ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷനുള്ളത് അഞ്ച് മുതലാളിമാര്‍; സിപിഎമ്മിന് വസ്തു എഴുതി കൊടുത്തത് 34 പേരും! 1967ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സ്ഥാപനം കോടതിയില്‍ നിന്നും ജാമ്യ വസ്തു സ്വന്തമാക്കിയതും അത്ഭുതം; ആ കണ്ണായ 32 സെന്റ് സിപിഎം വാങ്ങിയത് വളഞ്ഞ വഴളയില്‍; 2022ല്‍ മറുനാടന്‍ പുറത്തു വിട്ട 'ഭൂതം' വീണ്ടും; ആ വസ്തുക്കഥ ഇങ്ങനെ

Update: 2025-09-23 01:56 GMT

തിരുവനന്തപുരം: എ കെ ജി സെന്ററിന് പകരം സിപിഎമ്മിന് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് വരുന്നുവെന്നത് കേരളം അറിഞ്ഞത് 2021 ഒക്ടോബറിലാണ്. പുതിയ കെട്ടിടത്തിന് എ കെ ജി സെന്റിന് എതിര്‍വശം സിപിഎം സ്ഥലം വാങ്ങിയതോടെയാണ് ഇക്കാര്യം ചര്‍ച്ചയായത്. പിന്നീട് കെട്ടിടം പണിതും. സംസ്ഥാന കമ്മിറ്റി ഓഫീസിന് പുതിയ കെട്ടിടം വന്നതോടെ എ.കെ.ജെ സെന്റര്‍ പൂര്‍ണമായും പഠനഗവേഷണ കേന്ദ്രമായി മാറി. വാങ്ങിയ ഭൂമിയുടെ വിലയാധാരവും മറ്റും ഒറ്റനോട്ടത്തില്‍ ശരിയുമാണ്. ന്യായവിലയുടെ ഇരട്ടി നല്‍കിയും വിവാദങ്ങള്‍ ഒഴിവാക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചു. എന്നാല്‍ ഭൂമി കച്ചവടത്തില്‍ അപ്പോഴും ദുരൂഹതകളും നിയമ വിരുദ്ധതയും ഏറെയായിരുന്നുയ ഈ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മറുനാടന്‍ നടത്തിയ അന്വേഷണവും വിവര ശേഖരണവും തെളിയിക്കുന്നത് നിയമത്തിന് അനുസൃതമല്ല വസ്തു വാങ്ങല്‍ എന്നായിരുന്നു. 2022 ഏപ്രില്‍ എട്ടിന് ഇതു സംബന്ധിച്ച വിശദ വാര്‍ത്ത മറുനാടന്‍ കൊടുത്തു. എന്നാല്‍ ആ ഭൂമി വിവാദം ഇപ്പോള്‍ സുപ്രീംകോടതിയ്ക്ക് മുന്നിലാണ്.

ആസ്ഥാനമന്ദിരമായ എകെജി സെന്റര്‍ നിര്‍മിക്കുന്നതിനു സിപിഎം സ്ഥലം വാങ്ങിയത് തര്‍ക്കഭൂമിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ എന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. വിഎസ്എസ്സി ശാസ്ത്രജ്ഞ ഇന്ദു ഗോപന്‍ ഇതു ചൂണ്ടിക്കാട്ടി 2020 ജൂണ്‍ 9 ന് അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു കത്തു നല്‍കിയിരുന്നു. ഭൂമി തട്ടിയെടുത്തെന്ന കേസില്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നു 19ന് സുപ്രീം കോടതി സിപിഎമ്മിന് നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം സിപിഎം നടത്തിയ ഭൂമി തട്ടിപ്പ് കൂടി പരിശോധിക്കപ്പെട്ടാല്‍ വലിയൊരു ഭൂമി കുംഭകോണം വ്യക്തമാകും. തര്‍ക്കഭൂമിയാണു വാങ്ങുന്നതെന്ന് പാര്‍ട്ടിക്ക് വ്യക്തമായ വിവരം ഉണ്ടായിരുന്നെന്നു ബോധ്യപ്പെടുത്തുന്ന കത്ത് പുറത്തുവന്നത്. പഴയ എകെജി സെന്റര്‍ നിര്‍മിക്കാന്‍ കേരള സര്‍വകലാശാലയുടെ ഭൂമി കയ്യേറിയെന്ന ആരോപണവും നടപടികളും തുടരുന്നുണ്ട്. അതിനിടെയാണ് പുതിയ കെട്ടിടത്തെക്കുറിച്ചുള്ള കേസ്. പുതിയ എകെജി സെന്ററിന്റെ ഭൂമി തന്റേതും മുത്തച്ഛന്റേതുമാണെന്നു വിശദമാക്കുന്ന ഇന്ദു ഗോപന്റെ കത്തില്‍ തര്‍ക്കം സംബന്ധിച്ച കാരണങ്ങളും നിരത്തിയിട്ടുണ്ട്. ജൂണ്‍ 9നു കത്തു ലഭിച്ചശേഷം സെപ്റ്റംബര്‍ 25നു പഴയ എകെജി സെന്ററില്‍ വച്ചു ഭൂമിയുടെ റജിസ്‌ട്രേഷന്‍ നടത്തി. സംസ്ഥാന സെക്രട്ടറിയുടെ പേരില്‍ 32 സെന്റ് സ്ഥലം 6.4 കോടി രൂപയ്ക്കു വാങ്ങുന്നുവെന്നാണു പ്രമാണത്തിലുള്ളത്.

