ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ 20 കിമീ അകലെയുള്ള വീട്ടില്‍ അഭിജിത്ത് വന്നുവെന്ന് പറയുന്നത് അവിശ്വസനീയം; ആ വീട്ടില്‍ അമ്മൂമ്മ മാത്രമാകുന്നത് അമ്മായി അമ്മയെ രക്ഷിക്കാനുള്ള ഗൂഢ ബുദ്ധിയോ? മരണം ആശുപത്രി യാത്രയിക്കിടെ എന്ന വാദത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നിര്‍ണ്ണായകം; ഈ മൂന്ന് തിയറികള്‍ക്ക് പിന്നിലെ വസ്തുത കണ്ടെത്തിയാല്‍ സത്യം തെളിയും; ഇന്ദുജയെ കൊന്നതോ?

Update: 2024-12-07 08:53 GMT
ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ 20 കിമീ അകലെയുള്ള വീട്ടില്‍ അഭിജിത്ത് വന്നുവെന്ന് പറയുന്നത് അവിശ്വസനീയം; ആ വീട്ടില്‍ അമ്മൂമ്മ മാത്രമാകുന്നത് അമ്മായി അമ്മയെ രക്ഷിക്കാനുള്ള ഗൂഢ ബുദ്ധിയോ? മരണം ആശുപത്രി യാത്രയിക്കിടെ എന്ന വാദത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നിര്‍ണ്ണായകം; ഈ മൂന്ന് തിയറികള്‍ക്ക് പിന്നിലെ വസ്തുത കണ്ടെത്തിയാല്‍ സത്യം തെളിയും; ഇന്ദുജയെ കൊന്നതോ?
  • whatsapp icon

തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ഭര്‍തൃവീട്ടില്‍ നവവധു ഇന്ദുജയെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ കൊലപാതകമെന്ന് സമര്‍ത്ഥിക്കാന്‍ ഭര്‍തൃ വീട്ടുകാര്‍ ആയുധമാക്കുന്നത് മൂന്ന് തിയറികള്‍. മൂന്നും അവിശ്വസനീയവുമാണ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ഭര്‍ത്താവ് അഭിജിത്ത് വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ്, രണ്ടാം നിലയിലെ കിടപ്പു മുറിയുടെ ജനലില്‍ തൂങ്ങിയ നിലയില്‍ ഇന്ദുജയെ കണ്ടതെന്നതാണ് ആദ്യ വാദം.

തൂങ്ങിയ നിലയില്‍ കാണുമ്പോള്‍ ഇന്ദുജക്ക് ജീവനുണ്ടായിരുന്നെന്നും ജില്ലാ ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ ആണ് മരണം സംഭവിച്ചതെന്നും പറയുന്നതാണ് രണ്ടാം വാദം. അഭിജിത്തിന്റെ മുത്തശ്ശി മാത്രം വീട്ടിലുള്ള സമയത്താണ്, ഇന്ദുജ ആത്മഹത്യ ചെയ്തതെന്ന നിലപാടിന് പിന്നിലും വ്യക്തമായ ബുദ്ധിയുണ്ട്. അത് ഇന്ദുജയുടെ മരണത്തിലെ ദുരൂഹതയില്‍ നിന്നും അഭിജിത്തിന്റെ അമ്മയെ രക്ഷിക്കാനുള്ള തന്ത്രമാണ് ഇത്. അതായത് അമ്മായി അമ്മ വീട്ടില്‍ ഇല്ലാത്തപ്പോഴായിരുന്നു ഇന്ദുജയുടെ ആത്മഹത്യയെന്ന് സ്ഥാപിക്കാനുള്ള നീക്കം. മികച്ചൊരു പോലീസ് ഉദ്യോഗസ്ഥനുണ്ടെങ്കില്‍ ഇതിലെ വസ്തുത വേഗത്തില്‍ കണ്ടെത്താം. പക്ഷേ അഭിജിത്ത് സഖാവാണ്. അതുകൊണ്ട് പാലോട് പോലീസില്‍ ഇതില്‍ ദുരൂഹത കാണാതിരിക്കാനും സാധ്യത ഏറെയാണ്.

