കണ്ണൂര്‍ വനിതാ ജയിലിലെ രഹസ്യം ചോര്‍ത്താന്‍ ഡ്രോണ്‍ പറന്നത് ശനിയാഴ്ച രാത്രിയില്‍; സുരക്ഷാ വീഴ്ച കണ്ടവര്‍ അപ്പോള്‍ തന്നെ സൂപ്രണ്ടിനെ വിളിച്ചറിയിച്ചു; പക്ഷേ അത് പോലീസിന് മുന്നിലെത്തിയത് തിങ്കളാഴ്ച! നൈജീരിയക്കാരിയെ ഷെറിന്‍ മര്‍ദ്ദിച്ചതും കേസായത് രണ്ടു ദിവസം കഴിഞ്ഞ്; ആ ജയിലിനെ നിയന്ത്രിക്കുന്നത് കാരണവര്‍ കേസ് പ്രതിയോ?

Update: 2025-03-05 03:59 GMT

കണ്ണൂര്‍: അതിസുരക്ഷാ സംവിധാനങ്ങളുള്ള കണ്ണൂര്‍ വനിതാ ജയിലിന് മുകളിലൂടെ അജ്ഞാതര്‍ ഡ്രോണ്‍ പറത്തിയത് വന്‍ സുരക്ഷാ വീഴ്ചയായിട്ടും പോലീസിനെ അറിയിക്കാന്‍ വൈകി. ശനിയാഴ്ച രാത്രി 11.15 ഓടെയാണ് സംഭവം. അതായത് ഒന്നാം തീയതിയായിരുന്നു സംഭവം. പക്ഷേ ഇത് പോലീസിന് മുന്നിലെത്തിയത് രണ്ടു ദിവസം കഴിഞ്ഞു മാത്രം. മൂന്നാം തീയതി വൈകിട്ട് അഞ്ചു മണിയോടെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസില്‍ ജയില്‍ അധികാരികള്‍ പരാതി നല്‍കിയത്. ഡ്രോണ്‍ പറന്ന അന്നു തന്നെ പരാതി കൊടുത്തിരുന്നുവെങ്കില്‍ അതിന് പിന്നിലുള്ളവരെ കണ്ടെത്തുക എളുപ്പമായിരുന്നു. ജയിലിനകത്തെ ഓഫീസ് കെട്ടിടത്തിന് 25 മീറ്റര്‍ ഉയരത്തിലാണ് ജയില്‍സുരക്ഷയ്ക്ക് ഭീഷണിയായി ഡ്രോണ്‍ പറത്തിയത്.

ചുവപ്പും പച്ചയും നിറങ്ങളുള്ള ലൈറ്റുകള്‍ പ്രകാശിപ്പിച്ച് കെട്ടിടം രണ്ടുതവണ വലംവെച്ചാണ് ഡ്രോണ്‍ അപ്രത്യക്ഷമായത്. ജയില്‍ ജീവനക്കാരാണ് സൂപ്രണ്ടിനെ ഇക്കാര്യം വിളിച്ചറിയിച്ചത്. തുടര്‍ന്ന് സൂപ്രണ്ട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയെന്ന തരത്തിലായിരുന്നു വാര്‍ത്ത. എന്നാല്‍ പോലീസ് എല്ലാം അറിഞ്ഞത് രണ്ടു ദിവസം കഴിഞ്ഞു മാത്രം. സൂപ്രണ്ടിനെ അസ്വാഭാവിക സാഹചര്യത്തെ കുറിച്ച് ജയില്‍ ജീവനക്കാര്‍ വിളിച്ചറിയിച്ചപ്പോള്‍ തന്നെ അക്കാര്യം പോലീസിനെ അറിയിക്കേണ്ടതായിരുന്നു. ഇതുമായി ബന്ധപ്പെട്ട എഫ് ഐ ആറില്‍ മൂന്നാം തീയതി വൈകിട്ടാണ് വിഷയം പോലീസിന് മുന്നിലെത്തിയതെന്ന് വ്യക്തമാണ്. അതായത് 48 മണിക്കൂര്‍ കഴിഞ്ഞാണ് സുരക്ഷാ വീഴ്ച പോലീസിന് മുന്നിലെത്തിയതെന്ന് സാരം. കാരണവര്‍ കേസ് പ്രതി ഷെറിനാണ് കണ്ണൂര്‍ വനിതാ ജയിലിനെ നിയന്ത്രിക്കുന്നതെന്ന സൂചനകളാണ് ഇതെല്ലാം.

ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിച്ച് വനിതാ ജയിലില്‍ തടവില്‍ കഴിയുന്ന ഷെറിന്‍, സഹതടവുകാരിയായ നൈജീരിയന്‍ സ്വദേശി കെയ്ന്‍ ജൂലിയെ മര്‍ദിച്ചിരുന്നു. തുടര്‍ന്ന് ജൂലിയെ തിരുവനന്തപുരം വനിതാ ജയിലിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തില്‍ ഷെറിനെതിരെ ടൗണ്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ പരാതി പോലീസിന് മുന്നിലെത്താനും വൈകിയെന്നതാണ് വസ്തുത. ഫെബ്രുവരി 24ന് രാവിലെ 7.45നായിരുന്നു ഈ സംഭവം. ഇതും പോലീസ് എഫ് ഐ ആര്‍ അനുസരിച്ച് രണ്ടു ദിവസം കഴിഞ്ഞാണ് ടൗണ്‍ പോലീസിന് മുന്നിലെത്തിയത്. ഇതും ദുരൂഹമാണ്. ഷെറിന് പ്രശ്‌നമുണ്ടാകാതിരിക്കാന്‍ ഈ സംഭവം മറച്ചുവയ്ക്കാന്‍ ശ്രമം നടന്നുവെന്നാണ് ഇതില്‍ വ്യക്തമാകുന്നത്. അതിന് അപ്പുറത്തേക്കാണ് ഡ്രോണ്‍ എത്തിയ സംഭവം പോലീസിന് മുന്നിലെത്താന്‍ വൈകിയത്.

ഡ്രോണ്‍ പറത്തിയത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. വിവാഹത്തിനോ മറ്റ് പ്രധാന ആഘോഷങ്ങള്‍ക്കോ മാത്രമാണ് ഡ്രോണ്‍ പറത്തി ദൃശ്യങ്ങളെടുക്കാറുള്ളത്. എന്നാല്‍ സമീപ പ്രദേശത്ത് ശനിയാഴ്ച വിവാഹമോ ഉത്സവമോ നടന്നിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സെന്‍ട്രല്‍ ജയിലിന് സമീപം ജില്ലാ ജയിലും സ്പെഷ്യല്‍ സബ് ജയിലുമാണുള്ളത്. ഇതിന് പിറകിലായിട്ടാണ് വലിയ മതിലുകളാല്‍ ചുറ്റപ്പെട്ട വനിതാ ജയില്‍ സ്ഥിതിചെയ്യുന്നത്. ജയിലിനകത്തെ ഓഫീസ് കെട്ടിടത്തിന് 25 മീറ്റര്‍ ഉയരത്തിലാണ് ജയില്‍സുരക്ഷയ്ക്ക് ഭീഷണിയായി ഡ്രോണ്‍ പറത്തിയത്. ഗുരുതര സുരക്ഷാ പ്രശ്നമായാണ് ഇതിനെ പോലീസ് കാണുന്നത്.


ഷെറിനെ മോചിപ്പിക്കാന്‍ ഗവര്‍ണ്ണറോട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ജീവപര്യന്തം തടവിന്റെ ഭാഗമായി 14 കൊല്ലം ശിക്ഷ പൂര്‍ത്തിയാക്കിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ശിക്ഷയുടെ ഭാഗമായി നിരവധി പരോളുകള്‍ അടക്കം ഷെറിന് കിട്ടി. മോചന ശുപാര്‍ശ ഇരിക്കെയാണ് വീണ്ടും ഷെറിന്‍ കേസില്‍ പ്രതിയായത്. ഇതോടെ ആ സാധ്യത അടഞ്ഞു. അതുകൊണ്ട് തന്നെ ഷെറിനെ ജയില്‍ ചാടിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ എന്ന സംശയം സജീവമാക്കുന്നതാണ് ഡ്രോണ്‍. സാധാരണ നിലയില്‍ ജയിലിനുള്ളില്‍ പ്രശ്നം ഉണ്ടാക്കുന്നവരെയാണ് ജയില്‍ മാറ്റാറുള്ളത്. എന്നാല്‍ ഷെറിന്റെ അടികിട്ടിയ നൈജീരിയക്കാരിയെയാണ് ജയില്‍ മാറ്റിയത്. ഇതും വിചിത്രമാണ്.


സമീപപ്രദേശങ്ങളിലുള്ള ആളുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. വനിതാ ജയിലിലെ വനിതാ ബ്ലോക്ക് പുതിയ മതിലിന്റെ സുരക്ഷക്കുള്ളിലേക്ക് മാറിയിരുന്നു. ഒരുകോടിയിലധികം രൂപ ചെലവിലാണ് മതിലുയര്‍ന്നത്. പഴയ മതിലിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പുതിയ മതില്‍ നിര്‍മാണമാരംഭിച്ചത്. മതിലിന് ബലക്ഷയം കണ്ടതോടെ വനിതാ ബ്ലോക്കിലെ അന്തേവാസികളെ കണ്ണൂര്‍, മാനന്തവാടി, തവനൂര്‍ തുടങ്ങിയ ജയിലുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അങ്ങനെ മതില്‍ സുരക്ഷ അടക്കം കൂട്ടിയ ജയിലിലെ രഹസ്യങ്ങള്‍ ചോര്‍ത്താനാണ് ഡ്രോണ്‍ എത്തിയത്.





Tags:    

Similar News