പുഞ്ചിരിയോടെയുള്ള നിഷേധം പൊളിച്ചടുക്കി പൂങ്കുഴലി 'ബ്രില്യന്‍സ്'; ഡിജിറ്റല്‍ തെളിവുകള്‍ക്ക് മുന്നില്‍ രാഹുല്‍ പതറി; ശാസ്ത്രീയ ചോദ്യം ചെയ്യലില്‍ അടിപതറി പാലക്കാട്ടെ എംഎല്‍എ; ആരേയും ബലാത്സംഗം ചെയ്തില്ലെന്ന വാദത്തില്‍ രക്ഷയൊരുക്കാന്‍ ഇനി മാങ്കൂട്ടത്തിലിന് കഴിയില്ല; ഇനിയും പരാതികള്‍ വരാന്‍ സാധ്യത; രാഹുലിന് ഉടന്‍ മോചനമില്ലേ?

Update: 2026-01-11 06:06 GMT

പത്തനംതിട്ട: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ചോദ്യം ചെയ്യുന്നതിനിടെ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. പ്രത്യേക അന്വേഷണ സംഘത്തലവി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍, ശാസ്ത്രീയമായ തെളിവുകള്‍ക്ക് മുന്നില്‍ രാഹുല്‍ പതറുന്ന കാഴ്ചയാണ് പത്തനംതിട്ട എ.ആര്‍ ക്യാമ്പില്‍ കണ്ടത്. ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടത്തില്‍ അതീവ ആത്മവിശ്വാസത്തോടെയും പുഞ്ചിരിയോടെയുമാണ് രാഹുല്‍ മറുപടി നല്‍കിയത്. യുവതിയുടെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും താന്‍ ആരെയും പീഡിപ്പിച്ചിട്ടില്ലെന്നുമുള്ള പതിവ് വാദത്തില്‍ എംഎല്‍എ ഉറച്ചുനിന്നു. ബലാത്സംഗം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കാനായിരുന്നു രാഹുലിന്റെ നീക്കം. എന്നാല്‍, എംഎല്‍എയുടെ ഈ തന്ത്രങ്ങളെ മറികടക്കാന്‍ പൂങ്കുഴലിയും സംഘവും മുന്‍കൂട്ടി തയ്യാറാക്കിയ ഡിജിറ്റല്‍ തെളിവുകള്‍ ഓരോന്നായി നിരത്തി. ഇതോടെ മാങ്കൂട്ടത്തില്‍ തകര്‍ന്നു.

അപ്രതീക്ഷിതമായി വാട്‌സാപ്പ് ചാറ്റുകള്‍, ഓഡിയോ സന്ദേശങ്ങള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവ പോലീസ് പുറത്തെടുത്തതോടെ രാഹുലിന്റെ ആത്മവിശ്വാസം തകര്‍ന്നു. ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചതുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടതോടെ പലപ്പോഴും തലകുനിച്ച് മിണ്ടാതിരിക്കാനേ എംഎല്‍എയ്ക്ക് കഴിഞ്ഞുള്ളൂ. ശാസ്ത്രീയമായ ചോദ്യം ചെയ്യലിലൂടെ രാഹുലിന്റെ മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ പോലീസ് ഓരോന്നായി പൊളിച്ചടുക്കി. ബലാത്സംഗം ചെയ്തില്ലെന്ന വാദത്തില്‍ തൂങ്ങിപ്പിടിച്ച് രക്ഷപ്പെടാനുള്ള രാഹുലിന്റെ എല്ലാ പഴുതുകളും അടയ്ക്കുന്ന രീതിയിലായിരുന്നു പൂങ്കുഴലിയുടെ 'ബ്രില്യന്റ്' നീക്കം. മണിക്കൂറുകള്‍ നീണ്ട ഈ ചോദ്യം ചെയ്യലിന് ശേഷം ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ കേസില്‍ നിര്‍ണ്ണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. രാഹുലിന്റെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

