പാസ്റ്റര്‍ അപകടത്തില്‍ പെടുന്നത് ജനുവരി 29ാം തീയ്യതി; തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടും ചികിത്സ തേടിയില്ല; പോലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റിയത് 30ാം തീയ്യതി; കോഴിക്കോട്ടെ പാസ്റ്റര്‍ ഷിബു തോമസിന്റെ മരണം കൃത്യസമയത്ത് ചികിത്സ കിട്ടാതെ; ചികിത്സ വൈകിച്ചത് വിശ്വാസത്തിന്റെ പേരിലെന്ന് ആക്ഷേപം

കോഴിക്കോട് പാസ്റ്റര്‍ അപകടത്തില്‍ പെടുന്നത് ജനുവരി 29ാം തീയ്യതി

Update: 2025-02-01 11:32 GMT

കോഴിക്കോട്: ദി പെന്തക്കോസ്ത് മിഷന്‍ സുല്‍ത്താന്‍ബത്തേരി സഭാ ശുശ്രൂഷകന്‍ എല്‍ഡര്‍ ഷിബു തോമസി(49)ന്റെ മരണത്തെ ചൊല്ലി വിവാദം. അപകടത്തില്‍ പെട്ട് ഗുരുതരമായി പരിക്കേറ്റിട്ടും കൃത്യസമയത്ത് ചികിത്സ നല്‍കാതിരുന്നതാണ് പാസ്റ്ററുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ദി പെന്തക്കോസ്ത് മിഷന്റെ കേരളത്തിലെ പ്രധാന സെന്ററായ കോഴിക്കോട്ടെ കെട്ടിടത്തില്‍ നിന്നും വീണാണ് ഷിബു തോമസിന് പരിക്കേല്‍ക്കുന്നത്.

തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റിട്ടും പാസ്റ്ററെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഒടുവില്‍ സംഭവത്തെ കുറിച്ച് അറിഞ്ഞ് പോലീസ് ഇടപെടലിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഷിബു തോമസിനെ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. അപകടത്തില്‍ പരിക്കേല്‍ക്കുന്ന ആളെ നാട്ടുകാര്‍ ഇടപെട്ട് ആശുപത്രിയിലാക്കുന്ന സംസ്‌ക്കാരമാണ് കേരളത്തില്‍ ഉള്ളത്. അത്തരം സാഹചര്യം ഉള്ളപ്പോഴാണ് ഒരു മതകേന്ദ്രത്തിന്റെ പ്രധാന ഇടത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് അടിയന്തര ചികിത്സ നല്‍കാതിരിക്കുന്ന സാഹചര്യം ഉണ്ടായത്.

29ാം തീയ്യതി വീണ് പരിക്കേറ്റ് നട്ടെല്ലിന് അടക്കം സാരമായി പരിക്കേറ്റ പാസ്റ്ററെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് നടക്കാവ് പോലീസ് ഇടപെട്ടാണ്. ഇക്കാര്യം നടക്കാവ് പോലീസ് സ്‌റ്റേഷന്‍ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്രയും സാരമായി പരിക്കേറ്റ ആളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാത്തതിന്റെ കാരണമായി റ്റി.പി.എം കോഴിക്കോട് സെന്റര്‍ അധികൃതര്‍ പറഞ്ഞത് ബന്ധുക്കള്‍ വരാന്‍ കാത്തു നിന്നു എന്നതാണ്. തിരുവനന്തപുരത്തുള്ള സഹോദരനും തൃശ്ശൂരില്‍ നിന്നുമുള്ള സഹോദരനും എത്താന്‍ കാത്തിരുന്നു എന്നാണ് അധികൃതര്‍ നടക്കാവ് പോലീസിനോട് പറഞ്ഞത്. അതുകൊണ്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ വൈകിയതെന്നുമാണ് പോലീസിനോട് പറഞ്ഞത്. എന്നാല്‍, പോലീസ് ഇടപെട്ടാണ് പാസ്റ്ററെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. അധികൃതര്‍ പറയുന്ന വിശദീകരണം ചികിത്സ വൈകിയെന്നതിന് തെളിവാണ്.