എകെജി സെന്റര്‍ ജംക്ഷനില്‍നിന്ന് എംജി റോഡിലെ സ്‌പെന്‍സര്‍ ജംക്ഷനിലേക്കുള്ള ഡോ. എന്‍.എസ്.വാരിയര്‍ റോഡിന്റെ വശത്താണു ഭൂമി. 1998 ഏപ്രില്‍ 6ന് ഇന്ദു 16 സെന്റും 2000 സെപ്റ്റംബര്‍ 3ന് ഇന്ദുവിന്റെ മുത്തച്ഛന്‍ പി.ജനാര്‍ദനന്‍ പിള്ള 16 സെന്റും വാങ്ങി. ബാധ്യതയില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു ഇടപാടുകളെന്നും ചിലര്‍ പിന്നീട് ഈ ഭൂമി ലേലനടപടിയിലൂടെ കൈവശപ്പെടുത്തിയെന്നും കത്തില്‍ പറയുന്നു. ഇതിന്റെ കേസ് നടക്കുമ്പോള്‍ ലേലത്തില്‍ ഭൂമി കൈവശപ്പെടുത്തിയവരില്‍നിന്ന് അതു വാങ്ങാന്‍ സിപിഎം നേതാക്കള്‍ ചര്‍ച്ച ആരംഭിച്ചു. അതറിഞ്ഞപ്പോഴാണ് കോടിയേരിക്ക് ഇന്ദു കത്ത് എഴുതിയത്. കത്തില്‍ നിന്ന്: 'ഞങ്ങളുടെ കൈവശം ഉണ്ടായിരുന്ന ഭൂമി ക്രിമിനല്‍ പ്രവൃത്തിയിലൂടെ തട്ടിയെടുത്തവര്‍ ആ ഭൂമി സിപിഎമ്മിന് വില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. ഈ ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് ഏറെനാള്‍ നീണ്ടു നില്‍ക്കുന്ന നിയമയുദ്ധം ഉണ്ടായേക്കാം. ഈ വസ്തു വാങ്ങുന്നതില്‍ നിന്ന് താങ്കള്‍ വിട്ടുനില്‍ക്കണം'.

പുതുതായി പണിത എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന 32 സെന്റ് സ്ഥലമാണ് തര്‍ക്കത്തിലുള്ളത്. ജസ്റ്റിസ് മന്‍മോഹന്‍ , ജസ്റ്റിസ് അരവിന്ദ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വിഷയത്തില്‍ ഒരാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് സിപിഎമ്മിനോട് നിര്‍ദേശിച്ചു. ഭൂമിയുടെ ആദ്യ ഉടമയായ പോത്തന്‍ കുടുംബം ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷനില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങി ജപ്തിയിലേക്കു നീങ്ങിയതോടെ താനും സുഹൃത്തും ചേര്‍ന്ന് അത് വാങ്ങുകയായിരുന്നുവെന്നാണ് എഎസ്ആര്‍ഒ ശാസ്ത്രജ്ഞയായ ഇന്ദു പറയുന്നത്. സ്ഥലം തങ്ങളുടെ കൈവശത്തിലിരിക്കെ വായ്പാത്തുക തിരിച്ചുപിടിക്കാനായി തിരുവനന്തപുരം കോടതി അത് ലേലം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ദു സുപ്രീം കോടതിയെ സമീപിച്ചത്.

