വാസുവിനും സുധീഷ് കുമാറിനുമൊപ്പം ചേര്‍ന്ന് സ്ത്രീ പ്രവേശനം ഉറപ്പാക്കിയത് മുരാരിയെന്ന സത്യം ഒടുവില്‍ പെരുന്നയ്ക്കും ബോധ്യപ്പെട്ടു; 'മണിച്ചേട്ടനെ' പാലമാക്കി മുന്നേറിയ പെരുന്നക്കാരന് ജയില്‍ മോചനം എന്നെന്ന് ആര്‍ക്കും അറിയില്ല; എന്‍ എസ് എസ് ആസ്ഥാനത്തെ ജോലിയില്‍ ഭാര്യയ്ക്ക് നിര്‍ബന്ധിത അവധി; സ്വര്‍ണ്ണ കൊള്ളയില്‍ ആ തേക്ക് കൊട്ടാരത്തിലെ രണ്ടു പേര്‍ക്കും ജോലി നഷ്ടം!

Update: 2025-11-16 04:38 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ജയിലിനുള്ളിലായ മുരാരി ബാബുവിനെ എല്ലാ അര്‍ത്ഥത്തിലും കൈവിട്ട് എന്‍ എസ് എസ്. ശബരിമല സ്ത്രീ പ്രവേശന കാലത്താണ് എന്‍ എസ് എസുമായി മുരാരി ബാബു അടുത്തത്. ആദ്യം ശബരിമലയിലേക്ക് എത്തിയ യുവതിയെ തടഞ്ഞത് തന്റെ ഇടപെടലില്‍ ആണെന്ന് എന്‍ എസ് സിനെ മുരാരി ബാബു അറിയിച്ചിരുന്നു. എന്നാല്‍ ഇത് കളവാണെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് ബോധ്യപ്പെട്ടു. അന്ന് ദേവസ്വം കമ്മീഷണറായിരുന്ന എന്‍ വാസുവിന്റെ വിശ്വസ്തനായിരുന്നു മുരാരി ബാബു. എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന സുധീഷ് കുമാറും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരിയും സഹകരിച്ചാണ് പ്രവര്‍ത്തിച്ചത്. ഈ മൂന്നു പേരും സ്ത്രീ പ്രവേശനം ഉറപ്പാക്കുന്നില്‍ നിര്‍ണ്ണായക പങ്കും വഹിച്ചു. ഇപ്പോഴാണ് എന്‍ എസ് എസ് ഇതു തിരിച്ചറിയുന്നത്. ഈ സാഹചര്യത്തില്‍ മുരാരി ബാബുവിന്റെ ഭാര്യയോട് നിര്‍ബന്ധിത അവധി എടുക്കാനും നിര്‍ദ്ദേശിച്ചു. അവര്‍ ഇപ്പോള്‍ പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്ത് ജോലിക്ക് എത്തുന്നില്ല.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എന്‍ വാസുവിന്റേത് സുപ്രധാന അറസ്റ്റായിരുന്നു. ഇതുവരെ നാലു പേരാണ് അറസ്റ്റിലായത്. ഇതില്‍ മൂന്ന് പേരും സ്ത്രീ പ്രവേശന വിധിക്കാലത്ത് ശബരിമലയെ നിയന്ത്രിച്ചവരാണ്. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു സുധീഷ് കുമാര്‍. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. ദേവസ്വം കമ്മീഷണറായിരുന്നു വാസു. മൂന്നു പേരും ശബരിമലയിലെ സ്ത്രീ പ്രവേശന ഗൂഡാലോചന നേരിട്ട് മനസ്സിലാക്കിയ വ്യക്തികള്‍. മൂവരും ഇതിന്റെ പേരില്‍ നേട്ടവുമുണ്ടാക്കി. വാസുവിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകാന്‍ സാധിച്ചത് നവോത്ഥാനമെന്ന ലേബലില്‍ സ്ത്രീ പ്രവേശനകാലത്ത് നടത്തിയ നീക്കമാണ്. ഇതേ വാസുവിന് പ്രസിഡന്റായപ്പോള്‍ ഒന്നും ചെയ്യാനായിരുന്നില്ല. കോവിഡു കാരണം ആ രണ്ടു വര്‍ഷവും ഭക്തര്‍ മലകയറുന്നതില്‍ നിയന്ത്രണമുണ്ടായിരുന്നു. അവസാന കാലത്ത് കോവിഡും വന്നു. അതു കാരണം കാലാവധി നീട്ടിയെടുക്കാനും കഴിഞ്ഞില്ല. ഇപ്പോള്‍ അറസ്റ്റും. മുരാരി ബാബുവിന് ഉടനൊന്നും ജാമ്യം കിട്ടാന്‍ ഇടയില്ലെന്നാണ് വിലയിരുത്തല്‍. ദേവസ്വം ബോര്‍ഡ് മുരാരിയെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. സമാന രീതിയില്‍ മുരാരിയുടെ ഭാര്യയ്ക്ക് എന്‍ എസ് എസ് ജോലിയും പോകാനാണ് സാധ്യത. പെരുന്നയില്‍ തേക്കു കൊട്ടാരമാണ് മുരാരി നിര്‍മ്മിച്ചതെന്നും സൂചനയുണ്ട്. ഈ വീട് നിര്‍മ്മാണവും അന്വേഷണ ഏജന്‍സികളുടെ പരിശോധനയിലാണ്.

