പിണറായി വന്ന് ഒമാനിലെ മലയാളികളുടെ മാത്രമല്ല ഇന്ത്യക്കാരുടെ അഭിമാനം ഇല്ലാതാക്കി; കഴിഞ്ഞ മാസം നന്ദ ഗോപന്‍ ഭജന സംഘത്തിന്റെ പ്രോഗ്രാം നടന്നില്ല; ഇപ്പോള്‍ പരിപാടി നടത്താന്‍ കഴിയാതെ മധു ബാലകൃഷ്ണനും വയലാര്‍ ശരത് ചന്ദ്രവര്‍മ്മയും മടങ്ങി; കേരളാ മുഖ്യമന്ത്രിയുടെ 'മസ്‌കറ്റ് തള്ളില്‍' പ്രതിസന്ധികള്‍ തുടരുന്നു; ഒമാന്‍ സിഐഡികള്‍ മലയാളി പരിപാടികള്‍ വിലക്കുമ്പോള്‍

Update: 2025-11-17 08:50 GMT

മസ്‌കറ്റ്: മുഖ്യമന്ത്രി പിണറായി വിജയന്റെ മസ്‌കറ്റ് യാത്രയില്‍ പണി കിട്ടിയത് അവിടെയുള്ള ഇന്ത്യാക്കാര്‍ക്ക്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ അവകാശ വാദങ്ങളും ചില മുനവച്ച കുത്തുകളുമെല്ലാം വിവാദമായതോടെ വിഷയത്തില്‍ ഒമാന്‍ ഭരണ കൂടം ഇടപെട്ടു. ഇതോടെ മലയാളികള്‍ക്ക് ആഘോഷിക്കാനുള്ള പൊതുയിടം നഷ്ടമാകുകയാണ്. ഇതുകാരണം സാമുഹിക-സാസ്‌കാരിക പരിപാടികള്‍ക്ക് നിയന്ത്രണം വന്നു. അവസാനമായി മധു ബാലകൃഷ്ണന്റെ ഗാനമേള പോലും റദ്ദാക്കി.

വെള്ളിയാഴ്ച മധു ബാലകൃഷ്ണന്റെ ഗാനമേള അല്‍ ഫലാജ് ഹോട്ടലില്‍ നടത്താനിരുന്നതാണ്. വ്യാഴാഴ്ച അദ്ദേഹം എത്തി. പക്ഷേ ഇവിടെ പോലീസിന്റെ അനുമതി നിഷേധിച്ചു. പിണറായി വന്ന പ്രശ്‌നത്തിന് ശേഷം ഈ വക കാര്യങ്ങള്‍ സിഐഡി വകുപ്പാണ് തീരുമാനിക്കുന്നത്. മുമ്പൊക്കെ മിനിസ്ട്രിയില്‍ നിന്നും പരിപാടി ഒന്നും നടത്തുന്നില്ലേ എന്ന് ചോദിച്ച് പുറകെ വരുമായിരുന്നു. ഇപ്പോള്‍ പിണറായി വന്നതോടെ ആ സ്ഥിതി മാറി. മധുബാലകൃഷ്ണന്റെ ഗാനമേളയ്ക്ക് പോലും കഴിയുന്നില്ല. പരിപാടി നടത്താന്‍ പറ്റാതെ എല്ലാവരും തിരിച്ചു പോയി. മധു ബാലകൃഷ്ണനും ടീമും തിരിച്ചു പോയി. ലക്ഷങ്ങളുടെ നഷ്ടമാണ് സംഘാടകര്‍ക്ക് വന്നത്. പിണറായി വന്ന് ഒമാനിലെ മലയാളികളുടെ മാത്രമല്ല ഇന്ത്യക്കാരുടെ അഭിമാനം ഇല്ലാതാക്കി. കഴിഞ്ഞ മാസം നന്ദ ഗോപന്‍ ഭജന സംഘത്തിന്റെ പ്രോഗ്രാമും ഇതേ കാരണം കൊണ്ട് ക്യാന്‍സല്‍ ചെയ്യേണ്ടി വന്നു-ഇതാണ് പ്രധാനപ്പെട്ട പ്രവാസി സംഘടനയിലെ ചുമതലക്കാരന്‍ ഇതേ കുറിച്ച് മറുനാടന്‍ മലയാളിയോട് പ്രതികരിച്ചത്.

ഒമാനില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബുണ്ട്. ഇതിന് കീഴില്‍ 27 സംഘടനകള്‍. ഓരോ ഇന്ത്യന്‍ ഭാഷയ്ക്കും ഓരോ സംഘടന. ഇതിലൊന്നാണ് മലയാളി സോഷ്യല്‍ ക്ലബ്ബ്. ഇവരാണ് മുഖ്യമന്ത്രിയുടെ പരിപാടി സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണ പ്രസംഗമായിരുന്നു മുഖ്യമന്ത്രിയുടേത്. ഇതില്‍ എതിര്‍പ്പ് അറിയിച്ച് ചില മലയാളി സംഘടനകള്‍ പങ്കെടുത്തതുമില്ല. ഗള്‍ഫിലെ ഓരോ രാജ്യത്തും അവരുടെ വികാരങ്ങളെ വൃണപ്പെടുത്തുന്നതൊന്നും നടത്താന്‍ പാടില്ല. പിണറായിയുടെ പരിപാടിയില്‍ അത്തരത്തിലൊന്ന് നടന്നു. ഇതോടെ പൊതു വേദികളില്‍ പരിപാടി നടത്താനുള്ള ഇന്ത്യാക്കാരുടെ ആഗ്രഹവും പൊലിയുകയാണ്. ഇതുകൊണ്ടാണ് മധു ബാലകൃഷ്ണനും സംഘത്തിനും പരിപാടി നടത്താന്‍ കഴിയാത്തത്.

