മുത്തശ്ശിയുടെ അരികിലേക്കു പോകാന്‍ നടപ്പാലത്തില്‍ കയറി; നായയെ കണ്ട് ഭയന്നതോടെ കനാലിലേക്ക് വീണു; കൊട്ടാരക്കരയില്‍ എട്ടു വയസ്സുകാരന് ദാരുണാന്ത്യം

നായയെ കണ്ട് പേടിച്ചു; കനാലിൽ വീണ 8 വയസ്സുകാരന് ദാരുണാന്ത്യം

Update: 2025-02-10 00:03 GMT

കൊട്ടാരക്കര: ശക്തമായ ഒഴുക്കുള്ള കല്ലട കനാലില്‍ വീണ് എട്ടു വയസ്സുകാരന്‍ മരിച്ചു. കനാലിന്റെ നടപ്പാലത്തില്‍ നില്‍ക്കവെ നായയെ കണ്ടു ഭയന്ന കുട്ടി കനാലിലേക്ക് വീഴുക ആയിരുന്നു. ഇരണൂര്‍ നിരപ്പുവിള അനീഷ് ഭവനില്‍ അനീഷിന്റെയും ശാരിയുടെയും മകന്‍ യാദവ് (അമ്പാടി) ആണു മരിച്ചത്. ഞായറാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു അപകടം.

വീടിനു സമീപം കനാല്‍ക്കരയില്‍ നില്‍ക്കുകയായിരുന്ന മുത്തശ്ശിയുടെ അരികിലേക്കു പോകാനാണു യാദവ് താല്‍ക്കാലിക നടപ്പാലത്തിലേക്കു കയറിയത്. എന്നാല്‍ നായയെ കണ്ടതോടെ ഭയന്നു പോയ കുട്ടി കാല്‍വഴുതി കനാലിലേക്കു വീഴുകയായിരുന്നു. ശക്തമായ അടിയൊഴുക്കുള്ള കല്ലടക്കനാലിലേക്കാണു കുട്ടി വീണത്. നാട്ടുകാരും പൊലീസും അഗ്‌നിരക്ഷാസേനയും തിരച്ചില്‍ നടത്തി. പിന്നാലെ 130 മീറ്റര്‍ അകലെയുള്ള നിരപ്പുവിള ഭാഗത്തുനിന്നു കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ഉടന്‍ തന്നെ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുു. പഴിഞ്ഞം സെന്റ് ജോണ്‍സ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണു യാദവ്. സദാനന്ദപുരത്ത് ഡ്രൈവറാണ് അനീഷ്. അമ്മ ബിന്ദു കൊട്ടാരക്കര കാര്‍ ഷോറൂമില്‍ ജീവനക്കാരിയാണ്. അനുജത്തി കൃഷ്ണ.

Tags:    

Similar News