സണ്ണി ജോസഫിന്റെ മത്സരം ചര്‍ച്ചയാക്കി ഷാഫിയെ കെപിസിസിയുടെ താക്കോല്‍ ഏല്‍പ്പിക്കാന്‍ ആഗ്രഹിച്ച് ഹൈക്കമാണ്ട് നീക്കം; വടകര എംപിയെ താല്‍കാലിക പ്രസിഡന്റായി പ്രഖ്യാപിക്കുന്നതിന് മുമ്പ് പാലക്കാട്ടെ പോലീസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്! രാഹുല്‍ മാങ്കൂട്ടത്തില്‍ അഴിക്കുള്ളിലാകുമ്പോള്‍ ഗുരുവായ ഷാഫി പറമ്പിലിന് കഷ്ടകാലം വരുമോ? മാങ്കൂട്ടത്തിലിനെ പൂട്ടുമ്പോള്‍ കോണ്‍ഗ്രസിലെ 'ഗ്രൂപ്പ് കളി' പുതിയ തലത്തില്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കെപിസിസി നേതൃത്വത്തില്‍ നിര്‍ണായക അഴിച്ചുപണിക്ക് സാധ്യതയെന്ന റിപ്പോര്‍ട്ടുകള്‍ വരുമ്പോഴാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലാകുന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാവൂര്‍ മണ്ഡലത്തില്‍ നിന്നും വീണ്ടും ജനവിധി തേടുമെന്ന സൂചനകള്‍ ശക്തമായതോടെ, വടകര എംപി ഷാഫി പറമ്പിലിനെ പാര്‍ട്ടിയുടെ അമരത്തേക്ക് കൊണ്ടുവരാനാണ് നീക്കം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെയാണ് ഷാഫിയുടെ അതിവിശ്വസ്തനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്യുന്നത്. ഇതോടെ കെപിസിസിയുടെ അമരത്ത് ഷാഫി എത്തുമോ എന്ന ചോദ്യം സജീവമാകുകയാണ്.
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഴുവന്‍ സമയവും നീക്കിവെക്കാന്‍ കഴിയുന്ന ഒരു നേതാവ് അധ്യക്ഷസ്ഥാനത്ത് വേണമെന്ന ഹൈക്കമാന്‍ഡ് താല്പര്യമാണ് ഷാഫിയുടെ പേര് മുന്‍നിരയിലെത്തിക്കുന്നത്. ഇതിന് പിന്നിലെ ചില നീക്കങ്ങളുണ്ടായിരുന്നു. പല മുതിര്‍ന്ന നേതാക്കളും ഇതിനെ അനുകൂലിച്ചില്ല. പല മുതിര്‍ന്ന നേതാക്കളുമുള്ളപ്പോള്‍ ഷാഫിയെ കെപിസിസി ഏല്‍പ്പിക്കുന്നതിലെ അസ്വാഭാവികത പല കോണുകളും ചര്‍ച്ചയാക്കിയിരുന്നു. എന്നാല്‍ ഷാഫി പറമ്പിലിന്റെ സംഘടനാ മികവും യുവജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയും തെരഞ്ഞെടുപ്പ് മാനേജ്മെന്റിലെ വൈദഗ്ധ്യവും പാര്‍ട്ടിയുടെ വിജയസാധ്യത വര്‍ധിപ്പിക്കുമെന്ന് ഒരു വിഭാഗം നേതാക്കള്‍ പ്രചരിപ്പിച്ചു. നിലവിലെ വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി. അനില്‍ കുമാര്‍, പി.സി. വിഷ്ണുനാഥ് എന്നിവരും മത്സരരംഗത്തുണ്ടാകുമെന്നതിനാല്‍ സംഘടനയെ നയിക്കാന്‍ മറ്റൊരാളെ കണ്ടെത്തേണ്ടത് അനിവാര്യമായി എന്നും പറഞ്ഞു വച്ചു.
