പേരാവൂരില്‍ കെ.എസ്.ആര്‍.ടിസി ബസുകള്‍ കൂട്ടിയിടിച്ചു; പരിക്കേറ്റ 34 പേര്‍ ആശുപത്രിയില്‍; സാരമായി പരിക്കേറ്റത് ഒരു ബസിലെ ഡ്രൈവറിന് മാത്രം
പേരാവൂരില്‍ കെ.എസ്.ആര്‍.ടിസി ബസുകള്‍ കൂട്ടിയിടിച്ചു
കണ്ണൂര്‍: കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍, കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ കല്ലേരിമലയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. മാനന്തവാടിയില്‍ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടം നടന്ന് അല്‍പസമയത്തിനുള്ളില്‍ തന്നെ ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തുകയും പരിക്കേറ്റ ആളുകളെ ബസില്‍ നിന്ന് പുറത്തെത്തിച്ച് പേരാവൂര്‍, ഇരിട്ടി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ എത്തിക്കുകയുമായിരുന്നു. ഇരുബസുകളിലുമായി ഉണ്ടായിരുന്ന 34 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ആരൂടെയും നില ഗുരുതരമല്ല. ഒരു ബസിലെ ഡ്രൈവറിന് മാത്രമാണ് സാരമായി പരിക്കേറ്റിട്ടുള്ളത്. ഇടിയുടെ ആഘാതത്തില്‍ ഒരു ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
താരതമ്യേന വീതി കുറഞ്ഞ റോഡാണ് അപകടം നടന്ന മേഖലയിലേത്. ഇതിനൊപ്പം മഴയും പെയ്യുന്നുണ്ടായിരുന്നു. ഡ്രൈവറുടെ കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. വയനാട് റൂട്ടിലോടുന്ന ബസുകളാണ് അപകടത്തില്‍പ്പെട്ടത്.