അമ്മയ്ക്കായി മൗനം പാലിച്ച് ധ്യാനും വിനീതും;ശ്രീനിവാസന്റെ വിയോഗത്തിലും വേദനിപ്പിക്കുന്ന കാഴ്ച; ആ നടന്റെ അന്ത്യകര്‍മ്മങ്ങള്‍ ഈ ക്രിമിനല്‍ ഹൈജാക്ക് ചെയ്തപ്പോള്‍ അട്ടിമറിക്കപ്പെട്ടത് ശ്രീനിവാസന്‍ പകര്‍ന്ന് നല്‍കിയ 'സന്ദേശം'; വടക്കുനോക്കിയന്ത്രത്തിലും ചിന്താവിഷ്ടയായ ശ്യാമളയിലും ആ ഇതിഹാസം പകര്‍ന്ന മൂല്യങ്ങള്‍ വെറുതെയായി; ശ്രീനിവാസന്റെ ആത്മാവിനോട് സുനില്‍ സ്വാമി ചെയ്ത ക്രൂരതയുടെ കഥ

Update: 2025-12-23 07:09 GMT

കൊച്ചി: മലയാളികളുടെ പ്രിയനടന്‍ ശ്രീനിവാസന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കിടയില്‍ നടന്ന ഒരു അനാവശ്യ ഇടപെടല്‍ വലിയ വിവാദമായിരിക്കുകയാണ്. എല്ലാത്തരം ആള്‍ദൈവങ്ങള്‍ക്കും ആത്മീയ തട്ടിപ്പുകള്‍ക്കും എതിരെ ജീവിതകാലം മുഴുവന്‍ ഉറച്ച നിലപാടെടുത്ത ശ്രീനിവാസന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക്, തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഒരാള്‍ നേതൃത്വം നല്‍കി എന്നത് ഏവരേയും ഞെട്ടിക്കുകയാണ്.


ഈ വാര്‍ത്തയുടെ വിശദ വീഡിയോ സ്‌റ്റോറി ചുവടെ

Full View

പാലക്കാട് മുതലമട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സുനില്‍ സ്വാമി എന്നറിയപ്പെടുന്ന വ്യക്തിയാണ് ആരുടെയും ക്ഷണമില്ലാതെ അന്ത്യകര്‍മ്മങ്ങളുടെ ചുമതല സ്വയം ഏറ്റെടുത്തത്. അന്താരാഷ്ട്ര തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഇയാള്‍ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ കോയമ്പത്തൂരില്‍ മൂന്ന് കോടി രൂപയുടെ തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് പിടിയിലാവുകയും ജയിലില്‍ കിടക്കുകയും ചെയ്ത വ്യക്തിയാണ്. സാംസ്‌കാരിക കേരളം ഏറെ ബഹുമാനിക്കുന്ന ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമ്പോള്‍, കുടുംബാംഗങ്ങളുടെയോ ചലച്ചിത്ര പ്രവര്‍ത്തകരുടെയോ അനുമതിയില്ലാതെ സുനില്‍ സ്വാമി അവിടേക്ക് ഇടിച്ചുകയറുകയായിരുന്നു.

വാരിയര്‍ ഫൗണ്ടേഷന്‍ എന്ന ചാരിറ്റബിള്‍ ട്രസ്റ്റിനെ 25 കോടി രൂപയുടെ വ്യാജ ചെക്ക് നല്‍കി കബളിപ്പിച്ചതും ഒന്നരക്കോടി രൂപ തട്ടിയെടുത്തതും ഉള്‍പ്പെടെ നിരവധി കേസുകള്‍ സുനില്‍ സ്വാമിക്കെതിരെ നിലവിലുണ്ട്. ആര്‍ബിഐയില്‍ നിന്ന് 3000 കോടി രൂപ തനിക്ക് അനുവദിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് പലരില്‍ നിന്നായി കോടികള്‍ തട്ടിയെടുക്കുന്നതായിരുന്നു പ്രധാന രീതി. ഇത്തരത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാള്‍, ശ്രീനിവാസന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചത് അദ്ദേഹത്തിന്റെ ആത്മാവിനോട് ചെയ്യുന്ന ക്രൂരതയാണെന്ന് സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.

