പച്ചമണ്ണ് നീക്കുന്നതിലെ തര്‍ക്കം; മണ്ണെടുപ്പു കരാറുകാരനെയും സഹായിയെയും തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ ക്രിമിനല്‍ കേസ് പ്രതികള്‍ അടക്കം മൂന്നു പേര്‍ അറസ്റ്റില്‍

മണ്ണെടുപ്പു കരാറുകാരനെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ മൂന്നു പ്രതികള്‍ അറസ്റ്റില്‍

Update: 2024-12-23 15:14 GMT

പത്തനംതിട്ട: സ്‌കൂളിലെ ഗ്രൗണ്ടില്‍ നിന്നും മണ്ണ് നിയമപരമായ പാസോടെ നീക്കം ചെയ്തു കൊണ്ടിരിക്കവേ,ഫ കരാറുകാരനെയും സുഹൃത്തിനെയും ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ മൂന്നുപേരെ പോലീസ് പിടികൂടി. കോന്നി ഐരവണ്‍ കുമ്മണ്ണൂര്‍ പള്ളി പടിഞ്ഞാറ്റേതില്‍ വീട്ടില്‍ ഷെരീഫി ( 50) നും സുഹൃത്ത് ബിപിന്‍ കുമാറിനുമാണ് മര്‍ദ്ദനമേറ്റത്.

ഒന്നാം പ്രതി ഓമല്ലൂര്‍ ഐമാലി മുണ്ടപ്പള്ളി കിഴക്കേതില്‍ വീട്ടില്‍ ജിതേഷ് ( 39), രണ്ടാം പ്രതി ഓമല്ലൂര്‍ പുത്തന്‍പീടിക പറയാനാലി മടുക്കോലില്‍ ജിജോ മോന്‍ (24), അഞ്ചാം പ്രതി അങ്ങാടിക്കല്‍ മണ്ണില്‍ കിഴക്കേതില്‍ പ്പടി ചെനാത്ത് മണ്ണില്‍ വീട്ടില്‍ രാഹേഷ് (32) എന്നിവരാണ് പിടിയിലായത്. അഞ്ച് പ്രതികളെ പിടികൂടാനുണ്ട്.

വാഴമുട്ടം ഈസ്റ്റ് എല്‍.പി സ്‌കൂള്‍ വളപ്പിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് അക്രമം. കളിസ്ഥലത്തിന് വേണ്ടിയാണ് മണ്ണ് നീക്കം ചെയ്യുന്നത്. ഈ സമയം ജീപ്പിലും രണ്ട് ബൈക്കിലുമായി ജിതേഷിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം കരാറുകാരനെയും സുഹൃത്തിനെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

മണ്ണ് കയറ്റി വിടാത്തത് എന്തു കൊണ്ടാണെന്ന് ജിതേഷ് ചോദിച്ചപ്പോള്‍ സ്‌കൂള്‍ സമയത്ത് നടക്കില്ലെന്ന് ഷെരീഫ് പ്രതികരിച്ചു. ഉടനെ ജിതേഷ്, ജീപ്പില്‍ നിന്നും കമ്പി വടി എടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്കാണ് സംഭവം. അടി തടഞ്ഞ ഷെരീഫിന്റെ കൈക്ക് ചതവുണ്ടായി. തുടര്‍ന്ന് ഷെരീഫിനെയും ബിപിനെയും സംഘം വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. ഇടികൊണ്ട് പരുക്കേറ്റ ഷെരീഫ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

വിവരം ലഭിച്ചതനുസരിച്ച് പോലീസ് സ്റ്റേഷനില്‍ നിന്നും എസ്.ഐ എസ്.സജീവിന്റെ നേതൃത്വത്തില്‍ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന്, കുറ്റകരമായ നരഹത്യാശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഊര്‍ജിതമാക്കിയ തെരച്ചിലില്‍ ജിതേഷിനെയും മറ്റ് രണ്ട് പ്രതികളെയും വീടുകളില്‍ നിന്നും പോലീസ് ഉടനടി കസ്റ്റഡിയിലെടുത്തു.

പത്തനംതിട്ട സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ലിസ്റ്റില്‍പ്പെട്ട ജിതേഷിനു വധശ്രമത്തിനും മര്‍ദനം ഏല്‍പ്പിച്ചതിനും മുമ്പ് ക്രിമിനല്‍ കേസ് ഉണ്ട്. ജിജോ മോനെതിരെയും മൂന്ന് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. മറ്റ് പ്രതികള്‍ക്കായി അന്വേഷണം വ്യാപകമാക്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഷിബു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    

Similar News