുട്ടി ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു എന്നാണ് കേസില്‍ പറയുന്നത്. ആശുപത്രിക്കെതിരെ നേരത്തേ ഉണ്ടായ രണ്ട് കേസുകളില്‍ ഡോ.റിച്ചീസാ ലാസര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

2021 ല്‍ അറ്റ്ലാന്റാ മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന കാലത്ത് വെയ്മണ്‍ സ്റ്റോറി എന്ന വ്യക്തിക്ക് പരിചരണം നല്‍കുമ്പോള്‍ ഉണ്ടായ മെഡിക്കല്‍ പിഴവിന് സലാസര്‍ ഒരു കേസില്‍ ഉള്‍പ്പെട്ടിരുന്നു. ഫയര്‍ ആന്റ്സ് എന്നറിയപ്പെടുന്ന പ്രത്യേക തരം ഉറുമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് പറയപ്പെടുന്നത്. മണ്ണില്‍ ഒളിഞ്ഞിരിക്കുന്ന ഇവയെ പെട്ടെന്ന് കണ്ടെത്താനും കഴിയുകയില്ല എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഇവ കുട്ടികളേയും മറ്റും കടിച്ചാല്‍ ഗുരുതരമായ രീതിയില്‍ അലര്‍ജി ഉണ്ടാകും എന്നാണ് വിദഗ്ധര്‍ പറയുന്നത്.

Tags:    

Similar News