'എനിക്കിപ്പോ ഒന്നും ചെയ്യാന്‍ പറ്റുന്ന അവസ്ഥയിലല്ല ചേച്ചീ, നോബീനെ വിളിച്ചപ്പോഴാ പറയുന്നെ..കേസ് നടക്കുവല്ലേ..അതുകഴിഞ്ഞിട്ട് ആലോചിച്ചിട്ട് പറയാമെന്ന്; ഇതിപ്പോ അവരുടെ ആവശ്യത്തിന് എടുത്ത ലോണ്‍ അല്ലേ? കുടുംബശ്രീ ലോണെടുത്ത് ചതിച്ചു... ഫോണില്‍ ഭീഷണിപ്പെടുത്തി.. ഷൈനിയുടെ പുതിയ ശബ്ദരേഖ മറുനാടന്‍ പുറത്തുവിടുന്നു

ഷൈനിയുടെ പുതിയ ശബ്ദരേഖ മറുനാടന്‍ പുറത്തുവിടുന്നു

Update: 2025-03-08 13:38 GMT

കോട്ടയം: ഏറ്റുമാനൂരില്‍ രണ്ടുപെണ്‍മക്കളെയും കൂട്ടി ട്രെയിന് മുന്നില്‍ ചാടി വീട്ടമ്മയായ ഷൈനി ജീവനൊടുക്കിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ മറുനാടന്‍ പുറത്തുവിടുകയാണ്. തങ്ങളല്ല, ഷൈനിയുടെ വീട്ടുകാരാണ് ആത്മഹത്യക്ക് കാരണമെന്ന് ഭര്‍ത്താവ് നോബിയുടെ വീട്ടുകാര്‍ ആരോപിക്കുന്ന സാഹചര്യത്തില്‍ ഷൈനിയുടെ പുതിയ ശബ്ദരേഖ കൂടി കേള്‍ക്കാം. നോബിയുടെയും വീട്ടുകാരുടെയും വാദങ്ങളെല്ലാം പൊളിക്കുന്നതാണ് ഈ ശബ്ദരേഖ. ജോലി ഇല്ലാതെ വന്നപ്പോള്‍, ഇനി മക്കളെ എങ്ങനെ വളര്‍ത്തുമെന്ന അങ്കലാപ്പിലാണ് ആ അമ്മ തന്റെ മക്കളുമായി ഈ കടുംകൈ ചെയ്തത്. കുടുംബശ്രീ ലോണെടുത്ത് നോബി തന്നെ ചതിച്ചുവെന്നും ഫോണില്‍ ഭീഷണിപ്പെടുത്തിയെന്നുമൊക്കെ പുതിയ ശബ്ദരേഖയില്‍ ഉണ്ട്.

തൊടുപുഴ ചുങ്കത്ത് വീട്ടില്‍ താമസിച്ചപ്പോള്‍ എടുത്ത കുടുംബശ്രീ ലോണുമായി ബന്ധപ്പെട്ടതാണ് ശബ്ദരേഖ. കുടുംബശ്രീയുടെ പ്രസിഡന്റ് ആയിരുന്ന ഉഷ രാജു ഷൈനിയെ ഫോണില്‍ വിളിച്ചിട്ട് പണം ചോദിക്കുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഉഷ രാജു വളരെ മാന്യമായിട്ടാണ് ഷൈനിയോട് പെരുമാറുന്നത്. ഷൈനി കുടുംബശ്രീയില്‍ നിന്നും ലോണ്‍ എടുത്തിരുന്നു. മക്കളുടെ പഠനാവശ്യങ്ങള്‍ക്കായിട്ടാണ് ലോണ്‍ എടുത്തത്. ഷൈനിയുടെ ഭര്‍ത്താവിന് ഇറാഖില്‍ ജോലി ഉണ്ടായിട്ടും ഷൈനിയുടെ ഭര്‍തൃവീട്ടുകാര്‍ക്ക് നല്ല സാമ്പത്തിക സ്ഥിതി ഉണ്ടായിട്ടും ആ പണം തിരിച്ചടയ്ക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. അത് കുടിശ്ശിക ആയി ഉയര്‍ന്നു. കുടുംബശ്രീയുടെ ലോണ്‍ തിരിച്ചടച്ചാല്‍ മാത്രമേ മറ്റുള്ളവര്‍ക്കും ലോണ്‍ കൊടുക്കാന്‍ കഴിയൂ.

