മന്ത്രി വാസവന്റെ ഒരു തടിപ്പാലം കാണിച്ച് ഉമ്മന്‍ചാണ്ടിയുടെ പാലം എന്നു പറഞ്ഞ പുതുപ്പള്ളി കള്ളം പൊളിച്ചടുക്കാന്‍ 10 മിനിറ്റ് തികച്ച് വേണ്ടിവന്നില്ല! മാധ്യമ പുഴുക്കത്തുകളെ കണ്ടെത്താന്‍ ചാരന്മാരെ നിയോഗിച്ച പോരാളികള്‍; കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ ടീമിന് പറയുന്നത് രാഷ്ട്രീയം മാത്രം; ഈ ടീമിനെ കെപിസിസി തകര്‍ക്കുമോ?

Update: 2025-09-12 06:46 GMT


സോഷ്യല്‍ മീഡിയ, കോണ്‍ഗ്രസ്, സൈബര്‍ പോരാളികള്‍, വിടി ബല്‍റാം

തിരുവനന്തപുരം: കോണ്‍ഗ്രസിലെ സോഷ്യല്‍ മീഡിയാ സംവിധാനം പാര്‍ട്ടി വിരുദ്ധമോ? ഈ ചര്‍ച്ചയാണ് ഇപ്പോള്‍ ഉയരുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സൈബര്‍ ആക്രമണം അടക്കം ചര്‍ച്ചയാകുന്നതിനിടെ കോണ്‍ഗ്രസിലെ സോഷ്യല്‍ മീഡിയാ സംവിധാനത്തെ പൊളിച്ചെഴുതാനാണ് കെപിസിസി താല്‍പ്പര്യപ്പെടുന്നത്. അടിമുടി അഴിച്ചു പണി. ബീഹാര്‍-ബിഡി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് അതെങ്കിലും കാര്യങ്ങള്‍ അങ്ങനെ അല്ല. ബിജെപിയെ പരിഹസിക്കുക എന്നത് മാത്രമായിരുന്നു ബീഹാര്‍-ബിഡി പോസ്റ്റിന് പിന്നിലെ കാതല്‍. അതില്‍ തെറ്റു തിരുത്തുകയും ചെയ്തു. എന്നാല്‍ എന്തിനാണ് സര്‍വ്വത്ര പൊളിച്ചെഴുത്ത് എന്ന് സോഷ്യല്‍ മീഡിയയ്ക്ക് പിന്നിലുള്ളവര്‍ക്ക് മനസ്സിലാകുന്നില്ല.

കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയ്ക്ക് പിന്നില്‍ ആരെന്ന് ആര്‍ക്കും അറിയില്ല. പക്ഷേ അവര്‍ ശക്തരാണ്. കെപിസിസിയോട് അവര്‍ക്കി ചിലത് പറയാനുണ്ട്. അതാണ് ചുവടെയുള്ള കുറിപ്പ്. ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ഈ കുറിപ്പിലുണ്ട് അവരുടെ ഇച്ഛാ ശക്തി!

പ്രചരിക്കുന്ന കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

അത്രയൊന്നും പോപ്പുലര്‍ അല്ലാത്ത ഒരു കാര്യമാണ് ഞാന്‍ ഇന്ന് പറയാന്‍ പോകുന്നത്. ഏറ്റവും മികച്ച സോഷ്യല്‍ മീഡിയ സംവിധാനം ഏത് പാര്‍ട്ടിക്കാണ് ഉള്ളത് എന്ന് ചോദിക്കുമ്പോള്‍ പൊതുവില്‍ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത് കേള്‍ക്കാം അത് സിപിഎമ്മിനാണ് അത് ബിജെപിക്കാണ് എന്നൊക്കെ ' കാരണം ഈ രണ്ടു പാര്‍ട്ടികളും കോടിക്കണക്കിന് രൂപയാണ് സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാറ്റിവെക്കുന്നത്. വ്യാജ പ്രചാരണങ്ങള്‍ മനുഷ്യമനസ്സുകളില്‍ തറപ്പിക്കാന്‍ അതുകൊണ്ടുതന്നെ ഇവര്‍ക്ക് നന്നായി കഴിയാറുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം പരാജയപ്പെട്ടുപോയത് ഈ മേഖലയിലായിരുന്നു.