സ്ത്രീ പ്രവേശനത്തില്‍ ഇരട്ട നേട്ടമുണ്ടാക്കിയത് മുരാരി ബാബുവാണ്. ഒരേ സമയം സംവിധാനത്തിന്റേയും നവോത്ഥാന വിരുദ്ധ ചേരിയുടേയും ആളായി. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഭാസ്‌കരന്‍ നായരുടെ പിന്തുണയിലാണ് പെരുന്നക്കാരന്‍ ദേവസ്വം ബോര്‍ഡിലെത്തിയത്. എന്‍ എസ് എസ് പ്രസിഡന്റായിരുന്ന മുന്‍ മന്ത്രിയാണ് ഭാസ്‌കരന്‍ നായര്‍. ശബരിമല സ്ത്രീപ്രവേശന കാലത്താണ് എന്‍ എസ് എസുമായി വീണ്ടും മുരാരി ബാബു അടുത്തത്. എന്‍ എസ് എസ് സ്ത്രീ പ്രവേശനത്തെ എതിര്‍ത്തു. തുടക്കത്തില്‍ രണ്ടു സ്ത്രീകള്‍ സുപ്രീംകോടതി വിധിയുമായി മല ചവിട്ടാന്‍ എത്തി. എന്നാല്‍ ഇത് നടന്നില്ല. ഈ സമയം തന്ത്രി എടുത്ത നിലപാട് നിര്‍ണ്ണായകമായി. ഇതിന് കാരണം താനാണെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ ധരിപ്പിച്ചു. തന്ത്രിയും എന്‍ എസ് എസും തമ്മിലെ കണ്ണിയായും പ്രവര്‍ത്തിച്ചു. ഇതിനൊപ്പം സ്ത്രീകളെ എത്തിക്കാന്‍ നിന്നവര്‍ക്കൊപ്പവും നിലയുറപ്പിച്ചു. അങ്ങനെ രണ്ടു വള്ളത്തില്‍ ചവിട്ടി.

പിന്നീട് സിപിഎം അനുകൂല സംഘടനയുടെ ഭാഗമായി. ഇതോടെ വീണ്ടും ശബരിമലയില്‍ എക്‌സിക്യൂട്ടീവ് ഓഫീസറായി. 2018ലെ സ്വര്‍ണ്ണ കൊള്ള വീണ്ടും അവതരിപ്പിക്കാനും നോക്കി. സ്ത്രീ പ്രവേശന വിവാദം ആളി തണുത്തപ്പോള്‍ തന്റെ ഭാര്യയ്ക്ക് എന്‍ എസ് എസ് ആസ്ഥാനത്ത് ജോലിയും സംഘടിപ്പിച്ചു. ഇരട്ട വരുമാനം കിട്ടിയതോടെ തേക്ക് കൊട്ടാരമായി വീടും മാറി. ഇതിനൊപ്പം പെരുന്ന കരയോഗത്തിന്റെ വൈസ് പ്രസിഡന്റുമായി. എന്‍ എസ് എസ് പിന്തുണയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദത്തിലേക്ക് പോവുമ്പോഴാണ് സ്വര്‍ണ്ണ കൊള്ളയിലെ അറസ്റ്റ്. ഇത് ചെയ്ത പാപങ്ങള്‍ക്കുള്ള അയ്യപ്പ ശിക്ഷയായി പെരുന്നക്കാര്‍ കരുത്തുന്നുണ്ട്. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ അടുപ്പക്കാര്‍ മണിച്ചേട്ടന്‍ എന്നാണ് വിളിക്കുന്നത്. സുകുമാരന്‍ നായരെ തന്ത്രപരമായി പാട്ടിലാക്കി സര്‍ക്കാരിലും ബോര്‍ഡിലും സ്വാധീനം കൂട്ടുകയായിരുന്നു മുരാരി ബാബു. എന്നാല്‍ ഇന്ന് സുകുമാരന്‍ നായര്‍ പ്രതിഷേധത്തിലാണ്. ഇതുകൊണ്ടാണ് എന്‍ എസ് എസിലെ മുരാരി ബാബുവിന്റെ ഭാര്യയുടെ ജോലി പോകുന്നത്.