2022ല്‍ മറുനാടന്‍ നല്‍കിയ വാര്‍ത്തയുടെ പൂര്‍ണ്ണ രൂപം

രേഖകളില്‍ ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷനുള്ളത് അഞ്ച് മുതലാളിമാര്‍; സിപിഎമ്മിന് വസ്തു എഴുതി കൊടുത്തത് 34 പേരും! 1967ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സ്ഥാപനം കോടതിയില്‍ നിന്നും ജാമ്യ വസ്തു സ്വന്തമാക്കിയതും അത്ഭുതം; പുതിയ പാര്‍ട്ടി ആസ്ഥാനത്തിന് എകെജി സെന്ററിന് മുന്നിലെ ആ കണ്ണായ 32 സെന്റ് സ്ഥലം വാങ്ങിയത് വളഞ്ഞ വഴfയില്‍; ആ കല്ലിടല്‍ വെറുതെയാകുമോ? രേഖകള്‍ മറുനാടന്

തിരുവനന്തപുരം: എ കെ ജി സെന്ററിന് പകരം സിപിഎമ്മിന് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് വരുന്നുവെന്നത് കേരളം അറിഞ്ഞത് 2021 ഒക്ടോബറിലാണ്. പുതിയ കെട്ടിടത്തിന് എ കെ ജി സെന്റിന് എതിര്‍വശം സിപിഎം സ്ഥലം വാങ്ങിയതോടെയാണ് ഇക്കാര്യം ചര്‍ച്ചയായത്. സംസ്ഥാന കമ്മിറ്റി ഓഫീസിന് പുതിയ കെട്ടിടം വരുന്നതോടെ എ.കെ.ജെ സെന്റര്‍ പൂര്‍ണമായും പഠനഗവേഷണ കേന്ദ്രമായി മാറും. ഇതാണ് പദ്ധതി. വാങ്ങിയ ഭൂമിയുടെ വിലയാധാരവും മറ്റും ഒറ്റനോട്ടത്തില്‍ ശരിയുമാണ്. ന്യായവിലയുടെ ഇരട്ടി നല്‍കിയും വിവാദങ്ങള്‍ ഒഴിവാക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചു. എന്നാല്‍ ഭൂമി കച്ചവടത്തില്‍ അപ്പോഴും ദുരൂഹതകളും നിയമ വിരുദ്ധതയും ഏറെയാണ്. ഈ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മറുനാടന്‍ നടത്തിയ അന്വേഷണവും വിവര ശേഖരണവും തെളിയിക്കുന്നത് നിയമത്തിന് അനുസൃതമല്ല വസ്തു വാങ്ങല്‍ എന്നാണ്.

ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ എന്ന ധനകാര്യ സ്ഥാപനം കോടതി നടപടികളിലൂടെ സ്വന്തമാക്കിയ ഭൂമിയാണ് സിപിഎം വാങ്ങുന്നത്. ധനകാര്യ സ്ഥാപനത്തിന്റെ ഈ ഭൂമി എങ്ങനെ സിപിഎം വ്യക്തികളില്‍ നിന്നും വിലയ്ക്ക് വാങ്ങിയെന്നതാണ് ഉയരുന്ന ചോദ്യം. വസ്തു വാങ്ങിയ വില്‍പത്രത്തില്‍ ഈ ധനകാര്യ സ്ഥാപനത്തിന്റെ പേരുണ്ട്. ഈ പങ്കാളിത്ത സ്ഥാപനവുമായി ബന്ധപ്പെട്ട് മറുനാടന്‍ ലഭിച്ച രേഖകളില്‍ ഉടമകളായി ഇല്ലാത്തവരാണ് സിപിഎമ്മിന് വസ്തു ആധാരം ചെയ്തു കൊടുക്കുന്നത്. വില്‍പത്ര അവകാശത്തില്‍ കൂടി പ്രസ്തുത സ്ഥാപനത്തിന്റെ അവകാശികളായി മാറുന്നവര്‍ പോലും അക്കാര്യം രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കേണ്ടതാണ്. അങ്ങനെ ആരും ചെയ്തിട്ടില്ല. സര്‍ക്കാര്‍ രേഖകളില്‍ സ്ഥാപനവുമായി യാതൊരു അവകാശവുമില്ലാത്തവരാണ് എകെജി സെന്ററിന് ഭൂമി വില്‍പ്പന നടത്തിയതെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