കേരള കേഡറിലെ ഏറ്റവും ശ്രദ്ധേയയായ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് ജി. പൂങ്കുഴലി, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലെ അതിജീവിതകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനും പരാതികള്‍ ഏകോപിപ്പിക്കുന്നതിനുമുള്ള നോഡല്‍ ഓഫീസറായി സര്‍ക്കാര്‍ ഇവരെയാണ് നിയോഗിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പീഡന പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ നയിക്കുന്നത് പൂങ്കുഴലിയാണ്. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിലും ശാസ്ത്രീയമായ ചോദ്യം ചെയ്യലിലും ഇവര്‍ പുലര്‍ത്തുന്ന സൂക്ഷ്മത ഓപ്പറേഷന്റെ വിജയത്തില്‍ നിര്‍ണ്ണായകമായി. അതീവ രഹസ്യ സ്വഭാവമുള്ള 'ഓപ്പറേഷന്‍ കോബ്ര'യുടെ ഫീല്‍ഡ് തലത്തിലുള്ള ഏകോപനം പൂങ്കുഴലിയുടെ നേതൃത്വത്തിലായിരുന്നു. രാഹുലിനെതിരെ ഇനിയും പരാതികള്‍ വരാന്‍ സാധ്യതയുണ്ട്. അങ്ങനെ എങ്കില്‍ കൂടുതല്‍ എഫ് ഐ ആറും വരും.

ഇ-മെയില്‍ വഴി ലഭിച്ച മൂന്നാമത്തെ പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ബലാത്സംഗം, ക്രൂരമായ ശാരീരിക ഉപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം എന്നീ അതീവ ഗുരുതരമായ ആരോപണങ്ങളാണ് പുതിയ പരാതിയിലുള്ളത്. പാലക്കാട് കെപിഎം റീജന്‍സി ഹോട്ടലില്‍ നിന്നാണ് ഞായറാഴ്ച പുലര്‍ച്ചെ രാഹുലിനെ പോലീസ് സംഘം പിടികൂടിയത്. രാഹുലിനെ കുടുക്കാന്‍ അതീവ രഹസ്യമായ നിരീക്ഷണമാണ് പോലീസ് നടത്തിയിരുന്നത്. എംഎല്‍എയുടെ ഡ്രൈവറും പേഴ്‌സണല്‍ അസിസ്റ്റന്റും പുറത്തുപോയി എന്ന് ഉറപ്പാക്കിയ ശേഷമാണ് ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം ഹോട്ടലിലേക്ക് എത്തിയത്. വിവരങ്ങള്‍ ചോരാതിരിക്കാന്‍ ഹോട്ടല്‍ റിസപ്ഷനിലുള്ളവരുടെ ഫോണുകള്‍ ഉള്‍പ്പെടെ പോലീസ് പിടിച്ചെടുത്തിരുന്നു.

അര്‍ദ്ധരാത്രി 12.15-ഓടെ രാഹുല്‍ താമസിച്ചിരുന്ന '2002' നമ്പര്‍ മുറിയിലെത്തിയ പോലീസ് വാതിലില്‍ തട്ടിയെങ്കിലും അദ്ദേഹം തുറക്കാന്‍ തയ്യാറായില്ല. ഒടുവില്‍ കസ്റ്റഡി രേഖപ്പെടുത്താന്‍ വന്നതാണെന്ന് പോലീസ് ഉറപ്പിച്ചു പറഞ്ഞതോടെ 12.30-ഓടെയാണ് അദ്ദേഹം വാതില്‍ തുറന്നത്. മുന്‍ കേസുകള്‍ക്ക് സമാനമായ കുറ്റകൃത്യ ശൈലിയാണ് പുതിയ കേസിലും രാഹുല്‍ അവലംബിച്ചതെന്ന് പരാതിക്കാരി പറയുന്നു. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. യുവതിയെക്കൊണ്ട് തന്നെ ഹോട്ടല്‍ മുറി ബുക്ക് ചെയ്യിപ്പിച്ചു. ഹോട്ടലിലെത്തിയ ഉടന്‍ സംസാരിക്കാന്‍ പോലും നില്‍ക്കാതെ ക്രൂരമായി ശാരീരികമായി കടന്നാക്രമിച്ചു. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ അതിക്രൂരമായ ബലാത്സംഗമാണ് നടന്നതെന്ന് മൊഴിയിലുണ്ട്.

തനിക്ക് ഒരു കുഞ്ഞ് വേണമെന്നും അങ്ങനെയായാല്‍ വേഗത്തില്‍ വിവാഹം കഴിക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ഓവുലേഷന്‍ സമയമാണെന്ന് പറഞ്ഞിട്ടും കുഞ്ഞ് ഉണ്ടാകട്ടെ എന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഗര്‍ഭിണിയായപ്പോള്‍ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. പീഡനത്തിനിടയില്‍ മുഖത്തടിക്കുകയും ശരീരമാസകലം മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്തു. ആദ്യ രണ്ട് പീഡനക്കേസുകളില്‍ ഹൈക്കോടതിയും വിചാരണക്കോടതിയും രാഹുലിന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നെങ്കിലും, പുതിയ പരാതിയിലെ ഗൗരവം കണക്കിലെടുത്ത് അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു.

Tags:    

Similar News