ഷൈനി പണം തിരിച്ചടയ്ക്കാത്തത് കൊണ്ട് കുടുംബശ്രീയില്‍ നിന്ന് ലോണ്‍ എടുക്കാന്‍ കാത്തിരിക്കുന്ന മറ്റു സ്ത്രീകള്‍ പ്രശ്നം ഉണ്ടാക്കി. ഈ കാര്യങ്ങളാണ് ഷൈനിയോട് ഉഷ സൂചിപ്പിക്കുന്നത്. അപ്പോള്‍ ഷൈനി തന്റെ നിസ്സഹായാവസ്ഥ വ്യക്തമാക്കുന്നുണ്ട്. തന്റെ ഭര്‍ത്താവ് ഫോണ്‍ എടുക്കാത്തതും വക്കീല്‍ നോട്ടീസ് അയച്ചിട്ടും അത് കൈപ്പറ്റാത്തതും ഈ ലോണ്‍ ഷൈനി അടയ്ക്കാന്‍ നിര്‍ബന്ധിത ആയതൂം എല്ലാം ഷൈനി വിശദീകരിക്കുന്നു. ഇതെല്ലാം കേട്ട് അവരുടെ അവസ്ഥ മനസിലാക്കിയ ഉഷ വളരെ മാന്യമായ രീതിയില്‍ പ്രതികരിക്കുന്നതുമാണ് ശബ്ദരേഖയില്‍ ഉള്ളത്.

ഉഷ രാജു: ഹലോ ഷൈനി, രണ്ടും മാസം കഴിഞ്ഞല്ലോ, ഷൈനി, നീ ലോണ്‍ അടയ്ക്കില്ലേ?

ഷൈനി: നോബിയോട് ഞാന്‍ വിളിച്ചുചോദിച്ചാരുന്നു, കേസ് നടക്കുവല്ലേ...അതു കഴിയുമ്പോള്‍ തരാമെന്നാണ് പറഞ്ഞത്

ഉഷ രാജു: അപ്പോ, ഞങ്ങളുടെ കാര്യം കഷ്ടത്തിലാവൂല്ലേ..ലോണ്‍ ഇനി എത്ര നാളെന്ന് വച്ചാ നമ്മള്‍ ഇതീന്ന് എടുത്ത് അടയ്ക്കുന്നെ..ഇതീന്ന് എടുത്ത് അടയ്ക്കാനും പറ്റത്തില്ല, പൈസയൊക്കെ തീര്‍ന്നില്ലേ

ഷൈനി: അന്നുചേച്ചി പറഞ്ഞത് മറ്റേ ഇതെങ്ങാണ്ട് എടുത്ത് ഞങ്ങള്‍ക്ക് വേണ്ടി ഹോള്‍ഡ് ചെയ്ത് ലാസ്റ്റ് അടച്ചാല്‍ മതിയെന്നല്ലേ?

ഉഷ രാജു: അപ്പോ, ഞങ്ങള്‍ അതുചോദിച്ചപ്പോള്‍, സമ്മതിക്കുന്നില്ലാന്ന് പറഞ്ഞു. എന്താ ചെയ്യുക? നിങ്ങടെ മമ്മിയോട് ചോദിച്ചപ്പോള്‍, മമ്മീടെ ഒന്നും ആവശ്യത്തിനല്ല എടുത്തിരിക്കുന്നത് എന്നാണ് പറഞ്ഞത്. ഷൈനിയുടെ അച്ഛന് വേണ്ടീട്ടാ എടുത്തേന്ന് പറഞ്ഞു.

ഷൈനി: അച്ഛനൊന്നും എടുക്കൂലാ..

