ഹലോ മിസ്റ്റര്‍ ബി ലൈനിലുണ്ട്.. ഡോ സൗമ്യ പറയുന്നത് പലതും കളവെന്നു മിസ്റ്റര്‍ ബി; സൗമ്യ ക്ഷമ പറഞ്ഞു മെസേജ് അയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് മറുനാടന്‍ മലയാളിക്ക്; തന്റെ അമ്മയെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിനു മാപ്പ് പറയാതെ ഒരിഞ്ചു വിട്ടു വീഴ്ചയ്ക്ക് ഇല്ലെന്നു മിസ്റ്റര്‍ ബി
ഡോ സൗമ്യ പറയുന്നത് പലതും കളവെന്നു മിസ്റ്റര്‍ ബി
കവന്‍ട്രി: ഞായറാഴ്ച രാവിലെ ഡോ. സൗമ്യ സരിന്റെ ഫേസ്ബുക് ലൈവ് ഷോ കണ്ടു യുകെ മലയാളികള്‍ മാത്രമല്ല ലോകമെങ്ങും ഉള്ള പ്രവാസികള്‍ നാണിച്ചു തല താഴ്ത്തുക ആയിരുന്നു. ക്രിസ്മസ് - പുതുവത്സര അവധിക്കാലം ആഘോഷിക്കാന്‍ യുകെയില്‍ എത്തിയ സൗമ്യയെയും ഭര്‍ത്താവ് സരിനെയും യുകെ മലയാളിയായ മിസ്റ്റര്‍ ബി താമസവും യാത്രയുടെയും ഒക്കെ മുന്‍കൂര്‍ ബുക്കിംഗ് ഏറ്റെടുത്ത് അഞ്ചു ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പിന് ഇരയാക്കി എന്നാണ് ഡോ. സൗമ്യ പറഞ്ഞതിന്റെ ചുരുക്കം. അരമണിക്കൂര്‍ നീണ്ട ഫേസ്ബുക്ക് ലൈവ് ആയിരക്കണക്കിന് മലയാളികള്‍ കണ്ടതോടെ ഇക്കാര്യം വ്യക്തമാക്കി മറുനാടന്‍ മലയാളി ഇന്നലെ വാര്‍ത്ത നല്‍കിയിരുന്നു.
എന്നാല്‍ സൗമ്യ പറയാതെ പോയ മിസ്റ്റര്‍ ബി ആരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയാണ് മറുനാടന്‍ മലയാളി വാര്‍ത്ത നല്‍കിയത്. മിസ്റ്റര്‍ ബി യുടെ പൂര്‍ണ പേരിലേക്ക് സൂചന നല്‍കുന്ന കാര്യവും മറുനാടന്‍ മലയാളി വെളിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകം പേരാണ് മറുനാടന്‍ മലയാളിയില്‍ വിളിച്ചു ആരാണ് മിസ്റ്റര്‍ ബി എന്ന് വെളിപ്പെടുത്തുമോ എന്ന ചോദ്യവുമായി എത്തിയത്. എന്നാല്‍ ബിര്‍മിങ്ഹാം പരിസരത്തുള്ള മലയാളികള്‍ ആകട്ടെ മിസ്റ്റര്‍ ബിയെ കണ്ടെത്തി തരാം എന്ന വാഗ്ദാനവും ആയാണ് വിളിച്ചത് എന്നതും ശ്രദ്ധേയമായി.
എന്നാല്‍ രാവിലെ പത്തേകാലോടെ കാര്യങ്ങള്‍ മാറിമറിയുന്ന ഒരു ഫോണ്‍ സന്ദേശമാണ് മറുനാടന്‍ മലയാളിയെ തേടി എത്തിയത്. ഫോണ്‍ എടുത്തപ്പോള്‍ പേര് പറയൂ എന്ന ആവശ്യത്തിന് ''ഇത് മിസ്റ്റര്‍ ബി'' എന്നായിരുന്നു മറുതലയ്ക്കല്‍ നിന്നുള്ള പ്രതികരണം. പൊതുവെ ഇത്തരം വാര്‍ത്തകളോടുള്ള പ്രതികരണം അറിയിക്കാന്‍ വിളിക്കുന്നവര്‍ രോഷം അടക്കാനാകാതെ പൊട്ടിത്തെറിക്കുന്ന സാഹചര്യം പ്രതീക്ഷിച്ചിടത്തു തികച്ചും സ്വാഭാവികമായാണ് മിസ്റ്റര്‍ ബി പ്രതികരണം അറിയിച്ചത്.
