എംബിബിഎസ് ഡിഗ്രി വ്യാജം; കോടികളുണ്ടാക്കി വിദേശത്ത് നിക്ഷേപം ഒരുക്കി; ഗുണ്ടകളെ അടക്കം ഒരുക്കി നിര്‍ത്തി മാഫിയാ സംവിധാനം കെട്ടി പടത്തുയര്‍ത്തിയത് ആഡംബര ജീവിതത്തിന്; എല്ലാത്തിനും കൂട്ടു നിന്നത് മാള്‍ട്ടയിലുള്ള പ്രവാസി; ആ മലയാളിയെ തിരിച്ചു നാട്ടിലെത്തിക്കാന്‍ പോലീസിന് കുറച്ചു പാടു പെടേണ്ടി വരും; കാര്‍ത്തികാ പ്രദീപ് തട്ടിപ്പുകളുടെ ഉസ്താദ്
കൊച്ചി: ടേക്ക് ഓഫ് കണ്‍സള്‍ട്ടന്‍സിയുടെ മറവില്‍ വിദേശജോലി വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയെടുത്ത സ്ഥാപന ഉടമ കാര്‍ത്തിക പ്രദീപ് വിദേശത്ത് നിക്ഷേപങ്ങളാക്കിയെന്ന് സംശയം. കേസില്‍ ഒരാള്‍കൂടി പ്രതിയാകും. തട്ടിപ്പില്‍ പ്രവാസി മലയാളിക്കും പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. ഇയാളെ ചോദ്യം ചെയ്യുന്നതില്‍ നിന്നും കാര്‍ത്തികയുടെ വിദേശത്ത് നിക്ഷേപങ്ങളെ പറ്റിയുള്ള കാര്യങ്ങളിലും കൂടുതല്‍ വ്യക്തയുണ്ടാകും. എന്നാല്‍ ഈ പ്രവാസി ഇന്ത്യ വിട്ടു. മാള്‍ട്ടയിലേക്ക് ഇയാള്‍ മുങ്ങിയെന്നാണ് സൂചന. പരാതികള്‍ ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ ഇയാള്‍ രാജ്യത്തു നിന്നും രക്ഷപ്പെട്ടു. ഇതിനിടെ കൊച്ചിയില്‍ നിന്ന് രക്ഷപ്പെടുന്നതിന് മുന്‍പ് കാര്‍ത്തികയും സംഘവും ആക്രമിച്ചുവെന്ന ആരോപണവുമായി യുവാവ് രംഗത്തെത്തിയിട്ടുണ്ട്. ഡോക്ടര്‍ ആണെന്ന് പറഞ്ഞാണ് തട്ടിധപ്പ് നടത്തിയിരുന്നത്. സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ ഡോക്ടറാണെന്ന് അവകാശപ്പെട്ട് നിരവധി സ്റ്റോറികള്‍ കാര്‍ത്തിക പങ്ക് വെച്ചിട്ടുണ്ട്. എന്നാല്‍ കാര്‍ത്തിക പ്രദീപിനു ഡോക്ടര്‍ ലൈസന്‍സ് ഇല്ലെന്നു പോലീസ് വ്യക്തമാക്കിയിരിക്കുകയാണ്.
യുക്രെയ്‌നില്‍ പഠനം നടത്തിയെങ്കിലും ഇതു പൂര്‍ത്തിയാക്കിയതായോ കേരളത്തില്‍ റജിസ്‌ട്രേഷനെടുത്തതായോ കണ്ടെത്താനായില്ല. സംസ്ഥാനമെമ്പാടുമുള്ള വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് കാര്‍ത്തികയെ വിശദമായി ചോദ്യംചെയ്തു. ഈ മൊഴികള്‍ പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും. കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് കാര്‍ത്തികയെ ശനിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനംചെയ്ത് കൊച്ചി ആസ്ഥാനമായുള്ള ടേക്ക് ഓഫ് ഓവര്‍സീസ് എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ഉടമ കാര്‍ത്തിക പ്രദീപ് തട്ടിയെടുത്തത് ഒരുകോടി രൂപയാണ്. എന്നാല്‍ അതിന് അപ്പുറത്തേക്കുള്ള നിക്ഷപം പല രീതിയില്‍ ഇവര്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. മാള്‍ട്ടയിലേക്ക് മുങ്ങിയ സുഹൃത്തിനെ കണ്ടെത്തിയാല്‍ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി തെളിയൂ. എന്നാല്‍ മാള്‍ട്ടയില്‍ നിന്നും ഇയാളെ നാട്ടിലെത്തിക്കുക അത്ര എളുപ്പമാകില്ല. പോലീസ് ഇന്റര്‍ പോളിന്റെ സഹായം തേടിയേക്കും.
