ശബരിമലയില്‍ ട്രാക്ടര്‍ സാധനം കൊണ്ടു പോകാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് കര്‍ശന നിര്‍ദേശം നല്‍കിയത് ഹൈക്കോടതി: ഉത്തരവ് ലംഘിച്ച് എഡിജിപി എം.ആര്‍. അജിത്കുമാര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോയതും വന്നതും ട്രാക്ടറില്‍: അവസരമൊരുക്കിയത് പത്തനംതിട്ട എസ്.പി: എഡിജിപിക്ക് ഈ നിയമ ലംഘനം പതിവു കാര്യം
ശബരിമല: ഹൈക്കോടതി വിധി കാറ്റില്‍ പറത്തി പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് എഡിജിപിയുടെ ട്രാക്ടര്‍ യാത്ര. അതീവ രഹസ്യമായി എ.ഡി.ജി.പി എം.ആര്‍. അജിത്ത്കുമാര്‍ നടത്തിയ യാത്രയ്ക്ക് ഒത്താശ ചെയ്തത് പത്തനംതിട്ട എസ്.പി വി.ജി.വിനോദ്കുമാര്‍. നവഗ്രഹ പ്രതിഷ്ഠയ്ക്കായി ശബരിമല നട തുറന്നപ്പോഴാണ് എഡിജിപി ദര്‍ശനത്തിന് വന്നത്. 12 ന് വൈകിട്ട് സന്നിധാനത്തേക്ക് ട്രാക്ടറില്‍ പോയ എം.ആര്‍. അജിത്കുമാര്‍ ഇന്നലെ രാവിലെ തിരിച്ചിറങ്ങിയതും ഇതേ മാര്‍ഗം ഉപയോഗിച്ചാണ്.
പമ്പ-സന്നിധാനം ട്രാക്ടര്‍ സര്‍വീസ് സാധനങ്ങള്‍ കൊണ്ടു പോകാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ നടപടി എടുക്കാനും നിര്‍ദേശമുണ്ട്. ഈ നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് അതീവ രഹസ്യമായി എഡിജിപി ട്രാക്ടര്‍ യാത്രയ്ക്ക് ഉപയോഗിച്ചത്. പമ്പ-സന്നിധാനം റൂട്ടില്‍ അല്‍പം മാറി ആള്‍ക്കാരുടെ ശ്രദ്ധയില്‍പ്പെടാത്ത ഭാഗത്ത് ചെന്നാണ് എഡിജിപി ട്രാക്ടറില്‍ കയറി സന്നിധാനത്തേക്ക് പോയത്. അവിടെ ചെന്നിറങ്ങിയതും തിരികെ മടങ്ങിയതും ആള്‍ക്കാര്‍ ശ്രദ്ധിക്കാത്ത ഭാഗം നോക്കിയാണ്.
ഇതാദ്യമായിട്ടല്ല എഡിജിപി ട്രാക്ടര്‍ യാത്ര നടത്തുന്നത്. ശബരിമല കോ-ഓര്‍ഡിനേറ്റര്‍ ആയിരിക്കുമ്പോഴും ആ സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷവും ഇദ്ദേഹം ട്രാക്ടര്‍ സഞ്ചാരത്തിന് ഉപയോഗിച്ചിരുന്നു. ക്രമസമാധാന ചുമതലയഒമായി വിലസിയിരുന്ന അജിത്കുമാറിനെതിരേ റിപ്പോര്‍ട്ട് നല്‍കാന്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് ഭയമായിരുന്നു. വിവാദങ്ങളില്‍പ്പെട്ടുഴലുന്ന പത്തനംതിട്ട എസ്.പി വി.ജി. വിനോദ്കുമാറാണ് എഡിജിപിക്ക് സുഖസഞ്ചാരം ഒരുക്കിയത്.
മാസങ്ങള്‍ക്ക് മുന്‍പ് വി.ജി. വിനോദ്കുമാറും ട്രാക്ടര്‍ യാത്ര നടത്തിയത് വിവാദമായിരുന്നു. ഈ വിവരം റിപ്പോര്‍ട്ട് ചെയ്ത സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ എസ്.പി ശാസിക്കുകയും ചെയ്തിരുന്നു. തനിക്കെതിരേ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളില്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് എസ്.പി എ.ഡി.ജി.പിക്ക് ട്രാക്ടര്‍ ഒരുക്കിയത് എന്ന് പറയുന്നു.
ചില ദേവസ്വം ഉദ്യോഗസ്ഥരും ട്രാക്ടര്‍ സഞ്ചാരത്തിന് ഉപയോഗിക്കാറുണ്ട്. ട്രാക്ടറില്‍ കയറി ഇരുന്ന ശേഷം ടാര്‍പ്പ് ഇട്ട് മൂടിയാണ് ഇവരുടെ സഞ്ചാരം. ഒരു കാരണവശാലും പമ്പ-സന്നിധാനം പാതയില്‍ ട്രാക്ടര്‍ യാത്രയ്ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇതാണ് ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ പരസ്യമായി ലംഘിച്ചിരിക്കുന്നത്.