വെലോസിറ്റി ബാറില്‍ നടി ലക്ഷ്മി മേനോനൊപ്പം എത്തിയത് കൊടും ക്രിമിനല്‍; പൊലീസ് ചമഞ്ഞു സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 244 ഗ്രാം സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയും നടിയുമായുള്ള സൗഹൃദവും ദുരൂഹം; വെലോസിറ്റി ബാറിലെ അടിപടിയും തല്ലു കേസും ഒതുക്കാന്‍ 'കൗണ്ടര്‍ ബുദ്ധി'യും; ഹൈക്കോടതിയുടെ അറസ്റ്റ് തടയല്‍ നടിയ്ക്ക് ആശ്വാസം; മിഥുനും അനീഷും അത്ര നിസ്സാരക്കാരല്ല

Update: 2025-08-28 02:23 GMT

കൊച്ചി: കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടി നിര്‍ണ്ണായകം. ഇതോടെ നടിയ്ക്ക് ആശ്വാസമെത്തി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഓണം അവധിക്ക് ശേഷം വിശദമായ വാദം കേള്‍ക്കും. സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തതോടെ നടി ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ മൂന്നാം പ്രതിയാണ് ലക്ഷ്മി മേനോന്‍.

ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് സംഘത്തില്‍ നടിയും ഉണ്ടായിരുന്നുവെന്ന് വ്യക്തമായത്. നടുറോഡില്‍ വച്ച് കാര്‍ തടഞ്ഞുനിര്‍ത്തി ലക്ഷ്മി മേനോനും സുഹൃത്തുക്കളും പരാക്രമം കാട്ടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബാറില്‍ വച്ച് ഇരു സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് റോഡിലേക്ക് വ്യാപിച്ചത്. ബാറില്‍ വച്ച് തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് ലക്ഷ്മി മേനോനും സുഹൃത്തുക്കളും കാറില്‍ പിന്തുടര്‍ന്നെന്നും എറണാകുളം നോര്‍ത്ത് പാലത്തില്‍വെച്ച് യുവാവിനെ കാറില്‍നിന്ന് വലിച്ചിറക്കി മറ്റൊരു കാറില്‍ കയറ്റി മര്‍ദിച്ചെന്നുമാണ് പരാതി. പിന്നീട് ഇയാളെ പറവൂരില്‍ ഇറക്കിവിടുകയായിരുന്നു. സംഭവത്തില്‍ മിഥുന്‍, അനീഷ്, സോന എന്നിവരെ എറണാകുളം ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലുവ സ്വദേശിയായ ഐടി ജീവനക്കാരനാണ് പരാതി നല്‍കിയത്.

മലയാളം, തമിഴ് സിനിമകളില്‍ സജീവമായ ലക്ഷ്മി മേനോന്‍ 2011ല്‍ രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ് അഭിനയരം ഗത്തെത്തുന്നത്. തുടര്‍ന്ന് തമിഴില്‍ കുംകി, സുന്ദരപാണ്ഡ്യന്‍, ജിഗര്‍തണ്ട തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചു. സുന്ദര പാണ്ഡ്യന്‍, കുംകി എന്ന സിനിമകളിലെ പ്രകടത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു. ലക്ഷ്മി മേനോനേയും സുഹൃത്തുക്കളെയും ആക്രമിച്ചെന്ന് അറസ്റ്റിലായ സോന നല്‍കിയ പരാതിയില്‍ മറ്റൊരാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൗണ്ടര്‍ കേസ് പോലെയാണ് ഇത് പോലീസ് എടുത്തത്. പ്രതികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ കേസെന്നും ആരോപണമുണ്ട്. ഓണ അവധിയെല്ലാം കണക്കിലെടുത്താണ് നടി അതിവേഗം കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്.