ഏകദേശം 40 മിനിറ്റിലേറെ നീണ്ട സംഭാഷണത്തില്‍ മിസ്റ്റര്‍ ബി പലപ്പോഴും തനിക്കേറ്റ മാനസിക പ്രയാസത്തില്‍ ചിതറിയ വാക്കുകളോടെയാണ് മറുനാടന്‍ മലയാളിയെ പ്രതികരണം അറിയിച്ചത്. മിസ്റ്റര്‍ ബിക്ക് പേര് വെളിപ്പെടുത്തിക്കൂടേ എന്ന ചോദ്യത്തിന് നിങ്ങള്‍ക്ക് എന്നെ അറിയാമല്ലോ എന്നായിരുന്നു മറുപടി. എന്നാല്‍ താങ്കള്‍ ആരാണ് എന്നറിയാന്‍ അനേകമാളുകള്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞപ്പോള്‍ സമയമാകുമ്പോള്‍ മറുനാടന്‍ മലയാളിയില്‍ കൂടി തന്നെ താന്‍ പേര് വെളിപ്പെടുത്തും എന്നാണ് മിസ്റ്റര്‍ ബി അറിയിച്ചത്.
താന്‍ പറയുന്നത് വിശ്വസിക്കാതിരിക്കണ്ട എന്നതിന് മിസ്റ്റര്‍ ബി സൗമ്യ സരിനുമായുള്ള വാട്‌സാപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും മറുനാടന്‍ മലയാളിക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗമ്യ സരിന്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട് എന്ന് പരസ്യമായി പ്രഖ്യാപിച്ചതിനാല്‍ ഇരുവര്‍ക്കും ഇടയില്‍ നടന്ന ബിസിനസിന്റെ ഭാഗമായുള്ള ഈ ചാറ്റ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുവാന്‍ മറുനാടന്‍ മലയാളി തയ്യാറാകുന്നില്ല. എന്നാല്‍ ചാറ്റുകളില്‍ ഒരു ഭാഗത്തു സൗമ്യയുടെ പ്രതികരണം ''ആം സോറി ഫോര്‍ വാട്ട് ഹാപ്പെന്‍ഡ് ''എന്ന ഭാഗം ഹൈലൈറ്റ് ചെയ്താണ് മിസ്റ്റര്‍ ബി നല്‍കിയിരിക്കുന്നത്.
സൗമ്യയ്ക്ക് സോറി പറയാനുണ്ടായ സാഹചര്യം ഇവര്‍ക്കിടയില്‍ ഉണ്ടായത് എങ്ങനെയെന്ന് ഒന്നുകില്‍ സൗമ്യയോ അല്ലെങ്കില്‍ മിസ്റ്റര്‍ ബിയോ വെളിപ്പെടുത്തേണ്ട കാര്യമാണ്. മിസ്റ്റര്‍ ബി യുടെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ സൗമ്യ പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായും ശരിയെന്നു വിലയിരുത്താനുമാകില്ല. എന്നാല്‍ എന്നാല്‍ സൗമ്യയുടെ വീഡിയോ കണ്ടവര്‍ മിസ്റ്റര്‍ ബി വലിയൊരു തട്ടിപ്പുകാരന്‍ ആണെന്ന് വിശ്വസിച്ചതിനാലാണ് ഇന്നലെ മിസ്റ്റര്‍ ബി പറഞ്ഞ കാര്യങ്ങളുടെ ചുരുക്കം പ്രസിദ്ധീകരിക്കാന്‍ മറുനാടന്‍ മലയാളി നിര്‍ബന്ധിതമാകുന്നത്.
