ഹൈസ്‌കൂള്‍ അധ്യാപകര്‍ എല്ലാം ഉത്തരകടലാസ് മൂല്യ നിര്‍ണ്ണയത്തില്‍; എട്ടാം ക്ലാസില്‍ 'ഇ ഗ്രേഡ്' കിട്ടിയവരെ പൊതു അറിവില്‍ മിടുക്കന്മാരാക്കാനുളള ക്ലാസ് എടുക്കുന്നത് എല്‍പി സ്‌കൂള്‍ അധ്യാപകരോ? ഹിന്ദിയില്‍ മാര്‍ക്ക് കുറഞ്ഞവര്‍ക്ക് ക്ലാസ് എടുക്കാന്‍ ടീച്ചര്‍മാരുടെ അഭാവം രൂക്ഷം; എല്ലാവരേയും ഇത്തവണേയും ജയിപ്പിക്കേണ്ടി വരും; ബോധമില്ലാ പരിഷ്‌കാരം വിദ്യാഭ്യാസത്തിന് ഭൂഷണമോ?

Update: 2025-04-11 06:37 GMT

തിരുവനന്തപുരം: എഴുത്തു പരീക്ഷയില്‍ ഓരോ വിഷയത്തിലും 30 ശതമാനം മാര്‍ക്ക് നേടാത്ത വിദ്യാര്‍ഥികളെ പൊതു അറിവില്‍ മിടക്കന്മാരാക്കാനുള്ള സര്‍ക്കാര്‍ യജ്ഞം വെല്ലുവിളിയില്‍. ഇതോടെ നിരവധി പേര്‍ എട്ടാം ക്ലാസില്‍ തുടരാനുള്ള സാധ്യതയാണ് ഉയരുന്നത്. കഴിഞ്ഞ വര്‍ഷം വരെ എട്ടാം ക്ലാസില്‍ ഓള്‍ പാസായിരുന്നു. ഇത്തവണ മുതല്‍ നിശ്ചിത ശതമാനം മാര്‍ക്ക് കിട്ടുന്നവരെ മാത്രമേ ജയിപ്പിക്കൂ എന്ന തീരുമാനം എടുത്തു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തനായിരുന്നു. തോറ്റാലും അവര്‍ക്ക് അവധിക്കാലത്ത് വീണ്ടും പരീക്ഷ എഴുതി ജയിക്കാനും അവസരമൊരുക്കുന്നതായിരുന്നു പദ്ധതി. തോറ്റവര്‍ക്ക് അവധിക്കാലത്ത് ക്ലാസുകളും നിശ്ചയിച്ചു. അങ്ങനെ പഠനം നല്‍കിയ ശേഷം പരീക്ഷയായിരുന്നു ലക്ഷ്യം. എന്നാല്‍ പരീക്ഷയ്ക്ക് മുമ്പ് ക്ലാസ്സെടുക്കാന്‍ അധ്യാപകരെ കിട്ടാനില്ലെന്നതാണ് വസ്തുത. ഇതോടെ സപ്ലിമെന്ററീ പരീക്ഷയ്ക്ക് ശേഷം തോല്‍ക്കുന്ന വരേയും ജയിപ്പിക്കേണ്ട നയത്തിലേക്ക് സര്‍ക്കാര്‍ തിരിച്ചു പോകാനും സാധ്യതയുണ്ട്.

ഏപ്രില്‍ എട്ടു മുതല്‍ 24 വരെയാണ് ക്ലാസുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഓരോ ജില്ലയിലും പിന്തുണ ക്ലാസുകള്‍ നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയിരുന്നു. ഓരോ വിദ്യാലയത്തിലെയും സാഹചര്യം പരിഗണിച്ച് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണ് ക്ലാസുകള്‍ നടത്തുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ പരീക്ഷ പേപ്പര്‍ മൂല്യനിര്‍ണയവുമായ് ബന്ധപ്പെട്ട് അധ്യാപകര്‍ തിരക്കിലായതോടെ അധിക ക്ലാസ്സുകള്‍ അവതാളത്തിലായിരിക്കുകയാണ്. ക്ലാസെടുക്കാന്‍ അധ്യാപകരെ കണ്ടെത്താന്‍ പൊതു വിദ്യാഭ്യാസ വകുപ്പിനും കഴിയുന്നില്ല. പത്താംക്ലാസ്, പ്ലസ് ടു ഫലങ്ങള്‍ സമയ ബന്ധിതമായി പുറത്തിറക്കാന്‍ ഉത്തര കടലാസ് പരിശോധന അനിവാര്യതായണ്. അത് മുടക്കി ക്ലാസുകള്‍ നടത്താനും കഴിയില്ല.

