സ്‌ഫോടക വസ്തു സൂക്ഷിക്കാന്‍ റാഹിലയെ പ്രണയം നടിച്ച് 'ഭാര്യ'യാക്കിയ മാലിക്! വാടക നല്‍കുമ്പോഴും വാടക ചീട്ട് കാമുകിയെ കൊണ്ട് എഴുതിച്ച 2016ലെ കുതന്ത്രം; റാഹിലയെ അറസ്റ്റ് ചെയ്തത് ആ വാടക കരാറിന്റെ പേരില്‍; 2025ലും സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചത് ആള്‍ താമസമുള്ള പ്രദേശത്ത്; അനു മാലിക്കിന്റേത് പോപ്പുലര്‍ ഫ്രണ്ട് പശ്ചാത്തലമോ? കീഴറയിലേതും പൊടിക്കുണ്ട് മോഡല്‍ ദുരന്തം
കണ്ണൂര്‍: ഉഗ്രശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന് ചെന്ന് നോക്കിയപ്പോള്‍ കണ്ടത് പൂര്‍ണമായും തകര്‍ന്ന വീടും ചിന്നിച്ചിതറിക്കിടക്കുന്ന ശരീരാവശിഷ്ടങ്ങളുമാണ്- കണ്ണപുരം കീഴറയില്‍ സ്‌ഫോടനമുണ്ടായ വാടക വീടിന് സമീപം താമസിക്കുന്നവര്‍ പ്രതികരിക്കുന്നത് ഇങ്ങനെയാണ്. ചുറ്റുമുള്ള വീടുകള്‍ക്കും വലിയ കേടുപാടുകളാണുണ്ടായത്. അപകടത്തില്‍ ചാലാട് സ്വദേശി മുഹമ്മദ് ആഷാം മരിച്ചു. കിടന്നുറങ്ങുമ്പോള്‍ വീട് തകര്‍ന്ന് വീണാണ് മരണം സംഭവിച്ചത്. മറ്റാരെങ്കിലും വീട്ടിലുണ്ടായിരുന്നോ എന്നതും വ്യക്തതയില്ല. വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ സ്‌ഫോടകവസ്തു നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. 2016ല്‍ പൊടിക്കുണ്ട് വീട്ടിലുണ്ടായ സ്‌ഫോടനത്തിലെ പ്രതിയാണ് അനൂപ്. അന്നുണ്ടായ സ്‌ഫോടനത്തിലും ഒരാള്‍ മരിച്ചിരുന്നു. 17 വീടുകള്‍ തകരുകയും നാല് കോടിയോളം രൂപയുടെ നാശനഷ്ടവുമുണ്ടായി. കേസിന്റെ വിചാരണ തലശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. അതിനിടെയാണ് പുതിയ സ്‌ഫോടനം. കോണ്‍ഗ്രസ് അനുഭാവിയാണ് അനൂപ് മാലിക്ക് എന്ന് സിപിഎം ആരോപിക്കുന്നു. എന്നാല്‍ ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ആണെന്ന പ്രചരണവും സോഷ്യല്‍ മീഡിയയില്‍ സജീവം. വര്‍ഷങ്ങളായി സ്‌ഫോടക വസ്തു ശേഖരവുമായി ബന്ധപ്പെട്ട് ചര്‍ച്ചയാകുന്ന പേരാണ് കണ്ണൂരില്‍ അനൂപിന്റേത്.