പരാതിക്കാരന്‍ ലൈംഗിക അധിക്ഷേപ പരാമര്‍ശം നടത്തിയെന്നും അസഭ്യം പറഞ്ഞെന്നും ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കേസില്‍ നടി മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. പരാതിക്കാരന്‍ ലൈംഗിക അധിക്ഷേപ പരാമര്‍ശം നടത്തിയെന്നും അസഭ്യം പറഞ്ഞെന്നും ലക്ഷ്മി മേനോന്‍ ഹര്‍ജിയില്‍ പറയുന്നു. കുറ്റകൃത്യവുമായി തനിക്ക് ബന്ധമില്ലെന്നും താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും താരം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പരാതിക്കാരനായ ഐടി ജീവനക്കാരന്‍ കെട്ടിച്ചമച്ച കഥകളാണ് പൊലീസിനോട് പറഞ്ഞത്. ബാറില്‍ വച്ച് തന്നെയും ഒപ്പമുണ്ടായിരുന്നവരെയും യുവാവ് അധിക്ഷേപിച്ചു. കൂടാതെ അശ്ലീലം പറയുകയും ചെയ്തു. തുടര്‍ന്നാണ് വാക്കുതര്‍ക്കമുണ്ടായത്. വെലോസിറ്റി ബാറിലായിരുന്നു ഇതെല്ലാം.

പിന്നാലെ യുവാവ് തങ്ങളെ കാറില്‍ പിന്തുടരുകയായിരുന്നുവെന്നും ലക്ഷ്മി മേനോന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു. ലക്ഷ്മി മേനോന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഓഗസ്റ്റ് 24-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 11.30 ഓടെ നോര്‍ത്ത് റെയില്‍വേ പാലത്തിന് സമീപത്ത് വച്ചാണ് സംഭവം നടന്നത്.കേസില്‍ കൂട്ടുപ്രതികളായ പറവൂര്‍ വെടിമറ സ്വദേശി മിഥുന്‍, പറവൂര്‍ ഗോതുരുത്ത് സ്വദേശി അനീഷ്, കുട്ടനാട് സ്വദേശിനി സോന എന്നിവരെ ചൊവ്വാഴ്ച നോര്‍ത്ത് പൊലീസ് അറസ്റ്റുചെയ്തിരുന്നു. ചോദ്യംചെയ്യലിലാണ് നടിയും ഒപ്പമുണ്ടായെന്ന് വെളിപ്പെടുത്തിയത്. പരാതിക്കാരന്‍ തെളിവായി നല്‍കിയ ദൃശ്യങ്ങളില്‍ ഉണ്ടായിരുന്ന രണ്ട് സ്ത്രീകളില്‍ ഒരാള്‍ നടിയാണെന്ന് അപ്പോഴാണ് പൊലീസ് തിരിച്ചറിഞ്ഞത്. കാറില്‍ ഇരിക്കുന്ന യുവാവിനോട് സോന തര്‍ക്കിക്കുന്നതും ലക്ഷ്മി വാഹനം തടയുന്നതും ദൃശ്യത്തില്‍ വ്യക്തം. മിഥുന്‍ സ്വര്‍ണം പൊട്ടിക്കല്‍ കേസിലെ പ്രതിയാണ്. അനീഷിനെതിരെയും കേസുകളുണ്ട്.

ആലുവ സ്വദേശിയും സദര്‍ലാന്‍ഡ് ഐ.ടി കമ്പനിയിലെ ജീവനക്കാരനുമായ അലിയാര്‍ഷാ സലീമിനെയാണ് ഞായറാഴ്ച രാത്രി കടത്തിക്കൊണ്ടുപോയത്. അലിയാര്‍ഷായും തായ്ലാന്‍ഡ് സ്വദേശിനിയും രണ്ട് ആണ്‍ സുഹൃത്തുക്കളുമടങ്ങുന്ന ടീമും നടിയുള്‍പ്പെടുന്ന കടത്തിക്കൊണ്ടുപോയ സംഘവും നഗരത്തിലെ ബാറില്‍വച്ചാണ് വാക്കുതര്‍ക്കമുണ്ടാകുന്നത്. നടിയോട് മോശമായി സംസാരിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. അലിയാര്‍ ഷായും സുഹൃത്തുക്കളും ബാര്‍വിട്ടശേഷം നടിയും സംഘവും ഇവരെ പിന്തുടര്‍ന്ന് നോര്‍ത്ത് പാലത്തില്‍വച്ച് തടഞ്ഞുനിറുത്തി. പിന്നീട് കാറില്‍ നിന്ന് വലിച്ചിറക്കി യുവാവിനെ കടത്തിക്കൊണ്ടു പോകുകയായിരുന്നുവെന്നും കാറില്‍ വച്ച് മുഖത്തും ദേഹത്തുമെല്ലാം മര്‍ദിച്ചെന്നുമാണ് അലിയാര്‍ ഷായുടെ പരാതി.

