എഐജിയുടെ കാറിടിച്ച് പരുക്കേറ്റ നേപ്പാളിയെ രായ്ക്ക് രാമാനം നാടുകടത്താന്‍ ശ്രമം പത്തനംതിട്ട എസ് പി ഇടപെട്ട് പൊളിച്ചു; നേപ്പാളിലേക്കുള്ള വിമാനടിക്കറ്റ് ക്യാന്‍സല്‍ ചെയ്യിപ്പിച്ചു; പോലീസ് കാവലില്‍ ആശുപത്രിയിലാക്കി: പോലീസ് എഐജി വി.ജി. വിനോദ്കുമാര്‍ ഇത്തവണയെങ്കിലും കുടുങ്ങുമോ?
തിരുവല്ല: ക്രമസമാധാന ചുമതലയുള്ള എഡിജിപി ഓഫീസിലെ എഐജി വി.ജി. വിനോദ്കുമാറിന്റെ സ്വകാര്യ വാഹനം ഇടിച്ച് പരുക്കേറ്റ നേപ്പാള്‍ സ്വദേശിയായ ഹോട്ടല്‍ തൊഴിലാളിയെ രായ്ക്കുരാമാനം നാടു കടത്തി വിടാനുള്ള ശ്രമം പൊളിച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി. സംഭവം വിവാദമായതിനെ തുടര്‍ന്ന് എഐജി കുടുങ്ങുമെന്ന വന്നതോടെയാണ് കോട്ടയത്തു നിന്നുള്ള അടുത്ത സുഹൃത്തും ഒരു യുവ എംഎല്‍എയും ചേര്‍ന്ന് തൊഴിലാളിയെ നേപ്പാളിലേക്ക് തിരിച്ചയ്ക്കാനുള്ള കരുക്കള്‍ നീക്കിയത്. ഇയാളുടെ മൊഴി എടുക്കുന്നത് വഴി എഐജി പ്രതിക്കൂട്ടിലാകുന്നത് തടയാനുള്ള ശ്രമമാണ് നടത്തിയത്. എന്നാല്‍, ഈ വിവരം രഹസ്യമായി ലഭിച്ച പത്തനംതിട്ട എസ്.പി ആര്‍. ആനന്ദിന്റെ നേതൃത്വത്തില്‍ ഇയാളെ പോലീസ് കാവലില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇയാള്‍ക്ക് വേണ്ടി ഫ്ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് ക്യാന്‍സലാക്കിയെന്ന വിവരവും പുറത്തു വരുന്നുണ്ട്.
കേരള പോലീസിന്റെ ചരിത്രത്തില്‍ ഇല്ലാത്ത വിധമുള്ള അധികാരദുര്‍വിനിയോഗമാണ് തിരുവല്ലയില്‍ നടന്നത്. ഇതിന് എല്ലാ വിഭാഗം പോലീസ് ഉദ്യോഗസ്ഥരും കൂട്ടു നിന്നു. ഓഗസ്റ്റ് 30 ന് രാത്രി 10.50 നാണ് എം.സി റോഡില്‍ കുറ്റൂരില്‍ വച്ച് റോഡ് മുറിച്ചു കടന്നു കൊണ്ടിരുന്ന ഹോട്ടല്‍ തൊഴിലാളി നേപ്പാള്‍ സ്വദേശി ജീവന്‍ പ്രസാദ് ദുംഗലി(47)നെ എ.ഐ.ജിയുടെ സ്വകാര്യ വാഹനം ഇടിച്ചത്. പോലീസ് ഡ്രൈവര്‍ അനന്തുവാണ് വാഹനം ഓടിച്ചിരുന്നത്. എം.സി റോഡില്‍ കുറ്റൂരില്‍ വച്ചാണ് ജീവന്‍ പ്രസാദിനെ വാഹനം ഇടിച്ചത്. തലയിലും മുഖത്തും തോളിനും പരുക്കേറ്റ ജീവനെ എ.ഐ.ജിയുടെ വാഹനത്തില്‍ തന്നെ പുഷ്പഗിരി ആശുപത്രിയിലാക്കി. തുടര്‍ന്ന് വിവരം പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ഡ്രൈവറുടെ മൊഴി വാങ്ങി വാഹനാപകടത്തിന് കേസ് എടുക്കുകയായിരുന്നു.