ആ അങ്ങനെ എടുത്തെന്നാ അവരു പറഞ്ഞത്. അവര്‍ക്ക് വേണ്ടീട്ട് ഒന്നും എടുത്തിട്ടില്ലെന്ന് പറഞ്ഞു. എന്നാ ചെയ്യും? നോബി എന്താ പറയുന്നെ?

ഷൈനി: ഒരുപിടുത്തോമില്ല, ഒരുനോട്ടീസ് കൊടുത്തിട്ട് തിരിച്ചുവിട്ടവര്. അടുത്ത മാസം 14 ാം തീയതിയാണ് ഒരെണ്ണം വിട്ടേക്കുന്നത്.

തോമസ് ചേട്ടനൊന്ന് വിളിച്ചു നോക്കീ, നോബീനെ, പക്ഷേ ഫോണ്‍ എടുക്കുന്നില്ല..

ഞാന്‍ വിളിച്ചപ്പോഴാ പറയുന്നെ..കേസ് നടക്കുവല്ലേ..അതുകഴിഞ്ഞിട്ട് ആലോചിച്ചിട്ട് പറയാമെന്ന്

അതുവരെ ഞങ്ങടെ കാര്യം കഷ്ടത്തിലാവൂല്ലേ? ലോണ്‍ ഇപ്പോ തീരാവുന്ന രീതിയില്‍ ആയിട്ടുണ്ട്്. അത് അടച്ചുതീര്‍ന്നില്ലെങ്കില്‍..

എനിക്കിപ്പോ ഒന്നും ചെയ്യാന്‍ പറ്റുന്ന അവസ്ഥയിലല്ല ചേച്ചീ, ഞാനിപ്പോ അടച്ചുകഴിഞ്ഞാ അവരുപിന്നെ പറയുകേലേ നിന്റെ ആവശ്യത്തിന് തന്നെയാ എടുത്തേന്നല്ലേ അവരുപറയുവുളളു. ഞാനിപ്പോ എനിക്കിപ്പോ ഒന്നും ചെയ്യാന്‍ പറ്റില്ല. ഞാനെന്തു ചെയ്യും?

അവരുടെ വീട്ടില്‍ പോയിരിക്കേണ്ടി വരും പൊലീസുകാരെന്നാ പറഞ്ഞു?

പൊലീസുകാരെന്നാ പറയാനാ...വക്കീല്‍ എന്നോട് പറഞ്ഞെ..നീ ഇതായിട്ട് പറ, അല്ലാതെ നീ എടുത്തുകൊടുത്തുകഴിഞ്ഞാ..ഇപ്പോ നിന്റെ കയ്യില്‍ ഉണ്ടോന്നാ ചോദിക്കുന്നെ, കൊടുക്കാനായിട്ട്്, അതിപ്പോ കേസിന്റെ വരുമ്പോള്‍, പൈസ മേടിച്ചുതരും വക്കീല്..അന്നേരം കൊടുക്കാവെന്ന് പറയാനാ അവര് പറയുന്നെ

എല്ലാവരും വഴക്കുണ്ടാക്കുകയാ, കുടുംബശ്രീയില് പെണ്ണുങ്ങളെല്ലാം..എന്തു ചെയ്യും

അതുശരിയാ ചേച്ചി, അവനവന് ഒരവസ്ഥ വരുമ്പോഴല്ലേ. അതുമനസ്സിലാകുവൊള്ളു..എന്റെ ആവശ്യത്തിന് വീട്ടിലോട്ട് കൊണ്ടുവന്നതാണേല്‍ ആങ്ങളമാര്‍ അതു അടച്ചുതീര്‍ക്കും. ഇതിപ്പോ എന്റെ ആവശ്യത്തിന് കൊണ്ടുവന്ന സാധനമല്ല, അവരുടെ ആവശ്യത്തിന് എടുത്തതല്ലേ

നോബീനെ കൊണ്ട് ഒപ്പിടീക്കേണ്ടതായിരുന്നു

അതെ ഒപ്പിടീക്കേണ്ടതായിരുന്നു. നമ്മുടെ ഗ്രൂപ്പില്‍ ചെയ്തില്ല. പിഴവ് പറ്റി പോയി. പറഞ്ഞിട്ട് കാര്യമില്ല.

