ആര് ജയിച്ചാലും നട്ടം തിരിയാന്‍ പോകുന്നത് കാലിയായ ഖജനാവിന്റെ പേരില്‍; ഇടക്കാല സെക്രട്ടറിയായി ബാബു രാജ് നടത്തിയ ധൂര്‍ത്തിന് പിന്നാലെ ഭരണ സമിതിയില്ലാത്തതിനാല്‍ നഷ്ടപ്പെടുന്നത് താരമേളയിലൂടെ നേടിയിരുന്ന മൂന്ന് കോടി: അമ്മയെ കാത്തിരുന്ന് മടുത്ത് മഴവില്‍ മനോരമ ഇക്കുറി താരങ്ങള്‍ക്ക് നേരിട്ട് പ്രതിഫലം നല്‍കി ഓണപ്പരിപാടിക്ക്
കൊച്ചി: താരപരിപാടികളുടെ സ്‌പോണ്‍സര്‍ഷിപ്പ് തുകയാണ് താര സംഘടനയായ അമ്മയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ നട്ടെല്ല്. താര സംഘടനയിലെ മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ പദ്ധതി അടക്കമുള്ളവയുടെ നട്ടെല്ലാണ് ടിവി ഷോയിലൂടെ കിട്ടുന്ന തുക. മഴവില്‍ മനോരമയുമായി സഹകരിച്ച് എല്ലാ വര്‍ഷവും ഓണക്കാലത്ത് അമ്മ താര ഷോ നടത്തും. ഇതിന് താര സംഘടനയ്ക്ക് മനോരമയില്‍ നിന്നും പ്രതിഫലവും എത്തും. മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള താരങ്ങള്‍ ഭാഗമാകുന്ന ഈ ഷോയില്‍ പങ്കെടുക്കുന്നവര്‍ പ്രതിഫലമില്ലാതെ അതുമായി സഹകരിക്കും. അംഗങ്ങളുടെ ഈ സഹകരണത്തിന് പിന്നില്‍ അമ്മയുടെ ഏകോപനമുണ്ട്. എന്നാല്‍ 2025ല്‍ മഴവില്‍ മനോരമയുടെ ഓണപരിപ്പാടിയുടെ തുക താര സംഘടനയ്ക്ക് കിട്ടില്ല. താര സംഘടനയിലെ പ്രശ്‌നങ്ങള്‍ കാരണം മഴവില്‍ മനോരമയുമായി ഇത്തരത്തിലൊരു കരാര്‍ ഉണ്ടാക്കല്‍ സാധ്യമായില്ല. എന്നാല്‍ മഴവില്‍ മനോരമ താര സംഗമം ഒഴിവാക്കിയതുമില്ല. മഴവില്‍ മനോരമയില്‍ ഓണത്തിന് സംപ്രേക്ഷണം ചെയ്യാനുള്ള താര ഷോ ഇത്തവണ അവര്‍ നേരിട്ട് നടത്തും. താരങ്ങളെ നേരിട്ട് വിളിച്ച് അവര്‍ക്ക് നേരിട്ട് പ്രതിഫലം നല്‍കി നടത്തുന്ന പരിപാടി. ഇതോടെ മഴവില്‍ മനോരമയില്‍ നിന്നും പതിവായി അമ്മയിലേക്ക് എത്തുന്ന മൂന്ന് കോടിയോളം രൂപ ഇത്തവണ നഷ്ടമാകും. അമ്മയുടെ ഖജനാവില്‍ കുറയുന്ന ഈ പണം ദൈനംദിന പ്രവര്‍ത്തനങ്ങളെ പോലും ബാധിക്കും.
അതുകൊണ്ട് ഈ തിരഞ്ഞെടുപ്പില്‍ ആരു ജയിച്ച് അധികാരത്തിലെത്തിയാലും താര സംഘടനയെ നയിക്കുകയും നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുകയും ചെയ്യുകയെന്നത് വെല്ലുവിളിയായി മാറും. താര സംഘടനയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയപ്പോള്‍ ഇടക്കാല സെക്രട്ടറിയായി എത്തിയത് ബാബുരാജാണ്. ബാബുരാജിനെതിരെ നിരവധി ധൂര്‍ത്ത് ആരോപണങ്ങള്‍ അമ്മയിലെ അംഗങ്ങള്‍ തന്നെ ഉയര്‍ത്തി. പല സംശയങ്ങളും താരങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലും നിരത്തി. ഇതിനൊപ്പമാണ് അഡ് ഹോക് കമ്മറ്റിയിലെ പ്രശ്‌നങ്ങള്‍ കാരണം മഴവില്‍ മനോരമയുമായി സഹകരിച്ചുള്ള താര മേള നഷ്ടമാകുന്നത്. അമ്മയുടെ വാര്‍ഷിക പൊതു യോഗം വരെ മോഹന്‍ലാല്‍ എല്ലാം നോക്കാന്‍ ഉണ്ടാകുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ ചില താരങ്ങളുടെ വസ്തുനിഷ്ഠമല്ലാത്ത വിമര്‍ശനങ്ങള്‍ ലാല്‍ തിരിച്ചറിഞ്ഞിരുന്നു. ഇതിനൊപ്പം പണിയൊന്നുമില്ലാതെ വെറുതെ ഇരുന്നാല്‍ പോരെ എന്ന ജനറല്‍ ബോഡിയിലെ പരിഹാസവും മോഹന്‍ലാലിന് ഇഷ്ടപ്പെട്ടില്ല. ഇതോടെ അമ്മയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള സഹകരണത്തിന് ഇല്ലെന്ന് മോഹന്‍ലാല്‍ നിലപാട് എടുത്തു. ഇതോടെ സംഘടനയില്‍ അടിമുടി പ്രതിസന്ധിയായി. എല്ലാ അര്‍ത്ഥത്തിലും നാഥനില്ലാ കളരിയായി താര സംഘടന മാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മഴവില്‍ മനോരമ ചാനലിലെ താര മേള പരിപാടിയുടെ കരാര്‍ പോലും ഒപ്പിടാന്‍ ആരുമില്ലാത്ത അവസ്ഥയുണ്ടായത്.