34 പേരില്‍ നിന്നാണ് ആറരക്കോടി രൂപ പ്രമാണത്തില്‍ രേഖപ്പെടുത്തി 31.95 സെന്റ് സ്ഥലം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്. ഓഗസ്റ്റിലായിരുന്നു തിരുവനന്തപുരം സബ് റജ്‌സ്ട്രാര്‍ ഓഫീസില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്തത്. എകെ ജി സെന്റിലായിരുന്നു നടപടിക്രമങ്ങള്‍. ഇതിന് പിന്നാലെയാണ് ഈ ഭൂമി ഇടപാടില്‍ അന്വേഷണത്തിന് മറുനാടന്‍ തയ്യാറായത്. ആധാരത്തിലെ 34 പേരുടെ സാന്നിധ്യമായിരുന്നു ഇതിന് കാരണം. ഈ അന്വേഷണമാണ് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഈ ഇടപാടിന് പിന്നില്‍ നടന്നുവെന്ന സംശയങ്ങള്‍ ബലപ്പെടുത്തുന്നത്. ആധാരത്തിന്റെ പകര്‍പ്പും മറ്റ് രേഖകളും നിയമപരമായി തന്നെ മറുനാടന്‍ ശേഖരിക്കുകയും ചെയ്തു. ഇതിലാണ് ഏറെ ദുരൂഹതകള്‍ തിരിച്ചറിഞ്ഞതും. നിരവധി വിവരാവകാശ രേഖകള്‍ ഇതിനായി ശേഖരിച്ചു.

ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ എന്ന ധനകാര്യ സ്ഥാപനം അഞ്ചു കൊല്ലത്തെ പ്രവര്‍ത്തനാനുമതിയുമായി തുടങ്ങിയതാണെന്നും രേഖകളില്‍ പറയുന്നു. അഞ്ചു കൊല്ലം കഴിയുമ്പോള്‍ ഈ സ്ഥാപനത്തിന്റെ നിലനില്‍പ്പ് തന്നെ ഇല്ലാതാകേണ്ടതാണ്. അഞ്ചു കൊല്ലത്തിനു ശേഷം രജിസ്‌ട്രേഷന്‍ പുതുക്കിയുമില്ല. അതായത് നിയമ പ്രകാരം ഈ സ്ഥാപനത്തിന് നലനില്‍പ്പില്ലാത്ത കാലത്താണ് കോടതിയില്‍ നിന്നും ജപ്തി നടപടികളിലൂടെ ഈ വസ്തു ആ സ്ഥാപനം സ്വന്താക്കിയത്. അതു തന്നെ നിയമവിരുദ്ധമാണെന്നാണ് ഉയരുന്ന വിലയിരുത്തല്‍. കോടതിയില്‍ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ മറച്ചു വച്ചതു കൊണ്ടാകാം വസ്തു ഈ സ്ഥാപനത്തിന്റേ പേരിലേക്ക് മാറുന്ന അവസ്ഥയുണ്ടായതെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

തിരുവനന്തപുരത്തെ സിപിഎം ബന്ധമുള്ള പ്രമുഖ അഭിഭാഷകനാണ് ഈ പ്രമാണം തയ്യാറാക്കിയതും മറ്റും. പങ്കാളിത്ത സ്ഥാപനത്തിന്റെ പേരിലേക്ക് കോടതിയില്‍ നിന്നും ലേല നടപടികളിലൂടെ വാങ്ങിയെടുത്ത വസ്തു രജിസ്‌ട്രേഷന്‍ പ്രകാരം സ്ഥാപനത്തിന്റെ ഭാഗമല്ലാത്തവര്‍ എങ്ങനെ സിപിഎമ്മിന് വില്‍പ്പന നടത്തുമെന്നതാണ് ഉയരുന്ന ചോദ്യം. ഈ ഇടപാടുകളെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ വസ്തു പണം വച്ച് സാമ്പത്തിക സഹായം നേടിയ ആള്‍ ശ്രമിച്ചാല്‍ സിപിഎമ്മിന്റെ പുതിയ വസ്തുവാങ്ങല്‍ അസാധുവാകും.

