ഒരു പോള കണ്ണടച്ചില്ല; ഉറങ്ങാതെ രാത്രി തള്ളി നീക്കി; രാവിലെ ജയില്‍ സൂപ്രണ്ട് എത്തിയതും താന്‍ നിരപരാധിയെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു; ഉപ്പുമാവ് പ്രാതലാക്കി; ഉച്ചയ്ക്ക് തനിക്ക് സസ്യാഹാരം വേണമെന്ന് അറിയിച്ച റിമാന്‍ഡ് പ്രതി; ഉറക്കമില്ലായ്മ നല്‍കിയ രക്തസമ്മര്‍ദ്ദ പ്രശ്‌നം; കണ്ഠരര് രാജീവരുടെ ജയിലിലെ ആദ്യ രാത്രി കഠിന മാനസിക സംഘര്‍ഷത്തിന്റേത്

Update: 2026-01-10 07:05 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരര് ജയിലിലെ ആദ്യ രാത്രി നല്‍കിയത് കഠിനമായ മാനസിക സംഘര്‍ഷം. തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലെ സെല്ലില്‍ പ്രവേശിപ്പിച്ചത് മുതല്‍ പുലരും വരെ തന്ത്രി ഒരു നിമിഷം പോലും കണ്ണടച്ചിട്ടില്ലെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിവരം.

രാവിലെ ജയില്‍ സൂപ്രണ്ട് സെല്ലിലെത്തി നേരില്‍ കണ്ടപ്പോള്‍ തന്ത്രി നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു. 'ഞാന്‍ നിരപരാധിയാണ്, എന്നെ ചതിച്ചതാണ്' എന്ന് ആവര്‍ത്തിച്ചു പറഞ്ഞ് അദ്ദേഹം വിങ്ങിക്കരയുകയായിരുന്നു. സൂപ്രണ്ട് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കരച്ചില്‍ അടക്കാനായില്ല. രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നതും മാനസികമായ തളര്‍ച്ചയും അദ്ദേഹത്തെ ശാരീരികമായി അവശനാക്കി. രാവിലെ ഉപ്പുമാവാണ് കഴിച്ചത്. എന്നാല്‍ ഉച്ചഭക്ഷണത്തിന് ജയില്‍ മെനുവില്‍ മട്ടണ്‍ കറിയാണെന്ന് അറിഞ്ഞതോടെ തനിക്ക് അത് കഴിക്കാന്‍ കഴിയില്ലെന്നും സസ്യാഹാരം വേണമെന്നും അദ്ദേഹം ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. തന്ത്രിയുടെ പശ്ചാത്തലവും താല്‍പ്പര്യവും കണക്കിലെടുത്ത് പ്രത്യേകമായി സസ്യാഹാരം നല്‍കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ഇതിനിടെയാണ് അസുഖ പ്രശ്‌നമുണ്ടാകുന്നത്.

ആരോഗ്യനിലയില്‍ മാറ്റം ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ജയില്‍ ഡോക്ടര്‍ അദ്ദേഹത്തെ പരിശോധിച്ചു. രക്തസമ്മര്‍ദ്ദത്തില്‍ പ്രകടമായ വ്യതിയാനം കണ്ടെത്തിയിട്ടുണ്ട്. ഉറക്കമില്ലായ്മയും കടുത്ത മാനസിക സമ്മര്‍ദ്ദവുമാണ് ഇതിന് കാരണമെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍. അയ്യപ്പന്റെ പിതൃസ്ഥാനീയന്‍ എന്ന് അവകാശപ്പെടുന്ന തന്ത്രി, സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ അഴിമതി നിരോധന നിയമപ്രകാരം അറസ്റ്റിലായി ജയില്‍ സെല്ലില്‍ കഴിയേണ്ടി വരുന്നത് രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ വലിയ ചര്‍ച്ചയായിരുന്നു. . ദ്വാരപാലക ശില്‍പ്പ കേസിലും തന്ത്രിയെ പ്രതിയാക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. ചൊവ്വാഴ്ച കോടതിയില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

തന്ത്രിക്ക് ദേവസ്വം മാനുവല്‍ ലംഘനങ്ങളില്‍ വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സ്വര്‍ണം ചെമ്പാക്കിയ മഹസ്സറില്‍ ഒപ്പിട്ടതിലും, യുബി ഗ്രൂപ്പ് സ്വര്‍ണം പൂശിയതിലും തന്ത്രിക്കും പങ്കുണ്ടായിരുന്നുവെന്നാണ് പറയുന്നത്. ദേവസ്വം മാന്വലില്‍ തന്ത്രിയുടെ ചുമതലകളും അസി. കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍മാരെ മേല്‍നോട്ടം വഹിക്കാനുള്ള ഉത്തരവാദിത്വങ്ങളും വ്യക്തമാണെന്നും എസ്‌ഐടി പറയുന്നു. ഇതുവരെ സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് 11 പേരെ എസ്‌ഐടി അറസ്റ്റു ചെയ്തിട്ടുണ്ട്. കണ്ഠരര് രാജീവരരുടെ സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണത്തിന് എസ്‌ഐടി തയ്യാറെടുക്കുകയാണ്. തന്ത്രിയുമായി ഇടപെട്ട വിവിധ ഇടങ്ങളില്‍ പരിശോധനക്ക് സാധ്യത.

നേരത്തേ, കണ്ഠരര് രാജീവരര്‍ക്കെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ എസ്‌ഐടി കണ്ടെത്തിയിരുന്നു. തന്ത്രി ആചാരലംഘനം നടത്തി, ഗൂഢാലോചനയില്‍ പങ്കാളിയായെന്നും എസ്‌ഐടി വ്യക്തമാക്കി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദേവസ്വം ബോര്‍ഡ് നിര്‍ദേശപ്രകാരം പാളികള്‍ നല്‍കിയപ്പോള്‍ തന്ത്രി തടഞ്ഞില്ലെന്നു മാത്രമല്ല, മൗനാനുവാദം കൊടുക്കുകയാണ് ചെയ്തത്. ദേവസ്വം മാനുവല്‍ പ്രകാരം തന്ത്രി ക്ഷേത്ര ചൈതന്യം കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥനാണ്. കട്ടിളപ്പാളി കൊണ്ടുപോയത് അനുമതിയോടെ അല്ലെങ്കില്‍ ദേവസ്വം ബോര്‍ഡിനെ എന്തുകൊണ്ട് അറിയിച്ചില്ലെന്നും എസ്‌ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

Tags:    

Similar News