എന്നാല്‍, അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട പ്രാഥമിക കാര്യം ചെയ്യാത്തത് വിശ്വാസ തീവ്രത കൊണ്ടാണെന്നാണ് ഉയരുന്ന ആക്ഷേപം. ആധുനിക ചികിത്സാ രീതി പിന്തുടരാതെ പ്രാര്‍ഥന കൊണ്ട് രോഗശാന്തി ഉണ്ടാകും എന്ന് വിശ്വസിക്കുന്നവരാണ് പെന്തകോസ്ത് വിശ്വാസികള്‍. ഈ വിശ്വാസ പ്രശ്‌നമാണ് ഷിബു തോമസിന്റെ മരണത്തിലേക്ക് നയിച്ചത് എന്നാണ് ഉയരുന്ന ആക്ഷേപം. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാതിരുന്നവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.

അതേസമയം മരണത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ അടക്കം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പോലീസ് കൈക്കൊള്ളേണ്ട നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ മൃതദേഹം വിട്ടുകൊടുക്കുകയുള്ളൂ. ദി പെന്തക്കോസ്ത് മിഷന്‍ സുല്‍ത്താന്‍ബത്തേരിയിലെ സഭാ ശുശ്രൂഷകനാണ് എല്‍ഡര്‍ ഷിബു തോമസ്. കോഴിക്കോട് മനോരമ ഓഫീസിന് സമീപമുള്ള റ്റി.പി.എം സെന്റര്‍ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകള്‍ക്ക് ശേഷം 4 ന് വെസ്റ്റ് ഹില്‍ സെമിത്തെരിയിലാണ് സംസ്‌ക്കാരം നടക്കുക.

രണ്ടര പതിറ്റാണ്ട് തൃശൂര്‍,കോഴിക്കോട് സെന്ററുകളുടെ കീഴിലുള്ള വിവിധയിടങ്ങളില്‍ സഭയുടെ ശുശ്രൂഷകനായിരുന്നു ഷിബു തോമസ്. തിരുവനന്തപുരം കോവളം ഷാജി ഭവനില്‍ പരേതനായ തങ്കച്ചന്റെയും കമലമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: ഷെര്‍ലി ജോയ്, ഷാജി, ഷീജ, പരേതയായ ഉഷാ തോമസ്.

ചികിത്സാ വഴി തേടാതെ പ്രാര്‍ഥന കൊണ്ട് രോഗം ഭേദമാകുമെന്ന് വിശ്വസിക്കുന്ന ദി പെന്തക്കോസ്ത് മിഷന്‍ വിഭാഗക്കാര്‍ ആരോഗ്യ വകുപ്പിനും തലവേദനകള്‍ സൃഷ്ടിക്കുന്നുണ്ട്. വാക്‌സിനുകള്‍ സ്വീകരിക്കുന്നതില്‍ അടക്കം വിമുഖത കാട്ടുന്നവരാണ് ഈ വിശ്വാസ വിഭാഗം. അത്തരം വിശ്വാസം പ്രമാണങ്ങളാണ് പലപ്പോഴും ആളുകളുടെ അകാല മരണങ്ങള്‍ക്ക് കാരണമാകുന്നത് എന്ന വിമര്‍ശനവും ശക്തമാണ്. ഇക്കാര്യമാണ് പാസ്റ്ററുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ചാ സംസ്ഥാന വൈസ് പ്രസിഡന്റ് അജി തോമസ് അടക്കമുള്ളവരും ചൂണ്ടിക്കാട്ടുന്നത്.

പാസ്റ്റര്‍ ഷിബു തോമസിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവും അജി തോമസ് ഉയര്‍ത്തുന്നു. ഷിബുവിന്റെ മരണത്തിന് ഉത്തരവാദികള്‍ കോഴിക്കോട് സെന്ററില്‍ പെട്ടവരാണ്. അപകടത്തില്‍ പെട്ടയാള്‍ക്ക് കൃത്യ സമയത്ത് ചികിത്സ എത്തിക്കേണ്ട ഉത്തരവാദിത്തം കോഴിക്കോട്ട് സെന്ററില്‍ ഉള്ളവര്‍ക്കായിരുന്നു എന്നാണ് അജി തോമസ് ആരോപിക്കുന്നത്.