സംസ്ഥാന വ്യാപകമായി 15 പരാതികളാണ് ഇവര്‍ക്കെതിരെ ലഭിച്ചത്. പരാതികളുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കാര്‍ത്തികയെ വിശദമായി ചോദ്യംചെയ്തു. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെ ഇവരെ വീണ്ടും റിമാന്‍ഡ് ചെയ്തു. ഒന്നരമാസം മുന്‍പ് കാക്കനാടുള്ള ടാറ്റൂ സ്റ്റുഡിയോയില്‍ കാര്‍ത്തികയും കൂട്ടരും നടത്തിയ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ടാറ്റൂ സ്റ്റുഡിയോ ഉടമ മൂവാറ്റുപുഴ സ്വദേശി ജിത്തുവാണ് അന്ന് ആക്രമണത്തിനിരയായത്. ജിത്തു കാര്‍ത്തികയ്ക്ക് അയച്ച സന്ദേശത്തെ തുടര്‍ന്നായിരുന്നു ഈ കയ്യാങ്കളി. വിവാഹാലോചനയുമായി ബന്ധപ്പെട്ട് 2023ലാണ് കാര്‍ത്തികയെ ജിത്തു പരിചയപ്പെടുന്നത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണെന്നും ഒപ്പം കണ്‍സള്‍ട്ടന്‍സി സ്ഥാപന ഉടമയെന്നും അവകാശപ്പെട്ടാണ് കാര്‍ത്തിക പരിചയപ്പെടുത്തിയതെന്ന് ജിത്തു പറയുന്നു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തന്റെ സുഹൃത്തിനെയും ഭാര്യയെയും കാര്‍ത്തിക പറ്റിച്ചതോടെ ബന്ധത്തില്‍ നിന്ന് പിന്‍മാറിയെന്ന് ജിത്തു പറയുന്നു. ആ കാലയളവില്‍ ജിത്തുവിനോട് കാര്‍ത്തിക പങ്കുവെച്ച ചില വിവരങ്ങള്‍ പോലീസിന്റെ സംശയങ്ങള്‍ ബലപ്പെടുത്തുന്നു. മറ്റു ചിലരുടെ സഹായത്തോടെയാണ് കാര്‍ത്തിയ കണ്‍സള്‍ട്ടന്‍സി തുടങ്ങിയതെന്ന് ജിത്തുവും സ്ഥിരീകരിക്കുന്നു. ഈ നിര്‍ണായക വെളിപ്പെടുത്തലാണ് അന്വേഷണത്തിനും വഴിത്തിരിവായിരിക്കുന്നത്. അന്ന് കൂടെയുണ്ടായിരുന്നവര്‍ പലരും വിദേശത്താണ്. ഇവിടെ നിന്ന് തട്ടിയെടുത്ത പണം അവര്‍ മുഖേന കടത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തട്ടിപ്പില്‍ കാര്‍ത്തികയുടെ കുടുംബാംഗങ്ങളുടെ പങ്ക് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ വിശ്വാസവഞ്ചനയ്ക്കാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കാര്‍ത്തികയെ അറസ്റ്റ് ചെയ്തത്. യുകെയില്‍ സോഷ്യല്‍ വര്‍ക്കറായി ജോലിനല്‍കാമെന്നു പറഞ്ഞ് 5.23 ലക്ഷം രൂപയാണു തൃശൂര്‍ സ്വദേശിനിയില്‍നിന്നു തട്ടിയെടുത്തത്. എറണാകുളത്തിനു പുറമേ, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്. വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയ 'ടേക്ക് ഓഫ് ഓവര്‍സീസ് എജ്യുക്കേഷനല്‍ കണ്‍സല്‍റ്റന്‍സി'ക്ക് ലൈസന്‍സില്ലെന്നു പൊലീസ് കണ്ടെത്തിയിരുന്നു. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകാന്‍ ആവശ്യമായ ലൈസന്‍സ് സ്ഥാപനത്തിനില്ലെന്നു വിദേശമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സും സ്ഥിരീകരിച്ചിരുന്നു. വലിയ ഗുണ്ടാ സംഘങ്ങളുടെ പിന്തുണയും കാര്‍ത്തിക പ്രദീപിന് ഉണ്ടായിരുന്നു. ഇത് കാട്ടിയാണ് പലരേയും ഭീഷണിപ്പെടുത്തി കഴിഞ്ഞിരുന്നത്.