നോബി ഒന്നുവന്നുകിട്ടീര്‍ന്നേല്‍ ഞാന്‍ പോയേനെ

വരികേല്ലല്ലോ....നമ്മളെ ഇതാക്കാന്‍ വേണ്ടി നില്‍ക്കുവേ.. കേസ് കൊടുത്തു ഇപ്പോള്‍ പൊലീസുകാര് വിളിപ്പിക്കും...പുള്ളി വരാതെ നമുക്ക് ഇപ്പോള്‍ ഒന്നും ചെയ്യാനും പറ്റത്തില്ലല്ലോ..അടുത്ത മാസമാ അടുത്തത് വച്ചേക്കുന്നെ, പുതിയ കേസാകുമ്പോ, ഇച്ചിരി നീട്ടിയേ വയ്ക്കുവൊളളുവെന്ന് പറഞ്ഞു. അല്ലാതിപ്പോ, പൊലീസുകാര് ഇടപെട്ടെന്ന് പറഞ്ഞ് നമുക്കിപ്പോ പൈസ കിട്ടില്ലല്ലോ, കോടതി വഴി പോയാലേ നമുക്ക് അതിന്റെ എന്തെങ്കിലും കിട്ടുകയുള്ളു.

ഡൈവോഴ്‌സ് ചെയ്യാന്‍ വേണ്ടി തീരുമാനിച്ചോ

തല്‍ക്കാലത്തേക്ക് പെട്ടെന്നൊന്നും കിട്ടില്ലല്ലോ

എസ്ബിഐയുടെ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങീട്ടുണ്ട്...അതാണേലും എന്റെ പേരിലാ..അത് പുള്ളി ഇപ്പോള്‍ അടയ്ക്കുന്നില്ല..മാറ്റി കൊടുക്കുവാണേല്‍ പുള്ളി അടയ്ക്കാമെന്ന് പറഞ്ഞു...... തോമസ് ചേട്ടനെ ഒന്നുവിളിച്ചുചോദിക്കട്ടെ...


Full View

ഈ ശബ്ദരേഖ കേള്‍ക്കുമ്പോള്‍ തന്നെ മനസിലാകും ഷൈനിയുടെ ഭര്‍ത്താവ് നോബി എത്രമാത്രം ക്രൂരനായിരുന്നുവെന്നതിന്റെ വ്യക്തമായ തെളിവ്. തന്റെ മക്കളെ പഠിപ്പിക്കുന്നതിന് വേണ്ടി ഷൈനി എടുത്ത ലോണ്‍ അത് തിരിച്ചടയ്ക്കാന്‍ സമ്പന്നനായ നോബിയ്ക്കും വീട്ടുകാര്‍ക്കും മനസ് ഉണ്ടായിരുന്നില്ല. ആ പണം തിരിച്ചടയ്ക്കാന്‍ പറ്റാതെ വന്നത് ഷൈനിക്ക് വലിയ നാണക്കേട് ഉണ്ടാക്കി. ആ പണം തിരിച്ചടയ്ക്കന്‍ പറ്റാത്തത് ഷൈനി ജീവനൊടുക്കാനുള്ള ഒരു കാരണമായിരിക്കാം. നിലവില്‍ ഭര്‍ത്താവ് നോബിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ജീവിതത്തിന്റെ എല്ലാ വാതിലുകളും മുട്ടി പരാജയപ്പെട്ട ഷൈനി അനാവശ്യമായ സാമ്പത്തിക ബാധ്യത കൂടി തലയില്‍ വന്നപ്പോള്‍ പന്നിയെയും, ആടിനെയും കോഴിയെയും ഒക്കെ വളര്‍ത്തി ജീവിതത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നപ്പോള്‍ ആണ് തന്റെ രണ്ടു പെണ്‍മക്കളുമായി ട്രെയിനിന് മുന്നില്‍ ചാടി ജീവിതം അവസാനിപ്പിച്ചത്.

