ചോര്‍ന്നൊലിക്കുന്ന വീട്ടിലെ മിടുമിടുക്കന്‍ കളി തുടങ്ങിയത് കുമാരപുരത്തെ ചേട്ടന്മാര്‍ക്കൊപ്പം ടെന്നീസ് ബോളില്‍; അമ്മയുടെ പ്രാര്‍ത്ഥനയില്‍ ആ പയ്യന്‍ ജൂനിയര്‍ ക്രിക്കറ്റില്‍ അത്ഭുതം കാട്ടി; സെഞ്ച്വറി നേടിയതോടെ കളി നിര്‍ത്തേണ്ടി വന്നത് എന്തുകൊണ്ടെന്ന് ആര്‍ക്കുമറിയില്ല; ചീഫ് സെലക്ടറുടെ റോളില്‍ രഞ്ജിയില്‍ മടങ്ങി വരവ്; കേരളാ ക്രിക്കറ്റിന്റെ ചരിത്ര പിറവിക്ക് പിന്നില്‍ ഈ തിരുവനന്തപുരത്തുകാരനും; പ്രശാന്തും കുട്ടികളും ഫൈനലിലേക്ക്
നാഗ്പൂര്‍: അമയ് ഖുറാസിയ.. സച്ചിന്‍ ബേബി.... സല്‍മാന്‍ നിസാര്‍..... മുഹമ്മദ് അസറുദ്ദീന്‍... എംഡി നിധീഷ്.... ഇങ്ങനെ കേരളാ ക്രിക്കറ്റിന്റെ കന്നി രഞ്ജി ട്രോഫി ഫൈനല്‍ പ്രവേശനത്തില്‍ ചര്‍ച്ചയായ പല പേരുകളുണ്ട്. പക്ഷേ ആരും പറയാത്ത മറ്റൊരു പ്രധാന പേരുകാരന്‍ കൂടിയുണ്ട് ഈ പട്ടികയില്‍ എന്നതാണ് വസ്തുത. പി പ്രശാന്ത്-കേരളാ രഞ്ജി ട്രോഫി ടീമിന്റെ ചീഫ് സെലക്ടര്‍. രഞ്ജി ട്രോഫി ടീമിനൊപ്പം സഞ്ചരിച്ച് ടീം മാനേജ്‌മെന്റിനൊപ്പം ചേര്‍ന്ന് നിന്ന പരിശീലകന്‍. സാധാരണക്കാരില്‍ സാധരണക്കാര്‍ക്കും ക്രിക്കറ്റില്‍ എന്തെങ്കിലുമാകാന്‍ കഴിയുമെന്ന് തെളിയിച്ച പോരാളി. ദുരിതങ്ങളെ എല്ലാം ബാറ്റു കൊണ്ടു പന്തു കൊണ്ടും മറികടന്ന തിരുവനന്തപുരത്ത് കാരന്‍. ടെന്നീസ് ബോളിലെ മികവില്‍ നിന്നും കേരളാ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി മാറിയ പ്രശാന്ത്. ഐപിഎല്ലിലും കളിച്ചു. നാല്‍പതുകളിലേക്ക് പ്രായമെത്തിയപ്പോള്‍ തന്നെ കേരളാ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര്‍ സ്ഥാനം റെയില്‍വേയുടെ ഈ താരത്തെ തേടിയത്തി. കരുതലോടെ ടീം തിരഞ്ഞെടുപ്പ് നടത്തി കേരളാ ക്രിക്കറ്റിന്റെ മുഖം മാറ്റത്തിന് വഴിയൊരുക്കിയ ചീഫ് സെലക്ടര്‍. അമയ് ഖുറാസിയയ്‌കൊപ്പം നിന്ന് അത്ഭുത വിജയങ്ങള്‍ നേടിയെടുത്ത താരം.