രജിസ്ട്രേഷന്‍ ഗുരുതര വീഴ്ച

എറണാകുളം കമ്മേല്‍ സെന്ററില്‍ ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷനില്‍ നിന്നാണ് എകെജി സെന്ററിന് മുമ്പിലെ വസ്തു സിപിഎം സ്വന്തമാക്കുന്നത്. സിപിഎമ്മുമായി ചേര്‍ന്നു നില്‍ക്കുന്ന സംസ്ഥാനത്തെ പ്രധാന അഭിഭാഷകനാണ് വിലയാധാരം തയ്യാറാക്കിയതും. തിരുവനന്തപുരം കോടതിയില്‍ നിന്ന് ലഭിച്ച ലേല സര്‍ട്ടിഫിക്കറ്റിലൂടെയാണ് ഈ വസ്തുവില്‍ കമ്മേല്‍ സെന്റിലെ സ്ഥാപനത്തിന് അവകാശം കിട്ടുന്നത്. രേഖകള്‍ പ്രകാരം ഈ സ്ഥാപനം സിപിഎമ്മിന് വസ്തു കൈമാറുന്ന ആധാരം രജിസ്റ്റര്‍ ചെയ്ത ശേഷവും അഞ്ച് പങ്കാളികള്‍ മാത്രമാണ് നിയമപരമായി ഉള്ളത്. ഇന്ത്യന്‍ പാര്‍ട്ണര്‍ഷിപ്പ് ആക്ടിന്റെ ഭാഗമായുള്ള രേഖകളില്‍ ഈ പേരുകള്‍ വ്യക്തമാണ്.

ജോസഫ് ജോസഫ്, വര്‍ക്കി തോമസ്, ചാണ്ടി മാത്യു, തോമസ് ജോസഫ്, ചാണ്ടി തോമസ് എന്നിവരാണ് സ്ഥാപനത്തിന്റെ ഉടമകള്‍. എല്ലാവരും 1961ല്‍ സ്ഥാപനത്തിന്റെ ഭാഗമായവര്‍. ആരും പിരിഞ്ഞു പോയതായും രേഖകളില്ല. അതിന് ശേഷം പുതിയ പങ്കാളികളെ കൂട്ടി ചേര്‍ത്തതുമില്ല. രേഖകള്‍ പ്രകാരം ഈ അഞ്ചു പേര്‍ക്ക് മാത്രമേ ഈ വസ്തുവില്‍ അധികാരമുള്ളൂ. ലേല സര്‍ട്ടിഫിക്കറ്റ് കിട്ടിയത് സ്ഥാപനത്തിനാണ്. വ്യക്തികള്‍ക്ക് അല്ല. അതുകൊണ്ട് തന്നെ വ്യക്തികള്‍ക്ക് ഇതില്‍ കൈകടത്താന്‍ കഴിയത്തുമില്ല. ഈ വസ്തുവാണ് ഒരു കൂട്ടം ആളുകളില്‍ നിന്ന് സിപിഎം വിലയ്ക്ക് വാങ്ങുന്നത്. ഇത് തീര്‍ത്തും നിയമവിരുദ്ധമാണ്.


ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷനിലെ പങ്കാളികള്‍ക്ക് മാത്രമേ വസ്തു കൈമാറ്റത്തിന് അവകാശമുള്ളൂവെന്നതാണ് വസ്തുത. ഇവിടെ മറ്റ് ചില നിയമ പ്രശ്നങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ വലിയ ചട്ട ലംഘനത്തിലൂടെയാണ് വസ്തു രജിസ്ട്രേഷന്‍ നടന്നതെന്നതാണ് യാഥാര്‍ത്ഥ്യം. വസ്തുവിന്റെ യഥാര്‍ത്ഥ ഉടമയും മറ്റും ആരാണെന്ന് മനസ്സിലാക്കേണ്ട ഉത്തരവാദിത്തം രജിസ്ട്രേഷന്‍ നടത്തുന്ന ഉദ്യോഗസ്ഥനുണ്ട്. അത് ഇവിടെ നടന്നിട്ടില്ല. വസ്തു വാങ്ങുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയും ഇതെല്ലാം രേഖകള്‍ പരിശോധിച്ച് മനസ്സിലാക്കേണ്ടതാണ്. ഇതും നടന്നില്ല.

അതുകൊണ്ട് രജിസ്ട്രേഷന്‍ നടത്തിയ ഉദ്യോഗസ്ഥനും വസ്തുവാങ്ങിയവര്‍ക്കും ഈ കള്ളക്കളിയില്‍ തുല്യ ഉത്തരവാദിത്തമാണുള്ളത്. വിലയാധാരം പരിശോധിച്ചാല്‍ ഇതിലെ തട്ടിപ്പ് വ്യക്തവുമാണ്. ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷനിലെ പങ്കാളികള്‍ രേഖാമൂലം ആരാണെന്ന് പോലും രജിസ്ട്രാര്‍ മനസ്സിലാക്കിയില്ലെന്നതാണ് വിചിത്രം. യഥാര്‍ത്ഥ പങ്കാളികളില്‍ നിന്നാണോ സിപിഎം വസ്തു വാങ്ങിയതെന്ന കാര്യം പരിശോധിക്കാന്‍ പോലും രാഷ്ട്രീയ ഭയം ഈ ഉദ്യോഗസ്ഥനെ അനുവദിച്ചില്ലെന്നതാണ് വസ്തുത.

