പമ്പ-സന്നിധാനം റൂട്ടില്‍ ട്രാക്ടറില്‍ ആളുകള്‍ സഞ്ചരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് ജില്ലാ പോലീസ് മേധാവി; മാസപൂജാ സമയത്തും അല്ലാത്തപ്പോഴും എത്തുന്ന എസ്പിയും പോകുന്നത് ട്രാക്ടറില്‍; റിപ്പോര്‍ട്ട് ചെയ്ത സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പ്രതികാര നടപടി ഭയന്ന് റിട്ടയര്‍മെന്റ് വരെ അവധിയില്‍: എഡിജിപിയുടെ യാത്രയില്‍ റിപ്പോര്‍ട്ട് തേടി സ്പെഷല്‍ കമ്മിഷണര്‍
ശബരിമല: പമ്പ-സന്നിധാനം റൂട്ടില്‍ എഡിജിപി ട്രാക്ടര്‍ സഞ്ചാരം നടത്തിയത് സംബന്ധിച്ച് ദേവസ്വം സ്പെഷല്‍ കമ്മിഷണര്‍ ദേവസ്വം വിജിലന്‍സിനോട് റിപ്പോര്‍ട്ട് തേടി. ഇതു സംബന്ധിച്ച സിസിടിവി ദൃശ്യങ്ങള്‍ വിജിലന്‍സ് ശേഖരിച്ചുവെന്നാണ് വിവരം. 12 ന് വൈകിട്ടാണ് എഡിജിപി എം.ആര്‍. അജിത്കുമാര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ട്രാക്ടറില്‍ കയറി പോയത്. തിരികെ ഇന്നലെ രാവിലെ ട്രാക്ടറില്‍ തന്നെ പമ്പയിലും വന്നിറങ്ങി. ഹൈക്കോടതി നിര്‍ദേശം ലംഘിച്ചുള്ള യാത്ര സംബന്ധിച്ചാണ് ദേവസ്വം സ്പെഷല്‍ കമ്മിഷണര്‍ റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്. കമ്മിഷണര്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കോടതിക്കും സമര്‍പ്പിക്കും.
ദേവസ്വം ബോര്‍ഡിനും ഇതു സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും പരസ്യമായി പ്രതികരിക്കാന്‍ പ്രസിഡന്റ് അടക്കം മടിക്കുകയാണ്. സന്നിധാനത്തേക്കും തിരിച്ചുമുള്ള ട്രാക്ടര്‍ സര്‍വീസില്‍ ആളെ കയറ്റരുതെന്ന് നിര്‍ദേശിച്ച ഹൈക്കോടതി ഇതിന്റെ മേല്‍നോട്ട ചുമതല നല്‍കിയിട്ടുള്ളത് പത്തനംതിട്ട എസ്.പിക്കാണ്. ഇക്കാര്യം കര്‍ശനമായി നടപ്പാക്കേണ്ടത് എസ്പിയാണ്. എന്നാല്‍, ഇതേ എസ്പി മുന്‍പ് പല തവണ ട്രാക്ടറില്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോയിരുന്നു.
പമ്പയിലെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ ഈ വിവരം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.ഇതോടെ എസ്.പി കുപിതനായി. തനിക്കെതിരേ എസ്പിയുടെ പ്രതികാര നടപടിയുണ്ടാകുമെന്ന് ഭയന്ന ഉദ്യോഗസ്ഥന്‍ റിട്ടയര്‍മെന്റിന് മുന്‍പായുള്ള അവധിയില്‍ പ്രവേശിച്ച് രക്ഷപ്പെടുകയായിരുന്നു. എസ്പിയുടെ ട്രാക്ടര്‍ സഞ്ചാരം വാര്‍ത്ത ആകാതെ തടഞ്ഞത് പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ജില്ലാ നേതാവായിരുന്നുവെന്നും പറയുന്നു.
നിലവില്‍ എഡിജിപിയുടെ യാത്ര എസ്.പിയുടെ ഒത്താശയോടെയാണെന്നാണ് പറയപ്പെടുന്നത്. ആറന്മുള പോക്സോ അട്ടിമറി, കോയിപ്രം കസ്റ്റഡി പീഡനം അട്ടിമറി, ക്രിമിനല്‍ കേസ് പ്രതിയായ അഭിഭാഷകനെ സ്പെഷല്‍ പ്രോസിക്യൂട്ടറാക്കാന്‍ ശിപാര്‍ശ ചെയ്തു തുടങ്ങി നിരവധി വിവാദങ്ങളില്‍പ്പെട്ടുഴലുന്ന എസ്പി തനിക്കെതിരായ നടപടികളില്‍ നിന്ന രക്ഷനേടാന്‍ വേണ്ടിയാണ് ഉന്നത ഉദ്യോഗസ്ഥരെ പ്രീണിപ്പിക്കുന്നത് എന്നാണ് പോലീസുകാര്‍ക്കിടയിലുള്ള സംസാരം.
എസ്പിയുടെ ട്രാക്ടര്‍ യാത്ര സിസിടിവി കാമറകളില്‍ പതിഞ്ഞിട്ടുണ്ട്. എസ്പി എത്തിയ സമയങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും പോലീസുകാര്‍ പറയുന്നു.
പമ്പ-സന്നിധാനം ട്രാക്ടര്‍ സര്‍വീസ് സാധനങ്ങള്‍ കൊണ്ടു പോകാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ നടപടി എടുക്കാനും നിര്‍ദേശമുണ്ട്. ഈ നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് അതീവ രഹസ്യമായി എഡിജിപി ട്രാക്ടര്‍ യാത്രയ്ക്ക് ഉപയോഗിച്ചത്. പമ്പ-സന്നിധാനം റൂട്ടില്‍ അല്‍പം മാറി ആള്‍ക്കാരുടെ ശ്രദ്ധയില്‍പ്പെടാത്ത ഭാഗത്ത് ചെന്നാണ് എഡിജിപി ട്രാക്ടറില്‍ കയറി സന്നിധാനത്തേക്ക് പോയത്. അവിടെ ചെന്നിറങ്ങിയതും തിരികെ മടങ്ങിയതും ആള്‍ക്കാര്‍ ശ്രദ്ധിക്കാത്ത ഭാഗം നോക്കിയാണ്.
ഇതാദ്യമായിട്ടല്ല എഡിജിപി ട്രാക്ടര്‍ യാത്ര നടത്തുന്നത്. ശബരിമല കോ-ഓര്‍ഡിനേറ്റര്‍ ആയിരിക്കുമ്പോഴും ആ സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷവും ഇദ്ദേഹം ട്രാക്ടര്‍ സഞ്ചാരത്തിന് ഉപയോഗിച്ചിരുന്നു. ക്രമസമാധാന ചുമതലയഒമായി വിലസിയിരുന്ന അജിത്കുമാറിനെതിരേ റിപ്പോര്‍ട്ട് നല്‍കാന്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് ഭയമായിരുന്നു.
ചില ദേവസ്വം ഉദ്യോഗസ്ഥരും ട്രാക്ടര്‍ സഞ്ചാരത്തിന് ഉപയോഗിക്കാറുണ്ട്. ട്രാക്ടറില്‍ കയറി ഇരുന്ന ശേഷം ടാര്‍പ്പ് ഇട്ട് മൂടിയാണ് ഇവരുടെ സഞ്ചാരം. ഒരു കാരണവശാലും പമ്പ-സന്നിധാനം പാതയില്‍ ട്രാക്ടര്‍ യാത്രയ്ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇതാണ് ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ പരസ്യമായി ലംഘിച്ചിരിക്കുന്നത്.