സംഭവിച്ചിരിക്കാന്‍ സാധ്യതയുള്ളത് ഇങ്ങനെയാകാം
മിസ്റ്റര്‍ ബി പറയുന്നതും കഴിഞ്ഞ ദിവസം സൗമ്യ പറയുന്നതും യുകെ ട്രിപ്പില്‍ വിമാനടിക്കറ്റ് അടക്കം ഉള്ള കാര്യങ്ങളില്‍ ബുക്കിംഗിനു സഹായവുമായി എത്തിയതു കഴിഞ്ഞ ആഗസ്റ്റിലാണ്. അന്ന് സൗമ്യയുടെ ഭര്‍ത്താവ് കോണ്‍ഗ്രസിന്റെ ഐടി സെല്‍ കണ്‍വീനറാണ്. ആ സമയത്തു സരിനു യുകെയില്‍ കാര്യമായ ബന്ധങ്ങളില്ല. എന്നാല്‍ പിന്നീട് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വരുകയും സരിന്‍ പാര്‍ട്ടി മാറി ഇടതു പക്ഷത്ത് എത്തുകയും ചെയ്തു.
ഇലക്ഷനില്‍ സരിന്‍ മൂന്നാം സ്ഥാനത്തു പോയെങ്കിലും അപ്പോഴേക്കും പ്രവാസികളായ സഖാക്കള്‍ക്ക് ഇടയിലും സരിന്‍ പ്രിയപ്പെട്ട സഖാവായി മാറിക്കഴിഞ്ഞിരുന്നു. അങ്ങനെയാണ് സരിനു യുകെയിലെ ബന്ധങ്ങള്‍ വിപുലമാകുന്നതും യുകെ സന്ദര്‍ശന വിവരം പുറത്തു പറയുന്നതും. ഈ സാഹചര്യത്തില്‍ യുകെയിലെ സഖാക്കള്‍ താമസവും യാത്രയും ഒക്കെ അന്വേഷിച്ച കൂട്ടത്തില്‍ സരിന്‍ അതോക്കെ സെറ്റ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു എതിര്‍ രാഷ്ട്രീയ ചേരിയില്‍ ഉള്ള മിസ്റ്റര്‍ ബിയുടെ പേര് പറഞ്ഞിരിക്കാനാണ് സാധ്യത.
ഇതോടെ എന്തിനാണ് അത്രയും പണം ചിലവിട്ട് യുകെയില്‍ താമസവും യാത്രയും എന്നൊക്കെ യുകെ സഖാക്കളുടെ ചോദ്യം എത്തിയിരിക്കാന്‍ സാധ്യതയുണ്ട്. കാരണം പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍, എ എ റഹീം എംപി, ഇടതു സഹയാത്രിക ദീപ നിഷാന്ത് തുടങ്ങിയവരൊക്കെ എത്തിയപ്പോള്‍ സഖാക്കളുടെ വീടുകളില്‍ താമസവും ഭക്ഷണവും ഒക്കെ ഒരുക്കിയിരുന്നു. എറണാകുളം പാര്‍ട്ടി ജില്ലാ സെക്രട്ടറി എത്തിയപ്പോള്‍ ഹോട്ടല്‍ അടക്കമുള്ള കേന്ദ്രങ്ങളിലായിരുന്നു താമസം.
ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രി ആയിരുന്ന തോമസ് ഐസക് യുകെയില്‍ എത്തുമ്പോഴും ഇതായിരുന്നു പതിവ്. ഇങ്ങനെ പ്രീതി പിടിച്ചു പറ്റിയ ഒരു സഖാവ് പിന്നീട് പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേട് ഉണ്ടാക്കിയ ഏര്‍പ്പാടുകളില്‍ ചെന്ന് ചാടിയപ്പോള്‍ ഇത്തരം സ്വീകരണ പരിപാടികള്‍ ഒഴിവാക്കണമെന്നു മന്ത്രിമാര്‍ക്ക് പാര്‍ട്ടി നിര്‍ദേശവും നല്‍കിയിരുന്നു, എന്നാല്‍ സരിനെ പോലൊരാള്‍ ഔദ്യോഗിക പദവികള്‍ വഹിക്കാത്തതിനാല്‍ പാര്‍ട്ടി അനുഭാവികളുടെ വീടുകളില്‍ താമസിക്കുന്നതില്‍ തെറ്റ് കണ്ടെത്താനാകില്ല. യുകെയില്‍ നിന്നും ഇത്തരം ഓഫറുകള്‍ വന്നതോടെ എന്തിനാണ് പണം ചിലവാക്കി താമസവും യാത്രകളും എന്ന ചിന്ത സ്വാഭാവികമായും സരിനും സൗമ്യയ്ക്കും തോന്നിയിരിക്കാം.