സ്ഥാപന പങ്കാളികളുടെ അവകാശികള്‍ക്ക് വസ്തു വില്‍പ്പനയ്ക്ക് അധികാരമില്ല

എറണാകുളം കമ്മേല്‍ സെന്ററില്‍ ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷനിലെ പങ്കാളികളുടെ അടുത്ത ബന്ധുക്കളാണ് ഭൂമി സിപിഎമ്മിന് എഴുതി നല്‍കിയിട്ടുള്ളത്. രേഖകളില്‍ ഇത് വ്യക്തവുമാണ്. പങ്കാളികള്‍ മരിച്ച സാഹചര്യത്തില്‍ അവരുടെ അനന്തരാവകാശികളാണ് വില്‍പ്പന നടത്തിയതെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് ഒരു സ്ഥാപനത്തിന്റെ പേരിലെ വസ്തുവായതു കൊണ്ടു തന്നെ അതിന് നിയമ സാധുതയില്ല. പാര്‍ട്ണര്‍ഷിപ്പ് നിയമപ്രകാരമുള്ള സ്ഥാപനത്തില്‍ വസ്തു പങ്കാളികള്‍ക്ക് ഒരുമിച്ച് മാത്രമേ കൈമാറ്റം ചെയ്യാന്‍ കഴിയൂവെന്നതാണ് യാഥാര്‍ത്ഥ്യം.

34 പേരില്‍ നിന്നാണ് വസ്തു എഴുതി വാങ്ങുന്നത്. പവര്‍ അറ്റോര്‍ണിയുടെ പിന്‍ബലത്തിലാണ് ഇടപാടുകളെന്നും വ്യക്തമാണ്. മരിച്ച ഡയറക്ടര്‍മാരുടെ ബന്ധുക്കള്‍ക്ക് പാര്‍ട്ണര്‍ഷിപ്പ് വ്യവസ്ഥ പ്രകാരമുള്ള മരിച്ചയാളുടെ സ്വത്തുക്കളില്‍ അവകാശമുണ്ട്. ഒരു ഡയറക്ടര്‍ മരിച്ചാല്‍ അയാളുടെ അനന്തരാവകാശികള്‍ പ്രസ്തുത സ്ഥാപനത്തിലേക്ക് എത്തിയാല്‍ അക്കാര്യം രേഖാമൂലം അധികാരികളെ അറിയിക്കണം. പാര്‍ട്ണര്‍ഷിപ്പ് ആക്ട് പ്രകാരമുള്ള രേഖകളില്‍ ഉള്‍പ്പെടുത്തുകയും വേണം. മരിച്ച ആരെങ്കിലും തന്റെ പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനത്തിലെ അവകാശം അനന്തരാവകാശിക്ക് കൈമാറാം. ഈ സാഹചര്യത്തിലും മരണ ശേഷം രേഖകളില്‍ പുതിയ അംഗത്തിന്റെ പേര് ഉള്‍പ്പെടുത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനത്തിന്റെ വസ്തു കൈമാറ്റത്തിനും മറ്റും നിയമപരമായി ഇയാള്‍ക്ക് അധികാരം കിട്ടൂ.

മരിച്ചവരുടെ അനന്തരാവകാശികള്‍ ആ സ്ഥാപനത്തിന്റെ നിയമപരമായ അവകാശികളായി മാറുന്നതിനുള്ള നടപടി ക്രമങ്ങളൊന്നും നടത്തിയതായി ആര്‍ക്കും അറിയില്ലെന്നതാണ് വസ്തുത.


വസ്തു കൈക്കലാക്കിയത് 1967ല്‍ പൂട്ടേണ്ട സ്ഥാപനം

എറണാകുളം കമ്മേല്‍ സെന്ററില്‍ ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷനിലെ രജിസ്ട്രേഷന്‍ രേഖകളില്‍ 1961ന് ശേഷം മാറ്റമൊന്നും വന്നിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

