സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാഹനം ഉപയോഗിച്ചാല്‍ പിഴയീടാക്കുമെന്നു മുന്നറിയിപ്പു നല്‍കിയ ബോര്‍ഡ്! സ്വന്തം കാര്യം വന്നാല്‍ അതെല്ലാം മറക്കും ആസൂത്രണം; 2011 ല്‍ പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച് പ്രവര്‍ത്തിച്ച ഡ്രൈവറെ തിരുത്താനായി മാത്രം 2025 ജൂണ്‍ 17 ന് വീണ്ടും പുതിയ ഉത്തരവ്! കേരളത്തില്‍ എന്തും നടക്കും; തെളിവായി ഇതാ കുറച്ച് സര്‍ക്കാര്‍ ഉത്തരവുകള്‍

Update: 2025-08-14 09:01 GMT

തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങളുടെ ഉപയോഗത്തില്‍ ഉദ്യോഗസ്ഥരുടെ ആവശ്യാനുസരണം ഉത്തരവുകള്‍ ഒരു ആസൂത്രണവുമില്ലാതെ തിരുത്തി സംസ്ഥാന ആസൂത്രണ ബോര്‍ഡ്. ഒരു ഉദ്യോഗസ്ഥന്‍െ്റ ആവശ്യത്തിനായി 14 വര്‍ഷത്തിനു മുന്‍പ് പുറത്തിറക്കിയ ഉത്തരവിനു തീര്‍ത്തും വിരുദ്ധമായി ആസൂത്രണ ബോര്‍ഡ് പുതിയ നിര്‍ദ്ദേശം നല്‍കി.

സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാഹനം ഉപയോഗിച്ചാല്‍ പിഴയീടാക്കുമെന്നു മുന്നറിയിപ്പു നല്‍കിയ ബോര്‍ഡ് തന്നെയാണ് അതിനു തയ്യാറായില്ലെങ്കില്‍ അച്ചടക്ക നടപടിയെടുക്കുമെന്ന് ഇപ്പോള്‍ അറിയിക്കുന്നത്. 2011 മേയ് 24 ന് സംസ്ഥാന ആസൂത്രണബോര്‍ഡ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത് സര്‍ക്കാര്‍ വാഹനങ്ങള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാവൂയെന്നാണ്. സ്വകാര്യ യാത്ര, വീട്ടിലേക്കും തിരിച്ചുമുള്ള യാത്ര, റെയില്‍വേ സ്റ്റേഷന്‍ യാത്ര എന്നിവക്കായി ഉദ്യോഗസ്ഥര്‍ ൈഡ്രവര്‍മാരെ നിര്‍ബന്ധിക്കരുത്. അത്തരം യാത്രകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡ്രൈവര്‍മാരില്‍ നിന്നും പിഴയീടാക്കുമെന്നും അപ്പോള്‍ വ്യക്തമാക്കിയിരുന്നു. അതനുസരിച്ചാണ് ആസൂത്രണ ബോര്‍ഡില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിച്ചിരുന്നത്്.

അന്നു പുറത്തിറക്കിയ ഉത്തരവ് സാധൂകരിക്കുന്ന നിലയില്‍ 2023 ജൂണ്‍ രണ്ടിന് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ആസൂത്രണബോര്‍ഡ് ഒരു കത്തും നല്‍കി. ആസൂത്രണ ബോര്‍ഡില്‍ ഔദ്യോഗിക യാത്രകള്‍ക്ക് സര്‍ക്കാര്‍ വാഹനം ഉപയോഗിക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും എന്നാല്‍, ബോര്‍ഡിലെ ചീഫുമാരെ വകുപ്പ് തലവന്‍മാരായി കാണാന്‍ കഴിയില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു. 2023 ജൂണ്‍ 18 ന് ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ ഔദ്യോഗിക വാഹനങ്ങള്‍ അടിയന്തര സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അര്‍ഹതയുള്ളവരുടെ പട്ടികയില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ചീഫുമാരെക്കൂടി ഉള്‍പ്പെടുത്തി ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക്് ഇളവു നല്‍കി. 2011 ല്‍ പുറത്തിറക്കിയ ഉത്തരവിന് വിരുദ്ധമായാണ് 2023 ല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ബിശ്വനാഥ് സിന്‍ഹ പുതിയ ഉത്തരവിറക്കിയിരുന്നത്.