നെടുമങ്ങാട്ടെ കാര്‍ കടയിലാണ് അഭിജിത്തിന്റെ ജോലി. അവിടെ നിന്നും ഇരുപത് കിലോമീറ്റര്‍ അകലെയാണ് പാലോട്. ഉച്ചയ്ക്ക ഊണു കഴിക്കാന്‍ 20 കിലോമീറ്റര്‍ ദൂരത്തുള്ള വീട്ടിലെത്തിയെന്ന കഥ അവിശ്വസനീയമാണ്. പ്രദേശത്തെ സിസിടിവി പരിശോധിച്ചാല്‍ മാത്രം മതി ഇതില്‍ വ്യക്തത വരാന്‍. ഇതിനൊപ്പം ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയുള്ള മരണം എന്ന തിയിറിയിലെ സത്യം പോസ്റ്റ് മോര്‍ട്ടത്തിലും തെളിയും. അതായത് ഇന്ദുജ മരിച്ചെന്ന് അവര്‍ പറയുന്ന സമയവും പോസ്റ്റ് മോര്‍ട്ടത്തിലെ സമയവും ആശുപത്രിയിലേക്കുള്ള യാത്ര സമയവും എല്ലാം പോലീസ് സത്യസന്ധമായി പരിശോധിക്കേണ്ടതുണ്ട്. ഇന്ദുജയെ ആശുപത്രിയിലാക്കിയ ഭര്‍ത്താവും ബന്ധുക്കളും പിന്നീട് അവിടെ നിന്നില്ല. അവര്‍ വേഗം സുരക്ഷിതത്വത്തിലേക്ക് നീങ്ങി. ഇന്ദുജയുടെ മുഖത്തും ശരീരത്തിലും മര്‍ദ്ദനമേറ്റ പാടുകളുണ്ട്. ബസില്‍ കയറുമ്പോള്‍ പറ്റിയതെന്ന് ഇന്ദുജ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍ ആത്മഹത്യയോടെ അതിന് പിന്നില്‍ മറ്റു പലതും ഉണ്ടെന്ന് വ്യക്തമായി. സിസിടിവി പരിശോധനകളിലൂടെ തന്നെ അഭിജിത്തിന്റെ അമ്മയുടെ സ്ഥാനവും പോലീസിന് ഉറപ്പിക്കാം. അതായത് മാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്ന മൂന്ന് തിയറികളുടെ വസ്തുത തെളിഞ്ഞാല്‍ തന്നെ ഇന്ദുജയുടെ മരണത്തിലെ ദുരൂഹത നീങ്ങും.

ഇന്ദുജയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുള്ളതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കവിളില്‍ അടിയേറ്റ പാട് ഉണ്ടായിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഇന്ദുജ ജോലിക്ക് പോകുന്നതില്‍ അഭിജിത്തിന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. സത്യം പുറത്തുവരണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്ന ഇന്ദുജയും അഭിജിത്തും നാലു മാസം മുന്‍പാണ് വിവാഹം കഴിച്ചത്. അഭിജിത്തുമായുള്ള വിവാഹത്തിന് ഇന്ദുജയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പ് ഉണ്ടായിരുന്നു. ഈ എതിര്‍പ്പ് അവഗണിച്ചാണ് തിരുവനന്തപുരം വഞ്ചിയൂരിലെ ത്രിവേണി ആശുപത്രിയിലെ ലാബ് ജീവനക്കാരിയായ ഇന്ദുജ അഭിജിത്തിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചത്. രണ്ട് ദിവസമായി ഇന്ദുജ ജോലിക്ക് പോയിരുന്നില്ല.

ഭര്‍തൃ വീട്ടില്‍ മാനസിക പീഡനങ്ങളും ഭീഷണിയും പതിവായിരുന്നതായി മകള്‍ തങ്ങളെ അറിയിച്ചിരുന്നതായി ഇന്ദുജയുടെ കുടുംബം വെളിപ്പെടുത്തി. എന്നാല്‍ തങ്ങളെ അവിടേക്ക് ചെല്ലാന്‍ അനുവദിച്ചിരുന്നില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. പാലോട് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് അഭിജിത്തിന്റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലാണ് യുവതിയെ കണ്ടത്. ജനലിലെ മരണവും ദുരൂഹത കൂട്ടുന്നുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അതുകൊണ്ട് തന്നെ ഈ കേസില്‍ നിര്‍ണ്ണായകമാണ്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഈ കോളേജിലാണ് ഇന്ദുജ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചത്.

Tags:    

Similar News