വിവരാവകാശ പ്രകാരം രജിസ്ട്രേഷന്‍ ഓഫ് ഫേമ്സില്‍ നിന്ന് മറുനാടന്‍ കിട്ടിയ മറുപടിയില്‍ ഞെട്ടിക്കുന്ന വസ്തുതയാണുള്ളത്. സീരിയല്‍ നമ്പര്‍ 15/1962 എന്ന നമ്പറിലാണ് ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ എന്ന സ്ഥാപനം രജിസ്റ്റര്‍ ചെയ്യുന്നത്. 1962 ജനുവരി മാസം നാലാം തീയതി നിലവില്‍ വന്ന പങ്കാളിത്ത സ്ഥാപനം. ചങ്ങനാശ്ശേരിയാണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനമെന്നും വ്യക്തം. 1961 ഓഗസ്റ്റിലാണ് അഞ്ചു പേര്‍ ചേര്‍ന്ന് ഇത്തരത്തിലൊരു ധനകാര്യ സ്ഥാപനം രൂപീകരിച്ചത്. ചങ്ങനാശ്ശേരിയിലാണ് പ്രവര്‍ത്തന പരിധിയെന്നും ഈ രേഖയിലുണ്ട്.

സാധാരണ ഇത്തരം പങ്കാളിത്ത സ്ഥാപനങ്ങള്‍ അനിശ്ചിത കാലത്തേക്കാണ് തുടങ്ങാറുള്ളത്. എന്നാല്‍ ജോസഫ് ജോസഫും വര്‍ക്കി തോമസും ചാണ്ടി മാത്യുവും തോമസ് ജോസഫും ചാണ്ടി തോമസും ഈ പങ്കാളിത്ത സ്ഥാപനം രജിസ്റ്റര്‍ ചെയ്തത് വെറും അഞ്ചു വര്‍ഷത്തേക്കാണ്. അതായത് 1962 മുതല്‍ അഞ്ചു കൊല്ലം. 1967ന് ശേഷം ഈ സ്ഥാപനത്തിന്റെ നിയമപരമായ നിലനില്‍പ്പിന് ഈ കാലാവധി നീട്ടി വാങ്ങേണ്ടതായിരുന്നു. എന്നാല്‍ അത് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ 1967 ഓടെ തന്നെ നിയമപരമായി ഈ സ്ഥാപനത്തിന് പ്രവര്‍ത്തനാനുമതി ഇല്ലാതെയായി. ഈ കമ്പനിയാണ് പിന്നീടും പ്രവര്‍ത്തനം തുടങ്ങിയതും ലേല സര്‍ട്ടിഫിക്കറ്റുകള്‍ അടക്കം കോടതിയില്‍ നിന്ന് സ്വന്തമാക്കിയതും.

ഇതും നിയമവിരുദ്ധമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. എറണാകുളം ബാനര്‍ജി റോഡിലെ അഡ്രസില്‍ പ്രവര്‍ത്തിച്ച ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ പോലും നിയമവിരുദ്ധ സ്ഥാപനമാണ്. ചങ്ങനാശ്ശേരിയിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കേണ്ടത്. രജിസ്ട്രേഷന്‍ ഓഫ് ഫേര്‍മിസിലെ രേഖകള്‍ പ്രകാരം അതിന് മാത്രമേ അനുമതിയുള്ളൂ. അതും ലംഘിക്കപ്പെട്ടു. ഇതിനൊപ്പമാണ് അഞ്ചു കൊല്ലത്തേക്ക് മാത്രമുള്ള പ്രവര്‍ത്തനാനുമതി മറച്ചു വച്ചുള്ള കോടതിയിലെ കേസ് കൊടുക്കലും മറ്റും.

പങ്കാളിത്ത സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ തീര്‍ന്ന ശേഷം കേസ്

എറണാകുളം കമ്മേല്‍ സെന്ററില്‍ ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷനില്‍ നിന്ന് വായ്പ എടുത്തതുമായി ബന്ധപ്പെട്ടാകാം ഈ വസ്തുവിന്റെ ഉടമ മാറ്റം. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ജാമ്യ വസ്തു ധനകാര്യ സ്ഥാപനം കോടതി ഇടപെടലിലൂടെ സ്വന്തമാക്കുകയായിരുന്നു. 1967വരെ മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളൂവെന്ന കാര്യം മറച്ചു വച്ച് തന്നെയാകാം ഈ നിയമ നടപടികള്‍ ഈ ധനകാര്യ സ്ഥാപനം നടത്തിയത്. അതിന് പോലും അവര്‍ക്ക് കഴിയില്ലെന്നാണ് നിയമ വിദഗ്ദ്ധര്‍ മറുനാടനോട് പങ്കുവച്ച വികാരം.