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പ്രശാന്തും നേടിയിരുന്നു ഒരു സെഞ്ച്വറി. വിരളമായി മാത്രമായിരുന്നു ആ കാലത്ത് കേരളാ താരങ്ങള്‍ സെഞ്ച്വറി നേടുമായിരുന്നത്. മധ്യനിരയില്‍ പൊരുതി നേടിയ ആ സെഞ്ച്വറി തന്റെ കളിക്കാരനെന്ന നിലയിലെ ഗ്രാഫ് ഉയര്‍ത്തുമെന്ന് പ്രശാന്തും കരുതി. പക്ഷേ പുതിയ തലമറുയ്ക്ക് വേണ്ടി പ്രശാന്തിനെ നിഷ്‌കരുണം കണ്ടില്ലെന്ന് നടിച്ചു കേരളാ ക്രിക്കറ്റ്. ആരോടും പരിഭവം പറയാതെ പ്രശാന്ത് പരിശീലനത്തിലേക്ക് തിരിഞ്ഞു. ഇതിനിടെയാണ് സെലക്ഷന്‍ കമ്മറ്റി ചെയര്‍മാനായുള്ള അപ്രതീക്ഷിത നിയോഗം. കെസിഎ സെക്രട്ടറി കൂടിയായ വിനോദ് എസ് കുമാറിന്റെ പൂര്‍ണ്ണ പിന്തുണയില്‍ ശക്തമായ കേരളാ ടീമിനെ പ്രശാന്തിന്റെ നേതൃത്വത്തില്‍ കണ്ടെത്തി. പ്രകടന സ്ഥിരത കാട്ടിയവര്‍ക്കെല്ലാം പിന്തുണ നല്‍കി. അങ്ങനെ സല്‍മാന്‍ നിസാറും മുഹമ്മദ് അസറുദ്ദീനും കേരളാ ബാറ്റിംഗിന്റെ നട്ടെല്ലായി മാറി. എംഡി നിധീഷിനെ പോലൊരു സീം ബൗളറും സ്ഥിരതയാര്‍ത്ത പ്രകടനവുമായി കേരളത്തെ ജയങ്ങളില്‍ നിന്നും ജയങ്ങളിലേക്ക് നയിച്ചു. വരേണ്യ വര്‍ഗ്ഗത്തിന്റെ മാത്രം കുത്തകയല്ല കേരളാ ക്രിക്കറ്റെന്ന് പ്രശാന്ത് തെളിയിച്ചത് ജൂനിയര്‍ ക്രിക്കറ്റിലെ മികവിലൂടെയാണ്. അങ്ങനെ രഞ്ജി ട്രോഫി ടീമിലെത്തി. അവിടേയും നിര്‍ണ്ണായക പ്രകടനങ്ങള്‍. സെലക്ടറുടെ കുപ്പായത്തില്‍ ഇപ്പോള്‍ സൂപ്പര്‍ ഹീറോ.
തിരുവനന്തപുരത്ത് കുമാരപുരത്തിന് അടുത്തായിരുന്നു പ്രശാന്തിന്റെ വീട്. തീര്‍ത്തും സാധാരണ ചുറ്റുപാട്. പ്രശാന്തിനേയും സഹോദരനേയും വളര്‍ത്തിയെടുക്കാന്‍ ജീവിതം ഉഴിഞ്ഞു വച്ച അമ്മ. തിരുവനന്തപുരം എസ് എം വി സ്‌കൂളിലെ സാധാരണ ജീവനക്കാരിയായിരുന്നു അമ്മ. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ നിന്നും കുറച്ചകലെയായിരുന്നു കുമാരപുരം സ്‌കൂള്‍. ഇവിടെ ടെന്നീസ് പന്തില്‍ കളിക്കാന്‍ വരുന്ന ചേട്ടന്മാര്‍ക്കൊപ്പം തുടങ്ങിയതാണ് ക്രിക്കറ്റ് ജീവിതം. ടെന്നീസ് ബോളിലെ മിന്നും താരം താമസിയാതെ ക്രിക്കറ്റ് പന്തും കൈയ്യിലെടുത്തു. നിരവധി കോച്ചുമാരുടെ അടുത്ത് പരിശീലനം. ശ്രീകുമാര്‍, രാജേഷ്, രാജഗോപാല്‍ തുടങ്ങിയവരായിരുന്നു ആദ്യ കോച്ചുമാര്‍. ഇവരില്‍ ബാലപാഠങ്ങള്‍ ഉള്‍ക്കൊണ്ട പ്രശാന്ത് പിന്നീടെത്തിയത് പി രംഗനാഥ് എന്ന രഞ്ജി ട്രോഫിയിലെ മിന്നും താരം കൂടിയായിരുന്ന പരിശീലകന് അടുത്തായിരുന്നു. തകര്‍പ്പന്‍ അടികളിലൂടെ കേരളാ ശ്രീകാന്ത് എന്ന് എണ്‍പതുകളില്‍ പേരെടുത്ത രംഗനാഥിന്റെ പരിശീലനത്തിലൂടെ കേരളാ ക്രിക്കറ്റിലെ ജൂനിയര്‍ തലത്തിലെ പ്രധാന ഓള്‍റൗണ്ടറായി പ്രശാന്ത് മാറി. ഇന്ത്യന്‍ റെയില്‍വേയിലേക്ക് പ്രശാന്തിന് വഴികാട്ടി കൊടുത്തതും രംഗനാഥായിരുന്നു. റെയില്‍വേസിനായിരുന്നു രംഗനാഥും കളിച്ചതും ജോലി നോക്കിയതും.