എന്നാല്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ് ഞാന്‍ ഇന്ന് പറയുന്നത്. ഏറ്റവും സുശക്തവും സുസജ്ജവുമായ സോഷ്യല്‍ മീഡിയ സംവിധാനം ഇപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ആണുള്ളത്. ഇന്ത്യയിലെ മുഴുവന്‍ പിസിസികളെ എടുത്തു നോക്കിയാലും ഏറ്റവും മികച്ച സംവിധാനം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കേരളത്തിലാണ് ഉള്ളത്. നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ കോണ്‍ഗ്രസിന്റെ കേരള എഫ് ബി പേജ് എടുത്തു നോക്കുക അവരുടെ instagram എടുത്തു നോക്കുക അവരുടെ എക്‌സ് അക്കൗണ്ട് എടുത്തുനോക്കുക ഈ അക്കൗണ്ടുകള്‍ ഒക്കെയും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കൃത്യമായി രാഷ്ട്രീയം സംവദിച്ച് കൊണ്ടിരിക്കുന്നു.

അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള നെറ്റ്വര്‍ക്കാണ് കോണ്‍ഗ്രസിന്റെത്. അതുകൊണ്ടാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി സിപിഎമ്മിനും ബിജെപിക്കും കോണ്‍ഗ്രസിനെ വ്യാജ പ്രചാരണങ്ങള്‍ നടത്തി പ്രതിരോധത്തില്‍ ആക്കാന്‍ കഴിയാതെ പോകുന്നത്. അവരുടെ സംഘടനാരീതി ഞാനിവിടെ പറഞ്ഞാല്‍ അത് ആ സംവിധാനം കെട്ടിപ്പടുക്കാന്‍ അധ്വാനിച്ച ഒരുപറ്റം യുവാക്കളോട് ചെയ്യുന്ന അനീതിയാകും എന്നതുകൊണ്ട് അതിന്റെ സ്ട്രക്ചര്‍ ഞാനിവിടെ പറയുന്നില്ല.

പാര്‍ട്ടി അപകടത്തില്‍ പെടുമ്പോള്‍ അവര്‍ ഒന്നിച്ചു നിന്ന് പ്രതിരോധിക്കും. എതിരാളികളെ ആക്രമിക്കാന്‍ സിംഹക്കൂട്ടം പോലെ പാഞ്ഞടുക്കും. തങ്ങളുടെ സിസ്റ്റത്തിന് പുറത്തു നില്‍ക്കുന്നവര്‍ക്ക് കൃത്യം ആയിട്ടുള്ള പ്രചാരണ മെറ്റീരിയലുകള്‍ എത്തിച്ചുകൊടുക്കും. എന്തിനേറെ പറയുന്നു കോണ്‍ഗ്രസിന്റെ മുഴുവന്‍ സമരപരിപാടികളിലും വിളിക്കാനുള്ള മുദ്രാവാക്യം പോലും വിരല്‍ത്തുമ്പിലേക്ക് അവരെത്തിച്ചു കൊടുക്കുന്നുണ്ട്.