ചടങ്ങുകള്‍ക്കിടയില്‍ മാധ്യമങ്ങളുടെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യം മുതലെടുത്ത്, കുടുംബത്തിന് 'നോ' പറയാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചാണ് സുനില്‍ സ്വാമി ഈ മുതലെടുപ്പ് നടത്തിയത്. പ്രശസ്തരായ വ്യക്തികള്‍ മരണപ്പെടുമ്പോള്‍ അവിടെ ഓടിയെത്തി ചടങ്ങുകളില്‍ മുന്‍പന്തിയില്‍ നിന്ന് മൈലേജ് ഉണ്ടാക്കുന്നത് സ്ഥിരം രീതിയാണെന്നും ആരോപണമുണ്ട്. ഈ സംഭവത്തില്‍ ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്റെയും കുടുംബത്തിന്റെയും നിലപാടാണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്. കടുത്ത ഈശ്വരവിശ്വാസിയോ അല്ലെങ്കില്‍ മതനിഷേധിയോ ആയിരുന്നില്ല ശ്രീനിവാസന്‍ എന്നും, നല്ല മനുഷ്യനായി ജീവിക്കുക എന്നതാണ് ഏറ്റവും വലിയ മതം എന്ന് വിശ്വസിച്ചിരുന്ന പിതാവിന്റെ അതേ നിലപാടാണ് മക്കള്‍ക്കും ഉള്ളതെന്ന് ധ്യാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

അന്ത്യകര്‍മ്മങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും തങ്ങള്‍ അച്ഛന് വിട നല്‍കുന്നത് ഹൃദയത്തില്‍ നിന്നാണെന്നും, ചടങ്ങുകളെക്കാള്‍ അച്ഛന്‍ പുലര്‍ത്തിയ ആദര്‍ശങ്ങള്‍ക്കാണ് പ്രാധാന്യമെന്നുമാണ് ധ്യാന്‍ ശ്രീനിവാസന്‍ വിശ്വസിക്കുന്നത്. ജീവിതകാലം മുഴുവന്‍ ആള്‍ദൈവങ്ങളെയും ആത്മീയ തട്ടിപ്പുകളെയും പരിഹസിക്കുകയും എതിര്‍ക്കുകയും ചെയ്ത ശ്രീനിവാസന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക്, തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഒരാള്‍ കാര്‍മ്മികത്വം വഹിച്ചത് വിരോധാഭാസമായി പലരും ചൂണ്ടിക്കാട്ടുന്നു. കുടുംബവും അത് ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ അന്ത്യകര്‍മ്മങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കത്തിന് മുതിരാതെ, അമ്മയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ നടക്കട്ടെ എന്ന പക്വമായ നിലപാടാണ് ധ്യാനും വിനീതും സ്വീകരിച്ചത്.

അച്ഛന്റെ വിയോഗത്തില്‍ തകര്‍ന്നിരിക്കുന്ന അമ്മ വിമലയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന ധ്യാനിന്റെ ദൃശ്യങ്ങള്‍ മലയാളികളുടെ കണ്ണ് നിറയിക്കുന്നതായിരുന്നു. സുനില്‍ സ്വാമിയെപ്പോലെയുള്ള വ്യക്തികള്‍ ആരുടെയും അനുവാദമില്ലാതെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇടിച്ചുകയറി മുതലെടുപ്പ് നടത്തുമ്പോള്‍, വിവാദങ്ങള്‍ ഒഴിവാക്കി അച്ഛന് അര്‍ഹമായ യാത്രാമൊഴി നല്‍കുന്നതിലായിരുന്നു ധ്യാനിന്റെയും കുടുംബത്തിന്റെയും ശ്രദ്ധ. ആള്‍ദൈവങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടിയ അച്ഛന്റെ മകന്‍ എന്ന നിലയില്‍, ഇത്തരം ബാഹ്യപ്രകടനങ്ങളല്ല മറിച്ച് അച്ഛന്‍ പകര്‍ന്നുനല്‍കിയ നന്മയാണ് വലുതെന്ന് ധ്യാന്‍ തന്റെ പ്രവൃത്തിയിലൂടെ പകര്‍ന്നു നല്‍കി. പക്ഷേ ഈ തട്ടിപ്പുകാരന്‍ വന്നത് ആ കുടുംബത്തെ വേദനിപ്പിക്കുന്നുണ്ട്.

ശ്രീനിവാസന്റെ ഭാര്യയുടെ ആഗ്രഹ പ്രകാരമാണ് മതപരമായ ചടങ്ങുകള്‍ തീരുമാനിച്ചത്. ഇതിന് വേണ്ടി കര്‍മികളേയും കൊണ്ടു വന്നു. ഇതിനിടെയാണ് എല്ലാം ഉത്തരവാദിത്തവും ഏറ്റെടുത്ത് സുനില്‍ സ്വാമി വന്നത്.

Tags:    

Similar News