അതുകൊണ്ട് നിലവില്‍ എല്‍.പി അധ്യാപകരാണ് എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള പിന്തുണ ക്ലാസെടുക്കുന്നതെന്നാണ് സൂചന. അധിക പിന്തുണ ക്ലാസുകള്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ആണ് നടക്കുന്നത്. നിശ്ചിത മാര്‍ക്ക് നേടാത്ത വിഷയത്തില്‍ മാത്രം വിദ്യാര്‍ഥികള്‍ അധിക പിന്തുണ ക്ലാസുകളില്‍ പങ്കെടുത്താല്‍ മതിയെന്നാണ് നിര്‍ദ്ദേശം. ഏപ്രില്‍ 25 മുതല്‍ 28 വരെ പുനഃപരീക്ഷയും ഏപ്രില്‍ 30ന് ഫലപ്രഖ്യാപനവും നടത്താനിരിക്കെയാണ് ക്ലാസ്സെടുക്കാന്‍ മതിയായ അധ്യാപകരില്ലാതെ സ്‌കൂളുകള്‍ പ്രതിസന്ധി നേരിടുന്നത്. ടൈംടേബിള്‍ ക്രമീകരിച്ച് ഓരോ വിഷയത്തിലെയും അധ്യാപകര്‍ ക്ലാസ് നല്‍കണമെന്നാണ് നിര്‍ദ്ദേശം. എട്ടാം ക്ലാസ് വരുന്നത് ഹൈ സ്‌കൂള്‍ തലത്തിലാണ്. എല്‍പി അധ്യാപകര്‍ ചെറിയ ക്ലാസുകളില്‍ പഠിപ്പിക്കുന്നവരാണ്. ഇവരുടെ അധ്യാപനം വിദ്യാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യില്ലെന്ന അഭിപ്രായം ഉയരുന്നുണ്ട്.

വിഷയങ്ങളില്‍ 30 ശതമാനം പോലും മാര്‍ക്ക് നേടാനാകാത്തതിനാല്‍ നിശ്ചയിച്ച അധിക ക്ലാസുകള്‍ യോഗ്യതയില്ലാത്ത അധ്യാപകരെ കൊണ്ട് എടുപ്പിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരം ആകുമോയെന്ന ചോദ്യം ഉയരുകയാണ്. ഹിന്ദിയിലാണ് വലിയൊരു ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും മാര്‍ക്ക് കുറഞ്ഞത്. എല്‍പി ക്ലാസുകളില്‍ ഹിന്ദി അറിയാവുന്ന അധ്യാപകരും കുറവാണ്. മലയാളം മാഷുമാര്‍ വരെ ഹിന്ദി പഠിപ്പിക്കേണ്ട സ്ഥിതി അവധിക്കാലത്തെ അധിക പിന്തുണ ക്ലാസുകളിലുണ്ട്. സംസ്ഥാനത്ത് 1229 സര്‍ക്കാര്‍ സ്‌കൂളുകളിലും 1434 എയ്ഡഡ് സ്‌കൂളുകളിലും 473 അണ്‍എയ്ഡഡ് സ്‌കൂളുകളിലുമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ എട്ടാം ക്ലാസിലെ വാര്‍ഷിക പരീക്ഷ നടത്തിയിരുന്നു.

എഴുത്തു പരീക്ഷയില്‍ ഓരോ വിഷയത്തിലും 30 ശതമാനം മാര്‍ക്ക് വേണം. തോറ്റ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പരീക്ഷയിലും മിനിമം മാര്‍ക്ക് നേടാന്‍ കഴിയാത്ത കുട്ടികളുണ്ടെങ്കില്‍ അവരെയും ഒന്‍പതിലേക്ക് ക്ലാസ് കയറ്റംനല്‍കാന്‍ തന്നെയാണ് നിര്‍ദേശം എന്നും സൂചനയുണ്ട്. എട്ടാം ക്ലാസ് പരീക്ഷ എഴുതിയ 3,98,181 വിദ്യാര്‍ഥികളില്‍ ഒരു വിഷയത്തില്‍ എങ്കിലും ഇ ഗ്രേഡ് ലഭിച്ചവരുടെ എണ്ണം 86,309 ആണ്. ഇ ഗ്രേഡിന് മുകളില്‍ ഒരു വിഷയത്തിലും നേടാത്തവരുടെ എണ്ണം 5516 ആണ്. ആകെ പരീക്ഷ എഴുതിയ കുട്ടികളില്‍ 1.30 ശതമാനമാണിത്.

വയനാട് ജില്ലയിലാണ് കൂടുതല്‍ തോല്‍വി ഉള്ളത്. 6.3 ശതമാനമാണ്. കൊല്ലത്ത് കുറവ് തോല്‍വി. ഹിന്ദിയിലാണ് കൂടുതല്‍ കുട്ടികള്‍ തോറ്റത്. ഇംഗ്ലീഷ് വിഷയത്തിലാണ് കുറവ് തോല്‍വി.

Similar News