കണ്ണപുരത്തെ സ്‌ഫോടനത്തിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് സംഭവസ്ഥലം സന്ദര്‍ശിച്ചു. എന്ത് ആവശ്യത്തിനാണ് സ്‌ഫോടക വസ്തു നിര്‍മിച്ചത് എന്നതടക്കം വിശദമായി അന്വേഷിക്കണമെന്ന് രാഗേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാടകയ്ക്ക് നല്‍കിയ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. സമീപത്തെ വീടുകള്‍ക്കു കേടുപാടുണ്ടായി. വീടുകളുടെ ജനല്‍ച്ചില്ലുകളും വാതിലുകളും തകര്‍ന്നു. അരക്കിലോമീറ്റര്‍ അകലെയുള്ള വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. കണ്ണൂര്‍ കമീഷണര്‍ സംഭവസ്ഥലത്തെത്തി. മൃതദേഹാവശിഷ്ടങ്ങള്‍ വീടിനുള്ളില്‍നിന്ന് പുറത്തെടുത്തു. പ്രദേശത്ത് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. ഇതിനിടെയാണ് അനൂപിന്റെ രാഷ്ട്രീയം സിപിഎമ്മും സോഷ്യല്‍ മീഡിയയും ചര്‍ച്ചയാക്കുന്നത്. അനൂപ് മാലിക്കിനെ അനു മാലിക്ക് എന്നും വിളിക്കുന്നവരുണ്ട്. അനൂപ് എന്നാണ് കൂടുതലായി അറിയപ്പെടുന്നത്. ഇയാളുമായി സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും ബന്ധമില്ല. അതുകൊണ്ട് തന്നെ സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ ഭാഗമായി ആരും ഈ ബോംബ് നിര്‍മ്മാണത്തെ കാണുന്നില്ലെന്നതാണ് വസ്തുത. സ്‌ഫോടക വസ്തുക്കള്‍ ആള്‍പാര്‍പ്പുള്ള സ്ഥലത്ത് സൂക്ഷിക്കുന്നതില്‍ എന്നും താല്‍പ്പര്യം കാട്ടുന്ന വ്യക്തിയാണേ്രത അനൂപ്. പൊടിക്കുണ്ടിലും ദുരന്തമുണ്ടാക്കിയത് ഈ തന്ത്രമാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം കീഴറയിലും അതു തന്നെ സംഭവിച്ചു.
പൊടിക്കുണ്ടിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ സിപിഎം - കോണ്‍ഗ്രസ് പോര് രൂക്ഷമായിരുന്നു. പൊടിക്കുണ്ട് സ്‌ഫോടനത്തില്‍ അന്ന് അറസ്റ്റിലായ അനു മാലിക്കിനെ മുമ്പ് കേസുകളില്‍ നിന്നും രക്ഷപ്പെടുത്തിയത് കെ സുധാകരനാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിരുന്നു. അനു മാലിക്കിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി മാത്രമേ ഇതു കാണുന്നുള്ളൂവെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. അങ്ങനെ വാദ പ്രതിവാദങ്ങള്‍ ഏറെ നടന്നു. പൊടിക്കുണ്ടിലെ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ചാലാട് സ്വദേശി അനു മാലിക്കിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടക വസ്തുക്കള്‍ അനധികൃതമായി സൂക്ഷിച്ചതിന് പോലീസ് മുമ്പും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ കേസുകളില്‍ നിന്നും അനു മാലിക്കിനെ രക്ഷിച്ചത് കെ സുധാകരനാണെന്ന ആരോപണമാണ് സിപിഎം ഉന്നയിക്കുന്നത്. സ്‌ഫോടനത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ധര്‍ണ സംഘടിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഎം രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി അന്ന് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. വീട് നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ച സാഹചര്യത്തില്‍ സിപിഎം സമരത്തിനിറങ്ങുന്നത് പരിഹാസ്യമാണെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. പിന്നീട് ഈ കേസ് എങ്ങുമെത്താത്ത സ്ഥിതിയില്‍ വന്നു.
പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയില്‍ മാര്‍ച്ച് 24ന് രാത്രിയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്ളിക്കുന്ന് ചാലാട് ലയ ഹൗസില്‍ റാഹിലയെ കണ്ണൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. അനൂപിന്റെ ഭാര്യയെന്നു പറഞ്ഞ് അയാളുടെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു റാഹില. അന്ന് കണ്ണൂര്‍ ഡിവൈഎസ്പി മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിയാരം മെഡിക്കല്‍ കോളജില്‍ വച്ചാണ് റാഹിലയെ പിടികൂടിയത്. വീടിന്റെ വാടകയടക്കം നല്‍കുന്നത് അനൂപാണെങ്കിലും വീട്ടുടമ കയരളത്തെ ജ്യോത്സനയുമായി വാടകക്കരാര്‍ ഉണ്ടാക്കിയത് റാഹിലയാണ്. ഇതാണ് ഇവര്‍ക്കു അന്ന് വിനയായത്. ഏച്ചൂരില്‍ അനൂപിന് ഭാര്യയും രണ്ടുമക്കളുമുണ്ട്. സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിനാണ് ഇയാള്‍ സ്നേഹം നടിച്ച് റാഹിലയെ വശത്താക്കി രാജേന്ദ്രനഗര്‍ കോളനിയിലെത്തിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വീട്ടില്‍ അപകടം ഉണ്ടായാല്‍ രക്ഷപ്പെടുന്നതിനാണ് റാഹിലയുടെ പേരില്‍ അനൂപ് വീട് വാടകയ്ക്കെടുത്തതെന്നു പോലീസ് സംശയിച്ചിരുന്നു. മൂന്നുവര്‍ഷത്തോളമായി അനൂപും റാഹിലയും മകളും ഇവിടെ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. സ്ഫോടനത്തില്‍ പടക്കങ്ങള്‍ സൂക്ഷിച്ച ഇരുനിലവീട് അന്ന് പൂര്‍ണമായും തകര്‍ന്നിരുന്നു. കൂടാതെ സമീപത്തെ ഏഴു വീടുകള്‍ പൂര്‍ണമായും 15 വീടുകള്‍ ഭാഗികമായും തകര്‍ന്നതടക്കം ആകെ 84 വീടുകള്‍ക്ക് സ്ഫോടനത്തില്‍ തകരാര്‍ സംഭവിച്ചു. 3.22 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന റാഹിലയുടെ മകള്‍ക്ക് സാരമായി പൊള്ളലേറ്റിരുന്നു.
അന്നും അനു മാലിക്കിനെ കണ്ണൂര്‍ ടൗണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കൂത്തുപറമ്പിലെ ക്ഷേത്രോത്സവത്തിനായി നിര്‍മിച്ച സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് ഇയാള്‍ അന്ന് പോലീസിനോട് പറഞ്ഞിരുന്നു. സ്‌ഫോടനം നടക്കുമ്പോള്‍ ഇയാള്‍ വീട്ടിലുണ്ടായിരുന്നില്ല. സംഭവത്തില്‍ റാഹിലയ്ക്കും പരിക്കേറ്റിയിരുന്നു. അന്ന് സ്‌ഫോടനത്തിന്റെ പ്രകമ്പനം അഞ്ച് കിലോമീറ്റര്‍ ദൂരം വരെയെത്തി. തകര്‍ന്ന വീടിന്റെ ചെങ്കല്‍ ചീളുകള്‍ നൂറുമീറ്ററോളം ദൂരത്തില്‍ തെറിച്ചുവീണു. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും പൂര്‍ണമായും തകര്‍ന്നിരുന്നു. അമിത ചൂടാണ് അന്നുണ്ടായ സ്‌ഫോടനത്തിന് കാരണമെന്നാണ് നിഗമനത്തില്‍ എത്തിയത്. വീടിന് 15,000 രൂപയാണ് വാടക നല്‍കുന്നത്. അന്നും അനൂപും ഒപ്പമുള്ളവരും പരിസരവാസികളുമായി ഇടപഴകിയിരുന്നില്ല. അനൂപിനെയും ഒപ്പം താമസിക്കുന്നവരെയും കുറിച്ച് പരിസരവാസികള്‍ക്കും അന്നും ഒന്നും അറിയില്ലായിരുന്നു. സംഭവശേഷം മിക്ക കിണറുകളിലെയും വെള്ളം ഉപയോഗശൂന്യമാവുകയും ചെയ്തു. വെള്ളത്തിന് വെടിമരുന്ന് ഗന്ധമുണ്ടാകുകയും ചെയ്തു.
പൊടിക്കുണ്ടില്‍ സ്ഫോടനസമയത്ത് ഹിബ മാത്രമേ വീട്ടിനകത്ത് ഉണ്ടായിരുന്നുള്ളൂ. റാഹില വീടിനു പുറത്തായിരുന്നു. അനൂപും വീട്ടില്‍ ഉണ്ടായിരുന്നില്ല. സ്ഫോടനത്തില്‍ വീടിന്റെ ചെങ്കല്ല് 10 മീറ്റര്‍ ദൂരെവരെ തെറിച്ചുവീണിരുന്നു.