പിന്നീട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലായി പ്രധാന പരിശീലകന്‍. ബിജു ജോര്‍ജ് എന്ന ആ കോച്ച് പ്രശാന്തിന്റെ ക്രിക്കറ്റ് കരിയറില്‍ നിര്‍ണ്ണായക സ്വാധീനമായി മാറി. ജൂനിയര്‍ ക്രിക്കറ്റില്‍ സ്ഥിരമായി മികച്ച താരത്തിനുള്ള അവാര്‍ഡ് നേടി. അനന്തപത്മനാഭനും രാംപ്രകാശും എല്ലാം കളി മതിയാക്കിയപ്പോള്‍ കേരളാ സീനിയര്‍ ടീമിന്റെ പ്രധാന സ്പിന്നര്‍മാരായി എസ് അനീഷും പി പ്രശാന്തും മാറി. ജൂനിയര്‍ ക്രിക്കറ്റിലും ഈ സ്പിന്റെ കൂട്ടായ്മ കേരളാ ക്രിക്കറ്റിന് വന്‍ നേട്ടങ്ങള്‍ നല്‍കിയിരുന്നു. ഇത് സീനിയര്‍ ടീമിലെത്തിയപ്പോഴും തുടര്‍ന്നു. പരിക്ക് കാരണം അനീഷ് കളി വിട്ടപ്പോഴും പ്രശാന്ത് കേരളത്തിന്റെ മുന്‍നിര സ്പിന്നറായി തുടര്‍ന്നു. ഏകദിനത്തിലും ട്വന്റി ട്വന്റിയിലും രഞ്ജിയിലും നിരവധി മിന്നും പ്രകടനങ്ങള്‍. ബൗളിംഗിലെ മികവ് ബാറ്റിംഗിലും പ്രശാന്ത് തുടര്‍ന്നു. ഇതിന് തെളിവാണ് രഞ്ജിയിലെ സെഞ്ച്വറി. പക്ഷേ അതിന് അപ്പുറത്തേക്ക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പാഡണിയാന്‍ പ്രശാന്തിന് ആയില്ല. ഐപിഎല്ലില്‍ കേരളാ ടസ്‌കേഴ്‌സിന് വേണ്ടിയും ഹൈദരാബാദ് സണ്‍ റൈസേഴ്‌സിന് വേണ്ടിയും കളിച്ചു. ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി നോക്കുന്ന പ്രശാന്ത് ചെന്നൈ ലീഗില്‍ റെയില്‍വേയ്ക്കായും തിളങ്ങി. സെയ്ദ് മുഷ്താഖ് അലിയില്‍ ആദ്യമായി 50 വിക്കറ്റ് എടുത്ത താരമാണ് പ്രശാന്ത്.