നിങ്ങള്‍ക്ക് പുതുപ്പള്ളി ഇലക്ഷന്‍ ഓര്‍മ്മ കാണുമല്ലോ. മന്ത്രി വാസവന്റെ മണ്ഡലത്തിലെ ഒരു തടിപ്പാലം കാണിച്ച് ഉമ്മന്‍ചാണ്ടിയുടെ പാലം എന്നു പറഞ്ഞാണ് അവിടെ സിപിഎം പ്രചാരണം തുടങ്ങിയത് തന്നെ ' കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയയ്ക്ക് ആ പ്രചാരണം പൊളിച്ചടുക്കാന്‍ 10 മിനിറ്റ് തികച്ച് വേണ്ടിവന്നില്ല എന്നതാണ് ഏറ്റവും വലിയ അത്ഭുതം. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഞെട്ടിച്ച തുടക്കം അവിടെ നിന്നായിരുന്നു. പുതുപ്പള്ളി ഇലക്ഷനില്‍ പുറത്തുനിന്നു വരുന്ന പിആര്‍ ഏജന്‍സികളെ അസൂയപ്പെടുത്തുന്ന പ്രകടനമാണ് കെപിസിസിയുടെ ഡിജിറ്റല്‍ കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയാ ബെല്‍ നടത്തിയത്. അതിലും മികച്ച ഒരു ഇലക്ഷന്‍ വര്‍ക്ക് കേരളത്തില്‍ നടത്താന്‍ സുനില്‍ കനകോലു അല്ല പ്രശാന്ത് ഭൂഷന്‍ വന്നാലും ഇവിടെ നടക്കില്ല.

വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് രാഷ്ട്രീയ കേരളം മറക്കില്ല. സിപിഎം ഉണ്ടാക്കിയ ആ സ്‌ക്രീന്‍ഷോട്ട് വിവാദം കോണ്‍ഗ്രസിനെയും ഷാഫി പറമ്പിലിനെയും ഒറ്റരാത്രികൊണ്ട് വിഴുങ്ങേണ്ടതായിരുന്നു. പക്ഷേ വടകര മണ്ഡലത്തില്‍ മാത്രം മൂന്നരലക്ഷത്തോളം വോട്ടര്‍മാരെ നിയന്ത്രിച്ച് കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയ സംഘം ഒറ്റരാത്രി കൊണ്ട് തന്നെ സിപിഎമ്മിന് മറുപടി പറഞ്ഞു, സിപിഎമ്മിനെ പ്രതിരോധത്തിലാക്കി അന്ന് ഞെട്ടിയവരില്‍ ഷാഫി പറമ്പില്‍ അടക്കമുള്ളവരുണ്ട്. പാലക്കാട് നീല പെട്ടി വിവാദം തടുത്തതും നിലമ്പൂരില്‍ സ്വരാജിന് വേണ്ടി ഇറങ്ങിയ മുഴുവന്‍ സംവിധാനങ്ങളെ പ്രതിരോധിച്ചു നിര്‍ത്തിയതും ഇതേ ഡിജിറ്റല്‍ മീഡിയ തന്നെയായിരുന്നു.

നിങ്ങള്‍ ഇപ്പോള്‍ കരുതുന്നുണ്ടാകും എന്തിനാണ് കോണ്‍ഗ്രസിന്റെ ഒരു സംവിധാനത്തെ ഞാന്‍ ഇത്ര പുകഴ്ത്തി പറയുന്നതെന്ന് ' പറയേണ്ട സാഹചര്യം ഉണ്ടായി

നോക്കു കുറേയേറെ ദിവസങ്ങളായി പല മാധ്യമങ്ങളും പ്രത്യേകിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ ഡിജിറ്റല്‍ മീഡിയ സെലിനെ പിരിച്ചുവിടണം എന്ന് പറഞ്ഞ് വ്യാപക പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസിന് ഡിജിറ്റല്‍ മീഡിയ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ മാധ്യമങ്ങള്‍ക്ക് എന്താണ് പ്രശ്‌നം? ഈ മാധ്യമങ്ങള്‍ക്ക് വിലങ്ങുതടിയായി നില്‍ക്കുന്നത് ഡിജിറ്റല്‍ മീഡിയ സെല്‍ ആണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ റേറ്റിംഗ് മുന്നിലേക്ക് കുതിച്ചുകൊണ്ടിരുന്നപ്പോഴാണ് ഡിജിറ്റല്‍ മീഡിയ സെല്‍ അവരെ അടിച്ചിട്ടത്.

