ഗണേഷ് കുമാറിന് 'മൈലേജുണ്ടാക്കാന്‍' നടത്തിയ 'ഷോ'യില്‍ ബലിയാടായി കെഎസ്ആര്‍ടിസി ജീവനക്കാര്‍; ബസ് തടഞ്ഞുനിര്‍ത്തി വെള്ളക്കുപ്പിയുടെ പേരില്‍ മന്ത്രി ശാസിച്ചതിന് പിന്നാലെ പൊന്‍കുന്നം ഡിപ്പോയിലെ മൂന്ന് ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം; ഡ്രൈവര്‍ ജയ്മോന്‍ ജോസഫിനെ സ്ഥലം മാറ്റിയത് പുതുക്കാട്ടേക്ക്; ചെയ്യാത്ത കുറ്റത്തിലെ നടപടിയില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ജീവനക്കാര്‍
ഗണേഷ് കുമാറിന് 'മൈലേജുണ്ടാക്കാന്‍' നടത്തിയ 'ഷോ'യില്‍ ബലിയാടായി കെഎസ്ആര്‍ടിസി ജീവനക്കാര്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പു കാലം അടുത്തതോടെ 'ഇമേജ്' കൂട്ടാന്‍ ഷോയുമായി രംഗത്താണ് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. വെള്ളക്കുപ്പികള്‍ ബസിന്റെ ഡ്രൈവര്‍ സീറ്റിനു മുന്നില്‍ കൂട്ടിയിട്ടതിന്റെ പേരില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി മന്ത്രി കാണിച്ച ഷോ പൊതുസമൂഹത്തില്‍ കടുത്ത എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയിരുന്നു. ഇപ്പോഴിതാ ചെയ്യാത്ത തെറ്റിന്റെ പേരില്‍ പ്രതികാര നടപടി നേരിടേണ്ടി വന്നിരിക്കയാണ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍. പൊന്‍കുന്നം ഡിപ്പോയിലെ മൂന്ന് ജീവനക്കാര്‍ക്കാണ് സ്ഥലം മാറ്റം. ഡ്രൈവര്‍ ജെയ്‌മോന്‍ ജോസഫ്, സജീവ് കെ എസ് എന്നിവര്‍ക്കും മറ്റൊരു വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്കുമാണ് സ്ഥലം മാറ്റം.
സംഭവം നടക്കുമ്പേ ഗതാഗത മന്ത്രി ശാസിച്ചത് പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവറായ ജയ്‌മോന്‍ ജോസഫിനെയായിരുന്നു. ബസിന്റെ മുന്‍ഭാഗത്ത് വെള്ളക്കുപ്പി കിടന്നത് വലിയ പ്രശ്‌നമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ ഷോ കാണിച്ചത്. നടപടി പിന്നാലെ വരുമെന്നും മന്ത്രി സൂചിപ്പിച്ചിരുന്നു. ഭരണപരമായി സൗകര്യാര്‍ത്ഥമാണ് സ്ഥലം മാറ്റമെന്നാണ് ഓര്‍ഡറില്‍ ചൂണ്ടിക്കാട്ടുന്നത്.
പാലാ സ്വദേശിയായ ജെയ്‌മോന്‍ ജോസഫിനെ തൃശ്ശൂര്‍ ജില്ലയിലെ പുതുക്കാട് ഡിപ്പോയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. വയോധികരായ മാതാപിതാക്കളും ചെറിയ രണ്ട് കുഞ്ഞുങ്ങളുമാണ് ജെയ്‌മോനുള്ളത്. ഇവരെ പരിചരിക്കേണ്ട ചുമതലയുള്ള ആളാണ് മന്ത്രിയുടെ പ്രതികാര നടപടിക്ക് ഇരയായിരിക്കുന്നത്. സ്ഥലം മാറ്റത്തില്‍ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് ജയ്‌മോന്‍. പെട്ടന്നുള്ള സ്ഥലം മാറ്റം ഈ കുടുംബത്തെ ആകെ വിഷമത്തിലാക്കിയിരിക്കയാണ്. ദ്വീര്‍ഘകാലമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്ന ജെയ്‌മോന്‍ സര്‍വീസില്‍ ഇതുവരെ നടപടികളൊന്നും നേരിടേണ്ടി വന്നിട്ടില്ല. ഇതാദ്യമായാണ് നടപടി എത്തുന്നത്, അതും ചെയ്യാത്ത കുറ്റത്തിന്.
