കണ്ണൂരില്‍ പ്രവാസിയുടെ വീട് കുത്തി തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍; കവര്‍ച്ച നടത്തിയത് ബന്ധുവിന്റെ സഹായത്തോടെ

പ്രവാസിയുടെ വീട് കുത്തി തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍

Update: 2025-01-07 14:13 GMT

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ പൂട്ടിയിട്ട പ്രവാസിയുടെ വീട് കുത്തി തുറന്ന് കവര്‍ച്ച നടത്തിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍ . തളാപ്പ് കോട്ടമ്മാര്‍ മസ്ജിദ് റോഡിലെ പൂട്ടിയിട്ട വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്ന കേസിലാണ് രണ്ടു പേര്‍ അറസ്റ്റിലായത്. 'അഴിക്കോട് ഉപ്പായിച്ചാലിലെ റനിസെന്ന ബദര്‍, എ.വി അബ്ദുള്‍ റഹീം എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതി അഴിക്കല്‍ ചാല്‍ സ്വദേശി ധനേഷ് ഗള്‍ഫിലേക്ക് കടന്നതായി പൊലിസിന് വിവരം ലഭിച്ചു.

കവര്‍ച്ച നടത്താന്‍ കോട്ടമ്മാര്‍ കണ്ടിയിലെ വീട് കാണിച്ചു കൊടുത്തത് വീട്ടുടമയുടെ അടുത്ത ബന്ധുവായ റഹീമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ എ.സി.പി ടി.കെ രത്‌നകുമാര്‍, കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടെരി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് പ്രതികള്‍ കുടുങ്ങിയത്.

തളാപ്പ്‌കോട്ടമ്മാര്‍ മസ്ജിദിന് സമീപമുള്ള ഉമയ്യാമി ഹൗസില്‍ പ്രവാസിയായ പി.നജീറിന്റെ പൂട്ടിയിട്ട വീട്ടില്‍ നിന്നാണ് ലോക്കറില്‍ സൂക്ഷിച്ച 12 പവന്‍ സ്വര്‍ണ നാണയങ്ങളും രണ്ടു പവന്‍ മാലയും88000 രൂപയും മോഷണം പോയത്. വിദേശത്തുനിന്നും ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് നജീര്‍ നാട്ടിലെത്തിയത്. വിവാഹത്തില്‍ പങ്കെടുത്തതിനു ശേഷം ഡിസംബര്‍ 30 ന് പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ തകര്‍ത്ത് മോഷണം നടന്നതായി അറിയുന്നത്. സി.സി.ടി.വി ക്യാമറാ ദൃശ്യം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. വളപട്ടണം മന്ന യിലെ വന്‍ കവര്‍ച്ചയ്ക്ക് ശേഷം വീണ്ടും തൊട്ടടുത്ത പ്രദേശത്ത് കവര്‍ച്ച നടന്നത് പൊലിസിനെയും നാട്ടുകാരെയും ഞെട്ടിച്ചിരുന്നു. ഒരാഴ്ച്ച കൊണ്ടാണ് പൊലിസ് പ്രതികളെ പിടികൂടിയത്.


Tags:    

Similar News