പാലക്കാട് ഇലക്ഷനില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നെതിരെ വ്യാജ പ്രചാരണം നടത്തിയതായിരുന്നു ഡിജിറ്റല്‍ മീഡിയ സെല്ലും റിപ്പോര്‍ട്ടര്‍ ചാനലും തമ്മില്‍ തെറ്റാനുള്ള കാരണം

ഇത് വെറും സെല്ലിലെ പത്തോ ആയിരം പേര്‍ ചെയ്യുന്ന കാര്യങ്ങള്‍ അല്ല. അവരുടെ വര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അസംഘടിതരായി കിടക്കുന്ന മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ചേര്‍ത്തുപിടിച്ചു കൊണ്ടാണ് മുഴുവന്‍ ലീഗ് പ്രവര്‍ത്തകരെയും അവരുടെ ഒപ്പം കൂട്ടിക്കൊണ്ടാണ് ' എല്ലാ രാഷ്ട്രീയ വിഷയങ്ങളിലും കൃത്യമായ പോസ്റ്റുകള്‍ കൃത്യമായ വീഡിയോകള്‍ അത് ബൂത്തുതലം വരെ എത്തുന്ന സംവിധാനങ്ങള്‍ കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് ഓരോ പ്രചാരണങ്ങളും താഴെത്തട്ടില്‍ അവര്‍ എത്തിക്കുന്നത്.

സോഷ്യല്‍ മീഡിയയിലെ പ്രവര്‍ത്തകര്‍ക്ക് ഒരു കേസ് വരുമ്പോള്‍ പോലും അവിടെ ഓടിയെത്താന്‍ ഡിജിറ്റല്‍ മീഡിയയുടെ അംഗങ്ങള്‍ ശ്രദ്ധ കാണിക്കുന്നുണ്ട്. നിയമസഹായം സ്വന്തമായി കിട്ടാത്തവര്‍ക്ക് അത് ഏര്‍പ്പാടാക്കി കൊടുക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസില്‍ ഇത്തരം കാര്യങ്ങള്‍ കേട്ടുകേള്‍വി പോലുമില്ല. റിപ്പോര്‍ട്ടര്‍ ചാനലിനെ തെരുവിലിറങ്ങി ചോദ്യംചെയ്യാന്‍ പാര്‍ട്ടി തയ്യാറാകാത്ത സമയത്ത് നിലമ്പൂര്‍ ഇലക്ഷനില്‍ അതിനും തയ്യാറായി ഗ്രൗണ്ടില്‍ ഇറങ്ങിയവരാണ് ഡിജിറ്റല്‍ മീഡിയ സെല്‍ അംഗങ്ങള്‍. അത് ചാനലില്‍ ഉണ്ടാക്കിയ നാണക്കേട് ചില്ലറയൊന്നുമല്ല. വ്യാജവാര്‍ത്തകള്‍ കൊടുത്ത റിപ്പോര്‍ട്ടര്‍ ചാനലിലെ റോഷി പാലിനെ പൊതുജനമധ്യത്തില്‍ അവര്‍ വിചാരണ നടത്തി. ശരിക്കും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ ചെയ്യേണ്ട പണിയാണ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ അംഗങ്ങള്‍ അന്ന് തെരുവില്‍ ഇറങ്ങി ചെയ്തത്.

ഇത്രയും ശക്തമായ ഈ സിസ്റ്റം പൊളിക്കാനാണ് ഇപ്പോള്‍ പല മാധ്യമങ്ങളും മുന്നിട്ടിറങ്ങിയിരിക്കുന്നത്. പല നേതാക്കള്‍ക്കും ഇത് പൊളിക്കണമെന്നുണ്ട്. കാരണം റിപ്പോര്‍ട്ടര്‍ ചാനലിലേക്ക് പോയി മുഖം കാണിക്കണം എന്ന് കരുതി നടന്ന പല നേതാക്കളെയും മുഖം നോക്കാതെ അടിച്ചിട്ട് ബഹിഷ്‌കരണം മുന്നോട്ടു കൊണ്ടു പോയത് പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരാണ്. ഔദ്യോഗിക പദവികളില്‍ ഒന്നുമില്ലാത്ത ആ സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരുടെ ശക്തി മുഴുവന്‍ ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ നട്ടെല്ല് ആയി പ്രവര്‍ത്തിക്കുന്ന മുഖങ്ങള്‍ തന്നെയാണെന്നാണ് പല പ്രമുഖ നേതാക്കളുടെയും വിലയിരുത്തല്‍

