ഇന്ത്യക്കാര്‍ക്ക് മാത്രമായി പുതിയ വിസ റൂട്ട് അനുവദിച്ചേക്കും; യുകെയില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്നവരെ പെന്‍ഷന്‍ ബാധ്യതയില്‍ നിന്ന് ഒഴിവാക്കും; യുകെയിലേക്ക് പോകുന്ന സകലര്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും: ഇന്ത്യയും ബ്രിട്ടനും തമ്മില്‍ പുതിയ വ്യാപാര കരാര്‍ ഒപ്പിടാനുള്ള അന്തിമ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഈ മാറ്റങ്ങള്‍ നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്

Update: 2025-05-01 02:08 GMT

ലണ്ടന്‍: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യാക്കാര്‍ക്ക് മാത്രമായി പുതിയ വിസ റൂട്ടും നിലവില്‍ വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. വിസ നിയമങ്ങളില്‍ ചെറുതെങ്കിലും സുപ്രധാനമായ ചില ഇളവുകള്‍ വരുത്തിയാണ് ഇത് സാധ്യമാക്കുന്നത്. ദീര്‍ഘകാലമായി കാത്തിരിക്കുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടയിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് വരുന്നത്.

പുറത്തു വരുന്ന റിപ്പോര്‍ട്ടുകല്‍ പ്രകാരം, പുതിയ നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുത്തി, ഇന്ത്യയില്‍ നിന്നുള്ള സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് പ്രതിവര്‍ഷം പുതിയ നൂറോളം വിസകള്‍ നല്‍കും. എണ്ണം വളരെ കുറവാണെങ്കിലും, ചര്‍ച്ചകള്‍ മുന്‍പോട്ട് നീങ്ങാതെ വഴിമുടക്കിയിരുന്ന ഒരു വിഷയത്തില്‍ സുപ്രധാനമായ തീരുമാനമാണ് വന്നിരിക്കുന്നത്. കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതായിരുന്നു ചര്‍ച്ചകള്‍ മാസങ്ങളോളം നീണ്ടുപോകാന്‍ ഇടയാക്കിയത്.

ഈ പുതിയ നിര്‍ദ്ദേശം, കുടിയേറ്റം വര്‍ദ്ധിപ്പിക്കുമെന്നതിനേക്കാള്‍ ഏറെയായി കുടിയേറ്റത്തില്‍ ഒരു സ്ഥിരത കൈവരിക്കാന്‍ സഹായിക്കും എന്ന് ബ്രിട്ടീഷ് ഔദ്യോഗിക കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു. മാത്രമല്ല, വ്യാപാരങ്ങളില്‍ കൂടുതല്‍ സുനിശ്ചിതത്വവും കൊണ്ടു വരും. എന്നാല്‍, കൃത്യമായി എത്ര ഇന്ത്യാക്കാര്‍ക്ക് ഇതുകൊണ്ട് പ്രയോജനം ഉണ്ടാകും എന്നത് വ്യക്തമാക്കാന്‍ ഔദ്യോഗിക കേന്ദ്രങ്ങള്‍ തയ്യാറായിട്ടില്ല. അത്തരം കാര്യങ്ങള്‍ പൂര്‍ണ്ണമായും രാഷ്ട്രീയ തീരുമാനമായിരിക്കും എന്നായിരുന്നു പ്രതികരണം.

വര്‍ദ്ധിക്കുന്ന നെറ്റ് മൈഗ്രേഷനെ കുറിച്ചുള്ള ഹോം ഓഫീസിന്റെ ആശങ്ക വകവയ്ക്കാതെ എടുത്ത തീരുമാനം ഇമിഗ്രേഷന്‍ സ്റ്റാറ്റിസ്റ്റിക്സിനെ കാര്യമായി ബാധിക്കാതെ പ്രധാന മേഖലകള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാന്‍ സഹായകരമാകും എന്നാണ് കരുതുന്നത്. എന്നാല്‍, പരിമിതമായ വിസ നിയമ മാറ്റങ്ങള്‍ കൊണ്ട് തൃപ്തരല്ല ഇന്ത്യ എന്നാണ് അറിയാന്‍ കഴിയുന്നത്. ഏപ്രില്‍28 ന് ആരംഭിച്ച ലണ്ടന്‍ സന്ദര്‍ശനത്തില്‍ കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ വ്യാപാര കരാറില്‍ കൂടുതല്‍ നിബന്ധനകള്‍ വേണമെന്നാണ് ആവശ്യപ്പെടുന്നത് എന്നറിയുന്നു.