ഇതോടെയാണ് യാത്രയ്ക്ക് അധികം നാള്‍ ബാക്കിയില്ലാത്ത സാഹചര്യത്തില്‍ മുഴുവന്‍ ബുക്കിംഗും കാന്‍സല്‍ ചെയ്യാന്‍ മിസ്റ്റര്‍ ബിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ തനിക്ക് സാമ്പത്തിക ബാധ്യത വരുന്ന ആ റദ്ദാക്കല്‍ സാധിക്കില്ലെന്ന് എടുത്തടിച്ചു മിസ്റ്റര്‍ ബി പറഞ്ഞതോടെയാണ് ഇവര്‍ക്കിടയില്‍ കശപിശ ആരംഭിക്കുന്നത്. വര്‍ഷങ്ങളായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന തനിക്ക് നഷ്ടം ഏറ്റെടുക്കാന്‍ സാധിക്കുമായിരുന്നില്ല എന്നാണ് ഇപ്പോള്‍ മിസ്റ്റര്‍ ബി പറയുന്നത്.
പണം കിട്ടാന്‍ വേണ്ടി എന്റെ അമ്മയെ ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തിയത് എന്തിന്?
ഏതാനും വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച ശേഷം ഒറ്റയ്ക്ക് ജീവിക്കുന്ന തന്റെ വൃദ്ധയായ അമ്മയെ എന്തിനാണ് ക്രിസ്തുമസ് ദിനങ്ങളില്‍ ഗുണ്ടകളെ വിട്ടു ഭീഷണിപ്പെടുത്തിയതിന് എന്നതിന് സൗമ്യയും ഭര്‍ത്താവും മറുപടി പറയേണ്ടി വരും എന്നാണ് ഇപ്പോള്‍ മിസ്റ്റര്‍ ബി മറുനാടന്‍ മലയാളിയോട് വ്യക്തമാകുന്നത്. അങ്ങനെ ഒരു സംഭവം നടന്നെങ്കില്‍ അതിനു പിന്നില്‍ സൗമ്യയോ സരിനോ ആണെന്ന് എങ്ങനെ ഉറപ്പിക്കാനാകും എന്ന ചോദ്യത്തിന് അതിനാവശ്യമായ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്നാണ് മിസ്റ്റര്‍ ബി പറയുന്നത്. മാത്രമല്ല ആ വീഡിയോ ദൃശ്യങ്ങള്‍ യുകെയിലെ തന്റെ സുഹൃത്തുക്കളായ സഖാക്കള്‍ ഷെയര്‍ ചെയ്തു തന്നത് സൗമ്യയുടെ മൊബൈല്‍ നിന്നും ആണെന്നതും വ്യക്തമായി അറിയാവുന്ന കാര്യമാണ്.
പണം സംബന്ധിച്ച കാര്യത്തിന് അക്കാര്യത്തില്‍ യാതൊരു പങ്കുമില്ലാത്ത വൃദ്ധയായ അമ്മയെ പ്രയാസപ്പെടുത്തിയതിനു മാപ്പ് പറഞ്ഞില്ലെങ്കില്‍ സൗമ്യയുടെ ഉറക്കം കെടുത്താനും തനിക്കാകും എന്നാണ് മിസ്റ്റര്‍ ബി സൂചിപ്പിക്കുന്നത്. ഇതോടെ കഴിഞ്ഞ ദിവസം സൗമ്യ പറഞ്ഞതിനും അപ്പുറമായ കാര്യങ്ങള്‍ ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന സൂചനകള്‍ വ്യക്തമാകുന്നത്. തന്നെ പകല്‍ മാന്യന്‍ എന്ന് സൗമ്യ വിശേഷിപ്പിച്ചത് അക്ഷരം പ്രതി ശരിയാണെന്നും പകലും രാത്രിയും മാന്യത നഷ്ടപെടാത്തവന്‍ ആണ് താനെന്നും ഇപ്പോള്‍ തന്റെ കുടുംബത്തിന് ഉണ്ടായ മാനഹാനിക്കും സൗമ്യ ഉത്തരം നല്‍കേണ്ടി വരും എന്നും മിസ്റ്റര്‍ ബി ഓര്‍മ്മിപ്പിക്കുന്നു.