അതുകൊണ്ട് തന്നെ കോടതിയെ നടപടി ക്രമങ്ങളുടെ കാലത്ത് ഈ ധനകാര്യ സ്ഥാപനത്തിന്റെ പ്രവര്‍ത്തന കാലാവധിയുടെ പരിധി ചൂണ്ടിക്കാട്ടിയിരുന്നുവെങ്കില്‍ വസ്തു കൈമാറ്റം പോലും വായ്പ എടുത്തവര്‍ക്ക് തടയാമായിരുന്നു. രേഖകള്‍ അനുസരിച്ച് തിരുവനന്തപുരത്തെ കുറവന്‍കോണത്തുള്ള കുളത്തുങ്കല്‍ മോട്ടേഴ്സിന്റേതായിരുന്നു ഈ വസ്തുത. കേരളത്തിലെ പ്രധാന വ്യവസായികളായിരുന്ന പോത്തന്‍ കുടുംബത്തിന് അര്‍ഹതപ്പെട്ട സ്ഥാപനം. ഇവര്‍ വായ്പ് എടുക്കാന്‍ ജാമ്യം വച്ച വസ്തുവാണ്. അത്. വായ്പ തിരിച്ചടച്ചതുമില്ല. അതുകൊണ്ട് വസ്തു ആ കമ്പനിക്ക് അവകാശപ്പെട്ടതാണ്. എന്നാല്‍ കമ്പനിയുടെ രജിസ്‌ട്രേഷന്‍ ഇല്ലാത്ത സമയത്ത് ഈ കേസ് നടന്നതാണ് വിവാദമാകുന്നത്.

തുടര്‍ഭരണം നേടിയതിന് പിന്നാലെയാണ് സിപിഎം പുതിയ ആസ്ഥാന മന്ദിരം നിര്‍മ്മിക്കാന്‍ തീരുമാനം എടുത്തത്. ഇതിന് വേണ്ടിയാണ് പാര്‍ട്ടി ആസ്ഥാനമായ തിരുവനന്തപുരം പാളയത്തെ എകെജി സെന്ററിന് എതിര്‍വശത്ത് 32 സെന്റ് സ്ഥലം വാങ്ങിയത്. 6.4 കോടി രൂപയാണ് പ്രമാണത്തില്‍ രേഖപ്പെടുത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരില്‍ തിരുവനന്തപുരം സബ് രജിസ്റ്റ്രാര്‍ ഓഫിസില്‍ 2391/2021 നമ്പറിലാണ്് സ്ഥലം രജിസ്റ്റര്‍ ചെയ്തത്. ബ്ലോക്ക് നമ്പര്‍ 75; റീസര്‍വേ നമ്പര്‍ 28. മൊത്തം 34 പേരില്‍നിന്നായാണ് 31.95 സെന്റ് സ്ഥലം വാങ്ങിയത്. എകെജി സെന്ററിലായിരുന്നു റജിസ്ട്രേഷന്‍ നടപടികള്‍ എന്ന് അന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.

എകെജി സെന്ററിനു മുന്നില്‍നിന്ന് എംജി റോഡിലെ സ്പെന്‍സര്‍ ജംക്ഷനിലേക്കുള്ള ഡോ. എന്‍.എസ്.വാരിയര്‍ റോഡിന്റെ വശത്താണു സ്ഥലം. ഈ സ്ഥലം വാങ്ങലിലാണ് സിപിഎമ്മിന് തലവേദനയാകുന്ന ഏറെ അപ്രിയ സത്യങ്ങളുള്ളത്. സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയില്‍ എകെജി സെന്റര്‍ പ്രവര്‍ത്തിക്കുന്നത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന ആരോപണം ഏറെക്കാലമായുണ്ട്. എകെജി പഠനഗവേഷണ കേന്ദ്രത്തിനായാണ് കേരള സര്‍വകലാശാല വളപ്പില്‍ നിന്ന് എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ 1977 ല്‍ 34 സെന്റ് സ്ഥലം പതിച്ചുനല്‍കുന്നത്. പഠനഗവേഷണ കേന്ദ്രത്തിന്റെ ചുമതലയുള്ള നേതാക്കള്‍ എകെജി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതോടെ ഇത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസായി മാറുകയായിരുന്നു.


എന്നാല്‍ സിപിഎം ആസ്ഥാന മന്ദിരമെന്നോ സംസ്ഥാന കമ്മിറ്റി ഓഫീസെന്നോ ഒരു ബോര്‍ഡുപോലുമില്ല. ഈ പ്രതിസന്ധി പരിഹരിക്കാനാണ് സിപിഎം പുതിയ വസ്തു വാങ്ങിയത്.

Tags:    

Similar News