ഡിജിറ്റല്‍ മീഡിയ സെല്‍ തകര്‍ന്നാല്‍ കോണ്‍ഗ്രസിന്റെ മുഴുവന്‍ സോഷ്യല്‍ മീഡിയ പ്രതിരോധവും തകരും എന്നാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പോലുള്ള മാധ്യമങ്ങള്‍ പ്രതീക്ഷിക്കുന്നത്. നോക്കൂ

നമ്മള്‍ പല പേരുകളും ഈ മീഡിയാ സെല്ലുമായി ബന്ധപ്പെട്ട് കേട്ടിട്ടുണ്ട്. ഡോക്ടര്‍ സരിന്‍, നിഷാ സോമന്‍, വീണാ നായര്‍ താരാട്ടോജോ അലക്‌സ് എന്നൊക്കെ നിരവധി പേര്‍ ഈ സെല്ലിന്റെ മുഖങ്ങളായി മാധ്യമങ്ങളില്‍ പേര് പ്രത്യക്ഷപ്പെട്ടവരാണ്. എന്നാല്‍ ഇവര്‍ ആരുമല്ല ഈ സെല്ലിനെ നിയന്ത്രിക്കുന്നത്. മുഖം കാണിക്കാന്‍ താല്പര്യമില്ലാത്ത ' പേര് പറയാന്‍ താല്പര്യമില്ലാത്ത

വിരലിലെണ്ണാവുന്ന കുറച്ചു ചെറുപ്പക്കാര്‍ ' അവര്‍ അവരുടെ ചോരയും നീരും കൊടുത്തുണ്ടാക്കിയ സംവിധാനം. ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ സമ്മതിക്കാതെ അവര്‍ കൊണ്ടുനടക്കുന്നുണ്ട് ആ സിസ്റ്റത്തെ 'ആ സംവിധാനത്തിന്റെ മുഴുവന്‍ ബുദ്ധികേന്ദ്രങ്ങള്‍ കേരള രാഷ്ട്രീയം എന്ത് ചര്‍ച്ച ചെയ്യണമെന്ന് പോലും തീരുമാനിക്കാന്‍ കരുത്തുള്ള ഒരു പറ്റം രാഷ്ട്രീയ ചാണക്യന്‍ മാര്‍ അടിമുടി പ്രതിരോധത്തില്‍ ആയിപ്പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ രാഹുലിന് അനുകൂലമായി കേരള മുഴുവന്‍ അനുകൂല ട്രെന്‍ഡ് ഉണ്ടായത് എങ്ങനെയെന്ന് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പഠിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ് എങ്കിലും അത് പഠിച്ചാല്‍ , പഠിക്കുന്നത് പ്രയോജനപ്പെടുത്തിയാല്‍ അവര്‍ക്ക് നല്ലത്