കേരളാ ക്രിക്കറ്റില്‍ സംഭവിച്ച മാറ്റങ്ങളുടെ ഭാഗമാണ് കേരളാ സെലക്ഷന്‍ കമ്മറ്റിയുടെ ചെയര്‍മാനായുള്ള പ്രശാന്തിന്റെ വരവ്. കെസിഎ സെക്രട്ടറിയായ വിനോദ് കുമാറിനാണ് സീനിയര്‍ ടീമിന്റെ ചുമതല. വിനോദ് കുമാറാകട്ടെ ടീം മാനേജ്‌മെന്റിന് എല്ലാ കാര്യങ്ങളിലും പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി. ചീഫ് സെലക്ടര്‍ ടീമിനൊപ്പം പതിവ് പോലെ സഞ്ചരിച്ചു. പക്ഷേ കെസിഎയില്‍ നിന്നും നിര്‍ദ്ദേശങ്ങളൊന്നും വന്നില്ല. മറിച്ച് കോച്ച് അമയ് ഖുറാസിയയുടെ താല്‍പ്പര്യങ്ങളും തന്ത്രങ്ങളും മനസ്സിലാക്കി ടീമൊരുക്കി. പരിചയ സമ്പന്നതയുടെ അനിവാര്യത പ്രശാന്തിന് നന്നായി അറിയാം. അതുകൊണ്ട് തന്നെ സച്ചിന്‍ ബേബിയ്ക്ക് നിര്‍ണ്ണായക ഉത്തരവാദിത്തങ്ങള്‍ നല്‍കി. സല്‍മാന്‍ നിസാറിന്റെ പ്രതിഭയും കരുത്തും മനസ്സിലാക്കി തന്ത്രമൊരുക്കി. മുഹമ്മദ് അസറുദ്ദീനും ഫോമിലേക്ക് ഉയര്‍ന്നു. ഇതോടെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത പ്രതിരോധ കോട്ടയായി അവസാന നാലു മത്സരങ്ങളില്‍ കേരളം മാറ്റി. അങ്ങനെ കേരളം ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫിയുടെ ഫൈനലിലേക്ക് എത്തി. തന്റെ ഉത്തരവാദിത്തം തീര്‍ന്നിട്ടില്ലെന്ന് പ്രശാന്തിനും അറിയാം. ഖുറാസിയയ്‌ക്കൊപ്പം ചേര്‍ന്ന് നിന്ന് കളിക്കാര്‍ക്ക് ഇനിയും ആത്മവിശ്വാസം നല്‍കും ഈ ചീഫ് സെലക്ടര്‍.
ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിലെത്തിയിരിക്കുകയാണ് കേരളം. ഗുജറാത്തിനെ അവരുടെ തട്ടകത്തില്‍ ചെന്ന് പരാജയപ്പെടുത്തിയാണ് കേരളം 74 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ രഞ്ജി ഫൈനലിലെത്തിയത്. വിദര്‍ഭയാണ് കലാശപ്പോരില്‍ കേരളത്തിന്റെ എതിരാളികള്‍. ഫെബ്രുവരി 26 മുതല്‍ 30 വരെയാണ് വിദര്‍ഭ-കേരളം ഫൈനല്‍ മത്സരം. വിദര്‍ഭയുടെ ഹോം ഗ്രൗണ്ടായ നാഗ്പൂരിലെ വിസിഎ സ്റ്റേഡിയമാണ് കലാശപ്പോരാട്ടത്തിന് വേദിയാവുക. ചരിത്രത്തിലാദ്യമായി രഞ്ജി ഫൈനലിലെത്തിയ കേരളം വിദര്‍ഭയ്ക്കെതിരെ ഇറങ്ങുമ്പോള്‍ മറ്റൊരു കണക്കുകൂടി കേരളത്തിന് വീട്ടാനുണ്ട്. 2019ല്‍ ചരിത്രത്തിലാദ്യമായി സെമിയില്‍ പ്രവേശിച്ച കേരളത്തിന്റെ ഫൈനല്‍ മോഹങ്ങളെല്ലാം അവസാനിപ്പിച്ചത് വിദര്‍ഭയായിരുന്നു.
അന്ന് വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരളത്തെ ഇന്നിങ്സിനും 11 റണ്‍സിനുമാണ് വിദര്‍ഭ പരാജയപ്പെടുത്തിയത്. ചരിത്രകിരീടം ഉയര്‍ത്താനുള്ള ആഗ്രഹങ്ങള്‍ തകര്‍ത്ത വിദര്‍ഭയോട് ആറ് വര്‍ഷത്തിന് ശേഷം പകവീട്ടാനുള്ള സുവര്‍ണാവസരമാണ് കേരളത്തിനെ കാത്തിരിക്കുന്നത്.