നേരത്തെ ബസ് തടഞ്ഞു നിര്‍ത്തിയുള്ള ഗണേഷ്‌കുമാറിന്റെ നടപടിയില്‍ കടുത്ത വിമര്‍ശനം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. എ സി കാറില്‍ മാത്രം സഞ്ചരിക്കുന്ന മന്ത്രി സാധാരണ ജീവനക്കാരുടെ ബുദ്ധിമുട്ട് പരിഗണിക്കാതെ ശകാരിച്ചു എന്നാണ് ഉയര്‍ന്ന വിമര്‍ശനം. ഏതാനും ദിവസം മുമ്പാണ് കൊല്ലം ആയൂരില്‍ കോട്ടയം-തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ ബസ് തടഞ്ഞുനിര്‍ത്തി ഗണേഷ് കുമാര്‍ ജീവനക്കാരെ ശാസിച്ചത്. ബസിനു മുന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടതിനായിരുന്നു ശകാരം.
ബസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിടരുതെന്നും എംഡി നേരത്തേ നോട്ടിസ് നല്‍കിയിരുന്നു. ഇത് ജീവനക്കാര്‍ പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി റോഡില്‍വച്ച് പ്രഖ്യാപിച്ചിരുന്നു. ഞങ്ങളല്ല കുപ്പികള്‍ ഉപേക്ഷിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞെങ്കിലും മന്ത്രി കേള്‍ക്കാന്‍ തയ്യാറായില്ല. ഇന്നലെ ബസിലിട്ട കുപ്പികളാണെങ്കില്‍ ഇന്ന് ബസ് സര്‍വീസ് നടത്തും മുന്‍പ് നിങ്ങളെന്തു ചെയ്തുവെന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം.
ദീര്‍ഘദൂര റൂട്ടുകളില്‍ പോകുമ്പോള്‍ കിട്ടുന്ന ബാറ്റ ഭക്ഷണത്തിനും വെള്ളത്തിനും വിശ്രമത്തിനും തികയില്ലെന്ന് വിമര്‍ശനം അടക്കം ജീവനക്കാര്‍ക്കുണ്ട്. നല്ല ചൂടല്ലേ, വെള്ളം കുടിക്കാതെ ഓടിക്കാന്‍ പറ്റുമോ. എ.സിയില്‍ മാത്രം പോകുന്നവര്‍ക്ക് ഞങ്ങടെ ബുദ്ധിമുട്ട് അറിയുമോ. ദിവസം മൂന്നു നാലു കുപ്പി വെള്ളം എങ്കിലും വേണ്ടിവരും. പുലര്‍ച്ചെ 5 മണിക്കു പോയാല്‍ ഉച്ചയ്ക്കു രണ്ടരയ്ക്കാണ് എത്തുന്നത്. പത്തു രൂപയ്ക്കു വെള്ളം കിട്ടുന്ന ഇടത്തുനിന്ന് മൂന്നും നാലും കുപ്പ് വാങ്ങി വയ്ക്കുകയാണ് പതിവ്. ഒരു കുപ്പി വയ്ക്കാന്‍ മാത്രമേ ബസില്‍ സൗകര്യമുള്ളൂ. ബാക്കി കുപ്പികള്‍ മുന്നില്‍ ഇടുകയാണ് ചെയ്യുന്നത്. അതാണ് ഇപ്പോള്‍ വലിയ പ്രശ്നമായി പറയുന്നത്. ഒരു കുപ്പി മാത്രം മതിയെന്നു വന്നാല്‍ ഇടയ്ക്കു ബസ് നിര്‍ത്തി വെള്ളം എടുക്കേണ്ടി വരും. അത് യാത്രക്കാര്‍ക്കു ബുദ്ധിമുട്ടാകും- ജീവനക്കാര്‍പറയുന്നു.
വെള്ളക്കുപ്പി വയ്ക്കുന്നത് മോശമാണെന്നു പറയുന്നവര്‍ ഡിപ്പോകളില്‍ ജീവനക്കാര്‍ക്കു കിടക്കാന്‍ ഒരുക്കിയിരിക്കുന്ന സ്ഥലത്തെ ദയനീയമായ അവസ്ഥ ഉള്‍പ്പെടെ ഒന്നു വിലയിരുത്തുന്നത് നല്ലതാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഉള്‍പ്പെടെ ജീവനക്കാര്‍ പണിയെടുക്കുന്ന സ്ഥലവും റാംപും കണ്ടാല്‍ അറയ്ക്കും. ഇത്രയും അപര്യാപ്തതകള്‍ക്കിടയിലും ജീവിക്കാന്‍ വേണ്ടി നെട്ടോട്ടം ഓടുമ്പോഴാണ് മന്ത്രിയുടെ ഷേയെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതേസമം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ മിന്നല്‍ പരിശോധന നടത്തിയ ബസിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തല്‍. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് 2025 ഓഗസ്റ്റ് ഏഴിന് അവസാനിച്ചു.