പ്രതിയാക്കേണ്ട പോലീസ് ഡ്രൈവറെ വാദിയിക്കി കേസ് എടുക്കുക എന്ന വിചിത്രമായ നടപടിയാണ് തിരുവല്ല പോലീസ് കൈക്കൊണ്ടത്. ഈ വിഷയത്തില്‍ പരാതിക്കാരന്‍ ജീവന്‍ പ്രസാദ് ദുംഗല്‍ ആണ്. പ്രതി പോലീസ് ഡ്രൈവര്‍ അനന്തുവും. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറെ വാദിയാക്കി കേസ് എടുത്തത് കേരള പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. കടുത്ത അധികാര ദുര്‍വിനിയോഗമാണ് ഇവിടെ എഐജി വി.ജി. വിനോദ്കുമാറിന് വേണ്ടി തിരുവല്ല ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയത്. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഈ വിവരം ജില്ലാ പോലീസ് മേധാവി അറിയാതെ മറച്ചു പിടിക്കുകയും ചെയ്തു.
തിരുവല്ല ഡിവൈ.എസ്.പിയും സ്പെഷല്‍ ബ്രാഞ്ചിലെ രണ്ട് ഉദ്യോഗസ്ഥരും വിനോദ്കുമാറിന് വേണ്ടി വഴി വിട്ടു പ്രവര്‍ത്തിച്ചുവെന്നാണ് വിവരം. വിനോദ്കുമാര്‍ മുന്‍ പത്തനംതിട്ട എസ്.പിയായിരുന്നു. സ്ഥലം മാറി പോയെങ്കിലും ഇയാള്‍ക്ക് വേണ്ടിയാണ് ഇവര്‍ നില കൊള്ളുന്നത് എന്നതാണ് നിലവിലെ എസ്.പിയെ ചൊടിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച തന്നെ വിവരം മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇത് മനസിലാക്കി വിവാദം ഉണ്ടാകുമെന്ന് ഉറപ്പിച്ചാണ് അപകടത്തില്‍ പരുക്കേറ്റയാളെ നാടു കടത്താനുള്ള നീക്കം നടന്നത്.
വി.ജി. വിനോദ്കുമാറിന്റെ കോട്ടയത്തു നിന്നുള്ള അടുത്ത സുഹൃത്തും യുവ കോണ്‍ഗ്രസ് എം.എല്‍.എയും ചേര്‍ന്നാണ് കരുക്കള്‍ നീക്കിയത്. ആലപ്പുഴ ജില്ലയിലെ ഒരു യൂത്ത്കോണ്‍ഗ്രസ് നേതാവിന്റെ ഹോട്ടലില്‍ ജോലി ചെയ്യുന്നയാളാണ് പരുക്കേറ്റ ജീവന്‍ പ്രസാദ്. ഈ നേതാവ് ഇടപെട്ടാണ് ജീവനെ നാട്ടിലേക്ക് അയയ്ക്കാനും പോലീസിന്റെ മൊഴിയെടുപ്പ് ഒഴിവാക്കാനും ശ്രമിച്ചത്. ഈ വിവരമറിഞ്ഞ ജില്ലാ പോലീസ് മേധാവി നടത്തിയ നീക്കത്തിനൊടുവിലാണ് ജീവന്‍ പ്രസാദിനെ പോലീസ് കണ്ടെത്തി തങ്ങളുടെ സംരക്ഷണയിലാക്കിയത്. ഇയാളുടെ മൊഴി പ്രകാരമാകും തുടര്‍ നടപടി സ്വീകരിക്കുക.
പോലീസ് ഡ്രൈവറുടെ മൊഴി പ്രകാരമുള്ള എഫ്ഐആറില്‍ ഇരയുടെ ഭാഗത്ത് തിരിച്ചറിയാവുന്ന വ്യക്തി എന്ന് പറഞ്ഞാണ് ജീവനെ വിശേഷിപ്പിച്ചിരിക്കുന്നത്. അപ്പോഴും പ്രതിയെ ആവലാതിക്കാരന്‍ ആക്കിയരിക്കുന്നുവെന്നതാണ് ഏറെ വിചിത്രം.