ഇനി ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ അങ്കണത്തിനുള്ളില്‍ മാത്രമേ സാംസ്‌കാരി പരിപാടി പോലും നടത്താനാകൂ. മുഖ്യമന്ത്രിക്കായി നടത്തിയ ഘോഷ യാത്രയും വിവാദമായിരുന്നു. ഇനി ഇതൊന്നും പാടില്ലെന്ന് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിനെ ഒമാന്‍ അധികാരികള്‍ അറിയിച്ചിട്ടുമുണ്ട്. മസ്‌ക്കറ്റിലെ പ്രിയ കലാസ്‌നേഹികളെ, ഹരിപ്പാട് പ്രവാസി അസോസിയേഷന്‍ വളരെ സന്തോഷത്തേടെ ഇന്ന് ( നവംബര്‍ 14, 2025) അല്‍ ഫലാജില്‍ നടത്താന്‍ ഇരുന്ന ശ്രീ മധു ബാലകൃഷ്ണന്‍, വയലാര്‍ ശരത് ചന്ദ്ര വര്‍മ, സുമേഷ് കൂട്ടിക്കല്‍ പങ്കെടുക്കുന്ന 'മാലേയം 2025' മ്യൂസിക്കല്‍ പ്രോഗ്രാം ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചിരിക്കുന്നുവെന്നാണ് അറിയിപ്പ് സംഘാടകര്‍ നല്‍കിയത്. പ്രോഗ്രാമുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഞങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലോടെ ഉടന്‍ അറിയിക്കുന്നതാണ്. മാലേയം പ്രോഗ്രാമുമായി സഹകരിച്ച ഞങ്ങളുടെ സ്‌പോണ്‍സര്‍ മാര്‍ക്കും ഞങ്ങളെ ഇതുവരെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി-ഇതാണ് ആ അറിയിപ്പ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഒമാന്‍ സന്ദര്‍ശനത്തിനിടെ സംഘടിപ്പിച്ച സാംസ്‌കാരിക ഘോഷയാത്രയെയും പ്രസംഗത്തേയും ചൊല്ലി വിമര്‍ശനം ഉയര്‍ന്നിരുന്നു. പൊതുഇടങ്ങളിലെ ഇത്തരം പ്രദര്‍ശനങ്ങള്‍ നിയന്ത്രിക്കണമെന്ന് ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ഘോഷയാത്രയില്‍ അവതരിപ്പിച്ച കേരള പോലീസിന്റെ വേഷവും മാലയിട്ട കാളയുമെല്ലാമാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. മസ്‌കറ്റില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവലിനെത്തിയ മുഖ്യമന്ത്രിക്ക് അമിറാത്ത് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നല്‍കിയ വമ്പന്‍ സ്വീകരണമാണ് വിമര്‍ശനത്തിന് ആധാരം.

തെയ്യം അടക്കമുള്ള കേരളീയ കലാരൂപങ്ങളും കാളകളിയും കേരള പോലീസിന്റെ വേഷം ധരിച്ചവരുമെല്ലാം നിറഞ്ഞതായിരുന്നു ഘോഷയാത്ര. മാലയിട്ട കാളയുടെ രൂപവും കേരള പോലീസിന്റെ സാന്നിധ്യമെന്ന് തോന്നുന്ന വിധത്തിലുള്ള പ്രച്ഛന്ന വേഷവുമാണ് വിവാദത്തിന് ഇടയാക്കിയത്. സഹിഷ്ണുതയുടെ പേരില്‍ രാജ്യത്തിന്റെയും മതത്തിന്റെയും മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുതരുതെന്നാണ് ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി അഹമ്മദ് അല്‍ ഖലീലിയുടെ പോസ്റ്റ് എത്തിയത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണാധികാരികള്‍ ഇടപെടണമെന്നും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ ആവശ്യപ്പെിരുന്നു.

ഒമാനിലെ പ്രാദേശിക മാധ്യമങ്ങളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരും ഇതിന് സമാനമായ വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. ഘോഷയാത്രയിലെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ടാണ് വിമര്‍ശനം. എന്നാല്‍ ഘോഷയാത്രയിലെ ദൃശ്യങ്ങള്‍ ഏതെങ്കിലും വിശ്വാസത്തിന്റെ ഭാഗമല്ലെന്നും സാംസ്‌കാരിക ചിഹ്നങ്ങള്‍ മാത്രമാണെന്നും ചിലര്‍ കമന്റ് ബോക്സില്‍ കുറിച്ചു. പൊതുഇടങ്ങളിലെ പ്രകടനങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കുമെല്ലാം കടുത്ത നിയന്ത്രണങ്ങളുള്ള ഗള്‍ഫില്‍, ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന ഓര്‍മ്മപ്പെടുത്തലാണ് ഇത്തരം വിമര്‍ശനങ്ങള്‍.

Tags:    

Similar News