സരിനുമായി മിസ്റ്റര്‍ ബിയ്ക്ക് നീണ്ടകാലത്തെ സൗഹൃദ ബന്ധം, കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ നുണ പറഞ്ഞ സൗമ്യയുടെ വാക്കുകള്‍ക്ക് എന്ത് വിലയെന്ന മിസ്റ്റര്‍ ബിയുടെ ചോദ്യം രാഷ്ട്രീയ കേരളത്തിനും കൗതുകമാകും
അതിനിടെ ഒരു സുഹൃത്തു വഴിയാണ് മിസ്റ്റര്‍ ബി യുമായി പരിചയപ്പെടാന്‍ ഇടയായത് എന്ന് സൗമ്യ പറയുന്നുണ്ടെങ്കിലും മിസ്റ്റര്‍ ബി വെളിപ്പെടുത്തുന്നത് സരിനുമായി ഏകദേശം പത്തു വര്‍ഷത്തോളമുള്ള ബന്ധമാണ്. കോണ്‍ഗ്രസിന്റെ ഐ ടി സെല്‍ തലപ്പത്തു സരിന്‍ വന്നതോടെ സൗഹൃദം മുറുകി. അങ്ങനെയിരിക്കെ കോണ്‍ഗ്രസ് വിടുന്നതിനു മുന്‍പാണ് സരിന്‍ യുകെ സന്ദര്‍ശന ഉദ്ദേശം മിസ്റ്റര്‍ ബിയുമായി പങ്കുവയ്ക്കുന്നത്. സഹായിക്കാന്‍ സന്തോഷമേയുള്ളൂ എന്ന് മിസ്റ്റര്‍ ബി വ്യക്തമാകുകയും ചെയ്തു. ഇതോടെയാണ് എല്ലാ കാര്യങ്ങളും പ്ലാന്‍ ചെയ്യുന്നത് സൗമ്യ ആണെന്നും തുടര്‍ന്നുള്ള കാര്യങ്ങള്‍ സംസാരിക്കാന്‍ നമ്പര്‍ ഷെയര്‍ ചെയ്തു നല്‍കുന്നതും. ഇത്തരം കാര്യങ്ങളില്‍ തനിക്ക് നുണ പറയേണ്ട ആവശ്യം ഇല്ലെന്നും മിസ്റ്റര്‍ ബി പറയുന്നു.
മാത്രമല്ല തന്നോട് സൗമ്യ പല കാര്യങ്ങളില്‍ പറഞ്ഞതില്‍ ഒന്നാണ് പാലക്കാട്ടെ സരിന്റെ ഇടതു സ്ഥാനാര്‍ത്ഥിത്വം. ഇക്കാര്യം മറ്റാരും അറിയുന്നതിന് മുന്‍പേ താന്‍ സൗമ്യയില്‍ നിന്നാണ് അറിഞ്ഞത്. കേരളത്തില്‍ മാധ്യമങ്ങളോട് പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളാണ് മിസ്റ്റര്‍ ബി വെളിപ്പെടുത്തുന്നത്. ഭര്‍ത്താവിന്റെ രാഷ്ട്രീയത്തില്‍ താന്‍ ഇടപെടാറില്ല എന്നാണ് സൗമ്യ പറഞ്ഞതെങ്കിലും സൗമ്യക്ക് എല്ലാക്കാര്യങ്ങളും അറിയാമായിരുന്നു എന്നും മിസ്റ്റര്‍ ബി പറയുന്നു.