മലയാള സിനിമയുടെ നെടുംതൂണുകളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആമുഖ പ്രസംഗത്തോടെയായിരുന്നു കഴിഞ്ഞ വര്‍ഷം അങ്കമാലി അഡ്ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ 'അമ്മ' മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് ഷോ നടന്നത്. അന്ന് വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. അള്‍ട്ടിമേറ്റ് എന്റര്‍ടെയ്‌നര്‍ പുരസ്‌കാരം ജഗതി ശ്രീകുമാറിന് സമ്മാനിച്ച് മമ്മൂട്ടിയും മോഹന്‍ലാലും അദ്ദേഹത്തോടൊപ്പമുള്ള സിനിമ ഓര്‍മകള്‍ പങ്കുവച്ചത് അടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ജഗതിയുടെ ആയുരാരോഗ്യത്തിനുള്ള പ്രാര്‍ഥനയോടെയാണു മോഹന്‍ലാല്‍ അദ്ദേഹത്തിനു സമീപം നിന്നത്. നവരസങ്ങള്‍ക്ക് അപ്പുറത്തേക്കു കഥാപാത്രങ്ങളെ കൊണ്ടുപോയ പ്രതിഭയായ ജഗതിയെക്കുറിച്ചുള്ള ഓര്‍മയാണു മമ്മൂട്ടി പങ്കിട്ടത്. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള 17 അംഗ സംഘത്തിന്റെ ഗാനമാലികയോടെ ആയിരുന്നു കലാ സായാഹ്നത്തിന് തുടക്കം. സ്റ്റീഫന്‍ ദേവസ്സിക്ക് ആയിരുന്നു സംഗീത വിഭാഗത്തിന്റെ നേതൃത്വം. മമിത ബൈജു, ഗണപതി, മഹിമ നമ്പ്യാര്‍, സാനിയ ഇയ്യപ്പന്‍, ഷംന കാസിം, നിഖില വിമല്‍, ഷെയ്ന്‍ നിഗം ഉള്‍പ്പെടെയുള്ളവരുടെ നൃത്തവും അനാര്‍ക്കലി മരിക്കാര്‍, അപര്‍ണ ബാലമുരളി ഉള്‍പ്പെടെയുള്ളവരുടെ പാട്ടുകളും സദസ്സിന് ആവേശമായി. രമേഷ് പിഷാരടി, റിമി ടോമി, ആര്യ എന്നിവരായിരുന്നു പരിപാടികളുടെ അവതാരകര്‍.
ജയറാം, ലാല്‍, മനോജ് കെ.ജയന്‍, ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, ആസിഫ് അലി, അമല പോള്‍, ഷെയ്ന്‍ നിഗം, നിര്‍മാതാക്കളായ ആന്റോ ജോസഫ്, ജി.സുരേഷ്‌കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
ഇടവേള ബാബുവാണു 2024ല്‍ താരനിശ സംവിധാനം ചെയ്തത്. ഇത്തരത്തില്‍ അമ്മയുമായി സഹകരിച്ച് 2025ലും പരിപാടി നടത്തുകയായിരുന്നു മഴവില്‍ മനോരമയുടെ ലക്ഷ്യം. പക്ഷേ അത് അമ്മയിലെ സംഘടനാ ദൗര്‍ബല്യം കാരണം നടക്കാതെ പോയി. അതിനിടെ അമ്മയുടെ തിരഞ്ഞെടുപ്പ് നടത്താനും മികച്ചൊരു വേദി കണ്ടെത്താന്‍ താര സംഘടനയ്ക്ക് 2025ല്‍ കഴിഞ്ഞില്ലെന്നും സൂചനയുണ്ട്. ഓണപരിപാടിക്ക് വേണ്ടി മനോരമ ബുക്ക് ചെയ്ത സ്ഥലത്ത് തിരഞ്ഞെടുപ്പ് നടത്താനാണ് നിലവിലെ തീരുമാനം.