മുതിര്‍ന്ന നേതാക്കളായ എം.എം. ഹസ്സന്‍, കെ.സി. ജോസഫ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടെങ്കിലും ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കും യുവത്വത്തിനും മുന്‍ഗണന നല്‍കിയാല്‍ ഷാഫി പറമ്പിലിന് തന്നെയാകും നറുക്കുവീഴുക എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇത്തരമൊരു ചര്‍ച്ചയെക്കുറിച്ച് ഔദ്യോഗികമായി അറിയില്ലെന്നാണ് ഷാഫിയോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചത്. നവംബറില്‍ രൂപീകരിച്ച 17 അംഗ എഐസിസി കോര്‍ കമ്മിറ്റി ഇതിനോടകം തന്നെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി വരികയാണ്. ഷാഫി പദവിയില്‍ എത്തുമെന്ന് വ്യക്തമായതോടെ രാഹുല്‍ മാങ്കൂട്ടത്തിലും പ്രതീക്ഷയിലായി. ഇതിനിടെയാണ് അറസ്റ്റുണ്ടാകുന്നത്. വടകര എംപിയാണ് ഷാഫി. പാലക്കാട് മത്സരിക്കണമെന്ന് ഷാഫിക്കും ആഗ്രഹമുണ്ട്. നിയമസഭയില്‍ ഷാഫി മത്സരിക്കാതിരിക്കുന്നതിന് വേണ്ടി കൂടിയാണ് കെപിസിസിയിലെ സ്ഥാനം ഷാഫിക്ക് ഓഫര്‍ ചെയ്തത്. ഇതിനിടെയാണ് വിശ്വസ്തനെ പോലീസ് പൊക്കുന്നത്. ഇതിന് പിന്നില്‍ കോണ്‍ഗ്രസിലെ ചിലരുടെ കളിയുണ്ടെന്ന് കരുതുന്നവരുമുണ്ട്.
മൂന്നാമതൊരു അതിജീവിത നല്‍കിയ അതീവ ഗുരുതരമായ പരാതിയെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 12.30-ഓടെ പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ നിന്നാണ് രാഹുലിനെ പോലീസ് പിടികൂടിയത്. ബലാത്സംഗം, ക്രൂരമായ ശാരീരിക ഉപദ്രവം, സാമ്പത്തിക ചൂഷണം, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് പുതിയ കേസിലും രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. യുവതിയെ വിവാഹവാഗ്ദാനം നല്‍കി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. മുന്‍ കേസുകള്‍ക്ക് സമാനമായി, ബന്ധം ദൃഢമാക്കാന്‍ ഒരു കുഞ്ഞ് വേണമെന്ന് രാഹുല്‍ നിര്‍ബന്ധിച്ചതായി യുവതി വെളിപ്പെടുത്തുന്നു. ഗര്‍ഭിണിയാണെന്ന് അറിയിച്ചതോടെ നിലപാട് മാറ്റിയ രാഹുല്‍ അസഭ്യം പറയുകയും അശാസ്ത്രീയമായി ഗര്‍ഭച്ഛിദ്രം നടത്താന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു.
കൂടാതെ പാലക്കാട് ഫ്‌ലാറ്റ് വാങ്ങി നല്‍കണമെന്നാവശ്യപ്പെട്ട് യുവതിയെ സാമ്പത്തികമായി ചൂഷണം ചെയ്തതായും, പരാതിയുമായി മുന്നോട്ട് പോയാല്‍ കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അതിജീവിതയുടെ മൊഴിയിലുണ്ട്. തനിക്ക് സംസാരിക്കാന്‍ സമയമില്ലെന്നും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സുഹൃത്ത് ഫെനി നൈനാനോട് പറഞ്ഞാല്‍ മതിയെന്നും പറഞ്ഞ് തന്നെ വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തതായും യുവതി പറയുന്നു. രാഹുല്‍ താമസിച്ചിരുന്ന കെപിഎം ഹോട്ടലിലെ 2002-ാം നമ്പര്‍ മുറി വളഞ്ഞ പോലീസ് സംഘം, വാതില്‍ തുറക്കാന്‍ വിസമ്മതിച്ച എംഎല്‍എയെ ഒടുവില്‍ നിയമനടപടികള്‍ അറിയിച്ച് കീഴടക്കുകയായിരുന്നു. പത്തനംതിട്ട എ.ആര്‍ ക്യാമ്പിലെത്തിച്ച രാഹുലിനെ എസ്.ഐ.ടി മേധാവി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. രാഹുലിന്റെ മൊബൈല്‍ ഫോണുകള്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും അദ്ദേഹം താമസിച്ചിരുന്ന ഹോട്ടല്‍ മുറി സീല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ആദ്യ രണ്ട് കേസുകളില്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നെങ്കിലും പുതിയ പരാതിയില്‍ അറസ്റ്റ് അനിവാര്യമാണെന്നായിരുന്നു പോലീസ് നിലപാട്. വൈദ്യപരിശോധനയ്ക്ക് ശേഷം രാഹുലിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