സാരിന്റെ ഇടതു സ്ഥാനാര്‍ത്ഥിത്വം പുറത്തു വരുന്നത് ഒക്ടോബര്‍ 18ന് ആണെങ്കിലും സൗമ്യ തന്നോട് ഇക്കാര്യം ഒക്ടോബര്‍ 16നു പറഞ്ഞിരുന്നു എന്നും മിസ്റ്റര്‍ ബി പറയുമ്പോള്‍ സൗമ്യയുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുകയാണ്. ഇക്കാര്യം മിസ്റ്റര്‍ ബി ആണോ കെപിസിസി നേതൃത്വത്തിനു ചോര്‍ത്തി കൊടുത്തത് എന്ന ചോദ്യത്തോട് താന്‍ അങ്ങനെ ചെയ്തിട്ടില്ല, അതിനു കാരണം സരിനോട് മുന്‍പേ ഉണ്ടായിരുന്ന അടുപ്പം കൊണ്ടുമാണ് എന്നും മിസ്റ്റര്‍ ബി വിശദമാക്കി. ഇത്തരം കാര്യങ്ങള്‍ പുറത്തു വരുമ്പോള്‍ ഇരു പക്ഷത്തും നിന്നും ഇനിയും പലതും പുറത്തു വരാനുണ്ട് എന്നാണ് വ്യക്തമാകുന്നത്.
സൗമ്യ പറയുന്നത് പോലെ അഞ്ചു ലക്ഷമല്ല, നല്‍കാനുള്ളത് 2850 പൗണ്ട് ആണെന്നും മിസ്റ്റര്‍ ബി
ആഗസ്റ്റില്‍ പല തീയതികളിലായി സൗമ്യ കൈമാറിയ പണത്തിന്റെ കൃത്യമായ കണക്കുകള്‍ മിസ്റ്റര്‍ ബി ഓര്‍മ്മയില്‍ നിന്നും തന്നെ തീയതികള്‍ അടക്കം വ്യക്തമാക്കുന്നുണ്ട്. ഇതില്‍ അഞ്ചു ലക്ഷം എന്ന കണക്ക് ഒത്തുവരുന്നുണ്ടെങ്കിലും അതില്‍ വിമാന ടിക്കറ്റിനു മുടക്കിയ 1700 തട്ടിക്കിഴിക്കണം. ആ ഇനത്തില്‍ തന്നെ ആയിരം പൗണ്ടിലേറെ ലാഭമാണ് താന്‍ സൗമ്യക്ക് നല്‍കിയതെന്ന് മിസ്റ്റര്‍ ബി പറയുന്നു. ഇക്കാര്യം സൗമ്യ ചെയ്ത ഫേസ്ബുക്ക് വീഡിയോയിലും സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇത് തന്റെ വിശ്വാസം നേടിയെടുക്കാനുള്ള മിസ്റ്റര്‍ ബി യുടെ അടവ് മാത്രം ആയിരുന്നു എന്നാണ് സൗമ്യയുടെ നിലപാട്. ഇരുവരുടെയും സെലിബ്രിറ്റി സ്റ്റാറ്റസും ജോലിയും ഒക്കെ കണക്കിലെടുത്തു മികച്ച ഹോട്ടലുകള്‍ ബുക്ക് ചെയ്തതാണു താന്‍ ചെയ്ത തെറ്റെന്നു മിസ്റ്റര്‍ ബി പറയുന്നു.
അവസാന നിമിഷം കാന്‍സലേഷന്‍ ഇത്തരം മുന്തിയ ഹോട്ടലുകള്‍ അനുവദിക്കപ്പെടില്ല എന്ന കാര്യം സൗമ്യ ഓര്‍ക്കണമായിരുന്നു എന്നും താന്‍ നടത്തിയ ബുക്കിംഗുകള്‍ തന്റെ അറിവില്ലാതെ കാന്‍സല്‍ ചെയ്തതോടെ തനിക്കുണ്ടായ നഷ്ടം ആര് തരും എന്നും ഇദ്ദേഹം ചോദിക്കുന്നു. എവിടെയെങ്കിലും കിടന്നാല്‍ മതിയെന്നു ആദ്യമേ പറഞ്ഞെങ്കില്‍ ഒരു രാത്രിക്ക് 300-400 പൗണ്ട് ഈടാക്കുന്ന ഹോട്ടലുകള്‍ക്ക് പകരം ബജറ്റ് ഹോട്ടലുകളായ ട്രാവലോഡ്ജ് ബുക്ക് ചെയ്യാന്‍ തനിക്കും അറിയാമായിരുന്നു. പക്ഷെ ഇക്കാര്യം സൗമ്യ പറഞ്ഞിട്ടില്ല.