ഭര്‍ത്താവ് നോബി അതിക്രൂരനായിരുന്നുവെന്നും മരണത്തിന്റെ തലേ ദിവസം ഷൈനിയെ ഫോണില്‍ വിളിച്ചിരുന്നുവെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍. ഷൈനി മരിച്ച അതേദിവസം ഭര്‍ത്താവ് നോബി ഇറാഖിലെ തന്റെ ജോലിസ്ഥലത്തേക്ക് പോകേണ്ടതായിരിന്നു. പക്ഷെ തലേ ദിവസം മദ്യപിച്ചതിന് ശേഷം ഷൈനിയെ വിളിച്ച് ഭിഷണിപ്പെടുത്തിയെന്നും വല്ലാത്ത രീതിയില്‍ പെരുമാറിയെന്നും ഭര്‍ത്താവ് നോബി തന്നെ സമ്മതിച്ചതായി പോലീസ് സൂചനകള്‍ നല്‍കുന്നുണ്ട്. നോബിയുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്ത് പരിശോധിച്ചെങ്കിലും ഷൈനിയുമായുള്ള എല്ലാ സംഭാഷണങ്ങളും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ഫോറന്‍സിക് പരിശോധനയില്‍ അതുവ്യക്തമാകും. ഷൈനിയുടെ പിതാവ് ഷൈനിക്ക് വേണ്ടത്ര പിന്തുണ നല്‍കിയിട്ടില്ലെന്നും ആരോപണം നിലനില്‍ക്കുന്നുണ്ട്. അവര്‍ ജീവനൊടുക്കാന്‍ കാരണം അവരുടെ വീട്ടുകാരാണെന്നും ഭര്‍തൃവീട്ടുകാര്‍ ആരോപിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഈ ശബ്ദരേഖ പ്രസക്തമാകുന്നത്.

അതിനിടെ, കേസില്‍ നിര്‍ണായകമായ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. മരിച്ച ഷൈനിയുടെ ഫോണാണ് കണ്ടെത്തിയത്. ഷൈനിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പൊലീസ് ഫോണ്‍ കണ്ടെടുത്തത്. ഫോണ്‍ ലോക്ക് ചെയ്ത നിലയിലാണ്. ഷൈനി മരിക്കുന്നതിന്റെ തലേദിവസം ഫോണ്‍ വിളിച്ചെന്നായിരുന്നു ഭര്‍ത്താവ് നോബി ലൂക്കോസിന്റെ മൊഴി. ഈ ഫോണ്‍ വിളിയിലെ ചില സംസാരങ്ങളാണ് കൂട്ട ആത്മഹത്യയ്ക്ക് പ്രകോപനമായതെന്നാണ് നിഗമനം. മൊബൈല്‍ ഫോണ്‍ സൈബര്‍ വിദഗ്ധര്‍ പരിശോധിക്കും.

ഷൈനി ട്രെയിനിന് മുന്നില്‍ ചാടിയ റെയില്‍വേ ട്രാക്കില്‍ ഫോണിനായി പൊലീസ് പരിശോധന നടത്തിയിരുന്നു. നേരത്തെ വീട്ടില്‍ നടത്തിയ പരിശോധനയിലും ഫോണ്‍ കിട്ടിയിരുന്നില്ല. മാതാപിതാക്കളോട് അന്വേഷിച്ചപ്പോള്‍ ഫോണ്‍ എവിടെയെന്ന് അറിയില്ലെന്നായിരുന്നു മറുപടി.

ഷൈനിയുടെ ഫോണും നേരത്തെ പൊലീസ് പിടിച്ചെടുത്ത കേസില്‍ അറസ്റ്റിലായ ഷൈനിയുടെ ഭര്‍ത്താവ് നോബിയുടെ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.ഷൈനിയുടെ ഫോണ്‍ കാണാതായത്തില്‍ ദുരൂഹതയുണ്ടായിരുന്നു. ഷൈനി ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് നോബി ഫോണിലേക്ക് സന്ദേശം അയച്ചിരുന്നുവെന്ന വിവരമുണ്ട്. ഇത് ഉള്‍പ്പെടെ പരിശോധിക്കുന്നതിന് ഷൈനിയുടെ ഫോണ്‍ നിര്‍ണായക തെളിവാകും.

Tags:    

Similar News