സിബിഐ അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദ്ദേശിക്കുമോ എന്ന് ഭയം; ആ വമ്പന്‍ തോക്കിനെ രക്ഷപ്പെടുത്താന്‍ പ്രത്യേക അന്വേഷണ സംഘം അനിവാര്യത; വിജയകുമാറിന് പുറമേ ശങ്കര്‍ദാസിനേയും അറസ്റ്റു ചെയ്തേയ്ക്കും; ശശിധരനും ബിനോയയ്ക്കും പൂര്‍ണ്ണ അധികാരം നല്‍കി സര്‍ക്കാര്‍; ശബരിമല കൊള്ളയില്‍ ഇനി ട്വിസ്റ്റുകള്‍ വരും

ശബരിമല കൊള്ളയില്‍ ഇനി ട്വിസ്റ്റുകള്‍ വരും

Update: 2025-12-29 09:42 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗമായ എന്‍. വിജയകുമാറിന് പുറമേ, കെ പി ശങ്കര്‍ദാസിനെയും ഉടന്‍ അറസ്റ്റു ചെയ്യും. ശബരിമല കൊള്ളയില്‍ ആരേയും രക്ഷിക്കരുതെന്ന് സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. കേസില്‍ സിബിഐ അന്വേഷണം എത്താനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ശങ്കര്‍ദാസിനേയും വിജയകുമാറിനെയും സംരക്ഷിക്കേണ്ടെന്ന തീരുമാനം. സിബിഐ അന്വേഷണം എത്തിയാല്‍ വന്‍ മരങ്ങള്‍ അകത്താകും. സിബിഐ അന്വേഷണ ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായിട്ടും, ബോര്‍ഡ് അംഗങ്ങളായിരുന്ന ശങ്കര്‍ദാസിനെയും വിജയകുമാറിനെയും എന്തുകൊണ്ട് ഒഴിവാക്കി എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും 'വന്‍തോക്കുകളെ' ഒഴിവാക്കരുതെന്നും കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. എന്നിട്ടും മറ്റു രണ്ടു പേരേയും അറസ്റ്റു ചെയ്യാത്തത് പത്മകുമാറിനെ ചൊടിപ്പിച്ചു. ഇക്കാര്യം സിപിഎം നേതൃത്വത്തേയും അറിയിച്ചു. ഇതൂകൂടി കണക്കിലെടുത്താണ് പുതിയ നീക്കം. പ്രത്യേക അന്വേഷണ സംഘത്തിന് രണ്ട് എസ് പിമാരാണുള്ളത്. ശശിധരനും ബിനോയിയും. രണ്ടു പേരും സത്യസന്ധമായാണ് കേസ് അന്വേഷിക്കുന്നത്. ഇവര്‍ക്ക് പൂര്‍ണ്ണ അധികാരം സര്‍ക്കാര്‍ നല്‍കുകയാണ്.

കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത് ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷാണ്. അനിവാര്യമായതെല്ലാം ചെയ്യാന്‍ സര്‍ക്കാരിലെ ഉന്നതര്‍, വെങ്കിടേഷിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അറസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കെ.പി. ശങ്കര്‍ദാസ് കൊല്ലം വിജിലന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജാമ്യാപേക്ഷ തള്ളാനാണ് സാധ്യത. തള്ളിയാല്‍ ഉടന്‍ അറസ്റ്റുണ്ടാകും. ഇത് തിരിച്ചറിഞ്ഞ് ഹൈക്കോടതി തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശങ്കര്‍ദാസ് സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്. തന്റെ ഭാഗം കേള്‍ക്കാതെയാണ് കോടതി നിരീക്ഷണം നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ വാദം.

പത്മകുമാറിനെ അറസ്റ്റ് ചെയ്‌തെങ്കിലും ബോര്‍ഡ് മുന്‍ അംഗങ്ങളായ കെ പി ശങ്കരദാസ്, എന്‍ വിജയകുമാര്‍ എന്നിവരിലേക്ക് അന്വേഷണം നീണ്ടില്ലെന്നും ഇത് ഗുരുതര വീഴ്ചയാണെന്നും ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജയകുമാറിനെ അറസ്റ്റ് ചെയ്തത്. ശബരിമലയിലെ കാര്യങ്ങള്‍ താന്‍ ഒറ്റയ്ക്ക് തീരുമാനിച്ചതല്ലെന്നും ഭരണസമിതിയോട് ആലോചിച്ചാണ് തീരുമാനമെടുത്തതെന്നുമായിരുന്നു പത്മകുമാറിന്റെ മൊഴി.

വിജയകുമാറിനെ പ്രതി ചേര്‍ക്കാത്തതിനെ ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. പിന്നാലെ കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും കൊല്ലം വിജിലന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. കൂട്ടുത്തരവാദിത്തമാണെന്ന പത്മകുമാറിന്റെ മൊഴി സാധൂകരിക്കുന്ന നടപടിയാണ് എസ്‌ഐടിയുടെ ഈ അറസ്റ്റ്. നേരത്തെ വിജയകുമാറിന് എസ്‌ഐടി നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായില്ല. തുടര്‍ന്ന് വിജയകുമാറിനെ ഇന്ന് നേരിട്ട് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അതേസമയം, ശബരിമല സ്വര്‍ണക്കൊളളയില്‍ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയും ഡി.മണിയും തമ്മില്‍ ശബരിമലയിലെ ഉരുപ്പടികളുടെ ഇടപാട് നടന്നതായി പ്രവാസി വ്യവസായി പറഞ്ഞു. ഉരുപ്പടികള്‍ വിദേശത്തേക്ക് കടത്തിയതായി സംശയമുണ്ടെന്നും വ്യവസായി പറഞ്ഞു. ഡി.മണിയെ നാളെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എസ്‌ഐടി.

ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നായിരുന്നു പ്രവാസി വ്യവസായി അന്വേഷണസംഘത്തിന് നല്‍കിയിരുന്ന മൊഴി. ഇത് ശബരിമലയിലേത് തന്നെയെന്ന് ഉറപ്പിക്കുകയാണ് അദ്ദേഹം. തിരുവനന്തപുരത്ത് വെച്ചാണ് ശബരിമലയില്‍ നിന്നുള്ള ഉരുപ്പടികളുടെ ഇടപാട് നടന്നത്. ഇടപാടിനായി സംഘം ആദ്യം തന്നെയാണ് സമീപിച്ചത്. എന്നാല്‍ താന്‍ അതിന് തയ്യാറായില്ല. അതിനാലാണ് മറ്റാളുകളിലേക്ക് ഇടപാടുകള്‍ മാറിയതെന്നും വ്യവസായി അന്വേഷണസംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്.

കേസില്‍ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി, എ. പത്മകുമാര്‍ എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ശങ്കര്‍ദാസിനെയും വിജയകുമാറിനെയും ചോദ്യം ചെയ്യലിനായി എസ്.ഐ.ടി വിളിച്ചുവരുത്തിയിരുന്നു. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ഹരിശങ്കറിന്റെ അച്ഛനാണ് ശങ്കര്‍ദാസ്. ഈ സാഹചര്യത്തിലാണ് അറസ്റ്റു വൈകുന്നതെന്ന വിമര്‍ശനം ശക്തമാണ്. ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക അന്വേഷണ സംഘത്തിന് എല്ലാ വിധ അനുമതിയും തുടരന്വേഷണത്തിന് നല്‍കുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുളളത്. കേസ് അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐയും നിലപാട് എടുത്തിട്ടുണ്ട്.

Tags:    

Similar News