ചങ്ങനാശേരി പെരുന്ന സ്വദേശിയായ മുരാരി ബാബു പ്രമുഖ സമുദായസംഘടനയുടെ നോമിനിയെന്ന വ്യാജേനയാണ് ബോര്‍ഡില്‍ സ്വാധീനശക്തിയായതെന്നു മറ്റ് ജീവനക്കാരും പ്രതികരിച്ചിരുന്നു. മുരാരി ബാബുവിനെതിരെ പല വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ണരുദ്രാക്ഷമാല മോഷണത്തിനു പുറമേ മറ്റ് തട്ടിപ്പുകളും നടന്നതായി ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ 2021 ജനുവരി 17-നു വൈകിട്ട് നാലരയോടെ ശ്രീകോവിലിനുള്ളിലുണ്ടായ അഗ്‌നിബാധ മറച്ചുവച്ചു, അഗ്നിബാധയില്‍ കേടുസംഭവിച്ച സ്വര്‍ണപ്രഭയുടെ നാഗപ്പത്തികള്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ വിളക്കിച്ചേര്‍ത്തു, ഇവയെല്ലാം മറച്ചുവച്ച് ഒറ്റരാശിപ്രശ്‌നത്തിലൂടെ പരിഹാരക്രിയയ്ക്കായി 10 ലക്ഷം രൂപ ഭക്തരില്‍നിന്നു പിരിച്ചെടുത്തു എന്നിവയാണ് വിജിലന്‍സ് കണ്ടെത്തിയത്.

ക്ഷേത്രത്തിലെ സ്വര്‍ണച്ചാര്‍ത്തുള്ള കുടയിലെ ഇളകിയ ചന്ദ്രക്കല ഉറപ്പിക്കാന്‍ ദേവസ്വം ബോര്‍ഡില്‍നിന്നു നേടിയ അനുമതിയുടെ മറവിലാണ് സ്വര്‍ണനാഗപ്പത്തികള്‍ വിളക്കിച്ചേര്‍ത്തതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ 2005-06ല്‍ അഡ്മിനിസ്ര്‌ടേറ്റീവ് ഓഫീസറായിരുന്ന മാവേലിക്കര ചെട്ടികുളങ്ങര സ്വദേശി ജെ. ജയലാല്‍ വഴിപാടായി സമര്‍പ്പിച്ച സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല കാണാതായതു സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. മുമ്പ് ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം സ്‌ട്രോങ്‌റൂമില്‍നിന്ന് സ്വര്‍ണം, വെള്ളി ഇനത്തില്‍പ്പെട്ട ആറ് ഉരുപ്പടികള്‍ കാണാതായിരുന്നു. എന്നാല്‍, അന്വേഷണം നടക്കുന്നതിനിടെ, 16 ദിവസത്തിനുശേഷം ഇവയെല്ലാം സ്‌ട്രോങ് റൂമില്‍ തിരിച്ചുവച്ചതായി കണ്ടെത്തി.

ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണ്ണം പൂശലിനായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വേണ്ടി മുരാരി ബാബു ഇടപെട്ടതിന്റെ തെളിവും പുറത്തു വന്നിരുന്നു. 2024ല്‍ ദ്വാരപാലക പീഠം ഉണ്ണികൃഷ്ണന്‍ പോറ്റി വഴി സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിക്കാന്‍ നീക്കം നടത്തിയെന്നുള്ള കത്താണ് പുറത്തുവന്നത്. ദേവസ്വം ബോര്‍ഡിനെ അറിയിക്കും മുന്‍പ് മുരാരി ബാബു സ്മാര്‍ട്ട് ക്രിയേഷന് കത്ത് അയച്ചു. ദ്വാരപാലക പീഠം ഉണ്ണികൃഷ്ണന്‍ പോറ്റി വഴി എത്തിക്കുമെന്നായിരുന്നു മുരാരി ബാബു കമ്പനിക്ക് അയച്ച കത്ത് പുറത്തുവന്നത്. വിവരങ്ങള്‍ അറിയിച്ചു സ്മാര്‍ട്ട് ക്രിയേഷന്‍സ് തിരിച്ചും കത്ത് അയച്ചു. കത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വഴി പീഠം കൊടുത്തു വിടണമെന്ന് ആവശ്യപ്പെടുന്നുണ്ട്. കത്തില്‍ എക്‌സിക്യുട്ടീവ് ഓഫീര്‍ ആയിരുന്ന മുരാരി ബാബു തുടര്‍ അനുമതിക്കായി ഒപ്പുമിട്ടു. എന്നാല്‍ മുരാരി ബാബുവിന്റെ നീക്കം ദേവസ്വം ബോര്‍ഡ് തടഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ശബരിമലയില്‍ വഴി വിട്ട ഇടപെടലിനു മുരാരി ഇടപെട്ട് വിവരം ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു.

2024 ഒക്ടോബര്‍ 10ന് ആണ് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബു സ്മാര്‍ട്ട് ക്രിയേഷന്‍സിന് കത്തയച്ചത്. ഒക്ടോബര്‍ 16നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് ഇതിനുള്ള മറുപടി മുരാരി ബാബുവിന് അയയ്ക്കുന്നത്. ഈ നീക്കമാണ് ശബരിമലയിലെ സ്വര്‍ണ്ണ കൊള്ള അടക്കം പുറത്തേക്ക് കൊണ്ടു വന്നത്.

Tags:    

Similar News