അന്ന് വാസു ചുമതയലേറ്റപ്പോള്‍ കത്തിച്ചത് രണ്ടു തിരികള്‍; അത് അപ്പോള്‍ തന്നെ കെട്ടണഞ്ഞ് നല്‍കിയത് കട്ട് കട്ട് കെട്ട നാളമായ സന്ദേശം; ഇത്തവണ കത്തിച്ചത് ഏഴ് തിരികള്‍; പ്രശാന്തിനെ വേദിയില്‍ ഇരുത്തിയിട്ടും നിലവിളക്കിലെ എല്ലാ തിരികളും കത്തി ജ്വലിച്ചു; അയ്യപ്പ അനിഷ്ടങ്ങള്‍ തെളിയാത്ത അധികാരമേല്‍ക്കല്‍; സമുദായ സമവാക്യം ഉറപ്പാക്കാന്‍ വിളിപ്പിലിനെ മാറ്റി കെ രാജുവും; ഇനി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ജയകുമാര്‍ നയിക്കും
തിരുവനന്തപുരം: കെ വാസു സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അന്ന് വേദിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിലവിളക്കില്‍ കത്തിച്ചത് രണ്ടു തിരിയായിരുന്നു. ആ രണ്ടു തിരിയും കത്തിച്ചയുടന്‍ അണഞ്ഞു. ഇപ്പോള്‍ കെ ജയകുമാര്‍ അധികാരമേറ്റു. ഈ സമയം ഏഴു തിരികളാണ് നിലവിളക്കില്‍ ഇട്ടത്. എല്ലാം കത്തി ജ്വലിച്ചു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തും വേദിയിലുണ്ടായിരുന്നു. പ്രശാന്തും ദേവസ്വം സ്വര്‍ണ്ണ കൊള്ളയില്‍ സംശയ നിഴലിലാണ്. പ്രശാന്തിനെ വേദിയിലെരുത്തി സ്ഥാനമൊഴിയുന്ന പ്രസിഡന്റിന് വേണ്ട അര്‍ഹമായ സ്ഥാനം ജയകുമാര്‍ ഉറപ്പാക്കി. അപ്പോഴും നിലവിളക്കിലെ 7 തിരികളും കെടാതെ നിന്നു. അയ്യപ്പന് അനിഷ്ടങ്ങളില്ല. അങ്ങനെ ജയകുമാറിന്റെ സത്യാപ്രതിജ്ഞാ ചടങ്ങില്‍ എല്ലാം മംഗളമായി. സിപിഐ പ്രതിനിധിയായി മുന്‍ മന്ത്രിയായ കെ രാജുവും ദേവസ്വം ബോര്‍ഡ് മെമ്പറായി സത്യപ്രതിജ്ഞ ചെയ്തു. വിളപ്പില്‍ രാധാകൃഷ്ണനാകും സിപിഐ പ്രതിനിധിയെന്നാണ് കരുതിയത്. എന്നാല്‍ ജയകുമാര്‍ പ്രസിഡന്റായി എത്തുന്നതോടെ അതില്‍ മാറ്റം വന്നു. നായര്‍-ഈഴവ പ്രാതിനിധ്യം ഉറപ്പിക്കാന്‍ വിളപ്പില്‍ രാധാകൃഷ്ണനെ മാറ്റി കെ രാജുവിനെ നിയോഗിച്ചു. അങ്ങനെ ദേവസ്വം ബോര്‍ഡില്‍ സമുദായ സമവാക്യവും ഉറപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍.
ശബരിമല സ്വര്‍ണക്കൊളള കേസില്‍ എസ്ഐടി അന്വേഷണം തുടരുന്നതിനിടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേറ്റത്. പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറും അംഗമായി മുന്‍ മന്ത്രി കെ രാജുവും രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്തു. രണ്ട് വര്‍ഷത്തേക്കാണ് കാലാവധി. പ്രസിഡന്റായിരുന്ന പി എസ് പ്രശാന്തും അംഗം എ അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. ദേവസ്വം മന്ത്രി വാസവന്‍, മന്ത്രി ശിവന്‍കുട്ടി അടക്കമുള്ളവര്‍ പഘ്‌കെടുത്തു. സ്വര്‍ണക്കൊളള കേസില്‍ മുന്‍ പ്രസിഡന്റും കമ്മീഷണറുമായ എന്‍ വാസുവും ഉദ്യോഗസ്ഥരും അറസ്റ്റിലായി. എസ്ഐടി അന്വേഷണം ഉന്നതരിലേക്കും നീളുകയാണ്. അതിനിടെയാണ് പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന് പുതിയ ഭരണസമിതിയെ നിയോഗിച്ചത്. ചീഫ് സെക്രട്ടറിയായിരുന്ന കെ ജയകുമാര്‍ വിരമിച്ച ശേഷം അഞ്ച് വര്‍ഷം മലയാളം സര്‍വകലാശാല വിസിയായിരുന്നു. നിലവില്‍ ഐഎംജി ഡയറക്ടറായി തുടരവെയാണ് പുതിയ പദവി. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ സുമംഗലി ഓഡിറ്റോറിയത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
