പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ആര്‍ എസ് എസുമായുള്ള ഏകോപന കുറവ്; സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്ന സുഭാഷിനെ പിന്‍വലിച്ച ശേഷം പകരം ആളെത്താത്തത്തത് പ്രതിസന്ധി; മുകുന്ദനേയും ഉമാകാന്തനേയും പോലൊരു കരുത്തനെ വേണമെന്ന് ആവശ്യപ്പെടും; ആര്‍ എസ് എസിനെ ചേര്‍ത്ത് നിര്‍ത്താന്‍ 'രാജീവ് നയതന്ത്രവും'

Update: 2025-03-23 08:14 GMT

തിരുവനന്തപുരം: ബിജെപിയ്ക്ക് സംഘടനാ ജനറല്‍ സെക്രട്ടറിയെ അനുവദിക്കണമെന്ന ആവശ്യം ആര്‍ എസ് എസിന് മുന്നില്‍ നിയുക്ത പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ വച്ചേക്കും. ആര്‍ എസ് എസ് സഹകരണം കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് അനിവാര്യതയാണ്. അത് പരിവാറുകാരെ ബോധ്യപ്പെടുത്തി സംഘടനാ ജനറല്‍ സെക്രട്ടറി എത്തിക്കാനാകും രാജീവിന്റെ ശ്രമം. മുതിര്‍ന്ന പ്രചാരകനായ എ ജയകുമാര്‍ അടക്കം സംഘടനാ ജനറല്‍ സെക്രട്ടറി പദത്തിലേക്ക് പരിഗണിക്കുന്നവരാണ്.

പിപി മുകുന്ദനും ഉമാകാന്തനും ആയിരുന്നു കേരളത്തിലെ ബിജെപിയിലെ താക്കോല്‍ സ്ഥാനം വഹിച്ച മുന്‍ ആര്‍ എസ് എസ് പ്രചാരകന്മാര്‍. ഉമാകാന്തന് ശേഷം ഗണേഷ് സംഘടനാ ചുമതലയില്‍ വന്നു. ഇതോടെയാണ് ബിജെപിയില്‍ ഗ്രൂപ്പിസം പിടിമുറുക്കിയത്. ഇത് തിരിച്ചറിഞ്ഞ് ഗണേഷിനെ ആര്‍ എസ് എസ് പിന്‍വലിച്ചു. പിന്നാലെ സുഭാഷിനെ ജനറല്‍ സെക്രട്ടറിയാക്കി. എന്നാല്‍ കെ സുരേന്ദ്രന്റെ നയങ്ങളിലും നീക്കങ്ങളിലും സുഭാഷിന് യോജിക്കാന്‍ കഴിഞ്ഞില്ല. ആര്‍ എസ് എസ് നിര്‍ദ്ദേശം അംഗീകരിക്കാത്ത സ്ഥിതി വന്നപ്പോള്‍ സുഭാഷിനെ ആര്‍ എസ് എസ് തിരിച്ചു വിളിച്ചു. അതിന് ശേഷം ആരേയും ആര്‍ എസ് എസില്‍ ജനറല്‍ സെക്രട്ടറിയാക്കിയില്ല. ഇതോടെ ആര്‍ എസ് എസ്-ബിജെപി ഏകോപനവും താളം തെറ്റി. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പില്‍ ഇത് നിഴലിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിന് വേണ്ടിയാകും രാജീവ് ചന്ദ്രശേഖറിന്റെ ആദ്യ ശ്രമം. ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് സംഘടനാ ചുമതല നിര്‍വ്വഹിക്കാന്‍ ആര്‍ എസ് എസ് പ്രചാരകനെ വേണമെന്ന് പരിവാര്‍ നേതൃത്വത്തോട് രാജീവ് ആവശ്യപ്പെടും.

നിലവില്‍ കേരളത്തില്‍ ആര്‍ എസ് എസിന് രണ്ടു ഘടകങ്ങളുണ്ട്. തെക്കന്‍ പ്രാന്തമായും വടക്കന്‍ പ്രാന്തമായും രണ്ട് സംവിധാനങ്ങള്‍ കൊണ്ടു വന്നത് പരിവാര്‍ രാഷ്ട്രീയത്തിന്റെ ശക്തി കൂട്ടലിന് കൂടെയാണ്. എസ് സുദര്‍ശനും വിനോദുമാണ് പ്രാന്ത പ്രചാരകന്മാര്‍. ഈ രണ്ടു പേരോടും നിരന്തര സംവാദത്തിനുള്ള സംവിധാനം ബിജെപിയില്‍ ഇനിയുണ്ടാകും. ആര്‍ എസ് എസ് ദേശീയ നേതൃത്വത്തോടും ജനറല്‍ സെക്രട്ടറിയെ വേണമെന്ന ആവശ്യം രാജീവ് ചന്ദ്രശേഖര്‍ ഉയര്‍ത്തും. വ്യവസായ പ്രമുഖനായ രാജീവ് ചന്ദ്രശേഖര്‍ വ്യോമസേനാ ഉദ്യോഗസ്ഥനായ എം കെ ചന്ദ്രശേഖറിന്റെയും വല്ലി ചന്ദ്രശേഖറിന്റെയും മകനായി 1964-ല്‍ ഗുജറാത്തിലെ അഹമ്മദാബാദിലാണ് ജനിച്ചത്. തൃശൂര്‍ ദേശമംഗലത്ത് കുടുംബവേരുകളുണ്ട്. അമേരിക്കയില്‍ ഐടി ഉദ്യോഗസ്ഥനായിരുന്നു. 1991 മുതല്‍ ബെംഗളൂരു കേന്ദ്രീകരിച്ച് വ്യവസായം ആരംഭിച്ചു. ബിപിഎല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടിപിജി നമ്പ്യാരുടെ മകളെ വിവാഹം കഴിച്ചു. 2006 മുതല്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അതേവര്‍ഷം തന്നെ ബിജെപി സ്വതന്ത്രനായി രാജ്യസഭയിലെത്തി. 2021 മുതല്‍ 2024 വരെ കേന്ദ്രസഹമന്ത്രിയായി.

മണിപ്പൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ രാജീവ്, ഷിക്കാഗോയിലെ ഇലിനിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് മാസ്റ്റേഴ്സ് ബിരുദം നേടുകയും പിന്നീട് അമേരിക്കന്‍ ടെക്നോളജി കമ്പനിയായ ഇന്റലില്‍ ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. പഠനം, തൊഴില്‍മേഖല എന്നിവയുമായി ബന്ധപ്പെട്ട് ടെക്നോക്രാറ്റ് എന്നൊരു വിശേഷണവും രാജീവിനുണ്ട്.1994-ല്‍ രാജീവാണ് ബിപിഎല്‍ മൊബൈല്‍ സ്ഥാപിച്ചത്. 2016 കേരള നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ സംസ്ഥാനത്തെ എന്‍ഡിഎയുടെ വൈസ് ചെയര്‍മാനായി. 2018-ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഇന്‍ ചാര്‍ജ് ആയിരുന്നു. അധ്യക്ഷ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്.

സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ബിജെപി തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ബിജെപി കോര്‍ കമ്മിറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്.

Tags:    

Similar News