നിയന്ത്രണംവിട്ട ഓട്ടോറിക്ഷ പാടത്തെ ചതുപ്പിലേക്കു മറിഞ്ഞു; ചെളിയില്‍ തല താണ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
നിയന്ത്രണംവിട്ട ഓട്ടോറിക്ഷ പാടത്തെ ചതുപ്പിലേക്കു മറിഞ്ഞു; ചെളിയില്‍ തല താണ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
വൈക്കം: ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് പാടത്തെ ചതുപ്പിലേക്കു മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ ദാരുണമായി മരിച്ചു. ആലപ്പുഴ തണ്ണീര്‍മുക്കം കണ്ണങ്കര ഉള്ളാടശേരില് യു.വി.ജിബുമോന്‍ (47) ആണു മരിച്ചത്. ജിബുവിനൊപ്പം ഉണ്ടായിരുന്ന ഭാര്യ സുരമ്യയ്ക്കു (41) സാരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വെച്ചൂര്‍ - ഇടയാഴം റോഡില്‍ കൊടുതുരുത്ത് ഉഴത്തില്‍ ഭാഗത്താണ് അപകടം. ജിബുവിന്റെ പ്രമേഹ, ഹൃദ്രോഗ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയശേഷം വീട്ടിലേക്കു മടങ്ങുംവഴിയാണ് അപകടം. ഓട്ടോ നിയന്ത്രണംവിട്ട് പൂവത്തിക്കരി പാടശേഖരത്തിന്റെ കൃഷി ചെയ്യാത്ത ചതുപ്പിലേക്കു മറിയുകയായിരുന്നു.
സമീപത്തെ ചാലിലേക്കു തെറിച്ചുവീണ ജിബുവിന്റെ തല ചെളിയില്‍ താഴ്ന്നുപോയിരുന്നു. നാട്ടുകാര്‍ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിബുമോനെ രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു 12നു വീട്ടുവളപ്പില്‍. മക്കള്‍: അഭിജിത്ത്, അഭിറാം.