പറവൂര്‍വഴി ആലുവയിലേക്കുപോയ സംഘം പരാതിക്കാരനെ പറവൂര്‍ കവലയില്‍ ഇറക്കിവിടുകയായിരുന്നു.തിങ്കളാഴ്ച യുവാവ് നോര്‍ത്ത് സ്റ്റേഷനിലെത്തി പരാതി നല്‍കുമ്പോഴാണ് സംഭവം പൊലീസ് അറിയുന്നത്. കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മിഥുനേയും അനീഷിനേയും സോനയേയും അറസ്റ്റ് ചെയ്തത്. കാറുടമയായ കുട്ടനാട് സ്വദേശിയെ ചോദ്യംചെയ്ത് വിട്ടയച്ചു. ഇയാളുടെ സുഹൃത്താണ് നടി. അതേസമയം പരാതിക്കാരന്റെ സംഘം ബിയര്‍കുപ്പിക്ക് ആക്രമിച്ചെന്ന് കാട്ടി അറസ്റ്റിലായ സോന നല്‍കിയ പരാതിയില്‍ നോര്‍ത്ത് പൊലീസ് കേസെടുത്തു. കണ്ണിന് പരിക്കേറ്റെന്നാണ് പരാതി.

ആരാണ് നടിക്കൊപ്പം ഉണ്ടായിരുന്ന മിഥുന്‍

പൊലീസ് ചമഞ്ഞു സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 244 ഗ്രാം സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയാണ് മിഥുന്‍ മോഹന്‍. 2023ലായിരുന്നു ആ കേസുണ്ടായത്. ആലുവ സ്വദേശിയായ വ്യാപാരിയാണു ദിവാന്‍ജിമൂല ഭാഗത്തു കവര്‍ച്ചയ്ക്കിരയായത്. വ്യാപാരിയുടെ ദീര്‍ഘകാല സുഹൃത്തും ഒന്നിലേറെ ബിസിനസുകളില്‍ പങ്കാളിയുമായ വിനീഷ് കുമാറാണു സ്വര്‍ണം കൈവശമുണ്ടെന്ന വിവരം മനസ്സിലാക്കി മുഖ്യപ്രതികള്‍ക്കു ക്വട്ടേഷന്‍ നല്‍കിയതെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍നിന്നു കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വില്‍പന നടത്താനുള്ള സ്വര്‍ണവുമായി റെയില്‍വേ സ്റ്റേഷനിലേക്കു പോകുന്നതിനിടെ ഒരുസംഘം കാറിലെത്തി തടഞ്ഞു. വ്യാപാരിയെ ഇവര്‍ ബലമായി പിടിച്ചു കാറില്‍ കയറ്റി മര്‍ദിച്ചവശനാക്കിയ ശേഷം സ്വര്‍ണം കവര്‍ന്നു. വരാപ്പുഴ ഭാഗത്തു കാറില്‍ നിന്നിറക്കിവിട്ടു കടന്നു. തൃശൂര്‍, എറണാകുളം ജില്ലകളിലായി നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണു പ്രതികളെ അന്ന് പൊലീസ് കുടുക്കിയത്. പറവൂര്‍, പാലാരിവട്ടം എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് മിഥുനും സംഘവും എന്ന് പോലീസ് അന്നേ തിരിച്ചറിഞ്ഞിരുന്നു.

Tags:    

Similar News