സ്‌പോണസറുടെ ചെലവില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം സിംഗപ്പൂരില്‍ ചുറ്റിയത് ഫോട്ടോഗ്രാഫറുടെ ശുപാര്‍ശയില്‍! ദുബായിലെ മലയാളി വ്യവസായിയുടെ മൊഴി വിശ്വാസത്തില്‍ എടുത്താല്‍ യോഗ ദണ്ഡും രുദ്രാക്ഷ മാലയും അടക്കം കടത്തിയിരിക്കാന്‍ സാധ്യത; പുരാവസ്തു കടത്തിലേക്ക് അന്വേഷണം നീളും

Update: 2025-12-17 06:57 GMT

തിരുവനന്തപുരം: ശബരിമലയിലെ സ്‌പോണ്‍സറുടെ പണത്തില്‍ സിംഗപൂരില്‍ വിദേശ യാത്രയ്ക്ക് പോയ മുന്‍ ദേവസ്വം ബോര്‍ഡ് അംഗത്തിനെതിരെ പ്രത്യേക അന്വേഷണ സംഘം തെളിവ് ശേഖരണം തുടങ്ങി. ഫോട്ടോഗ്രാഫറുടെ ശുപാര്‍ശയിലാണ് യാത്രയെന്നാണ് സൂചന. സിപിഐ അംഗമായ മുന്‍ ബോര്‍ഡ് അംഗം മൊഴി നല്‍കേണ്ടി വരും. ഫോട്ടോഗ്രാഫറേയും ചോദ്യം ചെയ്യും. ശബരിമലയിലെ നട അടച്ചിരിക്കുമ്പോഴുള്ള ചിത്രങ്ങളും വീഡിയോയും പുരാവസ്തു മാഫിയയ്ക്ക് കിട്ടിയത് എങ്ങനെ എന്നും പരിശോധിക്കും. അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം.

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ അഞ്ഞൂറ് കോടിയുടെ പുരാവസ്തു കടത്താണെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവച്ച് വ്യവസായിയുടെ മൊഴി അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. ചെന്നിത്തല പറഞ്ഞ വിദേശ വ്യവസായിയുടെ മൊഴി എസ്.ഐ.ടി. എടുത്തത് നിര്‍ണ്ണായകമാണ്. പുരാവസ്തു കടത്ത് സംഘത്തേക്കുറിച്ചുള്ള വിവരങ്ങള്‍ വ്യവസായി കൈമാറിയെന്നാണ് സൂചന. രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവെക്കുന്ന തരത്തിലുള്ള മൊഴി ലഭിച്ചതോടെ വിശദ അന്വേഷണത്തിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതിനിടെയാണ് ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളുടെ വിദേശയാത്രകളിലും സൂചനകള്‍ കിട്ടുന്നത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ മൊഴിയും രേഖപ്പെടുത്തും. ഇതിനൊപ്പമാണ് വിദേശ യാത്ര പോയ മെമ്പറേയും അന്വേഷണ സംഘം വിളിപ്പിക്കുക.

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത് സംഘമാണോയെന്ന അന്വേഷണം ഊര്‍ജിതമാക്കി എസ്.ഐ.ടി മുമ്പോട്ട് പോവുകയാണ്. രമേശ് ചെന്നിത്തല പറഞ്ഞ വിദേശ വ്യവസായിയുടെ മൊഴി അന്വേഷണസംഘമെടുത്തത് കാലതാമസം പോലും ഇല്ലാതെയാണ്. സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ അഞ്ഞൂറ് കോടിയുടെ പുരാവസ്തു കടത്താണെന്നും ഇതിനേക്കുറിച്ച് മലയാളിയായ വിദേശ വ്യവസായിക്ക് അറിയാമെന്നുമായിരുന്നു ചെന്നിത്തല അന്വേഷണസംഘത്തെ അറിയിച്ചത്. അതിന് പിന്നാലെയാണ് ഈ വ്യവസായിയുടെ മൊഴിയെടുത്തത്. വ്യവസായിയും വിവരങ്ങള്‍ കൈമാറി. മുന്‍ ദേവസ്വം പ്രസിഡന്റിനെതിരേയും മൊഴി നല്‍കിയെന്നാണ് സൂചന. അങ്ങനെ എങ്കില്‍ ശബരിമലയിലെ യോഗദണ്ഡും രുദ്രാക്ഷ മാലയും അടക്കം അന്വേഷണ പരിധിയിലേക്ക് വരും. ഇതിന്റെ കാലപ്പഴക്കം നിശ്ചയിക്കണമെന്നും ആവശ്യമുണ്ട്. ദുബായിലെ വ്യവസായിയാണ് മൊഴി നല്‍കിയത്.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ 2019-20ലെ ദേവസ്വം ഭരണ സമിതിക്കൊപ്പം കഴിഞ്ഞ ഭരണ സമിതിക്കും പങ്കുള്ളതായി വ്യക്തമായതോടെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യാനാണ് എസ്ഐടി നീക്കം. ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച ചില നിര്‍ണായക വിവരങ്ങളെ തുടര്‍ന്നാണ് പ്രശാന്തിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. പി.എസ്. പ്രശാന്ത് നിര്‍ബന്ധിച്ചതിനാലാണ് ദ്വാരപാലക പാളികള്‍ അഴിച്ചെടുക്കാന്‍ അനുജ്ഞ നല്കിയതെന്ന തന്ത്രിയുടെ മൊഴിയും എസ്ഐടി പരിഗണിച്ചു.

2019ല്‍ നടന്ന സ്വര്‍ണക്കൊള്ളയ്ക്ക് ദേവസ്വം ഭരണ സമിതിക്കൊപ്പം ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടായിരുന്നെങ്കില്‍ 2025ല്‍ കൊള്ള മറയ്ക്കാന്‍ നടത്തിയ നീക്കത്തിനു പിന്നില്‍ വലിയ ഗൂഡാലോചനയുണ്ട്. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിന് സ്വര്‍ണം പൂശാന്‍ വൈദഗ്ധ്യമില്ലെന്നു കാട്ടി തിരുവാഭരണ കമ്മിഷണര്‍ പ്രസിഡന്റിന് കത്തു നല്കിയതാണ്. എന്നാല്‍ വൈകാതെ ഇത് തിരുത്തേണ്ടി വന്നു. ആരുടെ നിര്‍ദേശ പ്രകാരമാണ് തിരുത്തിയതെന്ന ചോദ്യം പ്രസക്തമാണ്. പ്രശാന്തും പോറ്റിയും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നതിന് നിരവധി തെളിവുകളുണ്ടെന്നാണ് സൂചന.

Tags:    

Similar News