ഇന്ത്യയില്‍, ഒരു വ്യക്തിക്ക് ഗുരുതരമായ പരിക്കുകള്‍ സംഭവിച്ച് ചികിത്സ നല്‍കാതിരുന്നതിനാല്‍ മരണം സംഭവിച്ചാല്‍, പ്രത്യേകിച്ച് വിശ്വാസത്തെ അവലംബിച്ച് ചികിത്സയ്ക്ക് തടസ്സം വരുത്തിയാല്‍, അത് നിയമ നടപടികള്‍ നേരിടേണ്ട വിഷയമാണ്. ക്രിമിനല്‍ അനാസ്ഥയായി വിഷയത്തെ കണക്കാക്കാവുന്നതാണെന്നും അജി ചൂണ്ടിക്കാട്ടുന്നു.

വൈദ്യസഹായം നല്‍കാതിരുന്നതിനെ തുടര്‍ന്ന് മരണമുണ്ടായാല്‍, 2 വര്‍ഷം വരെ തടവ്, അല്ലെങ്കില്‍ പിഴ ലഭിക്കാവുന്ന കുറ്റമാണ്. കോഴിക്കോട്ടെ സെന്ററുകാര്‍ക്കെതിരെ ഇത്തരത്തില്‍ കേസെടുക്കണമെന്ന ആവശ്യവും ശക്തമാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 21ല്‍ ജീവന്റെ അവകാശത്തെ കുറിച്ചു പറയുന്നുണ്ട്. ഇതില്‍ അടിയന്തര മെഡിക്കല്‍ സേവനവും ഉള്‍പ്പെടുന്നു. ആരെങ്കിലും ചികിത്സ തടയുകയോ വൈകിപ്പിക്കുകയോ ചെയ്താല്‍, അവര്‍ക്ക് നിയമപരമായ നടപടികള്‍ നേരിടേണ്ടി വരും.

കുടുംബാംഗങ്ങളോ, സമീപവാസികളോ, ദൃക്സാക്ഷികളോ ചികിത്സ നല്‍കാതെ ഇരുന്നാല്‍, ഐപിസി 336, 337, 338 വകുപ്പുകള്‍ പ്രകാരം ജീവന്‍ അപകടത്തിലാക്കല്‍, ഗുരുതര പരിക്കുകള്‍ ഉണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്താം. ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അഗീകരിക്കപ്പെടുന്നു എങ്കിലും, ചികിത്സ നിഷേധിച്ചതിനാല്‍ ഒരു വ്യക്തി മരണപ്പെട്ടാല്‍ അതിന് നിയമപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. ജീവന്റെ അവകാശത്തെ മുന്‍ഗണന നല്‍കും മതവിശ്വാസത്തിന് മീതെയായാണ് കണക്കാക്കുന്നത്.

വിശ്വാസകാരണങ്ങളാല്‍ ചികിത്സയ്ക്ക് തടസ്സം വരുത്തി ഒരാള്‍ മരണപ്പെട്ടാല്‍, അതിനായുള്ള ഉത്തരവാദികള്‍ക്ക് ക്രിമിനല്‍ കേസുകള്‍, അനാസ്ഥാ കേസുകള്‍, അകൃത്യഹത്യ കുറ്റങ്ങള്‍ എന്നിവ നേരിടേണ്ടി വരും. ഇന്ത്യന്‍ നിയമം ജീവന്‍ രക്ഷിക്കുന്നതിനെ മുന്‍ഗണന നല്‍കുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ ഷിബു തോമസിന്റെ മരണത്തില്‍ വിശദമായി അന്വേഷണം വേണമെന്നാണ് ഉയരുന്ന ആവശ്യം.

Tags:    

Similar News