വരാനിരിക്കുന്ന ശബരിമല സീസണ് മുന്‍ഗണന നല്‍കുമെന്ന് ജയകുമാര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പരാതിക്കിടയില്ലാതെ സാധാരണക്കാരായ ഭക്തര്‍തക്ക് ദര്‍ശന സൗകര്യം ഒരുക്കും. ആവശ്യമായ പരിഷ്‌കാരങ്ങള്‍ കൂട്ടായി തീരുമാനിച്ച് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്‍ വാസു അറസ്റ്റിലാകുമ്പോള്‍ ചര്‍ച്ചയായത് ജന്മഭൂമിയിലെ പഴയ ചിത്രമായിരുന്നു. വാസു തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റായി സത്യപ്രതിജ്ഞയ്ക്ക് ഒരുക്കിയ ചടങ്ങില്‍ തന്നെ ദുര്‍ നിമിത്തങ്ങള്‍ കണ്ടിരുന്നു. എന്‍.വാസു സത്യപ്രതിജ്ഞയ്ക്ക് ശേഷം തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റായി സ്ഥാനമേറ്റ് രജിസ്റ്ററില്‍ ഒപ്പിടുമ്പോള്‍ അയ്യപ്പ വിഗ്രഹത്തിന് മുന്നില്‍ തെളിയിച്ച നിലവിളക്ക് കരിന്തിരി കത്തി അണഞ്ഞിരുന്നു. 2019 നവംബര്‍ 16ന് ജന്മഭൂമി പ്രസിദ്ധീകരിച്ച ചിത്രം ഈ ദുര്‍നിമിത്ത കഥയാണ് പറയുന്നത്. ചിത്രം: കട്ടുകട്ട് കെട്ട നാളമായി... എന്‍.വാസു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റ് രജിസ്റ്ററില്‍ ഒപ്പിടുമ്പോള്‍ അയ്യപ്പ വിഗ്രഹത്തിന് മുന്നിലെ നിലവിളക്ക് കെടുന്നു-ഇതായിരുന്നു അന്ന് ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍.
2019 നവംബര്‍ 15 നാണ് എന്‍.വാസു ദേവസ്വം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു ഉദ്ഘാടകന്‍. വേദിയില്‍ സജ്ജീകരിച്ച അയ്യപ്പ വിഗ്രഹത്തിനു മുന്നിലെ നിലവിളക്കില്‍ രണ്ട് തിരികള്‍ തെളിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്. അതിനുശേഷം സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ സമയത്ത് തന്നെ ഒരു തിരി കെട്ടു. രജിസ്റ്ററില്‍ ഒപ്പിടുമ്പോള്‍ രണ്ടാമത്തെ തിരിയിലെ ദീപവും അണഞ്ഞു. കട്ടുകട്ട് കെട്ട നാളമായി എന്ന അന്നത്തെ ജന്മഭൂമി ക്യാപ്ഷന്‍ പുതിയ സാഹചര്യത്തില്‍ വൈറലായി. 2018 ല്‍ സ്വര്‍ണക്കൊള്ള നടക്കുമ്പോള്‍ എന്‍.വാസുവായിരുന്നു ദേവസ്വം കമ്മീഷണര്‍. മാത്രമല്ല ശബരിമലയിലെ യുവതീ പ്രവേശന സമയത്തും വാസുവിനായിരുന്നു ചുമതല. അതിനുശേഷമാണ് വാസു ദേവസ്വം പ്രസിഡന്റായി എത്തുന്നത്. ചടങ്ങില്‍ മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറും ഇപ്പോള്‍ റിമാന്‍ഡിലുള്ള സുധീഷും പങ്കെടുത്തിരുന്നു.
സത്കര്‍മ്മങ്ങള്‍ക്കിടെ കരിന്തിരകത്തുന്നത് ദുര്‍നിമിത്തവും വരാനിരിക്കുന്ന അപകടങ്ങളുടെ സൂചനയുമായാണ്. അതുകൊണ്ട് തന്നെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തിരികെട്ടത് കരിന്തിരി കത്തി എന്ന വാചകത്തില്‍ ജന്മഭൂമി അന്നുതന്നെ പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. തിരുവനന്തപുരം ലേഖകനായ അനീഷ് അയിലമാണ് ഈ ചിത്രം തയ്യാറാക്കിയത്. വാര്‍ത്തയും അനീഷ് അയിലത്തിന്റെ ബൈലൈനിലാണ് വന്നത്. സ്ത്രീ പ്രവേശന കാലത്ത് വാസുവായിരുന്നു നവോത്ഥാനത്തിനായി മുന്നില്‍ നിന്നത്. ദ്വാരപാലക ശില്‍പ്പത്തിലെ കൊള്ള നടന്നത് അതിന് മുമ്പാണ്. സ്ത്രീ പ്രവേശന ശേഷമാണ് വാസു പ്രസിഡന്റായത്. ആ ചടങ്ങിലാണ് തിരിനാളം അണഞ്ഞത്. ഇതെല്ലാം വിശ്വാസ വഴിയില്‍ കാണുകയാണ് ഭക്തര്‍. അതുകൊണ്ട് ജന്മഭൂമി വീണ്ടും ഈ ചിത്രം വാര്‍ത്തയാകുമ്പോള്‍ അത് ഭക്തരും ഏറ്റെടുക്കുന്നത്. വാസു പ്രസിഡന്റായ ശേഷം കോവിഡ് എത്തി. അന്ന് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു. അതിന് ശേഷം വാസുവിന് കോവിഡും വന്നു. ഇപ്പോള്‍ അറസ്റ്റും.