യു കെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്‍ബണ്‍ ടാക്സില്‍ ഇളവ്, ഹ്രസ്വകാലയളവില്‍ ജോലി ചെയ്യാനെത്തുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ യു കെ പെന്‍ഷന്‍സ് വിഹിതത്തിന്റെ റീഫണ്ടിംഗ്, ഇന്ത്യയില്‍ പെന്‍ഷന്‍ സിസ്റ്റത്തിലേക്ക് വിഹിതം നല്‍കുന്നവരെ ബ്രിട്ടനിലെ പെന്‍ഷന്‍ സംവിധാനത്തിലേക്ക് വിഹിതം നല്‍കുന്നതില്‍ നിന്നും ഒഴിവാക്കുക തുടങ്ങിയ നിബന്ധനകള്‍ കൂടി വേണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുമായുള്ള കൂടിക്കാഴ്ചയില്‍ യു കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമിയും ഇക്കാര്യം ആവശ്യപ്പെട്ടതായാണ് അറിയുന്നത്.

അതേസമയം, ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ നേരായ ദിശയില്‍ പോകുന്നു എന്നാണ് യു കെ ബിസിനസ്സ് ആന്‍ഡ് ട്രേഡ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്. ഇന്ത്യന്‍ വിപണിയിലെ ബ്രിട്ടീഷ് സാന്നിദ്ധ്യം കൂടുതല്‍ ശക്തമാക്കുക, വ്യാപാര തീരുവകള്‍ കുറയ്ക്കുക, അതിര്‍ത്തിക്കപ്പുറമുള്ള ഇടപാടുകള്‍ കൂടുതല്‍ ലളിതവത്ക്കരിക്കുക എഹുടങ്ങിയവയാണ് ഇത്തരമൊരു കരാറിന്റെ പ്രധാന ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്നും അവര്‍ പറയുന്നു. കരാറിനെ കുറിച്ച് ഇന്ത്യയേക്കാള്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നത് ബ്രിട്ടനാണെന്നാണ് പല രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.

ഇപ്പോള്‍ ഇന്ത്യാക്കാര്‍ക്കായി വിസ നിയമങ്ങളില്‍ കൊണ്ടുവരുന്ന മാറ്റം ചെറുതായി തോന്നാമെങ്കിലും ഇതുവരെയുള്ള ബ്രിട്ടീഷ് നയങ്ങളില്‍ വന്ന ഈ മാറ്റം കൂടുതല്‍ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ബ്രിട്ടനിലേക്ക് വരാന്‍ വഴിയൊരുക്കും. മാത്രമല്ല, വ്യാപാര ഇടപാടുകള്‍ കൂടുതല്‍ സുഗമമാക്കുകയും ചെയ്യും. അതിനെല്ലാം പുറമെ, കാലം പോകുന്തോറും ശക്തമാകുന്ന വിശ്വാസം ഭാവിയില്‍ വിസ നിയമങ്ങളില്‍ കൂടുതല്‍ വിപുലമായ ഇളവുകള്‍ നല്‍കുന്നതിന് സഹായകരമാവുകയും ചെയ്തേക്കാം. അതേസമയം യു കെയിലേക്ക് പോകുന്ന ഇന്ത്യാക്കാര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക റെജിസ്റ്ററില്‍ പേര്‍ റെജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനയും ഉണ്ടാകും.

Tags:    

Similar News