പഹല്‍ഗാമിലെ കണ്ണീരിനു മറുപടിയായി ഇന്ത്യന്‍ സൈന്യം നടത്തുന്ന ഓപ്പറേഷന്‍ സിന്ദൂര്‍; പാക്കിസ്ഥാന്‍ പ്രകോപനങ്ങള്‍ക്ക് അപ്പോഴപ്പോള്‍ സൈന്യം മറുപടി നല്‍കുമ്പോള്‍ സര്‍വ്വ സൈന്യാധിപ ഡല്‍ഹിയില്‍ തുടരും; മേയ് 19ന് രാഷ്ട്രപതി ശബരിമലയില്‍ എത്തില്ല; വെര്‍ച്യൂല്‍ ക്യൂ ബുക്കിംഗ് നിയന്ത്രണം മാറ്റി ദേവസ്വം ബോര്‍ഡ്; ധര്‍മ്മശാസ്താവിനെ വണങ്ങാന്‍ മുര്‍മു എത്തുക പാക്കിസ്ഥാനെ തകര്‍ത്ത ശേഷം
തിരുവനന്തപുരം: പാക്കിസ്ഥാന്റെ പ്രകോപനങ്ങള്‍ത്ത് ഇന്ത്യ തിരിച്ചടി നല്‍കുന്നത് തുടരുന്ന സാഹചര്യത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിന്റെ ഈ മാസത്തെ കേരള സന്ദര്‍ശനം റദ്ദാക്കുമെന്ന് സൂചന. ശബരിമല ദര്‍ശനത്തിനായി മേയ് 18ന് രാഷ്ട്രപതി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ശബരിമലയിലെ വെര്‍ച്യല്‍ക്യൂ ബുക്കിംഗില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 18നും 19നും തീര്‍ത്ഥാടകര്‍ക്ക് വെര്‍ച്യുല്‍ ക്യൂ ബുക്കിംഗിന് നിയന്ത്രണമുണ്ടായിരുന്നു. എന്നാല്‍ ഈ നിയന്ത്രണം ദേവസ്വം ബോര്‍ഡ് നീക്കി.
ശബരിമല; ഇടവ മാസ പൂജയ്ക്ക് വെര്‍ച്ചല്‍ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഒഴിവാക്കിയെന്നാണ് പത്രക്കുറിപ്പ്. ശബരിമലയില്‍ ഇടവമാസ പൂജയ്ക്ക് ഇടവം 4, 5 (മെയ് 18, 19 ) തീയതികളില്‍ ഭക്തര്‍ക്ക് വെര്‍ച്ചല്‍ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കിയെന്നും ഈ ദിവസങ്ങളില്‍ വെര്‍ച്ചല്‍ ക്യൂ ബുക്ക് ചെയ്തു ഭക്തര്‍ക്ക് ദര്‍ശനം നടത്താവുന്നതാണെന്നും ദേവസ്വം ബോര്‍ഡിന്റെ പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ ജി.എസ്. അരുണ്‍ അറിയിച്ചു. രാഷ്ട്രപതി ശബരിമലയിലേക്ക് ഇല്ലെന്നതിന്റെ സൂചനയാണ് ഈ പത്രക്കുറിപ്പ്. ശബരിമല ദര്‍ശനത്തിനായി ദ്രൗപദി മുര്‍മു കേരളത്തില്‍ എത്തുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമലയില്‍ എത്തുന്നത് എന്നതു കൊണ്ടു തന്നെ സുരക്ഷ ശക്തമായി. മേയ് 19ന് രാഷ്ട്രപതി ശബരിമല ദര്‍ശനം നടത്തും എന്നായിരുന്നു വാര്‍ത്ത. ഇത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡിന് രാഷ്ട്രപതി ഭവനില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലുള്‍പ്പെടെ ദേവസ്വം നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത്. ഈ നിയന്ത്രണം മാറുന്നത് തല്‍കാലം ശബരിമലയിലേക്ക് രാഷ്ട്രപതി വരുന്നില്ലെന്നതിന്റെ സൂചനയാണ്. പാക്കിസ്ഥാന്റെ പ്രകോപനങ്ങള്‍ക്ക് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുകയാണ്. മൂന്ന് സൈന്യങ്ങളുടേയും മേധാവിയായ രാഷ്ട്രപതി ഡല്‍ഹിയില്‍ തുടരേണ്ട സാഹചര്യവുമുണ്ട്. ഇതുകൊണ്ടാണ് ശബരിമല യാത്ര മാറ്റുന്നത്. പാക്കിസ്ഥാനെതിരായ സൈനിക നീക്കങ്ങള്‍ അവസാനിച്ച ശേഷം രാഷ്ട്രപതി കേരളത്തില്‍ ശബരിമല ദര്‍ശനത്തിന് എത്തുമെന്നാണ് സൂചന.
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനത്തിനു മുന്നോടിയായി ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ പമ്പയിലെത്തി പരിശോധന നടത്തി മടങ്ങിയിരുന്നു. നിലയ്ക്കല്‍ പമ്പ പാതയില്‍ ഉണങ്ങിയതും അപകടാവസ്ഥയിലുള്ള 21 മരങ്ങള്‍ വനംവകുപ്പ് മുറിച്ചു മാറ്റാനും തീരുമാനിച്ചു. പ്ലാപ്പള്ളി ഫോറസ്റ്റര്‍ അജയകുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി, മരങ്ങളുടെ പട്ടിക ഗൂഡ്രിക്കല്‍ റേഞ്ച് ഓഫിസര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചശേഷമേ മരങ്ങള്‍ മുറിക്കു. നിലയ്ക്കല്‍ ഹെലിപാഡ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഹെലികോപ്റ്റര്‍ ഇറങ്ങേണ്ട സ്ഥാനം നിശ്ചയിച്ച് നമ്പര്‍ അടയാളപ്പെടുത്തുകയും ചെയ്തു.
ഈ മാസം 19ന് കുമരകത്തുനിന്നു ഹെലികോപ്റ്ററില്‍ രാഷ്ട്രപതി നിലയ്ക്കല്‍ ഇറങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ട്. കാര്‍ മാര്‍ഗം പമ്പയിലെത്തി ഇരുമുടിക്കെട്ടുമുറുക്കി സന്നിധാനത്തേക്കു മലകയറുമെന്നും ദര്‍ശനശേഷം അന്നുതന്നെ മടങ്ങുമെന്നായിരുന്നു വിവരം. പഹല്‍ഗാമിലെ കണ്ണീരിനു മറുപടിയായി ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ സന്ദര്‍ശനത്തില്‍ മാറ്റുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. രണ്ടുമാസത്തോളമായി രാഷ്ട്രപതിയുടെ വരവ് പ്രതീക്ഷിച്ച് ശബരിമലയില്‍ ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്.