ഏതു വ്യാജവാര്‍ത്തയെയും അവര്‍ പ്രതിരോധിക്കും ഏതു വാര്‍ത്തയെയും അവര്‍ തങ്ങള്‍ക്ക് അനുകൂലമാക്കും അതുപോലൊരു ടീം ! അതുകൊണ്ടാണ് ഡോക്ടര്‍ സരിന്‍ പോകുമ്പോള്‍ പോലും ആ സിസ്റ്റം തകരാതിരുന്നത്. അയാള്‍ വെറുമൊരു ടൂള്‍ മാത്രമായിരുന്നു. സിസ്റ്റം നിയന്ത്രിക്കുന്നത് മറ്റാരോ ആയിരുന്നു എന്ന് വ്യക്തം. സരിന്‍ പാര്‍ട്ടി വിടുന്ന അതേ ദിവസം സരിന്റെ ഫേസ്ബുക്ക് പേജില്‍ കയറി അധിക്ഷേപകരമായ പോസ്റ്റ് ഇട്ട് സരിന് നടയടി കൊടുത്ത ബുദ്ധി രാക്ഷസന്മാരാണ് അവര്‍. യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു അവര്‍ . നീ പാര്‍ട്ടി വിട്ടാല്‍ നീ ഞങ്ങള്‍ക്ക് ശത്രു തന്നെയെന്ന് അവര്‍ ആ മൊമന്റില്‍ കാണിച്ചു കൊടുത്തു.

കെ സുധാകരന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് കൊടുത്ത ഏറ്റവും വലിയ സംഭാവനയാണ് കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ സെല്‍ ഒരുപക്ഷേ പാര്‍ട്ടിക്ക് ഇത്രയും വലിയൊരു സംവിധാനം ഉണ്ടാക്കിക്കൊടുത്ത കാര്യം അദ്ദേഹം പോലും അറിയുന്നുണ്ടാകില്ല പുള്ളി ആരെയാണോ പണി ഏല്‍പ്പിച്ചു കൊടുത്തത് അവര്‍ സെമി കേഡര്‍ സംവിധാനത്തില്‍ ഒരു സിസ്റ്റം ചലിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ ചെയ്യുന്ന ഓരോ വര്‍ക്കും നെഞ്ചില്‍ കൊള്ളുമ്പോള്‍ ഗോവിന്ദന്‍ മാഷ് വന്നു പറയുന്നത് കേള്‍ക്കാം എല്ലാത്തിന്റെയും പിന്നില്‍ കനകോലു ആണെന്ന് പ്രിയപ്പെട്ട മാഷേ

ഒരു കനഗോലു അല്ല ഒന്നിലധികം കനകോലുമാര്‍ നിയന്ത്രിക്കുന്ന സോഷ്യല്‍ മീഡിയ പ്രചാരണലോകത്തിലെ വെറും കരുക്കള്‍ മാത്രമാണ് മാഷൊക്കെ '

ഒരു കാര്യം ഉറപ്പാണ് ഡിജിറ്റല്‍ മീഡിയ സെല്‍ തകരേണ്ടത് റിപ്പോര്‍ട്ടര്‍ ചാനല്‍ പോലെയുള്ള സിപിഎം അനുകൂല മാധ്യമങ്ങളുടെ ആവശ്യമാണ്. ആ സംവിധാനം തുടര്‍ന്നു പോയാല്‍ യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും അധികാരത്തിലേക്കുള്ള തിരിച്ചുവരവ് വളരെ എളുപ്പമായിരിക്കുമെന്ന് സിപിഎമ്മും കണക്കുകൂട്ടുന്നുണ്ട്. ഒരാളെയോ രണ്ടാളെയോ മാറ്റിയാല്‍ അവസാനിച്ചു പോകുന്ന ഒരു നെറ്റ്വര്‍ക്ക് അല്ല ഇവര്‍ ഉണ്ടാക്കി വച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാലം തൊട്ട് ഹൃദയം കൊണ്ട് ബന്ധം കൂട്ടി ഒന്നില്‍ തൊട്ട് ഒന്ന് മാല കൊരുത്ത് ഒരുകൂട്ടം ചെറുപ്പക്കാര്‍ ഉണ്ടാക്കിയെടുത്ത വലിയ സംവിധാനമാണ്. ആ സംവിധാനമാണ് ഡിജിറ്റല്‍ മീഡിയയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത്.