മാത്രമല്ല യുകെയില്‍ എത്തിയ ശേഷം നാട്ടുകാരോട് ഇരന്നു കാര്‍ യാത്ര നടത്താന്‍ ആയിരുന്നെങ്കില്‍ കുടുംബം അടക്കം സഞ്ചരിക്കാനാവശ്യമായ വന്‍ ബുക്കിംഗിന് എന്തിനു സമ്മതം നല്‍കി എന്നും മിസ്റ്റര്‍ ബി ചോദിക്കുന്നു. ഇത്തരം വാനുകള്‍ വാടകയ്ക്ക് നല്‍കുന്ന എന്റര്‍പ്രൈസസ് എന്ന സ്ഥാപനം 1700 പൗണ്ട് എക്‌സസ് നല്‍കാന്‍ ആവശ്യപ്പെട്ടതാണ് സൗമ്യയ്ക്ക് വെപ്രാളം ഉണ്ടാക്കിയത് എന്നും മിസ്റ്റര്‍ ബി പറയുന്നു. ഈ പണം തിരികെ കിട്ടുന്നത് ആണെന്നും ഇത് യുകെയില്‍ എത്തുമ്പോള്‍ താന്‍ നല്‍കുമെന്നും പറഞ്ഞിട്ടും അവര്‍ കാന്‍സലേഷന്‍ എന്ന വാദത്തില്‍ കടിച്ചു തൂങ്ങുക ആയിരുന്നു.
അവസാന നിമിഷം തനിക്ക് അതിനു കഴിയുമായിരുന്നില്ല എന്നും മിസ്റ്റര്‍ ബി പറയുമ്പോള്‍ ഏതാനും വര്‍ഷമായി കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഒരു ട്രാവല്‍ ഏജന്‍സിയുടെ സബ് ഏജന്റായി ജോലി ചെയ്യുന്ന തനിക്കും തന്റെ കമ്പനിയുടെയും വിശ്വാസ്യതയ്ക്കും യാതൊരു വിലയുമില്ല എന്നും മിസ്റ്റര്‍ ബി ചോദിക്കുന്നു. യുകെയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി ആണോ എന്ന ചോദ്യത്തിന് അതേ എന്ന ഉത്തരമാണ് മിസ്റ്റര്‍ ബി നല്‍കിയത്. യുകെയിലെ മലയാളികള്‍ തട്ടിപ്പുകാരാണ് എന്ന ഇമേജ് സൃഷ്ടിച്ചു കടന്നുപോയ സൗമ്യയുടെ കാര്യത്തില്‍ പ്രതികരണം നടത്തേണ്ടത് യുകെ മലയാളികള്‍ തന്നെ ആണെന്നും മിസ്റ്റര്‍ ബി പറയുന്നു.
ഇത്രയുമായിട്ടും എന്തേ പേര് വെളിപ്പെടുത്താത്തത് എന്ന ചോദ്യത്തിന് അതിനു സമയമായിട്ടില്ല, 2.3 മില്യണ്‍ അംഗങ്ങള്‍ ഉള്ള സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ തനിക്കും ഉണ്ടെന്നും പറയാന്‍ തനിക്കും വേദികള്‍ ഉണ്ടെന്നുമുള്ള നിലപാട് എടുത്തു ബി കടുപ്പിക്കുമ്പോള്‍ വരും ദിവസങ്ങളില്‍ ഇരു ഭാഗത്തും കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വരാനുള്ള സാധ്യതയാണ് തെളിയുന്നത്.