2011 ല്‍ ആസൂത്രണ ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച് പ്രവര്‍ത്തിച്ച ഡ്രൈവറെ തിരുത്താനായി മാത്രം ബോര്‍ഡ് 2025 ജൂണ്‍ 17 ന് വീണ്ടും പുതിയ ഉത്തരവിറക്കി. വികേന്ദ്രിക ആസൂത്രണവിഭാഗം ചീഫിന്‍െ്റ ഡ്രൈവറായി നിയമിതനായ ജീവനക്കാരന്‍ ചീഫിനെ താമസസ്ഥലത്തു നിന്നും ഓഫീസിലേക്കും, തിരികെയും എത്തിക്കാത്തതു കൊണ്ട് ചീഫിന്‍െ്റ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് ബുദ്ധിമുട്ട് നേരിടുകയാണെന്നും ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കണമെന്നും പുതിയ ഉത്തരവിലുണ്ട്്. അല്ലാത്തപക്ഷം തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ഉത്തരവില്‍ മുന്നറിയിപ്പു നല്‍കുന്നു. താമസസ്ഥലത്തു നിന്നും വീട്ടിലേക്കും തിരിച്ചും കൊണ്ടു പോകേണ്ടതില്ലെന്ന നിര്‍ദ്ദേശമാണ് ഒരു ചീഫിനു വേണ്ടി ബോര്‍ഡ് തിരുത്തിയത്.


സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തതായി കണ്ടെത്തിയാല്‍, വാഹനത്തിന്റെ നിയന്ത്രണ അധികാരിയില്‍നിന്ന് ആ വര്‍ഷം ഏറ്റവും കൂടുതല്‍ ഇന്ധനം ഉപയോഗിച്ച മാസത്തിലെ ഇന്ധനത്തിന്റെ വിലയുടെ 50 ശതമാനം പിഴയായി ഈടാക്കണമെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നുമാണ് ധനവകുപ്പിന്റെ ഉത്തരവ്. സര്‍ക്കാര്‍ വാഹനങ്ങള്‍ ഉദ്യോഗസ്ഥരെ താമസസ്ഥലത്തുനിന്ന് ഓഫിസിലെത്തിക്കാനോ തിരിച്ച് വീട്ടിലെത്തിക്കാനോ ഉപയോഗിക്കരുതെന്നു ധനകാര്യ പരിശോധനാ വിഭാഗം മുന്‍പ് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, വകുപ്പ് മേധാവികള്‍, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് ഇതു ബാധകമല്ല. സര്‍ക്കാര്‍ വാഹനങ്ങള്‍ ഓഫിസുകളില്‍നിന്നുള്ള ഔദ്യോഗിക യാത്രകള്‍ക്കായി പരിമിതപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.


സര്‍ക്കാര്‍ വാഹനങ്ങള്‍ ഷോപ്പിങ്, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍, സിനിമ, മാര്‍ക്കറ്റ്, ആരാധനാലയങ്ങള്‍, വിവാഹം, കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കുക തുടങ്ങിയ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, വകുപ്പ് തലവന്‍മാര്‍, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് തുക അടച്ച് സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാഹനം ഉപയോഗിക്കാമെന്ന ആനുകൂല്യമുണ്ട്. പക്ഷേ യാത്ര തുടങ്ങുന്നതിനു മുന്‍പ് ലോഗ് ബുക്കില്‍ വിവരം രേഖപ്പെടുത്തണം. യാത്ര അവസാനിച്ചാല്‍ യാത്ര ചെയ്ത ദൂരവും ഉദ്യോഗസ്ഥന്റെ ഒപ്പും ലോഗ് ബുക്കില്‍ രേഖപ്പെടുത്തണം. ലോഗ് ബുക്ക് വാഹനത്തില്‍ തന്നെ സൂക്ഷിക്കണം. പരിശോധനയ്ക്കായി ആവശ്യപ്പെടുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ലോഗ് ബുക്ക് കൈമാറണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.



Tags:    

Similar News