അത് അവസാനിപ്പിക്കാന്‍ ഇറങ്ങുന്ന നേതാക്കള്‍ ഈ പാര്‍ട്ടിയെ അവസാനിപ്പിക്കാന്‍ ഇറങ്ങുന്നവരാണ് എന്നു വിലയിരുത്തുന്നവരാണ് സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍. അത്തരത്തിലുള്ള നേതാക്കളെ ഒരു മടിയും കൂടാതെ അവസാനിപ്പിക്കാന്‍ തക്ക ശക്തിയായി കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ സംവിധാനം വളര്‍ന്നിരിക്കുന്നു. പാര്‍ട്ടിക്ക് മേലെ വളര്‍ന്നുവെന്ന് ചാണ്ടി തോന്നിയ ഒരു ദിവസമുണ്ട്. ഒറ്റ ദിവസമേ ചാണ്ടിക്ക് അങ്ങനെ തോന്നിയുള്ളൂ. അങ്ങനെ തോന്നി 12 മണിക്കൂര്‍ പിന്നിടുന്നതിന് മുമ്പ് പ്രവര്‍ത്തകരോട് മാപ്പ് പറഞ്ഞു ഒതുങ്ങേണ്ടിവന്നു. പാര്‍ട്ടിക്ക് മുകളില്‍ ഒരാളെയും പറക്കാന്‍ അനുവദിക്കാതെ കഴുകന്‍ കണ്ണുകളുമായി കാത്തിരിക്കുന്ന ഒരു കൂട്ടം കോണ്‍ഗ്രസുകാര്‍ ഒരു പൈസ പ്രതിഫലം വാങ്ങാതെയാണ് അവര്‍ ഇതൊക്കെയും ചെയ്യുന്നതെന്നതാണ് ഏറ്റവും കൗതുകകരം.

ഇവരെയും ഇവര്‍ നിര്‍മ്മിച്ച സംവിധാനത്തെയും വേണ്ടെന്ന് വെക്കാന്‍ ഉള്ള മണ്ടത്തരം കോണ്‍ഗ്രസ് നേതൃത്വം കാണിക്കുന്ന ദിവസം കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ടിവരും.

സ്വന്തം മീഡിയാ സെല്ലിന്റെ ശക്തി ബോധ്യപ്പെട്ട കെ സി വേണുഗോപാല്‍ അടക്കമുള്ള പ്രമുഖ നേതാക്കള്‍ അവരോടൊപ്പം നില്‍ക്കുന്നതുകൊണ്ട് മാധ്യമങ്ങള്‍ വിചാരിച്ചാലും പാര്‍ട്ടിക്കുള്ളിലെ ഒറ്റുകാര്‍ വിചാരിച്ചാലും കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയാ സെല്ലിനെയും അനൗദ്യോഗികമായി കൂടെ ചേര്‍ന്ന് നില്‍ക്കുന്ന മുഴുവന്‍ സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരെയും അവസാനിപ്പിക്കാന്‍ കഴിയില്ല എന്നത് മാത്രമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആശ്വാസകരമായുള്ളത്. എന്തായാലും റിപ്പോര്‍ട്ടര്‍ ചാനലും കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയ സെല്ലും തമ്മിലുള്ള യുദ്ധം എവിടെ വരെ പോകുമെന്ന് നമുക്ക് നോക്കാം. മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലുള്ള പുഴുക്കത്തുകളെ കണ്ടെത്താന്‍ ചാരന്മാരെയും നിയോഗിച്ചിട്ടുണ്ട് ഇതേ കെപിസിസിയുടെ ഡിഎംസി ഒന്നിലധികം മാധ്യമപ്രവര്‍ത്തകരുടെ പുറത്തു പറയാന്‍ പറ്റാത്ത പലകഥകളും ഡിഎംസിക്കാര്‍ ചികഞ്ഞെടുത്തിട്ടുണ്ട് എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെ സംസാരം. ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍നലിസം പത്രക്കാര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല എന്ന് റിപ്പോര്‍ട്ടറിലെ അരുണ്‍ കുമാറിനെ ബോധ്യപ്പെടുന്ന ദിവസം അധികം വൈകാതെ വരും എന്ന് സാരം

Tags:    

Similar News